വിനയാകുന്നത് വാക്സിനേഷനിലെ മെല്ലെപ്പോക്ക്
Tuesday, November 30, 2021 12:30 AM IST
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ സൃഷ്ടിക്കാനിരിക്കുന്ന ഭീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം പതിനഞ്ചോളം രാജ്യങ്ങളിൽ നൂറ്റമ്പതോളം പേരിൽ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ മാത്രം നൂറോളം പേരിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ രോഗബാധയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്കും ക്വാറന്റൈൻ നിബന്ധനകളും കർശനമാക്കിക്കഴിഞ്ഞു.
കോവിഡ് വാക്സിനേഷനിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏറെ മുന്നിലാണെങ്കിലും ചില വികസിത രാജ്യങ്ങളിലടക്കം പ്രതിരോധ കുത്തിവയ്പുനിരക്ക് കുറവാണ്. ആഗോളതലത്തിൽ വാക്സിനേഷൻ നിരക്ക് 25 ശതമാനമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലിത് 15 ശതമാനത്തിൽ താഴെ മാത്രം! അടുത്തിടെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച ലേഖകന് നിരവധി രാജ്യങ്ങളിൽ വാക്സിനെടുക്കാനുള്ള ജനങ്ങളുടെ വിമുഖത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോവിഡ് ഒമിക്രോൺ വകഭേദം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ 32 തവണ ജനിതക വ്യതിയാനം അഥവാ മ്യൂട്ടേഷൻ സംഭവിച്ചവയാണ്.
സാർസ് കൊറോണ വൈറസിന്റെ ഒമിക്രോൺ ഇനം, വാക്സിൻ വഴി ആർജിച്ച രോഗപ്രതിരോധശേഷിയെ ബാധിക്കുമോ എന്നതാണ് ലോകാരോഗ്യസംഘടന ആശങ്കപ്പെടുന്നത്. ഇതിനകം മൂന്നു തവണ ജനിതകവ്യതിയാനം സംഭവിച്ച ഡെൽറ്റ വകഭേദം മൂലം മരണനിരക്ക് കൂടുതലായിരുന്നു. ഒമിക്രോൺ സൃഷ്ടിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. ഒമിക്രോൺ വരാനിടയായ സാഹചര്യത്തെക്കുറിച്ച് ശാസ്ത്രലോകം വിലയിരുത്തുന്നത്, രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിലെ ക്രോണിക് രോഗബാധ തുടർ ജനിതക വ്യതിയാനത്തിന് വൈറസിന് സാഹചര്യം സൃഷ്ടിച്ചതാകാമെന്നാണ്. എച്ച്ഐവി രോഗബാധിതരിലും മറ്റു രോഗികളിലും ആഫ്രിക്കയിലുണ്ടായ രോഗബാധയും കുറഞ്ഞ വാക്സിനേഷൻ നിരക്കും കമ്യൂണിറ്റി വ്യാപനവും ഇതിനു വഴിയൊരുക്കിയിട്ടുണ്ടാകുമെന്ന് അനുമാനിക്കുന്നു.
എന്നാൽ, ഒമിക്രോൺ ബാധിച്ച മുപ്പതോളംപേരെ ചികിത്സിച്ച ദക്ഷിണാഫ്രിക്കയിലെ ഡോക്ടർ അവകാശപ്പെടുന്നത് രോഗബാധിതരിൽ പേശിവേദന, തൊണ്ടവേദന, ചുമ തുടങ്ങി ചെറിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നാണ്. മാത്രമല്ല വാക്സിൻ എടുക്കാത്തവരിലും മാരക രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലത്രേ! ജനിതകവ്യതിയാനം വന്ന ഒമിക്രോൺ റിപ്പോർട്ട് ചെയ്ത നടപടിയിൽ ലോകരാഷ്ട്രങ്ങൾ ദക്ഷിണാഫ്രിക്കയെ അഭിനന്ദിച്ചു. യഥാസമയം ജീനോമിക് പഠനങ്ങൾ നടത്താനുള്ള സൗകര്യവും ദക്ഷിണാഫ്രിക്കയിലുണ്ട്.
ആഗോളതലത്തിൽ 67 രാജ്യങ്ങൾ കോവിഡ് പ്രതിരോധത്തിൽ പിന്നിൽനിൽക്കുമ്പോൾ രോഗത്തിനെതിരായ ജാഗ്രത തുടരുകതന്നെ വേണം. ആളകലം പാലിച്ചുകൊണ്ട് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് തുടരണം. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുക എത്തതുതന്നെയാണ് ശരിയായ പ്രതിരോധം. അതേസമയം, രോഗത്തെക്കുറിച്ചുള്ള അനാവശ്യ തെറ്റിദ്ധാരണകൾ ജനങ്ങളുടെ സാമൂഹികജീവിതം, ജീവസന്ധാരണം എന്നിവയെ പ്രതികൂലമായി ബാധിക്കാനിടയാക്കരുത്!
ഡോ. ടി.പി. സേതുമാധവൻ
(ബംഗളൂരു ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയിലെ ഹെൽത്ത്
സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രഫസറാണ് ലേഖകൻ)