ഈ സ്ത്രീകൾക്കുവേണ്ടി എന്തേ?
അനന്തപുരി / ദ്വിജൻ
Sunday, September 28, 2025 12:03 AM IST
ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് പുലർച്ചെ ഒന്നിനും നാലിനും മധ്യേ എഴുപതോളം അക്രമികൾ പത്തു സന്യാസിനിമാർ താമസിക്കുന്ന എറണാകുളം എച്ച്എംടി കൈപ്പടമുകളിലുള്ള കളമശേരി മാർത്തോമ്മാ ഭവൻ ആശ്രമത്തിന്റെ ഭൂമി കൈയേറി. അവിടെ 45 വർഷമായി നിലനിന്ന ഏഴടി ഉയരത്തിലുള്ള മതിലും ജലവിതരണത്തിനുള്ള പൈപ്പുകളും സിസിടിവിയും തകർത്തു. മഠത്തിലേക്കുള്ള വഴി അടച്ചു. താത്കാലിക വീടുകൾ വച്ചു താമസവും തുടങ്ങി. എറണാകുളം സബ് കോടതിയുടെ 2007ലെ ഉത്തരവും പ്രോഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചാണ് അക്രമികൾ വന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടാണ് പേരിനൊരു അറസ്റ്റിനെങ്കിലും പോലീസ് തയാറായത്.
ആ സ്ത്രീകൾ കന്യാസ്ത്രീകളാണെന്ന പരിഗണന വേണ്ട. ഏതു സമുദായത്തിൽപ്പെട്ടവരും ആകട്ടെ, കുറഞ്ഞപക്ഷം സ്ത്രീകൾ എന്ന പരിഗണനയ്ക്ക് അവർ അർഹരല്ലേ? ഈപരിഗണനപോലും എന്തേ മുഖ്യനില്ല? അവിടുത്തെ മന്ത്രിസഖാവിനില്ല? ഇടതു-വലതു വനിതാ സംഘടനകൾക്കില്ല? അക്രമികൾക്കെതിരേ എന്തേ അവിടത്തെ ജനപ്രതിനിധികളോ രാഷ്ട്രീയക്കാരോപോലും വായ തുറക്കുന്നില്ല? കേരളത്തിലെ വനിതാ കമ്മീഷൻ എന്തേ വിഷയത്തിൽ ഇടപെടുന്നില്ല? ഒറ്റയ്ക്കു താമസിക്കുന്ന 10 സ്ത്രീകൾക്ക് കുടിവെള്ളവും സഞ്ചാരസ്വാതന്ത്ര്യവും ഇല്ലാതാക്കിയത് മനുഷ്യാവകാശലംഘനമല്ലേ? എന്തേ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുന്നില്ല? ഇതാണോ കേരളം അവകാശപ്പെടുന്ന സ്ത്രീസുരക്ഷ?
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിൽ 43 വർഷമായി പ്രവർത്തിക്കുന്ന സന്യാസസമൂഹമാണ് ഓർഡർ ഓഫ് കാനൻസ് റെഗുലർ ഓഫ് ദി ഹോളിക്രോസ്. 1982ൽ അവർ പലരിൽനിന്നായി വാങ്ങിയ 15 ഏക്കർ ഭൂമിയിലാണ് സന്യാസഭവനങ്ങൾ സ്ഥിതിചെയ്യുന്നത്. ഇതിൽ ഹനീഫ എന്ന വ്യക്തിയിൽ നിന്ന് അക്കാലത്ത് 12,50,000 രൂപ കൊടുത്തു വാങ്ങിയ നാലേക്കർ ഭൂമിയെക്കുറിച്ച് ഉടമസ്ഥതാ തർക്കമുണ്ടായി. മട്ടാഞ്ചേരി സ്വദേശിയും ചെന്നൈയിൽ ബിസിനസുകാരനുമായിരുന്നു ഹനീഫ. പണം വാങ്ങിയ ഹനീഫ രേഖകൾ കൃത്യമായി കൊടുക്കാതെ കബളിപ്പിച്ചു.
ചെന്നൈയിലുള്ള ബിസിനസ് ആവശ്യങ്ങൾക്കായി ഹനീഫ പിന്നീട് ഈ ആധാരം ഈടുവച്ച് എഫ്സിഐയിൽനിന്ന് വായ്പയെടുത്തു. ജപ്തി നടപടികൾക്കായി എഫ്സിഐക്കാർ എത്തിയപ്പോഴാണ് കബളിക്കപ്പെട്ട വിവരം അറിയുന്നത് അവർ കോടതിയെ സമീപിച്ചു. എറണാകുളം സബ്കോടതി 2007ൽ മാർത്തോമ്മാ ഭവനത്തിന് അനുകൂലമായി വിധിച്ചു. ഹൈക്കോടതിയും വിധി ശരിവച്ചു.
ഹനീഫ മരിച്ചതോടെ 2010ൽ ഹനീഫയുടെ മക്കൾ വ്യാജരേഖകളുണ്ടാക്കി സ്ഥലം തൃശൂർ സ്വദേശികളായ മുഹമ്മദ് മൂസ, എൻ.എം. നസീർ, സെയ്ദ് മുഹമ്മദ് എന്നിവർക്കു വിറ്റു. വീണ്ടും കേസായി. ഹൈക്കോടതി തഹസീൽദാറോട് റിപ്പോർട്ട് ചോദിച്ചു. തഹസിൽദാറുടെ റിപ്പോർട്ട് മാർത്തോമ്മാ ഭവനത്തിന് അനുകൂലമാണ്.
അപ്പോഴാണ് സെപ്റ്റംബർ നാലിന് അർധരാത്രി അറുപതോളം അക്രമികളെത്തി ഭൂമി കൈയേറിയത്. സീറോ മലബാർ മീഡിയ കമ്മീഷൻ ചോദിക്കുന്നു, കളമശേരി കേരളത്തിലല്ലേ? പോലീസ് എന്തേ കൈയേറ്റക്കാർക്ക് സംരക്ഷണം നൽകുന്നു? കൈയേറിയവർക്കെതിരേ നടപടിയെടുക്കാത്ത പോലീസ് അനാസ്ഥയിൽ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി പ്രതിഷേധിച്ചു.
അക്രമികൾ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരായതുകൊണ്ടാണ് ഈ നിസംഗത എന്ന ആരോപണം ശക്തമാവുകയാണ്. അക്രമികൾക്ക് സംരക്ഷണം നൽകാൻ വരുന്നവർ ആ സമുദായത്തിൽത്തന്നെ ഉള്ളവരാണെന്ന് എല്ലാവർക്കും അറിയാം. ഇത്തരം ചിന്ത ശക്തമാകുന്നത് ആപത്താണ്. വ്യവസായമന്ത്രി പി. രാജീവിന്റെ മണ്ഡലത്തിലാണ് സംഭവം. സർക്കാർ നോക്കിനിൽക്കരുത്. ആക്രമിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി ശക്തമായ നടപടികൾ സ്വീകരിക്കണം. അക്രമികളെ അടിച്ചോടിക്കണം. മുഖംനോക്കാതെ നടപടിയുണ്ടാകണം.
ആറുമാസത്തിനുള്ളിൽ രണ്ടു ജനവിധികൾ
2025 അവസാനവും 2026 ആദ്യവുമായി ആറുമാസത്തെ ഇടവേളയിൽ രണ്ട് പ്രധാന ജനവിധികൾക്ക് കേരളം തയാറെടുക്കുകയാണ്. 2025 നവംബറിലോ ഡിസംബറിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026 ഏപ്രിലിലോ മേയിലോ നിയമസഭയിലേക്കും തെരഞ്ഞെടുപ്പു നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറിൽ പൂർത്തിയാകേണ്ടതാണ്. എന്നാൽ, 2020ലെ തെരഞ്ഞെടുപ്പ് കോവിഡ് മൂലം ഡിസംബറിലേക്കു മാറ്റേണ്ടിവന്നതുകൊണ്ട് ഈ വർഷത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഡിസംബർ 20നകം പൂർത്തിയാക്കിയാൽ മതി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ ആറിന് നടന്നു. മേയ് രണ്ടിന് ഫലം പ്രഖ്യാപിച്ചു. അതുകൊണ്ട് മേയ്മാസത്തിനു മുന്‍പ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കണം.
2025ലെ വോട്ടർപട്ടിക
2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അനുസരിച്ച് 2,83, 12,478 വോട്ടർമാരാണ് കേരളത്തിലുള്ളത്. അവരിൽ 1,49,59,245 പേർ സ്ത്രീകളും 1,33,52951 പേർ പുരുഷന്മാരും 276 പേർ ട്രാൻസ്ജെൻഡറുകളും ആണ്. 2,087 വിദേശ ഇന്ത്യക്കാരും പട്ടികയിലുണ്ട്. ഈ പട്ടിക ഒക്ടോബറിൽ ഇനിയും പരിഷ്കരിക്കും എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചിരിക്കുന്നത്.
വോട്ടർപട്ടികയുടെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നല്ല ജാഗ്രതയോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധി ദേശീയതലത്തിൽ നടത്തുന്ന ‘വോട്ടു ചോരി’ സമരം ഇതിനു വലിയ കാരണമായി എന്നത് സത്യമാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. കർണാടക പക്ഷേ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി. വോട്ടിംഗ് മെഷീനുകളുടെ പരിശോധന ഓഗസ്റ്റ് 25ന് പൂർത്തിയായി.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ടെസ്റ്റ് പേപ്പറായാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അതുകൊണ്ട് അവിടെ പ്രകടമാക്കപ്പെടുന്ന ജനവികാരം മുന്നണി ബന്ധങ്ങളിൽവരെ മാറ്റം വരുത്താം. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെ ഇടതുമുന്നണിയിൽ എത്തിക്കുന്നതിന് നടക്കുന്ന നീക്കങ്ങൾ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടായിക്കൂടെന്നില്ല. രണ്ടുതവണയായി പ്രതിപക്ഷത്തിരിക്കുന്ന ലീഗിന് ഇനിയും പ്രതിപക്ഷത്തിരിക്കാൻ ബുദ്ധിമുട്ടുണ്ട്. ലീഗ് ഇടതുമുന്നണിയിലേക്ക് വന്നാൽ രണ്ടാം കക്ഷി സംബന്ധിച്ചതടക്കം പല പുതിയ തർക്കങ്ങളും ഇടതുമുന്നണിയിൽ ഉണ്ടാകാനും ഇടയുണ്ട്
ഷൈനും മാങ്കൂട്ടത്തിലും
ലൈംഗിക അപവാദക്കേസുകൾ കത്തിച്ചുയർത്തി തെരഞ്ഞെടുപ്പു ജയിക്കാൻ സിപിഎമ്മിന് വല്ലാത്ത വൈഭവം ഉണ്ടെന്ന് ചരിത്രം തെളിയിക്കുന്നു. സൂര്യനെല്ലി, ഐസ്ക്രീം പാർലർ, സോളാർ... ഇപ്പോൾ ഷാഫിയും രാഹുലും ഇരയാക്കപ്പെടുന്നു. സഖാക്കളുടെ ദുഷ്ടബുദ്ധി കോണ്‍ഗ്രസിനുപോലും മനസിലായില്ല. ഇടതു നേതാക്കൾക്കെതിരേ സ്വപ്ന സുരേഷും ഹേമ കമ്മിറ്റിയും ഉയർത്തിയ അടിസ്ഥാനമുള്ള ആരോപണങ്ങൾ മറന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കൾക്കു പിന്നാലെയാണ്. മാധ്യമങ്ങളിൽ ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരമൊന്നും കോണ്‍ഗ്രസുകാർ നഷ്ടപ്പെടുത്തില്ല. സൂര്യനെല്ലി വന്നപ്പോഴും ഐസ്ക്രീം പാർലർ വന്നപ്പോഴും സോളാർ വന്നപ്പോഴും ഇപ്പോൾ രാഹുൽ വിഷയം വന്നപ്പോഴും കോണ്‍ഗ്രസിലെ ആദർശവാദികൾ വല്ലാതെ അസ്വസ്ഥരായി. പാലം കടന്ന ഇടതന്മാർ, ഉമ്മൻ ചാണ്ടിയെ വഞ്ചിച്ചത് കോണ്‍ഗ്രസുകാരാണ് എന്നു പറഞ്ഞപ്പോൾ അല്ലെന്നു പറയാൻ പലർക്കും ആത്മധൈര്യം ഉണ്ടായില്ല.
ഒരേതരത്തിലുള്ള കേസുകൾ എങ്ങനെ എതിരാളികൾക്ക് വിനാശകരമാക്കാം എന്നതിലുള്ള സിപിഎം വൈഭവത്തിന്റെ തെളിവാണ് കെ.ജെ. ഷൈനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരേ ഉയർന്ന പരാതികൾ. പിണറായിയും സതീശനും തമ്മിലുള്ള വ്യത്യാസവും ഈ സംഭവങ്ങൾ പ്രകടമാക്കുന്നു.
രാഹുലിനെതിരേ പരാതി ഉയർന്നപ്പോൾ ഇരുത്തംവന്ന പ്രതിപക്ഷ നേതാവിനെപ്പോലെ അല്ല കെഎസ്യു നേതാവിനെപ്പോലെയാണ് സതീശൻ വിഷയം കൈകാര്യം ചെയ്തത്. കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായ മാങ്കൂട്ടത്തിലിനെതിരേ വന്ന ആരോപണത്തെക്കുറിച്ച്, തിരക്കട്ടെ എന്നു പോലും സതീശൻ പറഞ്ഞില്ല. നടപടി എടുത്തു. അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. ഓഗസ്റ്റ് 21ന് അദ്ദേഹം രാജിവച്ചതാണ്. ഒരു മാസം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന്റെ സർക്കാർ വിരുദ്ധ സമരങ്ങളുടെ കുന്തമുന ആയ പുതിയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിക്കാനായില്ല.
മാങ്കൂട്ടത്തിലിനെതിരേ കേസുണ്ടാക്കാൻ കോണ്‍ഗ്രസും സർക്കാരും ശ്രമിച്ചെങ്കിലും കേസെടുക്കാൻ ഇപ്പോഴും പോലീസിന് വകുപ്പൊന്നും കിട്ടിയില്ല. കോണ്‍ഗ്രസിനുണ്ടായ പരിക്കോ?
ഇത്തരം കാര്യങ്ങളിൽ പിണറായി പ്രതികരിക്കുമോ? ആരോപണവിധേയനായവനെ പരമാവധി സംരക്ഷിക്കാനാവില്ലേ പിണറായി നോക്കുക. പ്രവർത്തകരുടെ പിന്തുണ കിട്ടുന്നത് ഇത്തരം സമീപനത്തിനാണ്. ശശിമാരും ഗോപിയും മുകേഷും എല്ലാം പിണറായിയിൽ കാണുന്നത് രക്ഷകനെയാണ്.
ഷൈനിനെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടവരെയെല്ലാം പോലീസ് ഓടിച്ചു പിടിക്കുകയാണ്. ഷാഫി കേസുമായി പോകുന്നുണ്ട്. പക്ഷേ, പ്രതികൾ സമൂഹത്തിൽ വിലസും. അതാണ് പിണറായി.
സുകുമാരൻ നായരും വെള്ളാപ്പള്ളിയും
സർക്കാരിനോടുള്ള നിലപാടിൽ അടക്കം പല വിഷയത്തിലും രണ്ടു ധ്രുവങ്ങളിൽ നിന്നവരാണ് സുകുമാരൻ നായരും വെള്ളാപ്പള്ളിയും. എന്തേ ഇന്നലെവരെ ഇല്ലാത്ത സർക്കാർ അനുകൂല നിലപാട് സുകുമാരൻ നായർക്കുണ്ടായി എന്ന് നിരീക്ഷകരാകെ അദ്ഭുതപ്പെടുന്നു. ആഗോള അയ്യപ്പസംഗമവും പിണറായി അയ്യപ്പപ്രതിമ ഏറ്റുവാങ്ങിയതും മാത്രമാണ് കാരണം എന്നുകരുതാൻ പലർക്കും സാധിക്കുന്നില്ല. എന്തോ സംഭവിച്ചിരിക്കുന്നു. രോഗക്കിടക്കയിൽ ആയിരുന്ന സുകുമാരൻ നായരെ പിണറായി കാണാനെത്തിയപ്പോൾ കാറ്റു മാറി വീശുന്നോ എന്നു സംശയം ഉണ്ടായതാണ്. ഇത്തരം ധ്രുവീകരണങ്ങളെ എല്ലാം ജനം എങ്ങനെ കാണും എന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാലേ കൃത്യമായി പറയാനാകൂ.
അയ്യപ്പവിഗ്രഹം ഏറ്റുവാങ്ങിയ പിണറായിയെ കണ്ടപ്പോൾ ഓർമ വന്നത് ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ മൻമോഹൻ ബംഗ്ലാവിൽ കൊണ്ടുപോയ മന്ത്രി ബാലകൃഷ്ണ പിള്ളയെയാണ്. നായനാർ സർക്കാരിന്റെ കാലത്താണ് വിഗ്രഹം മോഷണം പോയത്. പോലീസ് കള്ളനെ പിടികൂടി. വിഗ്രഹം കണ്ടെടുത്തു. മന്ത്രിസഭാംഗമായ ബാലകൃഷണ പിള്ളയ്ക്ക് ഒരുമോഹം. വിഗ്രഹം ഔദ്യോഗികവസതിയിൽ കൊണ്ടുപോയി. ആറുമാസം തികയുംമുന്പ് പിള്ളയുടെ മന്ത്രിസ്ഥാനം പോയി. പിന്നീട് കുറെക്കാലത്തേക്ക് മൻമോഹൻ ബംഗ്ലാവിൽ മന്ത്രിമാർ താമസിക്കില്ലായിരുന്നു. അപകടം പിടിച്ച ഭവനം എന്നായിരുന്നു പേര്.