സൂക്ഷിച്ചാല്‍ സേഫ് ആകാം
Friday, September 26, 2025 11:53 PM IST
ക്ലിക്കിളെ കെണി - 4/ ജെറി എം. തോമസ്
സൈബറിടത്തില്‍ കിട്ടാത്തതായി ഒന്നുമില്ലെന്ന അവസ്ഥ വന്നതോടെ നിസാരമെന്നു കരുതുന്ന ഡേറ്റകള്ക്കുപോലും ആവശ്യക്കാരും, പറയുന്ന വിലയുമാണ്. എല്ലാവര്ക്കും വേണ്ടതു ഡേറ്റയാണ്. ഒരാളുടെ ഡേറ്റയ്ക്കു സൈബറിടത്തില്‍ 100 രൂപയേക്കാള്‍ വിലയുണ്ട്. ഈ ഡേറ്റകൊണ്ട് നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്യാം. 100 വച്ചാല്‍ 200 കിട്ടുമെന്നു കേള്‍ക്കുമ്പോഴും ലിങ്കില്‍ കയറിയാല്‍ കോടീശ്വരനാകാം എന്നു കേള്‍ക്കുമ്പോഴുമെല്ലാം എങ്ങാനും കിട്ടിയാലോ എന്നു ചിന്തിക്കുന്നവരാണ് ഏറെപ്പേരും. ആ ആര്‍ത്തിയെയാണ് സൈബര്‍ തട്ടിപ്പുസംഘം ചൂഷണം ചെയ്യുന്നത്.
ഈ തട്ടിപ്പുകള്‍ തിരുത്താൻ ആരും ശ്രമിക്കുന്നില്ല. അതിനെ പിന്തുണയ്ക്കുകയാണു ചെയ്യുന്നത്. ബോധവത്കരണത്തേക്കാളുപരി "ഗോ വിത്ത് ദ ട്രെന്‍ഡ്' ആണ് ഇവിടെ സംഭവിക്കുന്നത്. അതില്‍ മാറ്റം വരണമെങ്കില്‍ ഇതിന്റെയൊക്കെ അടിത്തറയില്നിന്നുതന്നെ തുടങ്ങണം. അല്ലെങ്കില്‍ വലിയ ദുരന്തംതന്നെയാണു മുന്നിലുള്ളത്.
മുന്‍കരുതലെടുക്കാം
മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് വായിച്ചുനോക്കാതെ കൊടുക്കുന്ന പെര്‍മിഷനുകള്‍ക്ക് ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടിവന്നേക്കാം. ഒരിക്കല്‍ പെര്മിഷന് കൊടുത്താല്‍ അപ്പോള്‍തന്നെ നിങ്ങളുടെ ഫോണിലേക്ക് ആപ്പിന്റെ നിര്‍മാതാക്കള്‍ക്കു പ്രവേശനം ലഭിക്കും. പിന്നീട് പെര്മിഷന് ഓഫ് ചെയ്താലും നേരത്തേ അവര്‍ കൊണ്ടുപോയ ഡേറ്റ പോയതുതന്നെ. അതിനാല്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനാവശ്യ പെര്‍മിഷനുകള്‍ ഒഴിവാക്കുക.
ലോണ്‍ ആപ്പുകളില്‍ നിങ്ങളെടുത്ത പണവും ന്യായമായ പലിശയും തിരിച്ചടച്ചിട്ടുണ്ട് എങ്കില്‍ അനാവശ്യ ഭീഷണികള്‍ക്ക് പോലീസില്‍ പരാതി നല്‍കുക. ഒരിക്കലും ഭീഷണിക്കു വഴങ്ങി അനാവശ്യ ഫീസ് അടയ്ക്കുകയോ ഭയത്തിന് അടിമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. പരിചയക്കാരെ മാത്രം സാമൂഹികമാധ്യമ സുഹൃദ്വലയത്തില് ഉള്‍പ്പെടുത്തുക. സാമൂഹിക മാധ്യമങ്ങള്‍ വഴി സ്വകാര്യ വിവരങ്ങളായ ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പങ്കുവയ്ക്കാതിരിക്കുക. ആവശ്യമില്ലാത്ത സോഫ്റ്റ്വേറുകള് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. ചില ആപ്പുകള്‍, മൊബൈല്‍ ഗെയിമുകള്‍ തുടങ്ങിയവ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം.
ഉപകരണങ്ങള്‍ സുരക്ഷിതമാക്കാം
മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയ്ക്കു ശക്തമായ പാസ്വേഡുകള് ഉറപ്പുവരുത്തുക. വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, സ്പെഷല്‍ കാരക്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സങ്കീര്‍ണമായ പാസ്വേഡുകള് വേണം ഉപയോഗിക്കാന്‍. ജനനത്തീയതിയോ പേരോ പോലെ എളുപ്പത്തില്‍ ഊഹിക്കാവുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നതു പൂര്‍ണമായും ഒഴിവാക്കുക.
ഓരോ ഓണ്‍ലൈന്‍ അക്കൗണ്ടിനും വ്യത്യസ്ത പാസ്വേഡ് ഉപയോഗിക്കുന്നത് ഉചിതമാകും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോര്‍ അംഗീകൃത പാസ്വേഡ് മാനേജര്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന് (2എഫ്എ) പ്രവര്‍ത്തനക്ഷമമാക്കുക. പാസ്വേഡിനു പുറമേ, മൊബൈലിലേക്ക് അയയ്ക്കുന്ന ഒറ്റത്തവണ കോഡ് പോലുള്ള ഒരു ഓതന്റിക്കേഷന് ആവശ്യപ്പെടുന്നതിലൂടെ അധികസുരക്ഷ അക്കൗണ്ടുകള്‍ക്കു ലഭിക്കും.
ആവശ്യമില്ലാത്ത ഇ-മെയിലുകള്‍, പ്രത്യേകിച്ച് സെന്‍സിറ്റീവ് വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ളതോ സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ച്മെന്റുകള്‍ ഉള്ളവയോ സൂക്ഷിക്കുക. ഇ-മെയില്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. ബാങ്ക് വിവരങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുക. പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കുക. നിങ്ങളുടെ ഡിവൈസുകള്‍ അപ്ഡേറ്റാക്കുക. ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചുകളും ആന്റിവൈറസ് സോഫ്റ്റ്വേറും ഉപയോഗിച്ച് നിങ്ങളുടെ കംപ്യൂട്ടറും സ്മാര്‍ട്ട്ഫോണും മറ്റ് ഉപകരണങ്ങളും അപ്ഡേറ്റഡാക്കുക.
സുരക്ഷിതമായ, അല്ലെങ്കില്‍ പരിചിതമായ വൈഫൈ നെറ്റ്വര്ക്കുകള് മാത്രം ഉപയോഗിക്കുക. ശരിയായി അന്വേഷിക്കാതെ പരിചയമില്ലാത്തവരുമായി ഓണ്‍ലൈനില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. സ്വകാര്യ രേഖകള്‍ പങ്കുവയ്ക്കാതിരിക്കുക.
1930 ഈ നമ്പര്‍ ഓര്‍ത്തിരിക്കുക
സൈബര്‍ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ cybercrime. gov.inല്‍ പരാതിപ്പെടാം. സൈബര്‍ ക്രൈം ടോള്‍ ഫ്രീ നമ്പറായ 1930ലും പരാതി അറിയിക്കാം. തട്ടിപ്പിനിരയായാല്‍ എത്രയും പെട്ടെന്നു വിവരം കൈമാറുക. തട്ടിപ്പുകാരില്‍നിന്നു ലഭിച്ച വ്യാജരേഖകളുടെ സ്ക്രീന്‍ ഷോട്ട് പ്രിന്റെടുത്ത് പോലീസില്‍ പരാതി നല്‍കാനും മറക്കരുത്. താമസിക്കുംതോറും നിങ്ങളുടെ പണം മറ്റ് അക്കൗണ്ടുകളിലേക്കും ബിറ്റ്കോയിനിലേക്കും മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഒരു മണിക്കൂറിനുള്ളില്‍ വിവരമറിയിച്ചാല്‍ പണം നഷ്ടപ്പെടുന്നത് ഏറെക്കുറെ തടയാനാകും.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കേണ്ട വിധം
സൈബര്‍ തട്ടിപ്പിനിരയാകുന്നവര്‍ അവരുടെ താമസസ്ഥലത്തെ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്. കൂടാതെ കേരള പോലീസിന്റെ പോര്‍ട്ടല്‍ ആയ തുണ (https://thuna.keralapolice. gov.in) എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.സൈബര്‍ ക്രൈം പരാതികള്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നേരിട്ടും സമര്‍പ്പിക്കാം.
നിയമസഹായമുണ്ട്
സൈബറിടത്തെ ചതിക്കുഴികളില്പ്പെടുന്നവര്ക്കു നിയമസഹായം വാഗ്ദാനം ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്. ഇരയാക്കപ്പെട്ടവര്‍ക്കു നിയമസഹായം നല്‍കുന്നതിന്റെ ആദ്യപടിയായി പോലീസ് പരാതി കൊടുപ്പിക്കും. ഇത്തരം കേസുകളില്‍ പരാതി സ്വീകരിച്ച് രസീത് നല്‍കുന്നില്ലെന്നതാണ് പോലീസിനെതിരേയുള്ള പ്രധാന ആരോപണം. അതിന് അറുതി വരുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ മുഖേന നിയമ പരിരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് സൈബര്‍ സുരക്ഷാ ഫൗണ്ടേഷന് സ്ഥാപകന്‍ അഡ്വ. ജിയാസ് ജമാല്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പിന്റെ രീതി ഒരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഇവയെപ്പറ്റി സ്വയം ബോധവാന്മാരാകുക എന്നതാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള പ്രധാന മാര്‍ഗമെന്നും ജിയാസ് പറയുന്നു.
അഡ്വ. ജിയാസ് ജമാല്‍ (സൈബര്‍ സുരക്ഷാ ഫൗണ്ടേഷന് സ്ഥാപകന്‍)
(അവസാനിച്ചു)