ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
Wednesday, September 20, 2023 10:48 PM IST
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഇന്ന് സാർവദേശീയ സമാധാന ദിനം വിപുലമായി ആചരിക്കുകയാണ്. ലോകസമാധാന കൗണ്‍സിലിന്റെ ഭാഗമായ അഖിലേന്ത്യാസമാധാന ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ ദിനം വിപുലമായപരിപാടികളോടുകൂടി രാജ്യത്തൊട്ടാകെ ആചരിക്കുവാൻ തീരുമാനിച്ചിട്ടുമുണ്ട്.
ഈ നൂറ്റാണ്ടിലും കഴിഞ്ഞനൂറ്റാണ്ടിലും ലോകരാഷ്ട്രങ്ങളിൽ പലതിലും മാരകമായ യുദ്ധങ്ങളും അതിന്റെ ഫലമായുളള മനുഷ്യക്കുരുതികളും സാധാരണ സംഭവമായി മാറുന്ന സ്ഥിതിയാണ് സംജാതമായിട്ടുളളത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒരു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. തായ്വാൻ-ചൈനീസ് സംഘർഷങ്ങളും ഇതിൽ അമേരിക്കയുടെയും ചില പാശ്ചാത്യശക്തികളുടെയും ഇടപെടലും യുദ്ധസമാനമായ ഒരു സാഹചര്യത്തിലേക്ക് ഈ മേഖലയെ കൊണ്ടുപോകുകയാണെന്ന സാഹചര്യവും സംജാതമായിട്ടുണ്ട്.
അക്രമങ്ങളും ഹിംസയും യുദ്ധവുമില്ലാത്ത ഒരു ലോകം മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. എല്ലാത്തരം ഹിംസയുടെയും അഭാവമാണ് സമാധാനം. ഇന്ന് ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ നാം നിത്യജീവിതത്തിൽ കാണുന്നുണ്ട്. ജാതിയും മതവും വർഗവും വംശീയതയും പ്രാദേശികതയും സ്ത്രീ-പുരഷ വ്യത്യാസങ്ങളുമെല്ലാം അക്രമങ്ങളുടെയും ഹിംസയുടെയും ഉപകരണങ്ങളായി മാറുന്നു എന്നത് ആധുനികകാലഘട്ടം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
സമാധാനമെന്നത് യുദ്ധമില്ലാത്ത അവസ്ഥമാത്രമല്ല, ലഹള, കൂട്ടക്കൊല, കൊലപാതകം, കായികാക്രമണം തുടങ്ങിയ എല്ലാത്തരം അക്രമപ്രവർത്തനങ്ങളുടെയും അഭാവമാണ്. എല്ലായുദ്ധങ്ങളും സമാധാനത്തെ തകർക്കുന്നു. എല്ലാ അസമാധാനവും യുദ്ധത്തിലേക്ക് ആനയിക്കപ്പെടുന്നു. ജാതിവ്യവസ്ഥ ഘടനാപരമായ ഹിംസയുടെ ഉദാഹരണമാണ്. ചിലർ ജാതിയമായി ഉയർന്നവരെന്നും മറ്റു ചിലർ മോശപ്പെട്ടവരെന്നുമുളള ചിന്താഗതി സമൂഹത്തിൽ അസ്വസ്തത പടർത്തുന്നു.
ഹിംസയുടെ മറ്റൊരുകാരണം വികസിത, വികസ്വര സമൂഹങ്ങളിലെ തൊഴിലാളികളും അസംഘടിതമേഖലയിൽ ജോലി ചെയ്യുന്നവരും കടുത്ത ചൂഷണങ്ങൾക്കു വിധേയരാകുന്നു എന്നുളളതാണ്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നില്ല. തൊഴിൽ രഹിതരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം ആക്രമണങ്ങളിലേക്കും ഹിംസയിലേക്കും നയിക്കുന്നു. പുരുഷാധിപത്യ ലോകക്രമവും സ്ത്രീകൾക്കെതിരായ വിവേചനങ്ങളും ഹിംസയുടെ മറ്റു കാരണങ്ങളിലൊന്നാണ്.
ഹിംസയുടെ ഉറവിടം മനുഷ്യമനസായതുകൊണ്ട് സമാധാനത്തിന്റെ ഉറവിടവും മനുഷ്യമനസുതന്നെയാണ്. വ്യക്തിപരമായ ഹിംസ ചിലപ്പോൾ സാമൂഹികമായ കാരണങ്ങളുടെ സൃഷ്ടിയാകാം. അങ്ങനെയെങ്കിൽ അതിന്റെ പരിഹാരവും സാമൂഹികമായി രൂപപ്പെടേണ്ടതായിട്ടുണ്ട്. സാമൂഹിക തിന്മകളെയും ഹിംസയെയും ഉൽമൂലനംചെയ്യുന്നതിന് ഒരു ജനാധിപത്യസമൂഹം അത്യാവശ്യമാണ്. വിവേചനരഹിതവും നീതിയുക്തവുമായ ഒരു സമൂഹ നിർമിതിയിലൂടെ മാത്രമേ യഥാർഥ സമാധാനം സ്ഥാപിക്കാൻ കഴിയൂ. സമാധാനം ലോകത്തെ എല്ലാ മനുഷ്യരുടെയും രാജ്യങ്ങളുടെയും ആവശ്യമാണ്. യുദ്ധങ്ങളും സംഘർഷങ്ങളുമില്ലാത്ത ഒരു ലോകത്തിനായി ശാശ്വത സമാധാനം നിലനിർത്തുക എന്നത് അനിവാര്യമാണ്.
വംശഹത്യയും കലാപങ്ങളും ഭീകരവാദവും ആധുനികകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി മാനവികതയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു. ആധുനിക സാങ്കേതികവിദ്യയും ആയുധവും ഉപയോഗപ്പെടുത്തി നടത്തുന്ന ഭീകരവാദം ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുന്നു. അമേരിക്കയിലെ പെന്റഗണ്‍ ആക്രമണം, ഇന്ത്യയിലെ മുംബൈ ആക്രമണം എന്നിവയെല്ലാം ആഗോളഭീകരവാദത്തിന്റെ തെളിവുകളാണ്. ആഫ്രിക്കൻ രാജ്യങ്ങളില വംശഹത്യയിൽ ഓരോവർഷവും ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെടുന്നത്.
1994ൽ റുവാണ്ടയിൽ നടന്ന ഹുടു-ടുട്സി വംശീയകലാപങ്ങളിൽ അഞ്ചുലക്ഷം ടുട്സി വംശജർ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ബോംബാക്രമണങ്ങളും മിസൈൽവർഷവും അവിടെ നിത്യസംഭവമായിരുന്നു. അണുവായുധങ്ങളും രാസജൈവായുധങ്ങളും ലോകത്തങ്ങോളമിങ്ങോളമുളള ആയുധപ്പുരകളിൽ നിറഞ്ഞിരിക്കുകയാണ്.
ലോകത്തെ കടുത്ത സംഘർഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും കൂടുതൽ ശക്തപ്പെടുകയാണ്. പലപ്പോഴും ലോകത്ത് യുദ്ധം ഒഴുവാക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഐക്യരാഷ്ട്ര സഭ വെറും നോക്കുകുത്തിയായി മാറുകയാണ്.
ലോകത്തെ പ്രമുഖമായ പല സമാധാന പ്രസ്ഥാനങ്ങൾക്കും ഫലത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂഡൽഹിയിൽ ചേർന്ന ജി 20 ഉന്നതാധികാര സമിതിയോഗവും ലോക സമാധാനത്തെ സംബന്ധിച്ചുള്ള ഗുരുതരമായ പ്രശ്നങ്ങളിൽ വ്യക്തവും ശക്തവുമായ യുദ്ധവിരുദ്ധ രാഷ്ട്രീയ നിലപാട് കൈകൊള്ളുന്നതിൽ പരാജയമടഞ്ഞിരിക്കുകയാണ്.
യുക്രെയ്ൻ-റഷ്യൻ സംഘർഷത്തിൽ യാതൊരു വ്യക്തതയും ഇല്ലാത്തതും എങ്ങും തൊടാത്തതുമായ ഒരു പ്രഖ്യാപനമാണ് ജി 20 നടത്തിയിരിക്കുന്നത്. യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങൾ ലോകത്തൊട്ടാകെ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന്റെ ഭാഗമായാണ് സെപ്റ്റംബർ 21ന് ലോക സമാധാന ദിനം ആചരിക്കുന്നത്.
(അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമതിയുടെ ദേശീയ കൗണ്‍സിൽ അംഗമാണ് ലേഖകൻ)