ഓരോ ഹൃദയമിടിപ്പും വിലപ്പെട്ടത്; ഇന്ന് ലോക ഹൃദയദിനം
ഡോ. ജീമോൻ പന്യാംമാക്കൽ
Monday, September 29, 2025 1:08 AM IST
ഇന്ന് സെപ്റ്റംബർ 29 ലോക ഹൃദയദിനം. ലോകമെമ്പാടുമുള്ള ഹൃദ്രോഗങ്ങളെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയുംകുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ദിനമാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഓരോ വർഷവും കോടിക്കണക്കിന് ആളുകൾ ഹൃദ്രോഗം മൂലമാണു മരിക്കുന്നത്. ഇന്ത്യയിലും, പ്രത്യേകിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും ഹൃദ്രോഗം ഒരു വലിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.
ഏകദേശം 29 ലക്ഷം ആൾക്കാർ ഹൃദ്രോഗം മൂലം ഓരോ വർഷവും ഇന്ത്യയിൽ മരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും സമയോചിതമായ പരിശോധനകളും ചികിത്സയും സ്വീകരിക്കുകയും ചെയ്താൽ നിരവധി ജീവനുകൾ രക്ഷിക്കാനാകും.
‘ഒരു മിടിപ്പു പോലും നഷ്ടപ്പെടുത്തരുത്’ എന്നാണ് ലോക ഹൃദയദിനം 2025ന്റെ പ്രമേയം. ഈ സന്ദേശം, ഓരോ ഹൃദയമിടിപ്പും നമ്മുടെ ജീവന്റെ വിലപ്പെട്ട ഓർമപ്പെടുത്തലാണെന്നും ഹൃദയാരോഗ്യത്തെ അവഗണിക്കാതെ കരുതലെടുക്കണമെന്നും നമ്മോടു പറയുകയാണ്. ഓരോ ഹൃദയമിടിപ്പും നമ്മെ ജീവന്റെ വഴിയിലേക്ക് നയിക്കുന്നതുപോലെ, ഓരോ മിടിപ്പും കരുതലിനും ജാഗ്രതയ്ക്കുംവേണ്ടിയുള്ള വിളിയാണ്. ഹൃദയത്തെ അവഗണിക്കരുത്. ശ്വാസതടസം, നെഞ്ചുവേദന, അമിത ക്ഷീണം തുടങ്ങി ചെറിയ മുന്നറിയിപ്പുകൾപോലും ഗൗരവത്തോടെ പരിഗണിക്കണം, പരിശോധിക്കണം.
ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വിളി
‘ഒരു മിടിപ്പുപോലും നഷ്ടപ്പെടുത്തരുത്’ എന്ന പ്രമേയം നമ്മെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്നു:
സമതുലിതമായ ഭക്ഷണം: പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ എന്നിവയാൽ സമൃദ്ധമായ ഭക്ഷണം ഉൾപ്പെടുത്തുക.
വ്യായാമം: ദിവസവും കുറഞ്ഞത് 30-45 മിനിറ്റ് വ്യായാമം ചെയ്യുക, അല്ലെങ്കിൽ വേഗത്തിൽ നടക്കുക.
മാനസിക സമ്മർദനിയന്ത്രണം: യോഗ, ധ്യാനം, വിശ്രമം എന്നിവ ഉൾപ്പെടുത്തുക.
നിശ്ചയിക്കപ്പെട്ട പരിശോധനകൾ: രക്തസമ്മർദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ വർഷത്തിൽ ഒന്നിലധികം പ്രാവശ്യം പരിശോധിക്കുക. അവയെ നിയന്ത്രിച്ചു നിർത്തുക.
ഉറക്കം: ഉറക്കം ധ്യാനമാണ്. എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക.
ഹൃദയം സംരക്ഷിക്കുക
ഹൃദയത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് ഹൃദയാഘാതവും ആകസ്മിക ഹൃദയ മരണവും.
ഹൃദയാഘാതം:ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുമ്പോൾ, അവ ചുരുങ്ങുകയും രക്തപ്രവാഹം കുറയുകയും ചെയ്യും. ഇത് തുടർച്ചയായി തുടരുമ്പോൾ, ഒരു ഘട്ടത്തിൽ ആ ഭാഗം പൂർണമായും തടസപ്പെടുകയും ഹൃദയപേശികൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക്.
ലക്ഷണങ്ങൾ: നെഞ്ചിന്റെ നടുവിൽ കഠിനമായ വേദന, ശ്വാസംമുട്ടൽ, വിയർപ്പുകൂടൽ, കഴുത്തിലും താടിയിലും വേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ.
സമയോചിതമായ ചികിത്സ നൽകിയാൽ ജീവൻ രക്ഷിക്കാം. ചിലപ്പോൾ ഇത് ക്രമമായ മുന്നറിയിപ്പുകൾ നൽകും; ചിലപ്പോൾ അത്ര വ്യക്തമല്ലാത്ത ലക്ഷണങ്ങളാണ് കാണിക്കുക എന്നതിനാൽ, പരിശോധനകൾ വഴി മുൻകൂട്ടി തിരിച്ചറിയുന്നത് ഏറെ പ്രാധാന്യമുള്ളതാണ്. അപകടകാരണങ്ങളായ ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും, ആഹാരത്തിനു മുന്പുള്ള രക്തത്തിലെ പഞ്ചാസാരയുടെ അളവും അമിതവണ്ണവും പുകവലി-മദ്യപാനം എന്നിവയും ഉള്ളവർക്ക് പ്രത്യേകം കരുതൽ വേണം.
പലപ്പോഴും ഹൃദയാഘാതം വേദന, വിയർപ്പ്, ശ്വാസംമുട്ടൽ തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങളോടെയല്ലാതെതന്നെ സംഭവിക്കാറുമുണ്ട്. പ്രത്യേകിച്ച്, ഉറക്കത്തിനിടയിൽ ‘സൈലന്റ് അറ്റാക്ക്’ രൂപത്തിൽ സംഭവിക്കുമ്പോൾ, രോഗിക്കും കുടുംബത്തിനും തിരിച്ചറിയാനാകാതെപോകും. രാത്രിയിലോ പുലർച്ചെയോ അസാധാരണമായ ക്ഷീണം, അമിതവിയർപ്പ്, നെഞ്ചിൽ ഭാരം തോന്നൽ, ശ്വാസതടസം തുടങ്ങിയ സൂചനകൾ ശ്രദ്ധിക്കാതെ വിട്ടുകളയുമ്പോൾ അതു ജീവൻ നഷ്ടപ്പെടുത്തിയേക്കാം.
ഇന്നത്തെ കാലഘട്ടത്തിൽ യുവാക്കളിൽ പോലും ഹൃദയാഘാതം വർധിച്ചുവരുകയാണ്. മുൻപ് 50-60 വയസിന് മുകളിലുള്ളവരിൽ കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതം, ഇപ്പോൾ 20-40 വയസുള്ളവരിലും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊക്കെയ്ൻ, ആംഫിറ്റാമൈൻ, ഗാഞ്ച, സിന്തറ്റിക് ഡ്രഗ്സ് എന്നിവയും അതുപോലെ അമിതമായി ഉപയോഗിക്കുന്ന മദ്യം, പുകയില എന്നിവയും നേരിട്ട് ഹൃദയാരോഗ്യത്തെ തകർക്കുന്നു. ഇവ ഹൃദയതാളം തെറ്റിക്കുക, രക്തസമ്മർദം ഉയർത്തുക, രക്തക്കുഴലുകൾ മുറുക്കുക എന്നീ വഴികളിലൂടെ അപ്രതീക്ഷിതമായ ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നു.
ആകസ്മിക ഹൃദയമരണം
ആകസ്മിക ഹൃദയമരണം പലപ്പോഴും മുൻ ലക്ഷണങ്ങളില്ലാതെ സംഭവിക്കും. ഹൃദയത്തിന്റെ വൈദ്യുതിസംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പ് ക്രമരഹിതമാകുകയും ഹൃദയത്തിന്റെ പമ്പ് പ്രവർത്തനം തകരുകയും ചെയ്യുന്നു. ചിലപ്പോൾ ഇത് ഹൃദയാഘാതത്തിന്റെ ഭാഗമായി വരാം. മറ്റു ചിലപ്പോൾ ജനിതകപ്രശ്നങ്ങൾ, ജന്മനാ ഉണ്ടായ ഹൃദ്രോഗം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവ കാരണമായിരിക്കും. ഉടൻ സഹായം ലഭിക്കാതിരുന്നാൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ട് അടിയന്തര ചികിത്സയോ സിപിആർ പോലുള്ള പ്രാഥമിക സഹായം അറിയുക ഏറെ പ്രാധാന്യമുള്ളതാണ്.
സമയോചിതമായ അടിയന്തര ചികിത്സ (സിപിആർ, ഡിഫിബ്രില്ലേറ്റർ) ലഭിച്ചാൽ ജീവൻ രക്ഷിക്കാം. ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും അവസാനിച്ച്, ജീവൻ തിരിച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ് ആകസ്മിക ഹൃദയമരണം അഥവാ സഡൻ കാർഡിയാക് ഡെത്ത്.
അപ്രതീക്ഷിത ഹൃദയസ്തംഭനം യുവാക്കളെയും പിടികൂടുന്നു
35 വയസിന് താഴെയുള്ള ആരോഗ്യവാന്മാരിൽ ഹൃദയസ്തംഭനം അപൂർവമാണെങ്കിലും, ചിലപ്പോൾ ജനിതക ഹൃദ്രോഗങ്ങൾ തിരിച്ചറിയാതെ പോകുന്നു. അതിനാൽ ചിലർക്ക് കായിക മത്സരങ്ങൾക്കിടയിൽ അപകടം സംഭവിക്കും. പഠനങ്ങൾ സൂചിപ്പിക്കുന്നത്, 50,000 യുവ കായിക താരങ്ങളിൽ ഒരാൾക്ക് വർഷംതോറും അപ്രതീക്ഷിത ഹൃദയമരണം സംഭവിക്കാമെന്നാണ്.
ഹൃദയം പെട്ടെന്നു നിലയ്ക്കുന്നത് പ്രധാനമായും നാലു കാരണങ്ങളാൽ
1. ഹൃദയത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തനത്തിലെ ക്രമക്കേട് വെൻട്രിക്കുലർ ഫിബ്രിലേഷൻ പോലുള്ള അപകടകരമായ മിടിപ്പ്.
2. ജനിതക ഹൃദ്രോഗങ്ങൾ മാതാപിതാക്കളിൽനിന്ന് കൈമാറുന്ന രോഗങ്ങൾ.
3. ഹൃദയപേശികളുടെ കേടുപാടുകൾ മുൻപ് തിരിച്ചറിയാത്ത അവസ്ഥകൾ.
4. കായികസമ്മർദം, അതിരുകടന്ന വ്യായാമം, മത്സരത്തിന്റെ മാനസിക-ശാരീരിക സമ്മർദം.
ജീവൻ രക്ഷിക്കാവുന്ന രണ്ട് ആയുധങ്ങൾ
കാർഡിയോപൾമണറി റെസസിറ്റേഷൻ: ഒരാൾ പെട്ടെന്ന് വീണു, ശ്വാസം മുട്ടി, പ്രതികരണമില്ലെങ്കിൽ ഉടൻ നെഞ്ചിൽ സമ്മർദം നൽകുന്ന സിപിആർ തുടങ്ങണം. ഒരു മനുഷ്യൻ പെട്ടെന്ന് ബോധരഹിതനായി ശ്വാസംമുട്ടിയാൽ, ശരിയായ സമയത്ത് സിപിആർ നൽകുകയാണെങ്കിൽ, ജീവൻ രക്ഷപ്പെടാനുള്ള സാധ്യത മൂന്നിരട്ടിയായി വർധിക്കും. പക്ഷേ, ഓരോ മിനിറ്റും വൈകുമ്പോൾ, സിപിആർ ലഭിക്കാതെ ശ്വാസം നിലയ്ക്കുന്ന ഓരോ നിമിഷവും ജീവൻ രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം വീതം കുറഞ്ഞുകൊണ്ടിരിക്കുന്നു. സാധാരണക്കാരും സിപിആർ പഠിച്ചാൽ അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാം. സ്കൂളുകളിലും കോളജുകളിലും സമൂഹത്തിലും സിപിആർ പരിശീലനം നൽകേണ്ടത് അനിവാര്യമാണ്.
ഡിഫിബ്രില്ലേറ്റർ (എഇഡി): ഹൃദയം ക്രമരഹിതമായി മിടിക്കുന്ന സമയത്ത് വൈദ്യുതഷോക്ക് നൽകി ഹൃദയം സാധാരണ മിടിപ്പിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഉപകരണമാണിത്. വിമാനത്താവളങ്ങളിലും വലിയ പൊതുസ്ഥലങ്ങളിലും ഇതിനകം എഇഡി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സ്കൂളുകളും സ്റ്റേഡിയങ്ങളും ഇതിന് മുൻഗണന നൽകണം. ഒരു എഇഡി ഉപയോഗിച്ചാൽ, 23 മിനിറ്റിനുള്ളിൽ ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 70 ശതമാനം വരെ ഉയരാം.
ഇന്ത്യയിൽ സിപിആർ പഠിച്ചവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. സിപിആർ പരിശീലനം സ്കൂളുകളിലും കോളജുകളിലും ഉൾപ്പെടുത്തണം. ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും എഇഡി സൗകര്യങ്ങൾ ഒരുക്കണം. ഹൃദയസ്തംഭനത്തിൽ ആരെങ്കിലും വീണാൽ, ആംബുലൻസിനായി കാത്തിരിക്കാതെ സിപിആർ ആരംഭിക്കുക.
സ്ക്രീനിംഗ്
ഇതിനെക്കുറിച്ച് വിദഗ്ധരിൽ അഭിപ്രായഭിന്നതയുണ്ട്. ഇറ്റലിയിലെ പഠനത്തിൽ യുവ കായികതാരങ്ങൾക്ക് നിർബന്ധിത ഇസിജി പരിശോധന നടത്തി തുടർനടപടികൾ എടുത്തപ്പോൾ സഡൻ കാർഡിയാക് ഡെത്ത് കുറയുന്നതായി കണ്ടെത്തി. ചിലപ്പോഴൊക്കെ തെറ്റായ പോസിറ്റീവ് ഫലങ്ങൾ ലഭിച്ചേക്കാം. രോഗമില്ലാത്തവരെ പോലും അപകടസാധ്യതയുള്ളവരായി കാട്ടിയേക്കാം. അതിനാൽ സർവസാധാരണമായി എല്ലാവർക്കും ഇസിജി നിർബന്ധമാക്കണമെന്ന് വൈദ്യസമൂഹം ശിപാർശ ചെയ്യുന്നില്ല. കുടുംബചരിത്രമോ ലക്ഷണങ്ങളോ ഉള്ളവർക്ക് മാത്രം സ്ക്രീനിംഗ് നിർബന്ധമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.
അപകടസാധ്യതയുള്ളവർക്ക് എല്ലാത്തരം വ്യായാമവും ഒരുപോലെ അപകടകരമല്ല. ചിലർക്ക് ലളിതമായ വ്യായാമം സുരക്ഷിതമാണ്. പക്ഷേ ഫുട്ബോൾ, റഗ്ബി പോലുള്ള സ്പോർട്സ് ഒഴിവാക്കണം. ഏത് വ്യായാമമാണ് സുരക്ഷിതം എന്ന് ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം തീരുമാനിക്കണം.
പ്രധാന സന്ദേശങ്ങൾ
1. ഓരോ മിടിപ്പും വിലപ്പെട്ടതാണ്
ഹൃദയം നമ്മുടെ ജീവന്റെയും ജീവിതത്തിന്റെ എൻജിനാണ്. ചെറിയ മുന്നറിയിപ്പുകൾ നെഞ്ചുവേദന, ശ്വാസതടസം, അമിത ക്ഷീണം, കൈകളിലോ കഴുത്തിലോ വേദന ഇവയെ അവഗണിക്കരുത്. ഓരോ ലക്ഷണവും നേരത്തെ തിരിച്ചറിയുക.
2. ആരോഗ്യപരിശോധന മറക്കരുത്
‘ഒരു മിടിപ്പു പോലും നഷ്ടപ്പെടുത്തരുത്’ എന്നത്, നിയമിത പരിശോധനകൾ ഒഴിവാക്കരുത് എന്നതിന്റെ ഓർമപ്പെടുത്തലാണ്. രക്തസമ്മർദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, ശരീര ഭാരം എന്നിവ സ്ഥിരമായി പരിശോധിക്കുന്നത് ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കും.
3. ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരുക
സമതുലിതമായ ഭക്ഷണം കഴിക്കുക. ഉപ്പ്, പഞ്ചസാര, എണ്ണ കുറയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, മുഴക്കതിർ ധാന്യങ്ങൾ ഭക്ഷണത്തിൽ കൂടുതലാക്കുക. മദ്യപാനം, പുകവലി ഒഴിവാക്കുക. ഇവയാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും വലിയ ശത്രുക്കൾ.
4. ശാരീരികമായി സജീവരാകുക
ദിവസവും കുറഞ്ഞത് 30-45 മിനിറ്റ് നടപ്പ്, വ്യായാമം, കായികപ്രവർത്തനം നടത്തുക. ഹൃദയം ശക്തമാകാനും ശരീരത്തിന് താങ്ങാവാനും സജീവ ജീവിതം അനിവാര്യമാണ്.
5. മാനസികാരോഗ്യം സംരക്ഷിക്കുക
സമ്മർദം ഹൃദയാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. യോഗ, ധ്യാനം, സംഗീതം, വായന, മതിയായ ഉറക്കം ഇവയിലൂടെ ഹൃദയാരോഗ്യവും മനസിന്റെ സമാധാനവും ഉറപ്പാക്കാം.
6. കുടുംബപാരമ്പര്യം അറിഞ്ഞിരിക്കുക
കുടുംബത്തിൽ നേരത്തേ ഹൃദ്രോഗം ഉണ്ടായിരുന്നുവെങ്കിൽ, നിങ്ങൾക്കും അപകടസാധ്യത കൂടുതലാണ്. അതിനാൽ, മുൻകരുതൽ പരിശോധനകൾ നിർബന്ധമായും നടത്തണം.
(ലേഖകൻ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രഫസറും ശാന്തി സ്വരൂപ് ഭട്നാഗർ പ്രൈസ് അവാർഡ് ജേതാവും ഓസ്ട്രേലിയയിലെ ലെ ട്രോബ് യൂണിവേഴ്സിറ്റിയിലെ ഓണററി പ്രഫസറുമാണ്)