മഹാരാജാസ് ഓർമിപ്പിക്കുന്നത്....
Monday, September 4, 2023 10:45 PM IST
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനിന്നു നിർമിത ബുദ്ധിയുടെ പാഠശാലകളിലേക്കുള്ള മാറ്റം ലോകത്തുതന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. നിർമിത ബുദ്ധിയുടെ കാലത്ത് ലോക രാജ്യങ്ങളെല്ലാം ഒരേ കാഴ്ചപ്പാടോടും ലക്ഷ്യത്തോടും മുന്നേറുന്ന രംഗങ്ങളും നാടാടെയാണ്. അധ്യാപകർക്ക് പകരം റോബോട്ടുകൾ ക്ലാസ് എടുത്തുതുടങ്ങി എന്നതും ഇതിന് മുന്നോടിയായി ചേർത്തുവായിക്കണം.
സൈബർ യുഗത്തിലെ കുട്ടികളുടെ മനോഭാവവും അഭിരുചിയും കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ചവരിൽനിന്ന് ഏറെ വിഭിന്നമാണ്. അതു മനസിലാക്കി മാത്രമേ ന്യു ജനറേഷനുമായി സംവദിക്കാനാകൂ. അധ്യാപകർ നിരന്തരം സ്വയം നവീകരിച്ചാൽ മാത്രമേ പുതിയ തലമുറയെ ശരിയായവിധം വിദ്യ അഭ്യാസിപ്പിക്കാനാകൂ. അവരുടെ മാറ്റം മനസിലാക്കാതെ ചില അധ്യാപകരും രക്ഷിതാക്കളും നടത്തുന്ന അതിരുകടന്ന ഇടപെടലുകൾ മറ്റ് പല വിഷയങ്ങൾക്കും കാരണമാകാറുണ്ട്.
കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അകന്നു പോകുന്ന കാഴ്ചകളാണ് ഭൂരിഭാഗവും കാണാൻ കഴിയുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എറണാകുളം മഹാരാജാസ് കോളജിലുണ്ടായത്. ഈ സംഭവത്തിനുശേഷം കേരളത്തിലെ കാഴ്ച പരിമിതിയുള്ള അധ്യാപകർ പങ്കുവച്ച അനുഭവങ്ങൾ വളരെ വേദനാജനകമാണ്. എൽപി, യുപി ക്ലാസുകളിലെ കുട്ടികളുടെ ഇവരോടുള്ള പെരുമാറ്റം സഹിക്കാൻ കഴിയുന്നതാണ്. എന്നാൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജ് തലങ്ങളിലെ വിദ്യാർഥികളുടെ അവഹേളനങ്ങൾ പരിധിവിടുന്നു.
മഹാരാജാസ് കോളജിലെ വിദ്യാർഥികൾ ഒടുവിൽ മാപ്പുപറഞ്ഞതായാണ് ലഭിക്കുന്ന വിവരം. അത്രയും നല്ലത്. എന്നാൽ അവർക്കെതിരേ പരാതിയില്ലെന്ന നിലപാടെടുത്ത അധ്യാപകന്റെ മഹത്വം എത്രയോ ഉന്നതമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഇടപെടലുകൾ ഉണ്ടായേ തീരൂ. ഈ അധ്യാപക ദിനത്തിൽ അവർക്കുവേണ്ടി ആകട്ടെ നമ്മുടെ ശബ്ദം മുഴങ്ങുന്നത്. കാഴ്ചപരിമിതിയുള്ള അധ്യാപകർ പഠിപ്പിക്കുന്ന ക്ലാസ് മുറികളിൽ സിസിടിവി കാമറ സ്ഥാപിച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
(സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ് ലേഖകൻ)