ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനാംഗീകാരം തടയൽ; സർക്കാർ നിലപാട് മനുഷ്യത്വരഹിതം
കെ. അബ്ദുൾ മജീദ്
Wednesday, October 1, 2025 12:43 AM IST
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകരാണ് കേരളത്തിലുള്ളത്.
റോസ്റ്റർ തയാറാക്കി സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം റിക്വസ്റ്റ് നൽകി ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഭിന്നശേഷിക്കാർ വരാത്തത് മാനേജർമാരുടെയോ വ്യവസ്ഥാപിതമായ തസ്തികയിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാരെ നിയമിച്ചില്ല എന്ന പേരിൽ അർഹരായ അധ്യാപകരുടെ നിയമനാംഗീകാരം നൽകാത്തത് ജനാധിപത്യബോധവും മാനുഷിക മൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
ഇത്തരം സർക്കാർ നിലപാടിനെതിരേ എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, സർക്കാർ ഉത്തരവിനനുസരിച്ച് വ്യവസ്ഥാപിതമായ ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉത്തരവിട്ടു. ഇതര മാനേജ്മെന്റുകളും ഈ പാത പിന്തുടരണമെന്നും അവരെക്കൂടി സർക്കാർ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ ഉത്തരവ് സമാനമായ രീതി പിന്തുടർന്ന മറ്റു മാനേജ്മെന്റുകൾക്ക് കൂടി നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മാനേജ്മെന്റുകൾ അടക്കം സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്രൈസ്തവ സഭ ഹൈക്കോടതിയെ സമീപിക്കുകയും നാലു മാസത്തിനകം ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ഈ നാല് മാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, എൻഎസ്എസ് നേടിയ ഉത്തരവിന്റെ വെളിച്ചത്തിൽ മറ്റൊരു മാനേജ്മെന്റിനും നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്ന ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്തത്. കോടതി നിർദേശിച്ചിട്ടും 110 ദിവസം തീരുമാനമെടുക്കാതെ ഫയലിൽ അടയിരുന്ന സർക്കാർ, ഒടുവിൽ അപേക്ഷ നിരസിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രമാണ് ബാധകം എന്നും ഇതര മാനേജ്മെന്റുകൾക്ക് ഈ ഉത്തരവ് ബാധകമല്ലാത്തതിനാൽ നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്നും സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റേത് ഗൂഢതന്ത്രം
കോടതിയിൽ കേസ് നൽകിയാലും പരമാവധി നടപടിക്രമങ്ങൾ വൈകിച്ച് ഈ സർക്കാരിന്റെ കാലത്ത് ആർക്കും നിയമനാംഗീകാരം നൽകാതെ, അല്ലെങ്കിൽ സർക്കാരിന്റെ അവസാനകാലത്ത് അംഗീകാരം നൽകുകയും സാമ്പത്തിക ഭാരം മുഴുവൻ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുമുള്ള ഗൂഢതന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാരെ എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിക്കുന്നതിന് സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിക്കുകയും നിയമനത്തിന് സമയക്രമം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻപ്രകാരം സെപ്റ്റംബർ 10നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 12നകം ലിസ്റ്റിലുൾപ്പെടുന്നവർക്ക് നിയമന ശിപാർശകൾ നൽകുകയും വേണമായിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും പൂർത്തിയായിട്ടില്ല. സർക്കാർ ഉത്തരവിന് യാതൊരു വിലയുമില്ലാത്ത സാഹചര്യമാണുള്ളത്.
മന്ത്രിയുടെ പ്രസ്താവന, മാനേജർമാർ ഏഴായിരത്തോളം തസ്തികകൾ മാറ്റിവയ്ക്കേണ്ട സ്ഥാനത്ത് 1500ൽപരം തസ്തികകൾ മാത്രമാണ് സർക്കാരിലേക്ക് നിയമനത്തിനായി നൽകിയിട്ടുള്ളതെന്നും അതിനാൽ ഇത്തരത്തിൽ നിയമനം നടത്താൻ കഴിയില്ലെന്നുമാണ്. യഥാർഥത്തിൽ ഇത് നിയമനം അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള മന്ത്രിയുടെ തന്ത്രം മാത്രമാണ്. നിലവിലുള്ള ഒഴിവിനനുസരിച്ച് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ല എന്ന സത്യം മറച്ചുവച്ചുകൊണ്ട് നിയമനാംഗീകാരം വൈകിക്കലാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
അതല്ലെങ്കിൽ മാനേജർമാർ വിട്ടുനൽകിയിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുകയും അത്തരം വിദ്യാലയങ്ങളിൽ നേരത്തേ ജോലി ചെയ്തുവരുന്ന അധ്യപകർക്ക് സ്ഥിരനിയമനാംഗീകാരം നൽകുകയും ചെയ്യുന്നതിന് തടസം നിൽക്കുന്നതെന്തിനാണ്? എൻഎസ്എസ് മാനേജ്മെന്റ് ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ മാറ്റിവച്ചപ്പോൾ അവർക്ക് അംഗീകാരം നൽകിയ അതേ രീതി മറ്റുള്ള മാനേജ്മെന്റുകൾക്ക് ബാധകമാക്കാത്തതെന്താണ്? ഒരു പന്തിയിൽ രണ്ട് തരം വിളമ്പ് എന്നു പറയുന്നതുപോലെ ഒരു സംസ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സർക്കാരിനെ രക്ഷിക്കുന്നതിന് വേണ്ടി ബോധപൂർവം ഭിന്നശേഷിയുടെ പേരിൽ അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുകയാണെന്ന് പറയേണ്ടിവരുന്നത്.
ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്നു
നിലവിലുള്ള അധ്യാപകരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക, അനുവദിച്ച ഡിഎയുടെ കവർന്നെടുത്ത മുൻകാലപ്രാബല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോഴാണ് സർവീസിൽ കയറി വർഷങ്ങളോളം ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകർ നരകയാതന അനുഭവിക്കുന്നത്. അഞ്ചുവർഷത്തോളം ജോലിചെയ്ത് സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന അലീന ബെന്നിയെ നമുക്ക് മറക്കാൻ കഴിയുമോ? കണ്ണുള്ളവർക്ക് കാണാനും കാതുള്ളവർക്ക് കേൾക്കാനും കഴിയുമെങ്കിലും ഇടതു സർക്കാരിന് ഇതൊന്നും കാണാനോ കേൾക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം.
2016ൽ സർവീസിൽ പ്രവേശിച്ച് ജോലി ചെയ്തവർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകുകയും അതുവരെയുള്ള അഞ്ചു വർഷക്കാലം നയാപൈസ നൽകാതെ വഞ്ചിക്കുകയും ചെയ്ത സർക്കാരിന്റെ രണ്ടാം പതിപ്പ്, ഭിന്നശേഷിയുടെ പേരിൽ നിയമനാംഗീകാരം നൽകാതെ വീണ്ടും അധ്യാപകരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ്.
ഇതിനെതിരേ അധ്യാപകരുടെ കൂട്ടായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണ്. കോടതി ഉത്തരവുകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരിക്കൽ പറഞ്ഞതെല്ലാം തിരുത്തിപ്പറയുന്ന സർക്കാർ, അധ്യാപനമെന്ന മഹനീയമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തെ മുഴുവൻ ദുരിതത്തിലാക്കുന്നതിനു പകരം കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുകയും ജോലി ചെയ്ത കാലത്തെ വേതനം കൃത്യമായി അനുവദിക്കുകയും ചെയ്യേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
(കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)