ട്രംപിസത്തിന്റെ ട്രപ്പീസുകളി!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Friday, September 26, 2025 11:56 PM IST
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗോള രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളെയാകെ ഇളക്കിമറിക്കുകയാണ്. എച്ച്-1 ബി വീസ ഫീസ് 88 ലക്ഷം രൂപയായി ഉയര്‍ത്തിയതു മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ വരെയുള്ള തീരുമാനങ്ങളിലൂടെ ഇന്ത്യക്കെതിരായ നടപടികള്‍ ട്രംപ് വീണ്ടും കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയ സുഹൃത്താണെന്നു പറയുമ്പോഴും ഇന്ത്യാവിരുദ്ധ നടപടികള്‍ക്കു കുറവില്ല.
ബ്രാന്‍ഡഡ് ആയതും പേറ്റന്റ് ചെയ്തതുമായ മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണു ട്രംപ് പുതുതായി ചുമത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇരട്ടിത്തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പ്രഖ്യാപിച്ചു. അമേരിക്കയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാത്ത എല്ലാ മരുന്നുകമ്പനികള്‍ക്കും 100 ശതമാനം തീരുവ ചുമത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം അധികതീരുവ കൊണ്ട് ഇന്ത്യയോടുള്ള ട്രംപിന്റെ കലിപ്പു തീരുന്നില്ലെന്നു പുതിയ പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു.
വീണ്ടും 100% തീരുവ
അമേരിക്കയുമായുള്ള വ്യാപാരത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല. പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ ഇന്ത്യയില്‍നിന്നു വന്‍തോതില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെ മാത്രമാണു അധികതീരുവയില്നിന്ന് ഒഴിവാക്കുക. അമേരിക്കയില്‍ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങുകയെങ്കിലും ചെയ്തില്ലെങ്കില്‍ തീരുവ ചുമത്തും.
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയായ ജനറിക് മരുന്നുകള്‍ കടലാസില്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഈ നീക്കം യുഎസ് ജനറിക് മരുന്നുകളുടെ ഏകദേശം 40 ശതമാനം വിതരണം ചെയ്യുന്ന 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ കാര്യമായി ബാധിക്കും. അടുക്കള കാബിനറ്റുകളുടെയും ബാത്ത്റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, അപ്ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവയും അമേരിക്ക ചുമത്തി.
ഇരട്ടത്താപ്പുകളുടെ രാജാവ്
ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളും നടപടികളും വായാടിത്തവും അവകാശവാദങ്ങളും രാഷ്ട്രത്തലവന്മാര്ക്കു പതിവില്ലാത്ത രീതികളിലാണ്. അമേരിക്കയുടെ ബിസിനസ് താത്പര്യത്തിനായി ഏതറ്റം വരെയും പോകുന്ന തീവ്രനിലപാടുകള്‍ ഇതര രാജ്യങ്ങള്‍ക്കു തലവേദനയാണ്. അന്താരാഷ്ട്ര നയതന്ത്ര മര്യാദകളൊന്നും ട്രംപിനു പ്രശ്നമല്ല. അതിലേറെ, യുദ്ധം മുതല്‍ വ്യാപാരം വരെ പലതിലും ട്രംപിന്റെ ഇരട്ടത്താപ്പുകളാണു കാണേണ്ടത്. ഇന്ത്യ-പാക്കിസ്ഥാന് അടക്കം ലോകത്താകെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കില്ല.
ഐക്യരാഷ്ട്ര പൊതുസഭയില്‍ കഴിഞ്ഞ ദിവസവും ഈ അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. ആണവശക്തികളായ ഇന്ത്യ- പാക് സംഘര്‍ഷവും മറ്റ് ആറെണ്ണവും താന്‍ അവസാനിപ്പിച്ചുവെന്നാണ് യുഎന്നിലെ ട്രംപിന്റെ പ്രസംഗം. ആയിരങ്ങളെ കൊന്നൊടുക്കിയിരുന്ന 36, 37 വര്‍ഷമായി തുടരുന്ന അവസാനിക്കാത്ത ഏഴു യുദ്ധങ്ങളാണു താന്‍ അവസാനിപ്പിച്ചതെന്നാണു ട്രംപ് അവകാശപ്പെട്ടത്.
ഇസ്രയേലിന്റെ കവചം ട്രംപ്
ഗാസയില്‍ പലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രയേലിനു മറയില്ലാതെ പിന്തുണ നല്കുന്ന ട്രംപ് ആണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ശ്രമിക്കുന്നത്! സമാധാനത്തിന്റെ മാടപ്രാവ് യുദ്ധക്കൊതിയനു കുട പിടിക്കുന്നു. എന്തൊരു വിരോധാഭാസം! ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിലും ട്രംപിനു പലപ്പോഴും വ്യത്യസ്ത സമീപനമാണ്. യുക്രെയ്ന് യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നുവെന്ന പേരില്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് 50 ശതമാനം അധികതീരുവ ഏര്‍പ്പെടുത്തിയതിലെ ഇരട്ടത്താപ്പ് പ്രകടമാണ്.
റഷ്യയില്‍നിന്നു പ്രതിവര്‍ഷം രണ്ടു ബില്യണ്‍ ഡോളറിന്റെ വളങ്ങള്‍ (ഫെര്‍ട്ടിലൈസര്‍) ഇറക്കുമതി ചെയ്യുന്ന അമേരിക്കയാണു റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നതെന്നു ഡോ. ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയില്‍നിന്ന് യുറേനിയം ഹെക്സാഫ്ലൂറൈഡും കാറ്റലറ്റിക് കണ്വെര്ട്ടറുകള്ക്ക് ആവശ്യമായ പല്ലേഡിയവും യുഎസ് ധാരാളം വാങ്ങുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ മാത്രം റഷ്യയില്‍നിന്നുള്ള യുഎസ് ഇറക്കുമതി 2.4 ബില്യണ്‍ ഡോളറാണെന്നു തരൂര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണിത്.
പ്രവചനാതീതമായ കാപട്യം
പിഴത്തീരുവ അടക്കം ഇന്ത്യക്കെതിരായ ട്രംപിന്റെ നടപടികള്‍ തികഞ്ഞ കാപട്യമാണെന്നു തുറന്നടിക്കാന്‍ തരൂര്‍ മടിച്ചില്ല. ഇന്ത്യയുടെ പണം യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ഇന്ധനം നല്‍കുന്നുവെന്ന് ട്രംപിന് എങ്ങനെ വാദിക്കാന്‍ കഴിയും? അദ്ദേഹത്തിന്റെ അമേരിക്കന്‍ ഡോളറുകള്‍ അങ്ങനെയല്ലേയെന്ന് തരൂര്‍ ചോദിക്കുന്നു. അതിനാല്‍ അമേരിക്കക്കാരുമായി നമ്മള് ഇരുന്നു സംസാരിക്കേണ്ടിവരുമെന്നാണു പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി തലവനായ തരൂര്‍ പറഞ്ഞത്.
പ്രവചനാതീതനും പ്രകോപിതനുമായ ചര്‍ച്ചക്കാരനാണ് ട്രംപ് എന്നുകൂടി തരൂര്‍ ഓര്‍മിപ്പിക്കുന്നു. ട്രംപിന്റെ ചില ഭാഷ വളരെ ഇകഴ്ത്തുന്നതായിരുന്നു. ആത്മാഭിമാനമുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണിതെന്ന് തരൂര്‍ പറഞ്ഞതാണു ശരി. 200 വര്‍ഷത്തെ കൊളോണിയലിസത്തിനുശേഷം ഇതുപോലെ ആജ്ഞാപിക്കാന്‍ ആരെയും ഇന്ത്യ അനുവദിക്കില്ലെന്നു തരൂര്‍ പറയുന്നു.
മോദി-ട്രംപ് കൂട്ടെവിടെ?
ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനായി ന്യൂയോര്‍ക്കിലെത്തിയ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും അമേരിക്കയുടെ ഇരട്ടത്താപ്പിനെ പരോക്ഷമായി വിമര്‍ശിച്ചു. റഷ്യന്‍ ഊര്‍ജം (എണ്ണ) വാങ്ങുന്നതില്‍ ഇരട്ട നിലപാടുകള്‍ പ്രകടമാണെന്നാണു ജയശങ്കര്‍ പറഞ്ഞത്. രാജ്യത്തിന്റെ ഊര്ജലഭ്യത മുതല്‍ ചെലവുകള്‍ വരെയുള്ളവയെ ദോഷകരമായി ബാധിക്കുന്നതാണ് ഇരട്ടത്താപ്പുകളെന്ന് അമേരിക്കയുടെ പേരെടുത്തു പറയാതെ വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ ബന്ധത്തിനും മോദി- ട്രംപ് കൂട്ടിനും എന്തു സംഭവിച്ചുവെന്ന ചോദ്യം ബാക്കിയാണ്. ചൈനയുമായി യുഎസിന് ഉണ്ടാകുമെന്നു കരുതിയിരുന്ന ഭൗമരാഷ്ട്രീയ വൈരാഗ്യത്തിന് എന്തു സംഭവിച്ചുവെന്നതും ചോദ്യമാണ്. പഴയ ചില അനുമാനങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ടിവരും.
കൂട്ടിയത് അമ്പതിരട്ടി ഫീസ്
എച്ച്-1 ബി വീസ ഫീസ് ഏകദേശം അമ്പതിരട്ടി കൂട്ടിയാണ് ഒരു ലക്ഷം ഡോളറാക്കിയത്. പുതിയ അപേക്ഷകള്‍ക്കു മാത്രമേ കൂടിയ ഫീസ് ബാധകമാകൂ എന്നും ഒറ്റത്തവണയേ ഉള്ളൂവെന്നും വിശദീകരണം വരുന്നതു വരെ സിലിക്കണ്‍ വാലി കമ്പനികളും ജീവനക്കാരും പരിഭ്രാന്തിയിലായിരുന്നു. എച്ച്-1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യ ആയതിനാല്‍ ഏറ്റവും ആശങ്കയിലായതും ഇന്ത്യയാണ്.
കഴിഞ്ഞ വര്‍ഷത്തെ എച്ച്- 1ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യക്കാരുടേതാണ്. യുഎസ് ഗവണ്മെന്റ് ഡേറ്റ പ്രകാരം 11.7 ശതമാനമുള്ള ചൈന രണ്ടാം സ്ഥാനത്താണ്. മൂന്നു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ 2024ല്‍ യുഎസില്‍ എച്ച്- 1 ബി വീസകളില്‍ ജോലി ചെയ്യുന്നുണ്ട്. എച്ച്-1 ബി അപേക്ഷകളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് മുന്നില്‍. ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ എന്നിവയാണു തൊട്ടുപിന്നില്‍.
ഐടിക്കാരുടെ ഉച്ചിയിലടി
അമേരിക്കയില്‍നിന്നു വരുമാനത്തിന്റെ ഏകദേശം 57 ശതമാനവും നേടുന്ന ഇന്ത്യയുടെ 283 ബില്യണ്‍ ഡോളറിന്റെ ഐടി മേഖലയ്ക്കു പുതിയ നടപടി കനത്ത തിരിച്ചടിയാണ്. ഇന്ത്യന്‍ ഐടി സേവന കമ്പനികളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും യുഎസ് വിപണിയില്‍ നിന്നാണ്. ബിര്‍ളാസോഫ്റ്റ് (86.3%), ഇൻഫോസിസ് (83.5%), പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (79.8%), എല്‍ടിഐമൈന്‍ഡ്ട്രീ (74.4%) എന്നിവയാണ് യുഎസിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.
ആപ്പിള്‍, ജെപി മോര്ഗന് ചേസ്, വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, മെറ്റാ, ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തുടങ്ങിയ ക്ലയന്റുകളുള്ള ഐടി സ്ഥാപനങ്ങള്‍ ഇനി ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരെ നിയമിക്കുന്നതു കുറയുമെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിമൂല്യത്തില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല.
ഇന്ത്യന്‍ കുതിപ്പു തടയാനോ?
പ്രതിവര്‍ഷം 5,500 എച്ച്- 1ബി വീസകള്‍ വരെ കുറയുമെന്നാണ് ജെപി മോര്ഗന് സാമ്പത്തിക വിദഗ്ധരായ മൈക്കല്‍ ഫെറോളിയും അബിയല്‍ റെയ്ന്ഹാര്ട്ടും ആശങ്കപ്പെട്ടത്. അമേരിക്കയില്‍ പഠിക്കുന്നതില്‍നിന്നു വിദേശ വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയും ബിരുദാനന്തര ബിരുദ തൊഴിലവസരങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പു നല്കുന്നു.
ആല്‍ഫബെറ്റില്‍ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റില്‍ സത്യ നഡെല്ലയും ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ കോര്‍പറേറ്റ് നായകരെ സൃഷ്ടിച്ചത് എച്ച്- 1ബി പദ്ധതിയാണെന്നതു ട്രംപിന് അറിയാഞ്ഞിട്ടല്ല. ആഗോള ശക്തിയായി ഉയരുന്ന ഇന്ത്യയുടെ കുതിപ്പു തടയുകയാണോ ട്രംപിന്റെ ലക്ഷ്യമെന്നു സംശയിക്കുന്നവരുണ്ട്. പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ പുതിയ ചില ഇടപാടുകളും ചൈനയോടുള്ള മൃദുസമീപനവും സംശയം ജനിപ്പിക്കും.
തീരുവ കൂട്ടിയതടക്കം വഷളാകുന്ന ട്രംപ്-മോദി ബന്ധം കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് എച്ച്-1ബി വീസ ഫീസ് കൂട്ടിയ നടപടി. ഇന്ത്യയുടെ കയറ്റുമതി അധിഷ്ഠിത മേഖലകളെ ഉയര്‍ന്ന തീരുവകളും ബാധിച്ചു. ഐടി, തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ മുതല്‍ കേരളത്തിനു വലിയ തോതില്‍ നേട്ടമായിരുന്ന സമുദ്രോത്പന്ന കയറ്റുമതിവരെ കടുത്ത പ്രതിസന്ധിയിലാകും.
വെല്ലുവിളി അവസരമാക്കണം
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി ഗണ്യമായി കുറയുന്നതു രാജ്യത്തു സാമ്പത്തിക പ്രതിസന്ധിക്കു വഴിതെളിച്ചേക്കാം. നിര്‍മിതബുദ്ധിയുടെ (എഐ) ഉപയോഗം വ്യാപകമാകുന്നതോടെ പുതിയ അവസരങ്ങളോടൊപ്പം വലിയ വെല്ലുവിളികളും സൃഷ്ടിക്കപ്പെടുമെന്നതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്.
പുതിയ പ്രതിസന്ധിയും വെല്ലുവിളിയും അവസരമാക്കി മാറ്റാന്‍ സമഗ്ര കര്‍മപദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. യൂറോപ്പ് അടക്കം ഇതര രാജ്യങ്ങളിലേക്കുള്ള കൂടുമാറ്റം താത്കാലികമായി സഹായിച്ചേക്കാം. എന്നാല്‍, ഇന്ത്യന്‍ പ്രതിഭകളുടെ സേവനം രാജ്യത്തിനായി ഇവിടെ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളാണു കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കേണ്ടത്. അടുത്ത നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റാന്‍ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകട്ടെ.