തൊമ്മന്മാർ എവിടെ?
Monday, July 13, 2020 12:14 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏറ്റവും മികച്ചതു തെരഞ്ഞെടുക്കാൻ ജനങ്ങൾക്കു സ്വാതന്ത്ര്യം ഉണ്ടെന്നുള്ളതാണ്. എന്നാൽ ഏറ്റവും മികച്ചത് എന്നു പറയാൻ ഒന്നുമില്ലെന്നു തോന്നുന്പോഴോ? അപ്പോഴുമുണ്ട് പൗരന്മാർക്ക് അവസരം. ഉള്ളതിൽനിന്നു ഭേദപ്പെട്ട ഒന്നിനെ തെരഞ്ഞെടുക്കാമല്ലോ. അങ്ങനെയാണ് മലയാളികൾ സാധാരണ പറയാറുള്ള “തമ്മിൽ ഭേദം തൊമ്മന്’’ എന്ന ചൊല്ല് നടപ്പിലാക്കി ഉള്ളതിൽ മെച്ചപ്പെട്ടതിനെ തെരഞ്ഞെടുക്കുന്നത്. ജനങ്ങളെ സേവിക്കാൻ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ താരതമ്യപ്പെടുത്തിനോക്കി ഭേദപ്പെട്ട ഒന്നിനെ തെരഞ്ഞെടുത്ത് പ്രശ്നം പരിഹരിക്കും.
എന്നാൽ ഇന്ത്യയിലെ ഇപ്പോഴത്തെ സങ്കടകരമായ സാഹചര്യം തൊമ്മനും ഇല്ലാതാകുന്നുവെന്നോ വംശനാശഭീഷണിയിലാണെന്നോ ഉള്ളതാണ്. യുപിഎ ഭരണത്തിന്റെ രണ്ടു കാലാവധികൊണ്ട് സഹികെട്ട ജനം കുറെക്കൂടി ഭേദമായിരിക്കുമെന്ന പ്രതീക്ഷയിൽ നരേന്ദ്രമോദിയും ബിജെപിയും നയിക്കുന്ന എൻഡിഎ മുന്നണിയെ തെരഞ്ഞെടുത്തു. പക്ഷേ, 2014ൽ അധികാരത്തിൽ വന്നതിന്റെ പിറ്റേന്നുമുതൽ അവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പരാജയങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
1947 ഓഗസ്റ്റ് 15 മുതൽ പണ്ഡിറ്റ് നെഹ്റു എടുത്ത തീരുമാനങ്ങൾ വിമർശിക്കപ്പെട്ടു. ചിലത് മോദിജി പറയുന്നതുപോലെ ശരിയായിരിക്കാം. പക്ഷേ, രണ്ടാമതൊരു അവസരംകൂടി കിട്ടിയിട്ടും ഇപ്പോഴും അദ്ദേഹം അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. കോൺഗ്രസിനെ പുറത്താക്കി അദ്ദേഹത്തെയും പാർട്ടിയെയും ജനം തെരഞ്ഞെടുതത്ത് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം ചെയ്തിരുന്ന സത്ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന കാര്യം മനസിലാക്കുന്നതിൽ മോദി പരാജയപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മിക്കതും ഇനിയും നടപ്പിലായിട്ടില്ല. നോട്ടുനിരോധനവും ആവശ്യത്തിനു ഗൃഹപാഠം ചെയ്യാതെ ജിഎസ്ടി നടപ്പാക്കിയതും സാന്പത്തിക രംഗത്തെ താറുമാറാക്കിയിരിക്കുകയാണ്.
കാഷ്മീരിലെ സ്ഥിതി
കാഷ്മീർ വിഷയം തന്നെയെടുക്കാം. കഴിഞ്ഞ നൂറ്റാണ്ടിൽ നാല്പതുകളുടെ അവസാനം കോൺഗ്രസും അതിന്റെ നേതൃത്വവും എടുത്ത തെറ്റായ തീരുമാനങ്ങളാണ് പ്രശ്നകാരണം. 72 വർഷങ്ങൾക്കുശേഷം ആർട്ടിക്കിൾ 370ഉം 35 എയും അസാധുവാക്കിക്കൊണ്ട് കാഷ്മീരിനെ ജമ്മു കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിമാറ്റി. ഇന്നിതാ കാഷ്മീർ താറുമാറാവുകയും ലഡാക്കിന്റെ കൂടുതൽ പ്രദേശങ്ങളിൽ ചൈന അവകാശവാദമുന്നയിക്കുകയും ചെയ്തിരിക്കുന്നു. അവിടെ ഇപ്പോൾ സമാധാനം കൈവിടുകയും അതിർത്തിയിലെ ഏറ്റുമുട്ടലുകൾ പതിവാകുകയും ചെയ്തിരിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പരന്പരാഗത സൗഹൃദത്തെക്കുറിച്ച് പറയുകയും അതേസമയം ഒളിച്ചുകളി നടത്തുകയുമാണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നത്. കാഷ്മീരിൽ ഇനി സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചും വ്യക്തതയില്ല. 2014നുശേഷം പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായി 18 കൂടിക്കാഴ്ചകളാണ് നടത്തിയത്. പരിഹാരമാർഗങ്ങളൊന്നും ഉരുത്തിരിഞ്ഞിട്ടുമില്ല. പഴയ അനുഭങ്ങൾവച്ചു നോക്കിയാൽ, ഒരു കോൺഫറൻസ് മുറിയിൽനിന്ന് അടുത്തതിലേക്കു പോകുക എന്നല്ലാതെ അതിർത്തി പ്രശ്നത്തിൽ കഴന്പുള്ള ചർച്ചകൾക്കൊന്നും ചൈനയ്ക്കു താത്പര്യമില്ലെന്നു മനസിലാക്കാവുന്നതേയുള്ളു.
രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യമെടുക്കൂ. ദ്രുതഗതിയിലുള്ള ആകർഷണീയ പദ്ധതികളിലൂടെ ദശലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് മോദിജി വാഗ്ദാനം ചെയ്തത്. പ്രസംഗങ്ങളിൽ വിശ്വസിച്ച് എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നു. പാവങ്ങളുടെ ചിന്തയും മനസും കവരേണ്ടതെങ്ങനെയാണെന്ന് അദ്ദേഹത്തിന് അറിയാമെന്ന കാര്യത്തിൽ സംശയമില്ല.
അനൗദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ തൊഴിലവസരത്തിന്റെ സ്ഥിതി 1962ലേതിനു സമമായിരിക്കുന്നു. എന്തുകൊണ്ട് നെഹ്റുവിയൻ മോഡലിന്റെ കണ്ണി മുറിക്കാനും ലൈസൻസ്-പെർമിറ്റ് രാജിൽനിന്നു പുറത്തുകടക്കാനും കഴിഞ്ഞില്ല? അധികാരത്തിലെത്തിയിട്ട് ആറു വർഷം കഴിഞ്ഞസ്ഥിതിക്കു കുറഞ്ഞപക്ഷം യഥാർഥ സ്ഥിതി എന്താണെന്നെങ്കിലും ജനങ്ങളോട് തുറന്നുപറഞ്ഞുകൂടെ ? ബിജെപിയുടെ ഉന്നതനേതൃത്വം ഇപ്പോഴും പഴയ പല്ലവി ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. കോൺഗ്രസിന്റെ തെറ്റായ നയങ്ങളും നെഹ്റുവാഴ്ചയും !
ഗ്രാമീണമേഖലയുടെ കാര്യവും നോക്കാം. കടക്കെണിമൂലമുള്ള കർഷകരുടെ ആത്മഹത്യ തുടർന്നുകൊണ്ടിരിക്കുന്നു. സംഘപരിവാർ അനകൂല സാന്പത്തിക ചിന്തകരുടെ അഭിപ്രായത്തിൽപോലും ധനസ്ഥിതി ശോചനീയമായിക്കഴിഞ്ഞു. സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താനും എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. പക്ഷേ, അന്പതുകളിലെ നെഹ്റുജിയുടെ തീരുമാനങ്ങളെ വിമർശിക്കലും കോൺഗ്രസിനെയും പിന്നീടു വന്നവരെയും പഴിപറയലും ചിലർ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. പുതിയ ആശയങ്ങളൊന്നും ഫലം കാണുന്നുമില്ല.
ഉദാഹരണങ്ങൾ ഇനിയുമേറെയുണ്ട്. നമുക്കിപ്പോഴും തൊമ്മന്മാരേയുള്ളു. ബിജെപി പരാജയപ്പെട്ടെങ്കിൽ, കോൺഗ്രസിന്റെ സ്ഥിതി അതിലും ദയനീയമാണ്. വംശപാരന്പര്യത്തിൽനിന്ന് ഉയർന്നുവരുന്ന നേതാവ് ട്വീറ്റുകളിലൂടെ ജനത്തെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള പദ്ധതിയോ കരടുരേഖകളോ അദ്ദേഹത്തിനു പങ്കുവയ്ക്കാനില്ല. ജീവനെ അപകടത്തിലാക്കിയും സാന്പത്തികസ്ഥിതി തകർത്തും കോവിഡ്-19 പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജനങ്ങൾക്കു മറ്റു ഗതിയില്ലാതെ വന്നിരിക്കുന്നു.
സരിതയുടെ സ്ഥാനത്ത് സ്വപ്ന
ഇനി സംസ്ഥാനങ്ങളിലേക്കു വരാം. സ്ഥലപരിമിതികൊണ്ട് ഓരോ സംസ്ഥാനത്തെക്കുറിച്ചും വിശദമായി പറയാൻ സാധ്യമല്ല. ഉദാഹരണമായി കേരളത്തിന്റെ കാര്യമെടുക്കാം. റിപ്പോർട്ടുകളെ മുഖവിലയ്ക്കെടുക്കാമെങ്കിൽ സ്വപ്നയെന്ന സ്വപ്നസുന്ദരി സെക്രട്ടേറിയറ്റിന്റെ ഇടനാഴികകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വരാന്തയിലും നിറഞ്ഞുനില്ക്കുകയാണ്. മോദിജിയുടെ വാദമുഖങ്ങൾ മുഖ്യമന്ത്രി കടമെടുത്തു തുടങ്ങിയിട്ടുണ്ട്. സ്വപ്നയുടെ നടപടികൾ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പുറത്തുവന്നത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്.
സ്വപ്നയെക്കുറിച്ചു ചോദിക്കുന്പോൾ മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത് മുൻസർക്കാരിന്റെ കാലത്തെ സരിത നായർ വിവാദത്തെക്കുറിച്ചാണ്. സ്വപ്ന വിവാദം സരിത വിവാദത്തിന്റെയത്ര മോശമല്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രതിരോധത്തിന്റെ കാതൽ. അദ്ദേഹവും തിരിച്ചറിയാത്ത കാര്യം യുപിഎയെ തള്ളി എൻഡിഎയെ തെരഞ്ഞെടുത്തതുപോലെ ജനങ്ങൾ വൻഭൂരിപക്ഷത്തോടെ എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത് സെക്രട്ടേറിയറ്റിന്റെയും ഭരണത്തിന്റെയും രൂപവും ഭാവവും മാറ്റിയെടുക്കാനാണ്; സരിതയുടെ സ്ഥാനത്ത് സ്വപ്നയെ കുടിയിരുത്താനല്ല.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളിലെ നിയമനരീതിയും വെളിപ്പെട്ടിരിക്കുന്നു. ഒരു ലക്ഷം രൂപ ശന്പളത്തിലാണ് ഉന്നതസ്ഥാനത്ത് സ്വപ്നയെ നിയമിച്ചത്. അതിലും അവിശ്വസനീയമായ കാര്യം അവരുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് കൃത്യമായ അറിവുപോലും ആർക്കുമില്ലെന്നുള്ളതാണ്. പത്താംക്ലാസ് തോറ്റതാണോ ഡിഗ്രി വ്യാജ സർട്ടിഫിക്കറ്റാണോ കൈയിലുള്ളത് തുടങ്ങിയ കാര്യങ്ങളും അറിയില്ല. ഇത്രയും ഉന്നതമായ സ്ഥാനത്തേക്കു നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയൊന്നും ഇല്ലേ? പത്തു പാസാകുകപോലും വേണ്ടേ? മുന്പ് എയർ ഇന്ത്യ സാറ്റും യുഎഇ കോൺസുലേറ്റും സംശയകരമായ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും പേരിൽ അവരെ പിരിച്ചുവിട്ടതാണ്. ഈ പൂർവ ചരിത്രമൊന്നും കണ്ടുപിടിക്കാനുള്ള പോലീസ് പരിശോധനപോലും ഇത്തരം നിർണായക നിയമനത്തിനു മുന്പു നടത്താറില്ലേ? കുറ്റക്കാരിയാണെന്ന് ഒരു അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തിരുന്നില്ല. തീർന്നില്ല, കോൺട്രാക്റ്റ് ജീവനക്കാരിയെന്നു പറയുന്നതിനിടെ കേരളസർക്കാരിന്റെ എംബ്ലമുള്ള വിസിറ്റിംഗ് കാർഡും ധരിച്ച് സ്വപ്ന വിവിധ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അന്തർദേശീയ സ്പേസ് കോൺക്ലേവിൽ, മുഖ്യമന്ത്രിയുടെ ഉപദേശകരിലൊരാളും ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒയിൽനിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുമായ എം.സി. ദത്തന് മെമന്റോ സമ്മാനിക്കാൻ നിയുക്തയായതും സ്വപ്ന! അവരുടെ സ്വാധീനത്തിന്റെ കാര്യത്തിൽ ഇനിയെന്തു സംശയം?
പിണറായി വിജയനെപ്പോലെയൊരു മികച്ച ഭരണാധികാരി എന്തുകൊണ്ടാണ് ഈ സ്ത്രീക്കെതിരേ നടപടി എടുക്കാതിരുന്നത് എന്നതാണ് മനസിലാകാത്തത്. അതേസമയം ഈ നാണംകെട്ട സംഭവം പുറത്തുവന്നപ്പോൾതന്നെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെതിരേ നടപടിയെടുക്കുകയും ചെയ്തു. അന്വേഷണത്തിനുപോലും കാത്തുനില്ക്കാതെയാണ് വിവാദനായികയുമായുള്ള ശിവശങ്കറിന്റെ ഇടപാടുകൾ സംസാരമായതോടെ മുഖ്യമന്ത്രി നടപടിയെടുത്തത്. ഇതുപോലൊരു സാഹചര്യം ഉണ്ടായത് രാമായണത്തിലാണ്. തന്റെ പ്രിയതമയായ സീതയെക്കുറിച്ച് എതിരായ പൊതുജനാഭിപ്രായം ഉണ്ടായപ്പോൾ ഒരു തെളിവുമില്ലാതെ മറ്റൊന്നുമാലോചിക്കാതെ ശ്രീരാമൻ നടപടിയെടുത്തു. ശ്രീരാമന്റേതുപോലുള്ള നടപടി ഒരുപക്ഷേ ബിജെപിക്ക് ഇഷ്ടമായേക്കാം.
നയതന്ത്ര ബാഗ് വഴി സ്വർണ കള്ളക്കടത്ത് നടത്തിയത് ഗൗരവമായ കുറ്റമാണ്. തീവ്രവാദ ബന്ധമുള്ള കള്ളക്കടത്തുകാർ സംഭവത്തിനു പിന്നിലുണ്ടാകാമെന്ന സംശയവും എൻഐഎയ്ക്കുണ്ട്. അധികാരികളുടെ മൂക്കിനു താഴെയിരുന്ന് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ചെറുമീനുകൾക്കുപോലും എങ്ങനെ സാധിക്കുമെന്നതും അധികാരത്തിന്റെ ഇടനാഴികളിൽ കയറിപ്പറ്റി കാര്യങ്ങൾ നടത്താനാകുമെന്നും ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നു. ഇന്ത്യാ-യുഎഇ ബന്ധത്തിനു കോട്ടം വരാതെ ഇപ്പോഴത്തെ സംഭവങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ആ രാജ്യവുമായി നമുക്കുള്ള ശക്തമായ ബന്ധങ്ങളും അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കാര്യവും പരിഗണിക്കുകതന്നെ ചെയ്യണം. വ്യാജസർട്ടിഫിക്കറ്റുമായി കറങ്ങുന്ന രണ്ടോ മൂന്നോ ജീവനക്കാരുടെ പേരിൽ ഈ ദൃഢബന്ധം നശിക്കരുത്. വിഷയത്തിൽ നരേന്ദ്രമോദി നേരിട്ടിടപെടുകയും ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും വേണം.
അതെന്തായാലും നമുക്ക് തൊമ്മന്മാരെ കണ്ടെത്തേണ്ടതുണ്ട്. മെച്ചപ്പെട്ടതൊന്നുമായിരിക്കില്ല. പക്ഷേ കരുത്തുറ്റ ഒന്ന് വരുവോളം ഉള്ളതിൽ ഭേദമായി പകരം വയ്ക്കേണ്ടവരെ കണ്ടെത്തിയേ തീരൂ. മുൻഗാമികളെ പഴിപറഞ്ഞ് ഇനി മുന്നോട്ടുപോകാനാവില്ല. അതൊരു ദയനീയാവസ്ഥയാണ്. നമുക്കൊരു പകരക്കാരനെ കൂടിയേതീരൂ. കുറഞ്ഞപക്ഷം ഒരു തൊമ്മനെങ്കിലും.