പഴശ്ശി രാജ
Tuesday, September 7, 2021 12:26 AM IST
കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. വടക്കേ മലബാറിലെ പഴശ്ശി ആസ്ഥാനമായുള്ള കോട്ടയം രാജവംശത്തിൽ ജനനം. വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ പഴശ്ശിയെ വിശേഷിപ്പിക്കുന്നത്.

മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17ാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം ക്ഷണിച്ചുവരുത്തുകയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരേ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധപരിശീലനം നേടി. ഒളിയുദ്ധവും പരിശീലിച്ചു. തലക്കൽ ചന്തുവായിരുന്നു സേനാധിപൻ.
1804-ൽ തലശ്ശേരിയിലെ സബ്കളക്ടറായെത്തിയ തോമസ് ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കന്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരെയും ആക്രമിച്ചു. 1805 നവംബർ 30 ന് ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. കീഴടങ്ങാതിരിക്കാൻ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പറയപ്പെടുന്നു.