പെണ്‍കരുത്തിന്റെ രജതജൂബിലി
Tuesday, May 17, 2022 1:59 AM IST
നവകേരള നിര്‍മിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേക്കു കടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കുടുംബശ്രീ, രാജ്യത്തിന്റെ സാമൂഹിക ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകൂടിയാണ്. സ്ത്രീ ശക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ 1998 മേയ് 17നാണ് കുടുംബശ്രീ പിറവി കൊള്ളുന്നത്. പ്രവര്‍ത്തന മികവുകളുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 45,85,677 അംഗങ്ങളുടെ കരുത്തോടെയാണ് ഈ പ്രസ്ഥാനുമുള്ളത്. 3,06,551 അയല്‍ക്കൂട്ടങ്ങളും 19,470 എ ഡി എസുകളും 1070 സി ഡി എസുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ 3,02,595 അംഗങ്ങളുള്ള യുവതി ഓക്സിലറി ഗ്രൂപ്പുകളും സജീവമാണ്. വിവിധ രാജ്യങ്ങള്‍ കേരളത്തിന്റെ സ്ത്രീപര്‍വത്തെ മനസിലാക്കാനും പകര്‍ത്താനും ശ്രമിക്കുന്നുണ്ട്.
അസര്ബൈജാന്, എത്യോപ്യ, ഉഗാണ്ട പോലുള്ള രാജ്യങ്ങള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ അവരുടെ രാജ്യങ്ങളിലേക്കു കൊണ്ടുപോയി ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ രീതിശാസ്ത്രം അവിടങ്ങളില്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്. മറ്റു പല രാജ്യങ്ങളും കേരളത്തിലേക്കു വന്ന് ഈ കേരള മോഡലിനെ മനസിലാക്കി. സ്ത്രീപദവി, തുല്യത തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിരന്തരം ചവിട്ടിമെതിക്കപ്പെടുന്ന ഇന്ത്യയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് കുടുംബശ്രീ പോലുള്ള ബദലുകളെ ഉയര്‍ത്തിപ്പിടിച്ച് കേരളം വ്യത്യസ്തമായി നില്‍ക്കുന്നത്.
1996ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ഗവണ്മെന്റ് ജനകീയാസൂത്രണം എന്ന പേരില്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ശക്തമായ പ്രവര്‍ത്തനം തുടങ്ങി. വൈകാതെ തന്നെ കുടുംബശ്രീ പ്രസ്ഥാനവും ആരംഭിച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവത്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്ന അജണ്ടയുമായാണ് മുന്നോട്ടുപോയത്. കുടുംബശ്രീയെ തകര്‍ക്കാനും ശ്രമമുണ്ടായി. അന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരത്തെ തുടര്‍ന്ന് ഗാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെത്തന്നെ നിശ്ചയിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അക്കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നായി വിഭജിച്ചതും കുടുംബശ്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിച്ചു.
കുടുംബശ്രീ പഞ്ചായത്തുവകുപ്പിനു കീഴിലായിരുന്നു. അതുകൊണ്ട് നഗരവികസനവകുപ്പിന് കുടുംബശ്രീയോട് മമതയുണ്ടായിരുന്നില്ല. ഗ്രാമ വികസനവകുപ്പാകട്ടെ നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്. ബ്ലോക്ക് തലത്തില്‍ അവര്‍ സമാന്തരമായ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുക വരെ ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ കുടുംബശ്രീക്കു നല്കിയ ആനുകൂല്യങ്ങള്‍ പലതും യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. കുടുംബശ്രീ വായ്പയുടെ പലിശ നിരക്ക് രണ്ടു ശതമാനം വര്‍ധിപ്പിച്ചു. വലിയ മഹിളാരോഷമാണ് ഇതിനൊക്കെ എതിരായി അലയടിച്ചത്.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്നു കുടുംബശ്രീ കൂടുതല്‍ കരുത്തോടെ നില്‍ക്കുന്നത്. സാമ്പത്തിക ശക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. സ്ത്രീശക്തീകരണത്തിലേക്കു നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തിക ശക്തീകരണമാണ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇന്ന് 5586.68 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാന്‍ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും അയല്‍ക്കൂട്ടങ്ങള്‍ മാറിയിരിക്കുന്നു. കുടുംബശ്രീ ഇന്റേണല്‍ ലോണായി 22021.33 കോടി രൂപയാണ് നല്‍കിയിട്ടുളളത്. 2,51,125 അയല്‍ക്കൂട്ടങ്ങള്‍ വിവിധ ബാങ്കുകളുമായി ലിങ്ക് ചെയ്യുകയും 15,475.34 കോടി രൂപ വായ്പയെടുത്ത് കൃത്യമായ തിരിച്ചടവോടെ മുന്നോട്ടുപോവുകയും ചെയ്യുന്നു. കോവിഡ് കാലത്ത് അയല്‍ക്കൂട്ട അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്കരിച്ച ‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി’യുടെ ഭാഗമായി സംസ്ഥാനത്തെ 25.15 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി 1917.55 കോടി രൂപയാണ് ലഭ്യമാക്കിയത്.
പലിശ സബ്സിഡി ഇനത്തില്‍ 165.04 കോടി രൂപയും നല്കി. പരമ്പരാഗത തൊഴില്‍ സംരംഭങ്ങളില്‍ നിന്നു പുതുസംരംഭങ്ങളിലേക്ക് വഴിമാറുന്ന കുടുംബശ്രീയേയാണ് ഇന്നു കാണാന്‍ സാധിക്കുക. ആദ്യഘട്ടത്തില്‍ പരിമിതമായ അറിവും കഴിവും ഉപയോഗിച്ചുള്ള ചെറുകിട സംരംഭങ്ങളായിരുന്നുവെങ്കില്‍ മാറുന്ന കാലത്തിനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും വിപണി സ്വഭാവത്തിനും അനുസൃതമായി വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആരംഭിക്കുന്ന നിലയില്‍ അയല്‍ക്കൂട്ട വനിതകളെ സജ്ജരാക്കുവാനും അവരുടെ നൈപുണ്യം വര്‍ധിപ്പിക്കുവാനും കുടുംബശ്രീക്ക് സാധിച്ചു.
കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയും വരുമാന ലഭ്യതയും ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന വിപണന മേളകളോടൊപ്പം കുടുംബശ്രീ ബസാര്‍ ഡോട്ട്.കോം എന്ന പേരില്‍ ഓണ്‍ലൈന്‍ വിപണന രംഗത്തും ചുവടുറപ്പിച്ചുകഴിഞ്ഞു. ആമസോണ്‍, സഹേലി, ഫ്ളിപ് കാര്‍ട്ട് എന്നിവയുമായി സഹകരിച്ചും ഉത്പന്നവിപണനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് 3,43,271 വനിതാ കര്‍ഷകര്‍ 74776 കാര്‍ഷിക കൂട്ടായ്മകളിലൂടെ 33,310.05 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നു. ആട് ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കന്‍ എന്നീ പദ്ധതികളിലൂടെ മൃഗസംരക്ഷണ മേഖലയിലും കുടുംബശ്രീയുണ്ട്. രണ്ട് ഐടി യൂണിറ്റുകളും ഒരു ഐ ടി കണ്‍സോര്‍ഷ്യവും 19 ട്രെയിനിംഗ് ഗ്രൂപ്പുകളും കുടുംബശ്രീയുടേതായുണ്ട്. വിവിധ സംരംഭക മേഖലകളില്‍ 91,060 ഗ്രൂപ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 1184 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. കുടുംബശ്രീ വനിതകളുടെ മികവുകള്‍ പറയാന്‍ ഇനിയും ഏറെയുണ്ട്.
സ്ത്രീധനത്തിനെതിരേ, സ്ത്രീപീഡനത്തിനറുതിവരുത്താന് സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുവാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവന്ന കാലയളവാണിത്. സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സര്‍വതല സ്പര്‍ശിയായ പ്രചാരണമാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. 2021 ഡിസംബര്‍ 18ന് സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനത്തെ തുടര്‍ന്ന് നാടും നഗരവും ഇളക്കി മറക്കുന്ന നിരവധി പ്രചാരണ പരിപാടികള്‍ കുടുംബശ്രീ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പതിനാല് ജില്ലകളിലെ അറുനൂറോളം കേന്ദ്രങ്ങളില്‍ കലാകാരികളായ 168 വനിതകള്‍ സ്ത്രീശക്തീ കലാജാഥയിലൂടെ നാടുണര്‍ത്തി. വര്‍ത്തമാനകാല വനിതാ മുന്നേറ്റങ്ങളില്‍ സാംസ്കാരിക ഇടപെടലുകള്‍ക്കു വളരെയേറെ പ്രാധാന്യമുണ്ട്.
കുടുംബശ്രീയുടെ നിയമാവലി അനുസരിച്ച് ഒരു കുടുംബത്തിലെ ഒരു സ്ത്രീക്കാണ് അയല്‍ക്കൂട്ടത്തില്‍ അംഗമാകാന്‍ സാധിക്കുക. രജതജൂബിലി വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ട ഒരു പരിമിതി ഈ മാനദണ്ഡപ്രകാരം യുവതികള്‍ക്ക് കുടുംബശ്രീയുടെ ഭാഗമാകാന്‍ സാധിക്കുന്നില്ല എന്നതാണ്. കുടുംബശ്രീ യുവതി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. 18 മുതല്‍ 40 വയസുവരെയുള്ള വനിതകളാണ് ഇതില്‍ അംഗങ്ങളാവുക. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും എന്നാല്‍ വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന യുവതികള്‍ക്ക് അവര്‍ പഠിച്ച മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കാനാണ് യുവതി ഓക്സിലറി ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്.
സാമൂഹിക വികസന പ്രക്രിയയില്‍ സ്ത്രീകളുടെ സംഘശക്തിയെ എപ്രകാരം ഫലപ്രദമായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച വിശദവും ആഴത്തിലുള്ളതുമായ ആസൂത്രണ നിര്‍വഹണ പ്രക്രിയകളുടെ കരുത്തുറ്റ തുടര്‍ച്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നത്. സ്വന്തമായി നേടുന്ന സാമ്പത്തിക പിന്‍ബലമാണ് സാമൂഹികവും മാനസികവുമായ അന്തസും അഭിമാനവും നേടാന്‍ കരുത്തുനല്കുന്നതെന്നും അതു ഭൗതിക ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാനഘടകമാണെന്നുമുള്ള സന്ദേശം ഓരോ സ്ത്രീയുടെ മനസിലും ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവരുടെ പങ്കാളിത്തം അനിവാര്യമാണ്. പങ്കാളിത്തത്തിലെ പരിമിതികള്‍ സമൂഹത്തെയാകമാനം പ്രതികൂലമായി ബാധിക്കും. സ്ത്രീകളുടെ ദുഃസ്ഥിതി ഇല്ലാതാക്കി സുസ്ഥിതി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്കുന്ന ഊന്നലിനൊപ്പം പങ്കാളിത്തത്തിനും പ്രാധാന്യം നല്‍കണം. അസമത്വം ഇല്ലാതാക്കാന്‍ ഇത് ഗുണം ചെയ്യും. സ്വന്തമായി വരുമാനവും വീടിന് പുറത്ത് ജോലി കണ്ടെത്താനുള്ള പ്രാപ്തിയും കുടുംബത്തിനകത്തും പുറത്തും തീരുമാനങ്ങളെടുക്കാനും മറ്റുമുള്ള സ്ത്രീപക്ഷ സാക്ഷരത സ്ത്രീകള്‍ക്ക് നല്‍കേണ്ടതുണ്ട്. സ്വാതന്ത്ര്യവും അധികാരവും ലഭിക്കുമ്പോള്‍ സ്ത്രീകളുടെ ശബ്ദത്തിനും പങ്കാളിത്തത്തിനും കരുത്ത് കൂടും. സമൂഹത്തില്‍ സ്ത്രീപദവി ഉയരും. കുടുംബശ്രീയുടെ രജത ജൂബിലി വര്‍ഷത്തില്‍ ഇത്തരം ചിന്തകള്‍ തെളിക്കുന്ന പുതുവഴികളിലൂടെ മുന്നേറി, സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബശ്രീ വനിതകള്‍ കൈകോര്‍ക്കുകയാണ്.
എം. വി. ഗോവിന്ദന് മാസ്റ്റര്‍ (തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി)