മോചനമില്ലാതെ ദളിത് ക്രൈസ്തവർ
Monday, November 21, 2022 12:23 AM IST
കഴിഞ്ഞ 18 വർഷമായി ദളിത് ക്രൈസ്തവ സംവരണവുമായി ബന്ധപ്പെട്ടുള്ള കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. കാലപ്പഴക്കമുള്ള ഈ കേസുകൾ തീർപ്പാക്കുന്നതിനുവേണ്ടി 2022 ഒക്ടോബർ 22നകം കേന്ദ്രസർക്കാരിനോട് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുവാൻ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 30ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സമയപരിധി കുറവായതിനാലും സുപ്രീംകോടതിയുടെ നിർദേശം അനുസരിക്കാതിരിക്കാൻ വയ്യാത്ത നിർണായക സാഹചര്യത്തിലും നരേന്ദ്രമോദി തന്ത്രപൂർവം ഒരു പുതിയ കമ്മീഷനെ വയ്ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനാനീക്കം നടത്തി. തത്ഫലമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. ദളിത് ക്രൈസ്തവർക്കും ദളിത് മുസ്ലിംങ്ങൾക്കും പട്ടികജാതിക്കാർക്കും തുല്യമായ സംവരണ പരിരക്ഷ നൽകണമോ എന്നതിനെക്കുറിച്ച് പഠനം നടത്തി രണ്ടുവർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതുകൊണ്ട് മോദിസർക്കാർ മൂന്നു കാര്യങ്ങൾ സാധിച്ചെടുത്തു.
സുപ്രീംകോടതി നൽകിയ സമയപരിധിയെ അതിജീവിക്കാനും രണ്ടുവർഷത്തേക്ക് കാലാവധി നീട്ടിയെടുക്കാനും കഴിഞ്ഞു.
സംവരണാവകാശത്തിനുവേണ്ടി സമരം നടത്തുന്ന സമുദായങ്ങളെ പതിവുപോലെ പ്രത്യാശയോടെ കാത്തിരിക്കാൻ അവസരമുണ്ടാക്കി സംവരണീയ സമുദായങ്ങളെ തൃപ്തിപ്പെടുത്താനും കഴിഞ്ഞു.
പക്ഷേ, എത്രനാൾ ഇങ്ങനെ ഒരു സമൂഹത്തെ വഞ്ചിക്കാനാകും. ദളിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും അവരുടെ വോട്ട് വേണ്ടെന്ന് പറയാൻ ആർജവം കാണിക്കുമോ? ദളിത് ക്രൈസ്തവരുടെ വോട്ട് വാങ്ങിയാണ് രാഷ്ട്രീയ ഭരണാധികാരികൾ ഈ വഞ്ചന നടത്തുന്നത്. ദളിത് ക്രൈസ്തവരെയും മറ്റ് അർഹതയുള്ള സമുദായങ്ങളെയും ലിസ്റ്റിൽപ്പെടുത്തിയാൽ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ കുറഞ്ഞുപോകുമെന്നും മതപരിവർത്തനം വർധിക്കുമെന്നുമൊക്കെ പറഞ്ഞ് തെറ്റിദ്ധാരണ പരത്തി പ്രചാരണം നടത്തുന്നതു സത്യവിരുദ്ധമാണ്. മതേതരത്വം എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയും നയവും നിയമവുമാണ്. എന്നിട്ടും ഈ ചതിയും വഞ്ചനയും തുടരുന്നതു മതവിവേചനം ഒന്നുകൊണ്ടു മാത്രമാണ്.
വിവിധ കമ്മീഷനുകൾ
1935-ലെ ഗവ. ഓഫ് ഇന്ത്യാ ആക്ട് പ്രകാരം മതഭേദമില്ലാതെ അധഃസ്ഥിത വിഭാഗത്തിനു സംവരണാനുകൂല്യങ്ങൾ ലഭിച്ചിരുന്നു. അന്നവർ ഒറ്റക്കെട്ടായിരുന്നു. ഈ ഐക്യം തുടർന്നാൽ ഭാവിയിൽ തങ്ങൾക്കു ദോഷകരമായിത്തീരും എന്ന് മുൻകൂട്ടി കണ്ട സവർണത്വം അവരെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കണ്ടുപിടിച്ച കുടിലബുദ്ധിയാണ് 1950-ലെ രാഷ്ട്രപതിയുടെ ഓർഡിനൻസ്. ഹിന്ദുമതത്തിൽപ്പെടാത്ത മറ്റേതെങ്കിലും മതത്തിൽ വിശ്വസിക്കുന്ന ആർക്കും പട്ടികജാതിയിൽ ഉൾപ്പെടാൻ അർഹതയില്ല എന്ന ഉത്തരവാണ് ദളിത് ക്രൈസ്തവരുടെ എല്ലാ ജനാധിപത്യ രാഷ്ട്രീയ അവകാശങ്ങളും ഇല്ലാതാക്കിയത്. അന്നുമുതൽ നീതി നിഷേധിക്കപ്പെട്ട ജനതനടത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായി സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്രിസ്തുമതത്തിലേക്കു മതപരിവർത്തനം ചെയ്ത പട്ടികജാതിക്കാരുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ നിലവാരങ്ങളെക്കുറിച്ച് അന്വേഷിക്കാനും അവർക്കുകൂടി സംവരണാനുകൂല്യം നൽകാൻ അർഹതയുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കുന്നതിന് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും വിവിധ കമ്മീഷനുകളെ നിയമിച്ചിരുന്നു. ആ കമ്മീഷനുകളെല്ലാം അന്വേഷിച്ച കണ്ടെത്തലുകളിൽ ദളിത് ക്രൈസ്തവർ മതം മാറിയെങ്കിലും ജാതി രൂഢമൂലമായ ഇന്ത്യയിൽ ജാതിവിവേചനം അനുഭവിക്കുന്നുണ്ടെന്നും സംവരണാനുകൂല്യങ്ങൾക്ക് അർഹരാണെന്നുമാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഈ കമ്മീഷനുകളെല്ലാം അവരവരുടെ റിപ്പോർട്ടുകളിൽ ദലിത് ക്രൈസ്തവർക്കു പട്ടികജാതി പദവിക്കും സംവരണത്തിനും അർഹതയുണ്ടെന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരും എതിരഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്ന യാഥാർഥ്യംകൂടി ഓർക്കണം. പിന്നെ എന്തിനാണ് പുതിയൊരു കമ്മീഷന്റെ ആവശ്യം എന്ന് ചിന്തിച്ചാൽ എങ്ങനെയും ഈ ജനത്തെയും കോടതിയെയും കബളിപ്പിച്ച് ഈ വിഷയം നീട്ടിക്കൊണ്ടു പോകണമെന്ന ഗൂഢതന്ത്രമാണെന്നു മനസിലാക്കാം.
ഒരുമവേണം
ദളിത് ക്രൈസ്തവ സമരം അക്രമങ്ങളോ ഭരണസ്തംഭനമോ ജനജീവിതത്തിന് തടസങ്ങളോ ഒന്നും ഉണ്ടാക്കുകയില്ല എന്ന ബോധ്യവും ഇവർ വോട്ടുബാങ്കുകളല്ല എന്ന ചിന്തയുമായിരിക്കും അധികാരികളുടെ നിസംഗതയ്ക്കു കാരണം. സംഘടനകളും നേതാക്കളും ധാരാളം ഉണ്ട്. പക്ഷേ, കാലത്തിന്റെ ശബ്ദം തിരിച്ചറിയാൻ ശ്രമിക്കാത്തവർ വർത്തമാന കാലത്തോടും വരും തലമുറകളോടുമുള്ള പ്രതിബദ്ധതയിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. തന്മൂലം കേരളത്തിൽ നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെയും പോഷകസംഘടനകളുടെയും നേതൃസ്ഥാനങ്ങളിൽപോലും ദളിത് ക്രൈസ്തവർക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നുള്ളതു നേതാക്കൾ തിരിച്ചറിയണം.
ഇവിടെ ഒരു നവശക്തി രൂപംകൊള്ളണം, നവശബ്ദം മുഴങ്ങണം. അതിനായി ദളിത് ക്രൈസ്തവരായി ജനിച്ചവരെല്ലാം ഒറ്റക്കെട്ടാകണം. ജാതി-മത-വിഭാഗീയ ചിന്തകളെല്ലാം മറന്ന് ദളിത് ക്രൈസ്തവ സംവരണം എന്ന ഒറ്റ അജണ്ടയിൽ ഒന്നാകാനുള്ള മാനസിക പരിവർത്തനവും ആർജവവും ഉണ്ടാകണം. ദളിത് ക്രൈസ്തവ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കുന്നതു കാണുന്പോൾ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഓർക്കുകയാണ്. “ദരിദ്രനുവേണ്ടി ഹൃദയരക്തം ഒഴുക്കുന്നവനെ നാം മഹാത്മാവ് എന്നു വിളിക്കുന്നു. അങ്ങനെ അല്ലാത്തവർ ദുഷ്ടാത്മാക്കളാണ്. ദശലക്ഷക്കണക്കിന് ആളുകൾ വിശപ്പിലും ദാരിദ്ര്യത്തിലും അജ്ഞതയിലുമായിരിക്കുന്പോൾ അവരുടെ ചെലവിൽ വിദ്യനേടിയവർ അവരെ കേൾക്കാൻപോലും തയാറാകുന്നില്ലെങ്കിൽ അവരെ ഞാൻ വഞ്ചകരെന്ന് വിളിക്കും’’.
ജോൺ തറപ്പേൽ പൊതി
(ഡിസിഎംഎസ് മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റാണ് ലേഖകൻ)