ആത്മാവ് വിൽക്കാതെയോ ഈ പടിയിറക്കം?
Saturday, November 16, 2019 11:06 PM IST
ഒരുപിടി സുപ്രധാന വിധികൾ പ്രഖ്യാപിച്ചുകൊണ്ടു ഭാരതത്തിന്റെ 46-ാമത് ചീഫ് ജസ്റ്റീസ് പദവിയിൽനിന്നു ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് പടിയിറങ്ങുന്പോൾ ശരാശരി ഇന്ത്യക്കാരൻ സ്വയം ചോദിക്കുന്നുണ്ടാവണം ആത്മാവ് വിൽക്കാതെ കടന്നു പോകാൻ അദ്ദേഹത്തിനായിട്ടുണ്ടാവുമോ? 2018 ജനുവരി 12ന് ഭാരതത്തെ ആകെ അന്പരപ്പിച്ചുകൊണ്ട് അദ്ദേഹവും കൂട്ടുകാരായ മൂന്നു സുപ്രീംകോടതി ജഡ്ജിമാരും ചേർന്ന് അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ നടത്തിയ പത്രസമ്മേളനത്തെ ന്യായീകരിച്ചുകൊണ്ട് അവർ ലോകത്തോടു പറഞ്ഞ കാരണമാണത്: ഇന്നിതു ചെയ്തില്ലെങ്കിൽ രണ്ടു പതിറ്റാണ്ടു കഴിയുന്പോൾ ആത്മാവ് വിറ്റവർ എന്നു ചരിത്രം ഞങ്ങളെക്കുറിച്ചു വിധി എഴുതും എന്ന്.
ഒരു ചീഫ് ജസ്റ്റീസിനെതിരേ സഹജഡ്ജിമാർ നടത്തിയിട്ടുള്ളതിൽ ഏറ്റവും രൂക്ഷമായ പരസ്യ വിമർശനത്തിനു മുതിർന്ന അവർ അന്നു പറഞ്ഞു: രാജ്യത്തോടുള്ള ഉത്തരവാദിത്വമാണു ഞങ്ങൾ നിറവേറ്റുന്നത്. ചീഫ് ജസ്റ്റീസിന് അവർ അയച്ച ഏഴു പേജുള്ള കത്ത് പ്രസിദ്ധികരിച്ചുകൊണ്ട് അവർ പറഞ്ഞു: ഈ സ്ഥാപനം പരിരക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനാധിപത്യം ഇവിടെ അപകടത്തിലാവും.
ആ പത്രസമ്മേളനവും അനുബന്ധ വിവാദങ്ങളും കെട്ടടങ്ങി 2018 ഒക്ടോബർ മൂന്നിനു രഞ്ജൻ ഗൊഗോയ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായി. ആ അത്യുന്നത പദവിയിൽനിന്ന് അദ്ദേഹം പടിയിറങ്ങുന്പോൾ സ്വാഭാവികമായും സാധാരണക്കാർ ആലോചിച്ചുപോകും അന്നത്തെ പ്രഖ്യാപനങ്ങളോട് നീതി പുലർത്താൻ അദ്ദേഹത്തിനു സാധിച്ചുവോ എന്ന്. പ്രത്യേകിച്ചും സുപ്രധാനങ്ങളും വിവാദപരവുമായ നിരവധി കേസുകളിൽ,അയോധ്യകേസും റഫാൽ കേസും ശബരിമല കേസും അടക്കം പലതിലും, തീർപ്പുകല്പിച്ചപ്പോൾ. പല സംഭവങ്ങളും കൈകാര്യം ചെയ്തപ്പോൾ.
ആക്രമിക്കപ്പെട്ട ചീഫ്
ഭാരതത്തിലെ ചീഫ് ജസ്റ്റീസുമാരിൽ ഏറ്റവും ഭീകരമായി ആക്രമിക്കപ്പെട്ടയാളാണ് ഗൊഗോയ്. 2019 ഏപ്രിൽ 19 ന് ഭാരതത്തെ ആകെ നെടുക്കിക്കൊണ്ട് സുപ്രീംകോടതിയിലെ ഒരു മുൻജീവനക്കാരിയാണ് അദ്ദേഹത്തെ കടന്നാക്രമിച്ചത്. അദ്ദേഹം ചീഫ് ജസ്റ്റീസായി ചുമതല ഏറ്റമാസം ഒക്ടോബർ 10 നും 11 നും ഗൊഗോയ് തന്നെ പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ട് അവർ സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്കും കത്തയച്ചു. മുപ്പത്തഞ്ചുകാരിയായ ആ ജീവനക്കാരി ഒന്നര മാസത്തോളം അദ്ദേഹത്തിന്റെ വസതിയിലും ജോലി ചെയ്തിട്ടുണ്ട്.
അവർ ഉന്നയിച്ച ആരോപണം ഗൊഗോയിയുടെ ഇംഗിതത്തിനു വഴങ്ങാതിരുന്നതുകൊണ്ട് അവളെ അദ്ദേഹം വല്ലാതെ വേട്ടയാടിയെന്നും അവസാനം സർവീസിൽ നിന്നു പുറത്താക്കി എന്നുമായിരുന്നു. ഡൽഹി പോലീസ് ഉദ്യോഗസ്ഥരായ അവരുടെ ഭർത്താവിനെയും ഭർത്താവിന്റെ സഹോദരനെയും വരെ ജോലിയിൽനിന്നും സസ്പെൻഡ് ചെയ്യിപ്പിച്ചതായി അവർ പരാതിപ്പെട്ടു. വനിതാ സംഘടനക്കാർ ഇളകി. മാധ്യമങ്ങൾ പതിവ് ആക്രാന്തം കാണിച്ചില്ലെങ്കിലും സ്ത്രീപക്ഷ നിലപാടെടുത്തു. ഗൊഗോയ് രാജിവയ്ക്കണമെന്നുവരെ ആവശ്യം ഉയർന്നു.
ഗൊഗോയ് വളരെ തിടുക്കത്തിൽ നടപടികൾ എടുത്തു. അയോധ്യവിധിക്കുണ്ടായപോലെ അവധിദിനമായ ശനിയാഴ്ച സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിംഗ് നടത്തി. ജഡ്ജിമാരായ അരുണ് മിശ്രയുടെയും സജീവ് ഖന്നയുടെയും സാന്നിധ്യത്തിൽ കൂടിയ കോടതിയിൽ ഗൊഗോയ് തന്റെ നിരപരാധിത്വം പ്രഖ്യാപിച്ചു. കോടതിയുടെ സ്വാതന്ത്ര്യത്തിനുനേരെ നടക്കുന്ന ബോധപൂർവമായ ഗൂഢാലോചനയാണ് അതെന്നു പ്രഖ്യാപിച്ചു. കോടതിയിൽ എത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റീസിനെ അപകീർത്തിപ്പെടുത്തി സമ്മർദത്തിലാക്കാനുള്ള നീക്കമാണ് എന്ന് ആക്ഷേപിച്ചു. അന്വേഷണത്തിന് ഒരു ജുഡീഷൽ കമ്മീഷനെയും പ്രഖ്യാപിച്ചു.
നിയുക്ത ചീഫ് ജസ്റ്റിസ് ബോബ്ഡേ, അടുത്ത ജഡ്ജി രാവണ്ണ, വനിതാ ജഡ്ജി ഇന്ദിരാ ബാനർജി എന്നിവരായിരുന്നു അംഗങ്ങൾ. ഗൊഗോയ് ആ കമ്മീഷനു മുന്പിൽ നേരിട്ടെത്തി തെളിവു കൊടുത്തു. പരാതിക്കാരി വിട്ടു നിന്നു. പരാതി അടിസ്ഥാനരഹിതം എന്നുപറഞ്ഞ് കമ്മീഷൻ തള്ളി. തന്റെ പൊതുജീവിതത്തെക്കുറിച്ചൊക്കെ അന്നു ജസ്റ്റീസ് ഗൊഗോയ് വികാരഭരിതമായി സംസാരിച്ചു. സുപ്രീംകോടതി ജഡ്ജിമാരിൽ സന്പത്ത് പരസ്യപ്പെടുത്തിയ അപൂർവം ചിലരിൽ ഒരാളാണ് ഗൊഗോയ്.
ഗൂഢാലോചന
അന്നു ബെയിൻസ് എന്ന അഭിഭാഷകൻ ചീഫ് ജസ്റ്റീസിനെതിരേ ആക്ഷേപം ഉന്നയിക്കാൻ തനിക്ക് ഒരാൾ ഒന്നരക്കോടിയുമായി വന്ന കഥയുമായി രംഗത്തു വന്നു. അതേക്കുറിച്ച് കോടതി അന്വേഷണമാരംഭിച്ചു. ചീഫ് ജസ്റ്റീസിനെ അസ്ഥിരപ്പെടുത്താൻ ശക്തമായ ഗൂഢാലോചന നടക്കുന്നു എന്നായി ആക്ഷേപം. എല്ലാം സാവകാശം കെട്ടടങ്ങി; സ്ത്രീയുടെ ഭർത്താവിനെയും സഹോദരനെയും ഡൽഹി പോലീസ് തിരിച്ചെടുത്തു.
കോടതി നടപടികളെ വിമർശിച്ചവരുണ്ട്. ഈ സംഭവങ്ങളുടെ ശരിയും തെറ്റും എന്തുമാകട്ടെ ജസ്റ്റീസ് ഗൊഗോയ് ഉയർത്തിയ സന്ദേഹം ദുരീകരിക്കാൻ, അതായത് ജുഡീഷറിയെ വരുതിയിലാക്കാൻ നടക്കുന്ന ബോധപൂർവമായ നീക്കത്തിനെതിരേ, ഒന്നും ഉണ്ടായതായി കണ്ടില്ല. ആരോപണം ഉന്നയിച്ചത് നിസാരക്കാരനായിരുന്നില്ല, ചീഫ് ജസ്റ്റീസായിരുന്നു എന്ന് ഓർക്കുക. അതെല്ലാം അങ്ങ് കെട്ടടങ്ങി. എന്തേ അങ്ങനെ കെട്ടടങ്ങി? എന്തേ ആ കറുത്ത ശക്തികളെ പുറം ലോകത്തെത്തിച്ചില്ല?
ധീരനായ ജസ്റ്റീസ് ഗൊഗോയ്
കളിയറിയാത്ത ആളല്ല ജസ്റ്റീസ് ഗൊഗോയ്. കർക്കശമായ നിലപാടുകളും പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനെ കുടുക്കാൻ ഭരണകക്ഷി സർക്കാർ സംവിധാനം ഉപയോഗിച്ച് ശ്രമിച്ചപ്പോൾ അദ്ദേഹമാണു സഹായിയായത്. ആസാമിലെ പുതിയ പൗരത്വ രജിസ്റ്റർ സാധ്യമാക്കിയതും അദ്ദേഹമാണ്.
രണ്ടു ജഡ്ജിമാരെ വരെ നിയമത്തിൽ കുടുക്കിയയാളാണ് അദ്ദേഹം. അതിൽ കേരളം മറക്കാത്ത ഒരു വിധിയുണ്ട്. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ വിധി. കേരളം വളരെ വികാരപരമായി പ്രതികരിച്ച ഒരു സംഭവമായിരുന്നു ആ വിധി.
സുപ്രീംകോടതിയിലെ മുൻ ജഡ്ജി മാ ർക്കണ്ഡേയ കട്ജു അതിനെക്കുറിച്ചു വിവരമില്ലാത്ത ജഡ്ജിമാർ കാണിച്ച അബദ്ധം എന്ന് ബ്ലോഗെഴുതി. ബ്ലോഗിൽ കേസെടുത്ത് കട്ജുവിനെ കോടതിയിലേക്കു വിളിപ്പിച്ചു. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ കോടതി തൃപ്തിപ്പെട്ടില്ല. വിധിക്കെതിരേയല്ല, ജഡ്ജിമാർക്കെതിരെയാണ് പരാമർശം എന്ന നിലപാടിലായിരുന്നു ജസ്റ്റീസ് ഗൊഗോയ്. അവസാനം തന്റെ സീനിയറായി പ്രവർത്തിച്ച സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് മാപ്പു പറയിച്ചു അദ്ദേഹം.
അതുപോലെ കൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്നു സി.എസ് കർണന്റെ കേസും. ഉന്നത കോടതികളിലെ ജഡ്ജിമാർ അഴിമതിക്കാരാണെന്നു കാണിച്ച് അദ്ദേഹം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എല്ലാം കത്തയച്ചു. കർണനെ ജയിലിലാക്കിയ സുപ്രീംകോടതി ബെഞ്ചിൽ ഗൊഗോയിയും ഉണ്ടായിരുന്നു. ഇത്രയും പ്രാപ്തനായ ഒരാൾ ഇന്ത്യൻ ജൂഡിഷറിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഗുഢനീക്കം നടക്കുന്നു എന്ന് അനുഭവിച്ചറിഞ്ഞിട്ടും എല്ലാം കെട്ടടങ്ങാൻ കൂട്ടുനിന്നതുപോലെയേ വായിച്ചെടുക്കുവാനാകൂ.
അവസാന വിധിതീർപ്പുകൾ
വൈകി എത്തുന്ന ന്യായം അന്യായമാകുമെന്നു ന്യായാധിപന്മാർ തന്നെ പറയാറുണ്ട്. ഭാരതത്തിലെ തെരഞ്ഞെടുപ്പ് കാലത്ത് വന്ന റഫാൽ അഴിമതി കേസ് സംബന്ധിച്ച വിധി ഇത്രയും വൈകിയതിലൂടെ ആ പ്രമാണം പ്രസക്തമാക്കപ്പെടുന്നില്ലേ? സുപ്രീംകോടതിയിൽ സർക്കാർ നല്കിയ രേഖകളിലെ പിശകും പ്രധാനമന്ത്രിയുടെ ഓഫീസ് അക്കാര്യത്തിൽ ഇടപെട്ടതിന്റെ രേഖകളും ഒക്കെ പുറത്തു വന്നശേഷവും സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ വിധി ശരിക്കും മനസിലാക്കുവാൻ കോണ്ഗ്രസുകാരല്ലാത്തവർക്കും ബുദ്ധിമുട്ടുണ്ട്. ഈ വിധി നേരത്തെ വന്നിരുന്നെങ്കിൽ ഭരണകക്ഷിക്കാവുമായിരുന്നു സഹായം എന്നതുകൊണ്ട് വിധി വൈകിയതു ന്യായീകരിക്കാനാവില്ല.
പ്രതിപക്ഷം റഫാൽ കേസിലെന്നപോലെ ഭരണകക്ഷി അയോധ്യക്കേസിലും തെരഞ്ഞെടുപ്പിനു മുന്പ് സുപ്രീംകോടതിയുടെ വിധി ഉണ്ടാകണം എന്നു നിർബന്ധിച്ചതാണ്. ജസ്റ്റീസ് ഗൊഗോയ് സമ്മതിച്ചില്ല. അവസാനം വിധി പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം മടങ്ങുന്നത്. നീതി നടപ്പാക്കപ്പെടുന്നു എന്ന് ബോധ്യം വരണമെങ്കിൽ കേസിലെ ഇരു കക്ഷികൾക്കും നീതി കിട്ടി എന്ന തോന്നലുണ്ടാവണം എന്ന് പറഞ്ഞ കോടതി കൈക്കൊണ്ട തീരുമാനം മുസ്ലിംകൾ അല്ലാത്തവരെയും സന്ദേഹിപ്പിക്കുന്നു. 1949 ൽ ബാബറി മസ്ജിദിൽ ഹൈന്ദവ വിഗ്രഹം സ്ഥാപിച്ച് ആരാധന തുടങ്ങിയതും 1992 ൽ മസ്ജിദും തകർത്തതും എല്ലാം തെറ്റായിപ്പോയി എന്നു പറഞ്ഞ കോടതി പക്ഷേ ക്ഷേത്രനിർമാണത്തിനു വിവാദ ഭൂമി കൊടുക്കുന്നു. അക്രമത്തെ ന്യായീകരിക്കുന്നതായി തോന്നിപ്പിക്കില്ലേ ആ പ്രവൃത്തി? മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലവും കൊടുക്കുന്നുണ്ട്. ഈ ന്യായം മറ്റു പല മോസ്കുകളുടെയും കാര്യത്തിൽ വരുമോ എന്നു ഭയപ്പെടുന്നവർ ഏറെയുണ്ട്.
ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ പുറപ്പെടുവിച്ച വിധിയിലുമുണ്ട് നിലപാടുകളിലെ വ്യക്തതക്കുറവ്. അടിക്കാൻ മനസ് പക്ഷേ മുറിവുണ്ടാക്കാൻ മടി എന്നപോലായില്ലേ പരാതി ഉയർന്ന ബെഞ്ചിനു വിടാനുള്ള തീരുമാനം? ഒരു സമുദായത്തിലെ സ്ത്രീകളുടെ ക്ഷേത്രപ്രവേശം സംബന്ധിച്ചു കോടതിക്കു മുന്നിലെത്തിയ പരാതിയിലൂടെ മറ്റു സമുദായങ്ങളിലെ കാര്യങ്ങളും പഠിക്കാൻ കോടതി ആവശ്യപ്പെടുന്നതിനെ അവർ സംശയിക്കുന്നത് കുറ്റപ്പെടുത്താനാവുമോ?
ചൗക്കിദാർ ചോർ ഹെ എന്ന, രാഹുൽ ഗാന്ധിയുടെ സ്വന്തം പാർട്ടിക്കാർ പോലും ഏറ്റു പിടിക്കാത്ത മുദ്രാവാക്യത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യ നടപടി വേണ്ടെന്നു തീരുമാനിച്ചതും വലിയ വിധിയാണ്. ചൗക്കീദാർ കള്ളനാണ് എന്ന് കോടതിയും പറഞ്ഞു എന്നായിരുന്നു രാഹുലിന്റെ പരിഹാസം. എത്ര കൃത്യമായാണ് ഭാരതീയ ജനതാപാർട്ടിയുടെ അണിയറപ്രവർത്തകർ അതു കേസാക്കിയതും കോടതിയെ ഇടപെടുവിച്ചതും. രാഹുൽ ഗാന്ധി പറഞ്ഞ മാപ്പ് അംഗീകരിക്കുന്നോ എന്ന നിയമപ്രശ്നത്തിൽ തീരുമാനം എടുക്കാൻ ഇത്രയും വൈകിയത് എന്തെന്ന് ജനം ചിന്തിച്ചു പോകില്ലേ? ആ വിധി തെരഞ്ഞെടുപ്പു കാലത്തു തന്നെ വന്നെങ്കിൽ ആർക്കാകുമായിരുന്നു ഗുണം?രാഹുൽ ഗാന്ധിക്കു മാപ്പു കൊടുത്ത കോടതി അദ്ദേഹത്തോടു ഭാവിയിൽ കൂടുതൽ സൂക്ഷിക്കണം എന്നും ഉപദേശിക്കുന്നു. ഇത്തരം മുന്നറിയിപ്പ് എന്തേ വേറെ പലരോടും ഉണ്ടാകുന്നില്ല എന്ന സന്ദേഹവും ഉണ്ട്.
വിപ്ലവകരമാണു വിവരാവകാശ വിധി. വിവരാവകാശം നിയമം തന്നെ ഏതാണ്ട് വന്ധീകരിക്കപ്പെട്ട നിലയാണ്. എങ്കിലും ചീഫ് ജസ്റ്റീസിന്റെ ഓഫീസും ആ നിയമത്തിനു പരിധിയിലാക്കി എന്നത് ചെറിയ കാര്യമല്ല. ഉപാധികൾ വ്യാഖ്യാനിക്കപ്പെടുന്പോൾ വിധി കൊണ്ട് വലിയ പ്രയോജനം ഇല്ലെന്നു വരുമെന്നാണു പലരും പറയുന്നത്. പല സുപ്രധാനവിധിയിലും വിയോജനക്കുറിപ്പുണ്ട് എന്ന് ഓർക്കുക.
കർണാടക വിധിയാണ് സൂപ്പർ. അവിടെ രാജി കൊടുത്ത എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. അതുകൊണ്ട് രാജി വച്ചവർക്കുണ്ടാകാവുന്ന ഏറ്റവും വലിയ ശിക്ഷയായിരുന്നു നിയമസഭയുടെ കാലാവധി തീരും വരെ മത്സരിക്കാനാവില്ല എന്നത്. എന്നാൽ സ്പീക്കറുടെ നടപടിയെ അംഗീകരിച്ച കോടതി അവർക്കു മത്സരിക്കാൻ അനുമതി കൊടുത്തതോടെ അയോഗ്യരാക്കൽ തീരുമാനം ഫലത്തിൽ റദ്ദാക്കപ്പെട്ടു. അവരുടെ രാജി സ്പീക്കർ അംഗീകരിച്ചിരുന്നെങ്കിൽ സംഭവിക്കാവുന്നത് മാത്രമാണ് ഇപ്പോൾ സംഭവിക്കുക. അതാണ് വിധി!
സർക്കാർ ഹാപ്പി
അവസാന കാലത്ത് പുറപ്പെടുവിച്ച വിധികളെല്ലാം മോദി സർക്കാറിരിനു വളരെ സഹായം ചെയ്യുന്നവയാണ്. അയോധ്യയിൽ എത്രയും വേഗം രാമ ക്ഷേത്രം പണിയാം. റഫാൽ സംബന്ധിച്ച വിവാദവും കെട്ടടങ്ങുന്നു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ എല്ലാ വിവാദവും അവസാനിപ്പിച്ച രാഹുൽ ഗാന്ധി കളംവിട്ടു. അതു തന്നെ ഒരു തെരഞ്ഞെടുപ്പു തന്ത്രം എന്നതിലപ്പുറം റഫാൽ വിവാദം ഒന്നും അല്ലെന്ന് കോണ്ഗ്രസുകാർ പോലും സമ്മതിക്കുന്നതുപോലായിട്ടുണ്ട്.
അയോധ്യവിധി വന്ന ദിവസങ്ങളിൽ ഒരുതരം അടിയന്തരാവസ്ഥയുടെ ഭീതിയുണ്ടാക്കാൻ സർക്കാരിനായി. മാധ്യമങ്ങൾ പോലും വളരെ ആത്മസംയമനത്തോടെ എല്ലാം കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയയിലെ പുംഗവന്മാർ വരെ കർശനമായ മിണ്ടടക്കം പാലിച്ചു. ഇത്രയുമേ ഉള്ളു ശരാശരി ഇന്ത്യക്കാരന്റെ വിപ്ലവാവേശം. അടിയന്തരാവസ്ഥയിൽ നാം കണ്ടതാണ്. അന്നത്തെക്കാൾ ത്യാഗസന്നദ്ധരായ നേതാക്കളുടെ അഭാവം ഇപ്പോഴുണ്ട്. തടി നോക്കിയുള്ള പ്രതികരണമാണ് എല്ലാവർക്കും പഥ്യം.
അനന്തപുരി/ദ്വിജൻ