നഗരത്തിൽ ഒരു യക്ഷി
ഡോ. ബിൻസ് എം. മാത്യു
Monday, September 29, 2025 1:02 AM IST
‘ലോക’ സിനിമ വിജയകരമായി മുന്നേറുമ്പോഴാണ് ജപ്പാനിൽനിന്ന് ഒരു അനിമേഷൻ ചിത്രം വളരെ വേഗം കേരളത്തിൽ ഹിറ്റായി മാറുന്നത്. Demon Slayer: Kimetsu no Yaiba – Infinity Castle എന്ന ജാപ്പനീസ് അനിമേഷൻ ചിത്രം ഇപ്പോൾ കേരളത്തിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. പല തിയേറ്ററുകളിലും ചെറുപ്പക്കാർ മണിക്കൂറുകൾ ക്യൂ നിന്നാണ് ടിക്കറ്റ് ഒപ്പിച്ചെടുക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും ഈ അനിമ യുവാക്കൾക്ക് വലിയ ഹരമായിക്കഴിഞ്ഞു. ഭാഷയും സംസ്കാരവും മറികടന്ന് യുവതയെ എന്തുകൊണ്ടാണ് അനിമേഷൻ സിനിമകൾ ആവേശിച്ചിരിക്കുന്നത്?
അനിമ എന്നാൽ...
ജാപ്പനീസ് അനിമേഷൻ സിനിമകളെയാണ് സാധാരണ അനിമ എന്നു വിളിക്കുന്നത്. അനിമേഷന്റെ ചുരുക്കെഴുത്താണ് അനിമ. കംപ്യൂട്ടർ സോഫ്റ്റ്വെയർകൊണ്ട് നിർമിച്ച കൃത്രിമ കഥാപാത്രങ്ങളാണ് ഇത്തരം സിനിമകളിലുള്ളത്. ജപ്പാനിൽ വായനക്കാരെ കീഴടക്കിയ ചിത്രകഥകളായിരുന്നു മാങ്ഗ. കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ആസ്വദിക്കാൻ കഴിയുന്ന ചിത്രകഥകളായിരുന്നു ഇത്.
സാധാരണ ചിത്രകഥകളിൽനിന്ന് വ്യത്യസ്തമായി വലിയ മുഖമുള്ളവരും മാനുഷിക വികാരങ്ങൾ പ്രകടിപ്പിക്കുന്നവരുമായിരുന്നു മാങ്ഗയിലെ കഥാപാത്രങ്ങൾ. മാങ്ഗകളുടെ ചലച്ചിത്രരൂപമാണ് അനിമകൾ. ലോകപ്രശസ്തമായ അനിമകൾ പലതും പുറത്തിറങ്ങിയിട്ടുള്ളത് ജപ്പാനിൽനിന്നാണ്. ജാപ്പനീസ് അനിമകൾ ലോകത്തെമ്പാടും തരംഗമായി മാറിയപ്പോൾ അതേ മാതൃകയിൽ പല രാജ്യങ്ങളിൽനിന്നും അനിമകൾ വന്നു. എങ്കിലും ജെൻ-സി തലമുറയ്ക്ക് താത്പര്യം ഒർജിനൽ ജാപ്പനീസ് അനിമകൾതന്നെ.
കുട്ടിക്കളിയല്ല
മുതിർന്ന തലമുറയ്ക്ക് കാർട്ടൂൺ നെറ്റ്വർക്കിലെ പഴയ കാർട്ടൂണായി അനുഭവപ്പെടാം. പക്ഷേ, കാർട്ടൂണുകളിൽനിന്ന് പാടേ വ്യത്യസ്തമാണ് അനിമകൾ. കാർട്ടൂണുകളിൽ സാധാരണ കഥയില്ല; സന്ദർഭം മാത്രമേ ഉണ്ടാകാറുള്ളൂ. ടോം ആൻഡ് ജെറിയിൽ കഥ എല്ലായ്പോഴും ഒന്നുതന്നെ; പശ്ചാത്തലവും സന്ദർഭവും മാറുമെന്നു മാത്രം.
എന്നാൽ, സങ്കീർണമായ കഥകളാണ് അനിമകൾ പറയുന്നത്. സിനിമയിലേതുപോലെ വലിയൊരു കഥയുണ്ടാകും. കഥാപാത്രങ്ങൾ മനുഷ്യരെപ്പോലെ പെരുമാറും. മനുഷ്യരെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കും. വലിയ മുഖങ്ങളായതുകൊണ്ട് നവരസങ്ങളും പ്രകടിപ്പിക്കും. ആക്ഷൻ, ക്രൈം, റൊമാൻസ്, ഹൊറർ ഇങ്ങനെ സാധാരണ ചലച്ചിത്രങ്ങളിൽ കാണുന്ന എല്ലാ വിഷയങ്ങളും അനിമകളും കൈകാര്യം ചെയ്യും. കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കുമുള്ള അനിമകളുണ്ട്. ഇതിൽതന്നെ ആൺ-പെൺ വിഭജനവും ചില അനിമകൾക്കുണ്ട്. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൈലിയിൽ നിർമിച്ച അനിമകളുണ്ട്. അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് അനിമകളില്ല.
ചോരയ്ക്ക് കുറവില്ല
വയലൻസ് പല അനിമകളിലെയും മുഖ്യവിഷയമാണ്. അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയങ്ങൾക്കും തകർക്കുന്ന പശ്ചാത്തല സംഗീതത്തിനുമിടയിൽ കൊല്ലും കൊലയും ആവർത്തിക്കുന്നു. പരപീഡനം മാത്രമല്ല ആത്മപീഡനവും ദൃശ്യങ്ങളിൽ ആവർത്തിക്കുന്നു. ചിലപ്പോൾ വയലൻസിനെ സൂക്ഷ്മമായി ദൃശ്യപ്പെടുത്തുന്നു. സ്വയം വിരൽ മുറിക്കുന്ന രംഗങ്ങളും അവയവങ്ങൾ ഛേദിക്കുന്ന ദൃശ്യങ്ങളും അതിന്റെ സൂക്ഷ്മത്തിൽ അവതരിപ്പിക്കുന്ന അനിമകളുണ്ട്. അനിമകളുടെ ഷോർട്ടുകളുടെ ദൈർഘ്യം അമ്പരപ്പിക്കുന്നതാണ്. സെക്കൻഡുകൾക്കുള്ളിൽ ഷോട്ട് തീർന്നുപോകും. കണ്ണ് ഒരു ദൃശ്യം രേഖപ്പടുത്തി തലച്ചോറിലെത്തിക്കുന്നതിനു മുമ്പേ അടുത്തത് വന്നു കഴിയും. ഈ ദ്രുതതാളമാണ് അനിമയിലേക്ക് യുവതയെ എത്തിക്കുന്ന പ്രധാന ഘടകം.
സൂപ്പർ ഹിറോ വർഷിപ്പ്
പണ്ട് കൗമാരത്തിന്റെ പ്രത്യേകതയായി പറഞ്ഞിരുന്നത് ഹീറോ വർഷിപ്പായിരുന്നെങ്കിൽ ഇപ്പോഴത് സൂപ്പർ ഹീറോ വർഷിപ്പായി മാറ്റിയിരിക്കുന്നു. സാധാരണ നായകന്മാരെക്കൊണ്ട് എന്തു കാര്യം എന്ന് അവർ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. പല അനിമകളിലും സിനിമകളിലും മുഖ്യകഥാപാത്രങ്ങൾ സൂപ്പർ ഹീറോകളാണ്. അടുത്തിടെ ഇറങ്ങിയ ‘ലോക’ സിനിമയിലെ മുഖ്യകഥാപാത്രത്തിന് അമാനുഷിക ശക്തികളുണ്ട്. യക്ഷി എന്ന ഗ്രാമീണ ഭാവനയെ നഗരവത്കരിക്കുകയും സാമാന്യവത്കരിക്കുകയും ചെയ്യുന്നത് നമുക്ക് ഈ സിനിമയിൽ കാണാം.
ഗ്രാമീണ കഥകളിലെ യക്ഷികൾ ഒരിക്കലും സാധാരണ മനുഷ്യരുമായി ഇടകലരാറില്ല. അവർ മനുഷ്യന്റെ സമീപം വരുന്നത് രക്തം കുടിക്കാൻ മാത്രമാണ്. പക്ഷേ, ഈ പുതിയ ചലച്ചിത്രത്തിലെ യക്ഷി സാധാരണ ജീവിതത്തിന്റെ ഭാഗമാണ്; മനുഷ്യരുമായി ഇടകലരുന്നു.
പ്രശസ്ത ന്യൂറോ സർജനും കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായിരുന്ന ഡോ. ബി. ഇക്ബാൽ ഈ സിനിമയെ വിമർശിച്ചുകൊണ്ട് അടുത്തിടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ സിനിമയുടെ ആയുക്തികതയെയാണ് അദ്ദേഹം വിമർശിക്കുന്നത്. “ഓൺലൈനിൽ ചോര ഓർഡർ ചെയ്യുന്നതും വൈറസ് ബാധയിലൂടെ യക്ഷിയാവുന്നതും പഴയ തലമുറയ്ക്ക് താങ്ങാവുന്നതിതിലുമധികമാണ്.”
മനുഷ്യനിൽനിന്നു മാറിയ ഒരു സ്പീഷീസായാണ് പഴയ തലമുറ യക്ഷികളെ കണ്ടിരുന്നത്. ബഷീറിന്റെ കഥയെ ആസ്പദമാക്കി നിർമിച്ച ഭാർഗവീനിലയം, മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി - ഇവിടെയെല്ലാം യക്ഷികൾ മനുഷ്യരുമായി നിർബാധം ഇടകലരുന്നുണ്ട്. പഴയ തലമുറ അത് സഹിച്ചു എന്നു മാത്രമല്ല, ഹൃദയത്തിൽ ചേർക്കുകയും ചെയ്തു.
കാരണം, അവിടെ മനുഷ്യന്റെ അബോധവുമായി യക്ഷിയെ ബന്ധിക്കാൻ പാകത്തിൽ ചില സൈക്കോളജിക്കൽ എലമന്റുകളുണ്ടായിരുന്നു. ഭാർഗവീനിലയത്തെ യക്ഷിക്കഥയായി കാണേണ്ടവർക്ക് അങ്ങനെയും, അബോധത്തിന്റെ സൃഷ്ടിയായി കാണേണ്ടവർക്ക് അങ്ങനെയും കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ഈ സാധ്യത പുതിയ അമാനുഷിക കഥകൾക്കില്ല. അതുകൊണ്ടാണ് ഭാർഗവീനിലയ തലമുറയ്ക്ക് ഈ പുതിയ യക്ഷിക്കഥകൾ രുചിക്കാതെ പോകുന്നത്. പക്ഷേ, ഇത്തരം സൂപ്പർഹീറോകൾ അനിമകളുടെ സിനിമാ പതിപ്പുകൾ മാത്രമാണ് എന്നതാണ് സത്യം. ഡ്രാഗൺ ബോളിലെ ഗോകു, വൺ പീസിലെ മങ്കി, ഡി ലൂഫി മിറോഡിയ എന്നിവരുടെ മനുഷ്യ/യക്ഷി പതിപ്പാണ് പുതിയ സിനിമയിലെ നായിക. ഇനിയും മൂത്തോരും ചാത്തന്മാരും മാടന്മാരും കുട്ടയിലുണ്ട്. അവരും ഇനി ഊഴമനുസരിച്ച് കോട്ടും സ്യൂട്ടുമിട്ട് വരും. അതുപോലെ ദൃശ്യവിസ്മയങ്ങളും ചലനവേഗവുംകൊണ്ട് അനിമകളെ മറികടക്കണമെങ്കിൽ സിനിമയ്ക്ക് ബിഗ് ബജറ്റായേ പറ്റൂ.
പക്കാ റിയൽ
കുറേ വർഷങ്ങൾക്കു മുമ്പുവരെ പക്ക റിയൽ സിനിമകൾ ആയിരുന്നു ട്രെൻഡ്. തമിഴിലെ സുബ്രഹ്മണ്യപുരം പഴയ സിനിമയാണെങ്കിലും അത് ഒരു ട്രെൻഡ് സെറ്ററായിരുന്നു. മലയാളത്തിലെ കമ്മട്ടിപ്പാടം, അങ്കമാലി ഡയറീസ്, കുമ്പളിങ്ങി നൈറ്റ് എന്നിങ്ങനെയുള്ള റിയൽ -പ്രഭാവകാലത്തിനുശേഷം തികച്ചും അൺറിയലായ അവസ്ഥയിലാണ്. ഇവിടെ യുക്തിയെ പണയംവച്ചിട്ട് മാത്രം സ്ക്രീനിനു മുമ്പിൽ ഇരിക്കുക.
സ്വപ്നവും യുക്തിയും
കൂടുതൽ യുക്തിസഹമായി ചിന്തിക്കുന്ന ഒരു തലമുറയാണ് ജൻ-സി. യുക്തിക്ക് നിരക്കാത്തതിനെയെല്ലാം അവർ ചോദ്യംചെയ്യും. പഴയ തലമുറയുടെ യക്ഷിക്കഥകൾ കണ്ട് പേടിക്കുകയില്ലല്ലോ പുതിയ തലമുറ. പഴയ കള്ളിയങ്കാട്ടുനീലിയെ ഒന്നാന്തരം എന്റർടൈനറാക്കി മാറ്റിയത് പുരോഗമനപരമായ മുന്നേറ്റമല്ലേ? പാലമരച്ചോടും നേർത്ത നിലാവും മാത്രമല്ല, ഫ്ലാറ്റും നട്ടുച്ചയും അന്യസംസ്ഥാന ഗമനവും യക്ഷിക്കു വഴങ്ങുമെന്നു തെളിഞ്ഞു. യക്ഷികളുടെ വെള്ളയൂണിഫോം പോലും മാറ്റിവച്ച് ജീൻസും ടീഷർട്ടും ധരിക്കുന്നതിന്റെ കറുത്ത ഹാസ്യവും കാണാതെ പോകരുത്.
കംപ്യൂട്ടർ പ്രോഗ്രാമിംഗ് തുടങ്ങി എൻജിനിയറിംഗ്, മാർക്കറ്റിംഗ് - എല്ലായിടത്തും ബൂർഷ്വാസികൾ ചിന്തയും ഭാവനയും ഊറ്റിക്കുടിക്കുമ്പോൾ ചിന്തയെയും യുക്തിയെയും വെറുതെവിട്ട് കുറേ സമയത്തേക്കെങ്കിലും ഫാന്റസിയുടെ രാവണൻകോട്ടകളിൽ വിഹരിക്കാൻ ആഗ്രഹിച്ചാൽ അവരെ തെറ്റു പറയാനൊക്കുമോ?
സ്വപ്നങ്ങൾ ദമിതകാമനകളാണെന്ന് ഫ്രോയിഡ് പറയുന്നു. അനിമകളും അമാനുഷിക സിനിമകളും പുതിയ യൗവനത്തിന്റെ സ്വപ്നങ്ങളാണ്. എന്നാൽ, സിനിമയിൽനിന്ന് വ്യത്യസ്തമായി അനിമകൾ പൂർണമായും സ്വപ്നലോകമാണ്. സന്ദർഭവും സമയകാലങ്ങളും കഥാപാത്രങ്ങളും എല്ലാം ഫാന്റസിയാണ്.
ലോകത്തെ മെച്ചപ്പെടുത്താനാണ് ഫാന്റസികളിലെ അമാനുഷികശക്തികൾ മനുഷ്യരോടൊപ്പം പോരാടുന്നത്. പുതിയ കാലഘട്ടത്തോടും അതിന്റെ ചരിത്രത്തോടും കൃത്യമായ കാഴ്ചപ്പാടുകൾ പുലർത്തുന്നവരാണ് പുതിയ തലമുറ. ജെൻ -സികൾ നേപ്പാൾ കീഴടക്കുന്നത് ലോകം കണ്ടു. സമൂഹം നന്നാകണമെന്ന് അവർ ആഗ്രഹിക്കുന്നു. യക്ഷികളെയും മന്ത്രവാദിളെയും അവർ കൂടെ കൂട്ടുന്നു. സ്വപ്നംകാണുന്നു. പോരടിക്കുന്നു...!
മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
അനിമ തീരെ ചെറിയ കുട്ടികളെ ഉദ്ദേശിച്ച് നിർമിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളല്ല. 5+ 8+ എന്നിങ്ങനെ പ്രായത്തിനനുസരിച്ചുള്ള പ്രമേയങ്ങളാണ് അനിമകളിൽ സാധാരണ കാണുന്നത്. കൗമാരക്കാർക്കുള്ള അനിമകളിൽ പ്രണയവും ഡേ ഡേറ്റിങ്ങും വിഷയങ്ങളാകാം.18+ അനിമകളിൽ വയലൻസും ലൈംഗികതയും മോശം പദപ്രയോഗങ്ങളും ഉണ്ടാവാം. ഇത്തരം അനിമകൾ കുട്ടികൾ കാണാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.