നിസഹകരണപ്രസ്ഥാനത്തിന്റെ അന്ത്യം
Monday, October 11, 2021 12:44 AM IST
ബാലഗംഗാധര തിലകന്, ആനി ബസന്റ്, ബിപിന്‍ ചന്ദ്രപാല്‍, മുഹമ്മദലി ജിന്ന, തുടങ്ങിയ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കള്‍ ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനം എന്ന ആശയത്തെ എതിര്‍ത്തു. എന്നാല്‍ പുതിയ തലമുറയിലെ രാജേന്ദ്ര പ്രസാദ്, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവര്‍ ഗാന്ധിജിയെ പിന്തുണച്ചു. മുസ്ലിം ലീഗ് നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു. സി.ആര്. ദാസ്, രാജഗോപാലാചാരി, ലാലാ ലജ്പത് റായ്, മദന്‍ മോഹന്‍ മാളവ്യ, മോത്തിലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ പ്രഗല്ഭരായ അഭിഭാഷകര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചു സമരത്തെ ശക്തിപ്പെടുത്താനായി സമൂഹത്തിലേക്കിറങ്ങി.
നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921ല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയാക്കിയിരുന്നു. അധികനാള്‍ ഈ പ്രസ്ഥാനത്തിന് ആയുസുണ്ടായിരുന്നില്ല.1922 ലെ ചൗരിചൗര സംഭവം നിസഹകരണ പ്രസ്ഥാനത്തിന് അന്ത്യം കുറിച്ചു. 1922 ഫെബ്രുവരി 12 ന് നിസഹകരണ പ്രസ്ഥാനം അവസാനിപ്പിക്കുന്നതായി ഗാന്ധിജി പ്രഖ്യാപിച്ചു.താന്‍ നേതൃത്വം കൊടുക്കുന്ന സമരം അഹിംസ എന്ന അതിന്റെ ലക്ഷ്യത്തില്‍നിന്ന് അകന്നുപോയി എന്നതാണ് ഗാന്ധിജിയെ ഏറെ നിരാശനാക്കിയത്. 1922 മാര്‍ച്ച് 10 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. യങ് ഇന്ത്യ എന്ന പത്രത്തില്‍ മൂന്നു ലേഖനങ്ങള്‍ എഴുതിയതിനാണ് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് ആറു വര്‍ഷത്തെ തടവിനു ശക്ഷിച്ചത്.
നിസഹകരണ പ്രസ്ഥാനത്തിനു ബ്രിട്ടീഷുകാരെ ചെറിയരീതിയിലെങ്കിലും ഭയപ്പെടുത്താനായി. കർഷകരെയും തൊഴിലാളികളെയും നിസഹകരണപ്രസ്ഥാനം വളരെ സ്വാധീനിച്ചു. പ്രതിഷേധം വര്‍ധിപ്പിക്കാനും നികുതിനിഷേധം പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനും കോണ്‍ഗ്രസ് അതിന്റെ പ്രദേശിക കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്കി. ഇതിനേത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ചിറാലയിലുള്ള കര്‍ഷകര്‍ മുനിസിപ്പല്‍ നികുതി നല്കാന് വിസമ്മതിച്ചു.
മിഡ്നാപ്പുരിലെ കൃഷിക്കാര്‍ യൂണിയന് ബോര്‍ഡ് നികുതികള്‍ അടക്കാതിരുന്നു. ഗുണ്ടൂരിലുള്ള പാല്‍നാട്ടില്‍ മേച്ചില്‍പ്പാട്ടം നല്കാന് വിസമ്മതിച്ചു. ആത്മവീര്യം ചോര്‍ന്നുപോയ ഒരു ജനത പെട്ടെന്ന് എണീറ്റു നിവര്‍ന്നുനിന്നു തലയുയര്‍ത്തി രാജ്യവ്യാപകമായ ഒരു സംയുക്തസമരത്തില്‍ പങ്കെടുത്തു എന്നാണ് ജവാഹര്‍ലാല്‍ നെഹ്റു ഈ സമരത്തെക്കുറിച്ച് പറഞ്ഞത്.