നിർമിതബുദ്ധിയോടൊപ്പം
റവ. ഡോ. ബെന്നി ജോസ്
Saturday, September 27, 2025 11:59 PM IST
“നീ നിന്റെ മസ്തിഷ്കത്തിന്റെ സ്വഭാവംപോലെയായിരിക്കും. നിന്റെ മസ്തിഷ്കം എന്നാൽ നീ തന്നെയാണ്.” അഭിജിത്ത് നാസ്കർ.
നിർമിതബുദ്ധിയുടെ പിന്നാലെയാണു ലോകം. വിശാലസാധ്യതകൾ തുറന്നുകിട്ടാൻ ആവേശത്തോടെ എഐ(നിർമിതബുദ്ധി)യുമായി ചേർന്ന് എല്ലാ മേഖലകളിലുമുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ശാസ്ത്രലോകം. എഐയുടെ വളർച്ചയിൽ മനുഷ്യന് എന്തു പറ്റുന്നു? മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ എന്തു മാറ്റവും വളർച്ചയുമാണ് ഉണ്ടാകുക എന്നത് വിലയിരുത്തേണ്ടതുണ്ട്. എഐ ഒരുക്കുന്ന അറിവും വിമർശനാത്മക ചിന്ത കൂടാതെ എഐയുടെ സ്വാധീനത്തിൽപ്പെടുന്നതും കുട്ടികളുടെ പഠനസ്വഭാവം അപകടകരമാകുംവിധം പരിവർത്തനവിധേയമാകുന്നതും ശ്രദ്ധിക്കാതെ പറ്റില്ല. ഇവിടെ നിന്നുകൊണ്ട് നിർമിതബുദ്ധിയുടെ സാധ്യതകൾ തേടുന്നതിനൊപ്പം മനുഷ്യന്റെ മേന്മയും വളർത്തിയെടുക്കണം.
അനുദിന ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായിമാരായാണ് എഐയും കൂട്ടരും തന്റെ കൂട്ടാളികളുമായി കടന്നുവരുന്നത്. നിത്യോപയോഗ മേഖലകളിലൂടെ എഐ, റോബോട്ടിക്സ്, മെഷിൻ ലേണിംഗ് എന്നിവയൊക്കെ സാധാരണക്കാർക്കും പരിചിതമായിരിക്കുന്നു. ഈ വിഷയങ്ങൾ പഠിച്ച് ജോലിക്ക് ഒരുങ്ങുന്നവരും ഏറെയാണ്. റോഡിൽ കാമറയായും ആശുപത്രിയിൽ ചികിത്സാ ഉപകരണങ്ങളായും സ്കൂളിൽ സ്മാർട്ട് ബോർഡും ആപ്പുകളുമായും മൊബൈലിൽ ചാറ്റ് ജിപിടിയായും പല രൂപങ്ങളിൽ നൂതന സാങ്കേതികവിദ്യ മനുഷ്യരുടെ കൂട്ടുകാരാണ്.
വേഗത്തിലും കൃത്യതയിലും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഇവയ്ക്കാകുന്നു. മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലേക്കും എഐ കടന്നുകയറുകയാണ്. തൊഴിൽമേഖലയിൽ അടിമുടി മാറ്റം വന്നുകഴിഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ ഉത്തരം ലഭിക്കുന്നു. കൂടുതലായറിഞ്ഞ് നല്ല രീതിയിൽ എഐയെ ഉപയോഗപ്പെടുത്തി മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താനാകും. ഇതിനുവേണ്ടി തലമുറകളെ പരിശീലിപ്പിക്കാം.
മനുഷ്യന്റെ മഹിമ
ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. മനുഷ്യന്റെ മഹിമയോടു ചേർന്നുവേണം നിർമിതബുദ്ധി വികസിക്കാനും വിശാലമാകാനും.
മനുഷ്യന്റെയും പ്രകൃതിയുടെയും സംരക്ഷകരാകേണ്ടത് ആരാണ്? ദൈവത്തെയും പ്രകൃതിയിലെ മാറ്റങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യൻ അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽനിന്ന് ആരെ തെരഞ്ഞെടുക്കണം? പ്രശ്നപരിഹാരത്തിനും ക്രിയാത്മക നേതൃത്വത്തിനും മനുഷ്യഭാവനയും ബോധവും ഒഴിച്ചുകൂടാനാകാത്തതാണ്. ചിന്താബോധം, തീരുമാനം, നേതൃത്വം എന്നിവയിലൂടെ മനുഷ്യനു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാനാകൂ. നന്മ-തിന്മ തിരിച്ചറിയാൻ കഴിവുള്ള മനുഷ്യൻ, തന്നെയും ചുറ്റുപാടിനെയും തിരിച്ചറിഞ്ഞ് അന്തരാത്മാവിലെ നന്മകൂടി ഉൾക്കൊണ്ട് ക്രിയാത്മകമായി വഴിതെളിക്കണം.
അറിവിനെ (data) പലതരത്തിൽ ക്രമീകരിക്കാനുള്ള ശേഷി (intelligence)യേക്കാൾ തന്നെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ള തിരിച്ചറിവിന്റെ ബോധമാണ് ശ്രേഷ്ഠമായത് എന്ന് തത്വചിന്തകനും ചരിത്രകാരനുമായ നോവ ഹരാരി പറയുന്നു. വൈകാരികത, ബന്ധങ്ങൾ, ചിന്ത, അനുഭവങ്ങൾ, ധാർമികത എന്നിവയിലൂന്നി നില്ക്കുന്നതും ആന്തരികതയുടേ (ദൈവസാന്നിധ്യത്തിന്റെ)തുമായ നന്മയാണ് ബോധം. മനുഷ്യന്റെ മേന്മ ഇതിലാണ്.
മനുഷ്യബുദ്ധി വ്യതിരിക്തമാണ്. അനുഭവങ്ങൾക്ക് അർഥം നല്കുന്നതും ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും ധാർമികതയുടെ ഉൾപ്രേരണയിൽ, ശരി-തെറ്റിന്റെ അളവുകോലുപയോഗിച്ച്, സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നത് മനുഷ്യനിലെ ബുദ്ധിയാണ്.
ചിന്തകളെയും ആശയങ്ങളെയും കഴിവുകളെയും വികാരങ്ങളെയുംകാൾ ഉന്നതമാണ് മനുഷ്യന്റെ മൂല്യം. മനുഷ്യന് അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ മനുഷ്യനിർമിത സാങ്കേതികവിദ്യയെ വളർത്തരുത്. ഉത്തരവാദിത്വത്തോടെ മനുഷ്യനന്മയെ ലക്ഷ്യംവച്ച് ധാർമിക ക്രമീകരണത്തിന്റെ സഹകരണത്തോടെയേ സാങ്കേതികവിദ്യയുടെ വികാസം നടക്കാവൂ. നിയന്ത്രണമില്ലാതെ മുന്നേറുന്ന നിർമിതബുദ്ധിയുടെ വികാസം മനുഷ്യനും പരിസ്ഥിതിക്കും എതിരേ തിരിയും.
എഐയുടെ പ്രകടനത്തിനു മുന്നിൽ മനുഷ്യബുദ്ധിയെ അടിയറവയ്ക്കാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട്. മനുഷ്യനും നിർമിതബുദ്ധിയും നേർക്കുനേർ വരുന്പോൾ, മനുഷ്യനേ വിജയിക്കാവൂ. മനുഷ്യബുദ്ധിയുടെ കഴിവുകൾ, അനന്യത, ബോധം എന്നിവ തിരിച്ചറിയണം. മനുഷ്യബുദ്ധിയുടെ സവിശേഷതകളെ വളർത്തിയെടുക്കണം.
2025 ജനുവരിയിൽ വത്തിക്കാൻ പുറപ്പെടുവിച്ച Antiqua et Nova എന്ന എഐ മനുഷ്യബുദ്ധിയെ സംബന്ധിച്ച രേഖ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയങ്ങളിലൊന്നാണ് റിലേഷണൽ ഇന്റലിജൻസ്. മനുഷ്യബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധത്തിലൂടെ വളരുന്ന ബോധത്തിന്റെ അനുഭവം ഓരോ വ്യക്തിക്കും ആവശ്യമുള്ളതാണ്. മനുഷ്യബുദ്ധിയുടെ നിലനില്പിലും വളർച്ചയിലും ബോധത്തിന്റെ അടുപ്പവും വികാരവും കരുതലും ആവശ്യമാണ്. എഐയുടെ സ്വഭാവത്തിലും കൂട്ടായ്മയുടെ, ബന്ധത്തിന്റെ, ബഹുമാനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന റിലേഷണൽ ഇന്റലിജൻസ് വേണം.
മനുഷ്യന്റെ മഹത്വം അനിഷേധ്യമായ സത്യമാണ്. ഇതിനെ ബഹുമാനിച്ച്, മനുഷ്യനന്മയ്ക്കുള്ള ഉപാധികളായാണ് പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാകേണ്ടത്. മനുഷ്യനന്മയെ സംരക്ഷിച്ച് - മനുഷ്യന്റെ നേതൃത്വത്തിലാണ് പുരോഗതിയും പ്രകൃതിസംരക്ഷണവും പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തലും നടത്തേണ്ടത്.
നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന സാമൂഹിക-സാന്പത്തിക വിടവ് ഗൗരവമായി കാണണം. എഐ ഉപയോഗിക്കാൻ ശേഷിയും സാഹചര്യവും ഉള്ളവർക്കു മാത്രമായി ചുരുക്കപ്പെടുന്ന വളർച്ചയും വികാസവും അല്ല മനുഷ്യകുലത്തിനും പ്രകൃതിക്കും ആവശ്യം. കൂട്ടായ്മയിൽ, പരസ്പര സഹകരണത്തിൽ വലിയവനും ചെറിയവനും ദരിദ്രനും ധനികനും സ്ത്രീയും പുരുഷനും കുട്ടികളും വൃദ്ധരും എല്ലാം സംരക്ഷിക്കപ്പെടുന്ന, വളർന്നു വികസിക്കുന്ന ചിന്തകളും ബന്ധവും തീരുമാനവും ഉണ്ടാകണം. ഈ കൂട്ടായ്മയെ മനസിൽ സൂക്ഷിക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും പ്രവർത്തിക്കാനും മനുഷ്യനാണു സാധിക്കുക.
വിദ്യാർഥികളുടെ ലോകം
ആഗോളതലത്തിൽ ഓപ്പൺ എഐയുടെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. വിദ്യാർഥികളുടെ വൻതോതിലുള്ള ഉപയോഗമാണ് ഈ കുതിച്ചുചാട്ടത്തിനു കാരണമെന്ന് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കൾ ഓഗസ്റ്റിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. നിർമിതബുദ്ധിയുടെ സാധ്യതകളെ ഒരുപാട് ഉപയോഗപ്പെടുത്തുന്നവരാണ് കുട്ടികളും യുവാക്കളും. എഐയുടെ വികാസത്തിൽ ഏറ്റവുമധികം റിസ്ക് അനുഭവിക്കുന്ന വിഭാഗവും കുട്ടികളാണ്. ചിന്തിക്കാനും അന്വേഷകരാകാനും പരിശീലിക്കാനും ബോധതലത്തെ വികസിപ്പിക്കാനും വിദ്യാർഥികൾക്കുള്ള അവസരങ്ങളെ അറിവുകൊണ്ടു നിറച്ച് വേഗത്തിൽ ഉത്തരമരുളി നിർമിതബുദ്ധി സഹായിക്കുകയാണ്.
മനുഷ്യമസ്തിഷ്കത്തെ മനസിലാക്കാൻ ശാസ്ത്രലോകത്ത് തീക്ഷ്ണതയോടെ പഠനങ്ങൾ നടക്കുന്നുണ്ട്. മനുഷ്യമസ്തിഷ്കം എന്ന അദ്ഭുതം നിഗൂഢമായും അതിശയിപ്പിക്കുന്ന സാധ്യതയായും ഇന്നും നിലകൊള്ളുന്നു. വിദ്യാലയങ്ങളിലും കുട്ടികളുടെ ദിനചര്യകളിലും മനുഷ്യബുദ്ധിയുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പെരുമാറ്റവും ശീലങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സ്കൂൾതലത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്പോഴും മനുഷ്യബുദ്ധിയുടെ വ്യതിരിക്തത മനസിലാക്കി വേണം പരിശീലനം നല്കാൻ. വളരാനും സാധ്യതകൾ കണ്ടെത്താനും പൊരുത്തപ്പെടാനും ശേഷിയുള്ള അദ്ഭുതമാണ് തലച്ചോറ്. ഇതിനു പറ്റുന്ന അനുഭവങ്ങളും പരിശീലനങ്ങളും വേണ്ടുവോളം നല്കണമെന്നു മാത്രം.
നിർമിതബുദ്ധിയുടെ പുരോഗതി മനുഷ്യബുദ്ധിയുടെ വികാസത്തിനു വഴിയൊരുക്കണം. എഐയുടെ സ്വാധീനം പലപ്പോഴും പുകമറ സൃഷ്ടിക്കുന്നുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം നടക്കുന്നു - പ്രോജക്ട്സ്, ഉത്തരങ്ങൾ, കണ്ടുപിടിത്തങ്ങൾ, വിഷയാവതരണം എല്ലാം ഭംഗിയായി നടക്കുന്നു. നൂതന സങ്കേതങ്ങൾ മുന്നോട്ടുവയ്ക്കുന്ന സൂത്രപ്പണികളും കുറുക്കുവഴികളും ചിന്ത, ഭാവന, അന്വേഷണം, വിലയിരുത്തൽ, ഭാഷ, ആസൂത്രണം എന്നിവ പരിശീലിക്കുന്നതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നു. എളുപ്പവഴിയിൽ കുട്ടികൾ ക്രിയ ചെയ്യുന്നു. ഇതിന്റെ ഫലമായി ബുദ്ധിയുടെ വിവിധ കഴിവുകൾ അശ്രദ്ധമായി തഴയപ്പെടുന്നു, മടി പിടിക്കുന്നു.
കുട്ടികളുടെ ശ്രദ്ധയുടെ പരിധിയും വ്യാപ്തിയും പഠനരീതികളും മാറി. അന്വേഷണത്തിന്റെ ഭാഗമായ മാനസിക വികാസവും യാത്രകളും അപ്രത്യക്ഷമായി, എല്ലാം വേഗത്തിൽ ലഭ്യമാകുന്നു. കഠിനാധ്വാനം അന്യമായി. അറിവു നേടുന്ന പ്രക്രിയയുടെ ഭാഗമായി നടക്കേണ്ട സ്വഭാവ രൂപീകരണം, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ഗൗരവശ്രദ്ധയിൽപ്പെടുന്നില്ല. പെട്ടെന്ന് കണ്ടു മറയുന്ന വായനാനുഭവം നമ്മുടെ ചിന്തയെയും ഭാവനയെയും എല്ലാം തമസ്കരിക്കുന്നു. ഇതുമൂലം ബുദ്ധിയുടെ പരിശീലനങ്ങൾ പലതും അന്യംനിന്നുപോകുന്ന കാഴ്ചയാണ് ചുറ്റുപാടും.
പക്വതയും ചിന്തയും ബോധവും ബന്ധവും ആകാംക്ഷയും അന്വേഷണവുമെല്ലാം നിമിഷനേരംകൊണ്ട് വറ്റിവരണ്ടു പോകുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് എഐ കൊണ്ടുവരുന്നത് എന്നു ഭയപ്പെടുന്നു. ഇത് ഗൗരവമായ വിദ്യാഭ്യാസ പ്രതിസന്ധിയും കുട്ടികളുടെ വളർച്ചയിൽ അപകടം കൊണ്ടുവരുന്ന അവകാശനിഷേധവുമാണ്. ബുദ്ധിയുടെ ശരിയായ വികാസം നിഷേധിക്കപ്പെട്ടാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. കുട്ടികളുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും നിർമിത-മനുഷ്യബുദ്ധികളുടെ സ്വഭാവം, സാധ്യത എന്നിവ വിശദമായി പഠിച്ച് പ്രവർത്തനപദ്ധതി തയാറാക്കണം. മനുഷ്യന്റെ മഹിമയും മനുഷ്യബുദ്ധിയുടെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം. അറിവിനെ ക്രമീകരിക്കാനും വ്യത്യസ്ത രീതിയിൽ അവയുപയോഗിച്ച് കണക്കുകൂട്ടാനുള്ള കഴിവുകളിൽ മാത്രം ശ്രദ്ധിച്ച് ബുദ്ധിയെ വളർത്തുന്ന വിദ്യാഭ്യാസ രീതിയല്ല വേണ്ടത്.
കാൽക്കുലേറ്ററിൽ നന്പറുകളെ ഉപയോഗിച്ച് കണക്കുകൂട്ടി എടുക്കുന്നതുപോലെ പല ചേരുവകളിലൂടെ വ്യത്യസ്ത ക്രമീകരണങ്ങളിലൂടെ അറിവിനെ പുനർനിർമിക്കുന്ന രീതി ബുദ്ധിയുടെ പക്വമായ രീതിയോ പൂർണതയോ അല്ല.
ബോധത്തിൽ, ബന്ധത്തിൽ, നന്മയിൽ വളരുന്ന മനസിന്റെ കഴിവുകൾ ശ്രദ്ധിക്കണം. മനുഷ്യബുദ്ധിയുടെ ശീലമാക്കി ബോധത്തെ തിരിച്ചറിയണം, വളർത്തിയെടുക്കണം. മനുഷ്യനോടും പ്രകൃതിയോടുമുള്ള കരുതലും നന്മയും ഇവയുടെ വളർച്ചയും സംരക്ഷണവും സാധ്യമാക്കുന്ന മനസ്, ബോധത്തിന്റെ അടിസ്ഥാനമാണ്. അറിവിന് അർഥവും ബന്ധവും നന്മയും നല്കി, അറിവിനെ വ്യാഖ്യാനിക്കുന്ന വിദ്യാഭ്യാസം ഇവിടെ രൂപപ്പെടും. ശരീരത്തിൽനിന്നും പ്രകൃതിയിൽനിന്നും ആത്മാവിൽനിന്നും അറിവിനെ മുറിച്ചുമാറ്റാനാവില്ല. അറിവിനെ മാത്രം കൈകാര്യം ചെയ്യുന്ന നിർമിതബുദ്ധിയുടെ രീതിയിലുള്ള വിദ്യാഭ്യാസം അപകടം കൊണ്ടുവരും. ജൈവസ്വഭാവമുള്ളതാണ് അടിസ്ഥാനപരമായി അറിവ്, അങ്ങനെ ആയിരിക്കുകയും വേണം. ബന്ധങ്ങളിൽ, പ്രവൃത്തിയിൽ, ആന്തരികമായി അനുഭവത്തിൽ അറിവ് അതിന്റെ ജൈവസ്വഭാവം സ്വീകരിക്കും - നിലനിർത്തും.