സോഷ്യൽ മീഡിയയിൽ തീ തുപ്പുന്നവർ
Sunday, September 19, 2021 12:02 AM IST
അനന്തപുരി/ദ്വിജൻ
കേരളത്തിൽ മതവിദ്വേഷം പടർത്തുന്നതിൽ സോഷ്യൽ മിഡിയ പൈശാചികമായ പങ്കാണ് വഹിക്കുന്നത്. വ്യാജമോ സത്യമോ എന്ന് തിട്ടമില്ലത്ത ഐഡികളിൽ പ്രചരിപ്പിക്കപ്പെടുന്നവയിൽ നല്ല പങ്കും കടുത്ത മതദ്വേഷം ഉണ്ടാക്കുന്നവയാണ്.
ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളോട് ഏതാണ്ട് അതേ നാണയത്തിൽ തിരിച്ചടിക്കുന്ന പോസ്റ്റുകളും അടുത്തകാലത്തായി പ്രത്യക്ഷപ്പെടുന്നു. അതോടെ മതസൗഹാർദക്കാരെല്ലാം രംഗത്തിറങ്ങുകയായി. ഇക്കാര്യത്തിൽ സമവായം വേണ്ടത് മതനിന്ദയും പരിഹാസവും നിരോധിക്കുന്നതിലാണ്. ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കുകതന്നെ വേണം.
തെളിവുകൾ
ലൗ ജിഹാദിൽ പെട്ടുപോയവരുടെ മാതാപിതാക്കൾ എന്ന് പറയുന്നവരുടെ സാക്ഷ്യങ്ങൾ യൂട്യൂബിൽ നിരവധിയുണ്ട്. പരാതിപ്പെട്ട പല മാതാപിതാക്കൾക്കും പോലീസിൽനിന്നുണ്ടായതു ദുരനുഭവങ്ങളുടെ കഥകൾ. ആ കേസുകളെക്കുറിച്ചെങ്കിലും സത്യസന്ധമായ അന്വേഷണം നടത്താൻ എന്തേ തയാറാകുന്നില്ല? ലൗ ജിഹാദിൽനിന്നു രക്ഷപ്പെടുത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് മക്കളുടെ ഭാവി ഓർത്ത് പോലീസിനെ സമീപിക്കുവാൻ എന്നല്ല, സത്യം തുറന്നുപറയാൻ പോലും ഭയമാണ്.
അതുകൊണ്ട് വീഡിയോകൾ യൂട്യൂബിൽ കൊടുത്തവരെക്കുറിച്ച് അന്വേഷിക്കണം. സത്യം അറിയണം. അവർ പറയുന്ന സാക്ഷ്യം സത്യമാണെങ്കിൽ അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി എടുക്കാൻ മടിക്കരുത്. അല്ലാതെ അവരെ വീണ്ടും ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്.
ഇത്തരം കേസുകളിൽ നടപടിയെടുത്താൽ മാത്രം പോരാ, യാഥാർഥ്യം ലോകത്തെ അറിയിക്കുകയും വേണം. ഇങ്ങനെ കർശനമായ നടപടികൾ ഉണ്ടാകുന്നതായി മനസിലായാൽ കൂടുതൽ സംഭവങ്ങൾ പുറത്തുവരാനും ഇടയാവും. ഇനി അവ വ്യാജമാണെങ്കിലും അപകടകരമായ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നടപടിയെടുക്കണം. അവരെയും ലോകം അറിയട്ടെ.
നൊബേൽ സമ്മാന ജേതാവായ വിശുദ്ധ മദർ തെരേസയെക്കുറിച്ച് കേരളത്തിലെ ഒരു ടീച്ചർ നടത്തിക്കൊണ്ടിരുന്ന നിന്ദാവാക്കുകൾ ഇപ്പോഴും യൂട്യൂബിൽ കാണാം.
അതുപോലെതന്നെ ചാനലുകളിൽ കടുത്ത മതേതരവാദിയായിവന്ന് സ്വന്തം സമുദായത്തിനു വേണ്ടി വാദിക്കുന്ന അറിയപ്പെടുന്ന സമുദായനേതാക്കളുടെ വർഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങൾ യൂട്യൂബിലുണ്ട്. മോർഫ് ചെയ്തു വരുന്നതോ എന്ന് ആർക്കും പറയാനാവില്ല. അവരോടുതന്നെ ചോദിച്ച് തിട്ടപ്പെടുത്തണം. അവരുടേതാണ് അത്തരം പ്രസംഗമെങ്കിൽ നടപടിയും ഉണ്ടാകണം.
ചാനൽചർച്ചകളിൽ സാമൂഹിക നിരീക്ഷകനായി പ്രത്യക്ഷപ്പെടുന്ന അഡ്വ. ജയശങ്കർ ചർച്ചകളിൽ ചില നേതാക്കന്മാരുടെ പ്രസംഗങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അതൊന്നും കേൾക്കാനോ അതിനനുസരിച്ച് നടപടി എടുക്കാനോ മുതിരാതെ തെളിവു കൊണ്ടുവാ എന്ന് പറയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മതസൗഹാർദം തകർക്കാൻ ചിലർ ബോധപൂർവം നടത്തുന്ന നീക്കങ്ങളെ തടയണം.
ഈ പണി നിർത്തിയേക്കണം!
കേരളത്തിലെ ഒരു അതിരൂപതയിലെ പ്രോലൈഫ് പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന മുതിർന്ന വൈദികൻ വെളിപ്പെടുത്തിയ ഒരു സംഭവം ഏതാണ്ട് ഇങ്ങനെയാണ്. ഒരു കത്തോലിക്കാ കുടുംബത്തിലെ വിദ്യാർഥിയായ മകൻ. അവന്റെ സ്വഭാവത്തിൽ വല്ലാത്ത വൈകൃതങ്ങൾ കണ്ടുതുടങ്ങിയ മാതാപിതാക്കൾ ഭയപ്പെട്ടു. ആ മകനുമായി അവർ അച്ചനെ കാണാനെത്തി. അച്ചനോട് സംസാരിക്കാൻപോലും ആ കുട്ടി തയാറായിരുന്നില്ല.
അനുനയിപ്പിച്ചു സംസാരിച്ചു തുടങ്ങിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. മയക്കുമരുന്നിന് അടിമയാവുക മാത്രമല്ല, അതിന്റെ വിതരണക്കാരൻകൂടി ആക്കപ്പെടുകയായിരുന്നു ആ വിദ്യാർഥി. അവൻ മാത്രമല്ല അവന്റെ പല കൂട്ടുകാരും. അവൻ പറഞ്ഞ വഴിത്താരയിലൂടെ മറ്റു കുട്ടികളെ അന്വേഷിച്ച് അച്ചൻ സഞ്ചരിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന കഥകളാണ് ആ കുട്ടികളും പറഞ്ഞത്. കുട്ടികളോട് അവർ സഞ്ചരിക്കുന്ന വഴിയുടെ ആപത്തും നാശവും പറഞ്ഞു മനസിലാക്കിയപ്പോൾ അവർ പിൻവാങ്ങി.
പോലീസിൽ പറഞ്ഞാൽ കുട്ടികളാവും പ്രതിയാക്കപ്പെടുക. മാഫിയ കച്ചവടക്കാർക്ക് അത്ര സ്വാധീനമുണ്ട് പോലീസിൽ. അച്ചൻ സ്വകാര്യ ദൗത്യം തുടരുന്നു എന്ന് കണ്ടപ്പോൾ അച്ചന് ഒരു ഫോണ്‍ കോൾ. ഈ പണി നിർത്തിയേക്കണം. ഇല്ലെങ്കിൽ... ഇങ്ങനെ നടത്തുന്ന ഭീഷണികളെക്കുറിച്ച് പരാതി പറഞ്ഞാലും പോലീസ് ഗൗരവമായി എടുക്കാറില്ല. അല്ലെങ്കിൽ വാദിയെ തന്ത്രപൂർവം പ്രതിയാക്കും.
കുഞ്ഞുങ്ങളോട് ഇത്തരം അപകടത്തെക്കുറിച്ച് പറഞ്ഞുകൊടുത്താലും മതസൗഹാർദം തകരും. ഭീഷണിപ്പെടുത്തുന്നവർ ആരെന്ന് അന്വേഷിക്കാനോ നടപടി എടുക്കാനോ പോലീസ് സംവിധാനത്തിന് സാധിക്കുന്നുമില്ല. ഇതു കപട മതേതരത്വമല്ലേ?
അന്വേഷണം വേണ്ടെന്ന് പറയുന്നവർ
കേരളത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നുപറഞ്ഞ കല്ലറങ്ങാട്ട് പിതാവിനെതിരേ ചന്ദ്രഹാസമിളക്കിയവർക്കെല്ലാം ഇപ്പോൾ സത്യം മനസിലായതിന്റെ സൂചനകളുണ്ട്. പിതാവിനു തന്റെ സമുഹത്തോട് അതു പറയാൻ അവകാശമുണ്ടെന്ന് മൂഖ്യമന്ത്രിയും പിതാവിന് ദുരുദ്ദേശ്യമില്ലായിരുന്നു എന്ന് ഇടതുമുന്നണി കൺവീനറും പരാസ്യമായി പറഞ്ഞുകഴിഞ്ഞു. എങ്കിൽ, പിതാവ് ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കരുതോ?
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പായുടെ നിലപാടിന് വിരുദ്ധമാണ് മുസ്ലിം തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നുവരെ വാദിക്കുന്നുണ്ട് ചിലർ. അദ്ദേഹം എല്ലാ തീവ്രവാദങ്ങൾക്കും എതിരാണ്. തീവ്രവാദികളും ക്രൈസ്തവരും സഹോദരങ്ങളാണ്. അതുകൊണ്ട് തീവ്രവാദികൾ ഇല്ലെന്നു കളവു പറയണം എന്നു പാപ്പാ ഒരിടത്തും പറഞ്ഞിട്ടില്ല.
ഫ്രാൻസിൽ ദിവ്യബലിക്കുമധ്യേ 90കാരനായ ഒരു കത്തോലിക്കാ വൈദികനെ ഒരു മുസ്ലിം തീവ്രവാദി അൾത്താരയിൽ കടന്നുചെന്നു കഴുത്തറുത്തുകൊന്ന സംഭവത്തെ അദ്ദേഹം അപലപിച്ചില്ലേ? ഹാഗിയ സോഫിയ മോസ്ക്കാക്കിയതിനെ അദ്ദേഹം അപലപിച്ചില്ലേ? വാളെടുക്കുന്നവനെ വാളാൽ നേരിടണം എന്നല്ല യേശു പഠിപ്പിച്ചതും അദ്ദേഹം ആവർത്തിക്കുന്നതും. യൂദാസിനെക്കുറിച്ച് അവൻ ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് യേശു പറഞ്ഞതായി സുവിശേഷത്തിലുണ്ടല്ലോ?
കോണ്‍ഗ്രസിലെ ശുദ്ധീകരണങ്ങൾ
കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയെ പുനരുദ്ധരിക്കുവാൻ പുതിയ കെപിസിസി നേതൃത്വം തയാറാക്കുന്ന പദ്ധതികൾ ലക്ഷ്യം കാണുമോ? പുതിയ നേതൃത്വത്തിന്റെ നടപടികൾക്കെതിരേ ആരംഭിച്ചിരിക്കുന്ന പൊട്ടിത്തെറികൾ ഭീകരരൂപം പ്രാപിക്കുമോ? കോണ്‍ഗ്രസ് വിട്ട് ഇറങ്ങിവരുന്ന നേതാക്കളെ പൂമാലയിട്ടു സ്വികരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് അവർക്കായി എന്തു ചെയ്യാനാവും?
വർഷങ്ങളായി കൂടെ നിന്നവരെ മറന്ന് പദവികൾ പുത്തൻകൂറ്റുകാർക്കു കൊടുക്കാനാവുമോ? താത്ക്കാലിക വിജയം നോക്കി കെ.ടി. ജലിലിനെപ്പോലുള്ളവരെ വളർത്തിയാൽ പാർട്ടി ഭാവിയിൽ വലിയ വില കൊടുക്കണ്ടി വരുമോ? സമാകലീന സംഭവവികാസങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്നവരിൽ ഉയരുന്ന സന്ദേഹങ്ങളാണിവ.
കോണ്‍ഗ്രസ് നേതാക്കൾ പാർട്ടി വിടുന്നതിനെക്കുറിച്ച് ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല, വേസ്റ്റുകൾ ഒക്കെ പോയി എന്നൊക്കെ പറയുന്നത് അതിരു കടന്ന വാക്കുകളാണ്. ഏതു നേതാവ് പോയതാണ് കോണ്‍ഗ്രസിന് ദോഷം ഉണ്ടാക്കാത്തത്? കേവലം നാലണമെബറായ ഒരു കോണ്ഗ്രസുകാരൻ സംഘടന വിട്ടാലും അത് കോണ്‍ഗ്രസിനെ ദുർബലമാക്കും എന്നതല്ലേ സത്യം?
സെമി കേഡർ പാർട്ടി
ഒരു ആൾക്കൂട്ടമായി മറിയ കോണ്‍ഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മുഴുവൻ സമയ പ്രവർത്തകരും പ്രവർത്തനവുമുള്ള പ്രസ്ഥാനമാക്കി മാറ്റാനാണ് സുധാകരന്റെ നീക്കം. കോണ്‍ഗ്രസിലൂടെ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ഇന്നത്തെ നിലയിൽ പോയാൽ കാര്യങ്ങൾ ശരിയാവില്ല എന്ന വികാരം ശക്തമാകുന്നുണ്ട്.
പത്തു വർഷമായി അധികാരത്തിനു പുറത്തായിരിക്കുന്നതിന്റെ പ്രയാസം അവർക്കു ചില്ലറയല്ല. മുഴുവൻ സമയ പ്രവർത്തകർക്ക് പാർട്ടി ശന്പളംകൂടി കൊടുക്കുന്ന സംവിധാനമാണ് സുധാകരൻ ലക്ഷ്യംവയ്ക്കുന്നത്. കാര്യങ്ങൾ തങ്ങളുടെ ഇംഗിതങ്ങൾക്ക് അനുകൂലമാക്കുവാൻ കോണ്‍ഗ്രസിലെ ഗ്രൂപ്പു നേതാക്കൾ നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളാവും സുധാകരനും സംഘവും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഭീഷണി.
പരസ്യമായ പ്രതിഷേധങ്ങൾ തണുത്തെങ്കിലും അണിയറയിൽ എല്ലാം ശാന്തമല്ല. പല പ്രമുഖരും ഇനിയും ഒഴിവാക്കപ്പെടും എന്ന സൂചനകൾ വരുന്നുണ്ട്. അതെല്ലം സംഭവിച്ചാൽ വീണ്ടും കൊടുങ്കാറ്റുകളാകുമോ ഉണ്ടാകുക എന്ന സന്ദേഹവും ഉണ്ട്. വെളുക്കാൻ തേക്കുന്നത് പാണ്ടാകാതെ സൂക്ഷിക്കേണ്ടതും നേതൃത്വത്തിന്റെ മുന്നിലെ വെല്ലുവിളിയാണ്.
കമ്യൂണിസ്റ്റ് കൂടാരം
കോൺഗ്രസ് നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയർത്തിയവരിൽ മൂന്നു നാലു പ്രമുഖർ ഇതിനകം കമ്യൂണിസ്റ്റ് കൂടാരത്തിൽ എത്തിക്കഴിഞ്ഞു. അവർ ബിജെപിയിൽ ചേരാതെ സൂക്ഷിക്കാൻ ഈ നീക്കം സഹായകമാവും എന്നത് വാസ്തവമാണ്. താഴെത്തട്ടിലെ പ്രവർത്തകർക്ക് ഈ സഹകരണം, എളുപ്പമല്ലെന്നല്ല അസാധ്യമാണ്. കാരണം, താഴെ തട്ടിലുള്ളവർ ഇന്നലെവരെ പരസ്പരം പോരടിച്ചുകഴിഞ്ഞവരാണ്.
ആ പോരിലാണ് രണ്ടു ക്യാന്പിന്റെയും അസ്തിത്വം. അടുത്ത കാലത്ത് ബംഗാളിൽ മമതയെ തോൽപ്പിക്കാൻ കോണ്‍ഗ്രസും സിപിഎമ്മും കൈകോർത്തെങ്കിലും നഷ്ടം ഉണ്ടായത് അവർക്കു തന്നെയായിരുന്നു. കമ്യൂണിസ്റ്റുകളെ വെറുക്കുന്ന കോണ്‍ഗ്രസുകാർ മമതക്കൊപ്പം പോയി. കോണ്‍ഗ്രസുകാരെ എതിർക്കുന്ന കമ്യൂണിസ്റ്റുകൾ ബിജെപിയിലും ചേർന്നു. കേരളത്തിലും കോണ്‍ഗ്രസുകാരെ കമ്യൂണിസ്റ്റ് കൂടാരത്തിൽ എത്തിക്കാം എന്നു കരുതിയാണ് പല നേതാക്കളും സിപിഎമ്മിൽ ചേരുന്നതെങ്കിൽ നിരാശയാവും ഫലം.
സ്വാതന്ത്ര്യസമരഭടനായ കെ.കേളപ്പൻ മുതൽ ഫീലിപ്പോസ് തോമസ് വരെ അവിടെ എത്തിയവരാരും എറെയൊന്നും നേടിയിട്ടില്ല. കേളപ്പനെപ്പോലെയുള്ളവരെ വധിക്കാൻപോലും പാർട്ടി നോക്കിയിട്ടും ഉണ്ട്. ഏറെ ഇടതുപക്ഷ മനസൂള്ള സാക്ഷാൽ എ.കെ. ആന്റണിക്കും കൂട്ടുകാർക്കും ആ കൂടരാത്തിൽ കിടക്കനായത് 21 മാസമാണ്. കരുണാകരൻ പെരുവഴിയിലായത് അവർ ചതിച്ചതുകൊണ്ടാണ്. ഇടതു കൂടാരത്തിൽ എത്തിയ മാണിക്കും ജോസഫിനും ഒക്കെ തിക്താനുഭവങ്ങളാണ് ബാക്കി. ലോനപ്പൻ നന്പാടനും ആന്റണി രാജുവും പോലുള്ളവർക്ക് നേട്ടമുണ്ടായിട്ടുണ്ട്.
ജോസിന് അഞ്ചു സീറ്റിൽ ജയിക്കാനായെങ്കിലും പാലായും കടുത്തരുത്തിയും പോയി. ഭരണത്തിൽ കിട്ടിയത് ഒരു മന്ത്രി. അതും ഒരു മൈനർ വകുപ്പ്. ധനമോ റവന്യുവോ ഒന്നും കിട്ടിയില്ല. കിട്ടിയ വകുപ്പിനോപ്പം വേറെ മൈനർ വകുപ്പും കിട്ടിയില്ല. നാലു മന്ത്രിമാരുള്ള പാർട്ടിയോട് രണ്ടാം സ്ഥാനത്തിന് മത്സരിക്കുന്നു എന്ന് പറയുന്നതുതന്നെ ആത്മനിന്ദയാവും.
പുതിയ പാർട്ടി?
ഇടതുകൂടാരത്തിൽ കയറി രക്ഷപ്പെടില്ലെങ്കിലും ഉടക്കി നിൽക്കുന്നവർ ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും നേതൃത്വത്തിൽ പുതിയ സംവിധാനം ഉണ്ടാക്കിയാൽ വലിയ മാറ്റം ഉണ്ടാവും. സുധാകരനൊപ്പം ഇപ്പോൾ നിൽക്കുന്നവരിൽ പലരും അപ്പോൾ അവിടെ ഉണ്ടാകണമെന്നില്ല. തനിക്ക് ഏതാണ് നല്ലത് എന്നു നോക്കി മിക്കവരും തീരുമാനിക്കും. ജനാധിപത്യമുന്നണി രണ്ടു പാർട്ടിയെയും ഉൾക്കൊള്ളാൻ തീരുമാനിച്ചാൽ പിളർന്നുണ്ടാകുന്നവർക്ക് ഒരപകടവും സംഭവിക്കില്ല.
ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും സംയുക്ത നേതൃത്വത്തിൽ ഇത്തരം ഒരു നീക്കം ഉണ്ടാകാൻ ഇപ്പോൾ ഒരു സാധ്യതയുമില്ല. എന്നാൽ, പ്രചരിപ്പിക്കപ്പെടുന്നതുപോലെ ദേശീയ നേതൃത്വം അവരെ ഒതുക്കാൻ നോക്കിയാൽ കളികൾ ഏതു രൂപം പ്രാപിക്കും എന്നു പറയാനാവില്ല. സുധാകരപക്ഷത്തിലെ ശക്തികേന്ദ്രമായ കെ.സി. വേണുഗോപാലിനെതിരേ ഒരു ബോംബ് പുകയുന്നുണ്ട്. ദേശീയ തലത്തിലുള്ള 23 പേരുടെ ഗ്രൂപ്പും അപകടസൂചനയാണ് തരുന്നത്.