സായുധ സേനകൾക്കു പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ വീണ്ടും പുനഃസ്ഥാപിച്ചതടക്കം ബിരേൻ സിംഗ് സർക്കാരിന്റെ നടപടികളെല്ലാം ഏകപക്ഷീയവും വിവേചനപരവുമാണ്. അക്രമം രൂക്ഷമായ ഇംഫാലിനെയും താഴ്വര പ്രദേശങ്ങളെയും മാത്രം അഫ്സ്പയിൽനിന്ന് ഒഴിവാക്കിയതു പക്ഷപാതപരമായി. വികസനപദ്ധതികളിൽ മുതൽ ദുരിതാശ്വാസത്തിൽ വരെ കടുത്ത വിവേചനമാണു ഗോത്രജനത നേരിടുന്നതെന്ന കുക്കികളുടെ പരാതിയിൽ കഴന്പില്ലെന്ന് ആർക്കും പറയാനാകില്ല.
സമയം പാഴാക്കി മോദിവന്ദേഭാരത് ട്രെയിനുകൾ ആഴ്ചതോറും ഉദ്ഘാടനം ചെയ്യാൻ ഓടിനടക്കുന്ന പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്തത് അതിലേറെ തെറ്റാണ്. തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി മണിപ്പുരിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമടക്കം രാജ്യം മുഴുവൻ പറന്നുനടക്കുന്ന മോദി മണിപ്പുരിലെ ജനത ദുരിതത്തിലായപ്പോൾ കാണാൻപോലും വിസമ്മതിക്കുന്നതിന് ന്യായമേതുമില്ല. മണിപ്പുർ കലാപത്തെക്കുറിച്ചു പ്രധാനമന്ത്രി തുടരുന്ന ദുരൂഹമൗനവും നിയമസംവിധാനം നിലവിലുള്ള ഒരു രാജ്യത്തിനും അംഗീകരിക്കാനുമാകില്ല.
വെടിവയ്പുകളും ബോംബേറുകളും വെട്ടിക്കൊലകളും തുടർക്കഥയായിട്ടും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും മന്ത്രിമാരും നാണമില്ലാതെ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രവും തയാറല്ല. ബിജെപി മുഖ്യമന്ത്രിയെ പുറത്താക്കാൻ ബിജെപി നേതൃത്വത്തിനു കഴിവില്ലാത്ത നില. മണിപ്പുരികളുടെ കണ്ണീരൊപ്പാൻ രാജ്യം ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ട സമയമായി.
നിയന്ത്രണമില്ലാതെ അക്രമംഇന്റർനെറ്റ് വിലക്കു നീക്കിയതിനു പിന്നാലെ കഴിഞ്ഞ 23നാണ് സോഷ്യൽ മീഡിയയിൽ ജൂലൈ ആറിനു കാണാതായ മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട ചിത്രങ്ങൾ വൈറലായത്. പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ മേയ് ആദ്യം നിർത്തലാക്കിയ മൊബൈൽ ഇന്റർനെറ്റ് സേവനം വീണ്ടും സസ്പെൻഡ് ചെയ്തു. കുക്കി ഭീകരരാണു കൊലയ്ക്കു പിന്നിലെന്ന് മെയ്തെയ്കൾ പറയുന്നു. എന്നാൽ കൊലയ്ക്കു പിന്നിൽ തങ്ങളല്ലെന്നും മെയ്തെയ് ഭൂരിപക്ഷ ബിഷ്ണുപുരിലാണ് കമിതാക്കളായ രണ്ടു വിദ്യാർഥികളെയും അവസാനം കണ്ടതെന്നുമാണ് കുക്കികൾ പറയുന്നത്.
വിദ്യാർഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇംഫാലിൽ രണ്ടു ദിവസത്തിലേറെയായി തുടരുന്ന അക്രമങ്ങൾ പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ അറുപതോളം പേർക്കു പരിക്കേറ്റു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കേണ്ടി വന്നു.
മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ ഇംഫാലിന്റെ പ്രാന്തപ്രദേശത്തുള്ള ആളൊഴിഞ്ഞ തറവാട്വീട് ആക്രമിക്കാനും ശ്രമം നടന്നു. ഇംഫാൽ വെസ്റ്റിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസ് മെയ്തെയ് ജനക്കൂട്ടം തകർത്തു. രണ്ടു വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. തൗബലിലെ ബിജെപി ഓഫീസും പ്രതിഷേധക്കാർ കത്തിച്ചു. കാംഗ്ല കോട്ടയ്ക്കു മുന്നിൽ സ്ത്രീകളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധവും നടന്നു.
അതിവേഗം സിബിഐയുവാവിനെയും കൂട്ടുകാരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് 22 മെയ്തെയ് എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. തുടർന്ന് ഷായും ബിരേൻ സിംഗും സംസാരിച്ചു. ഉടൻ നടപടിയുമായി. സിബിഐ മേധാവി പ്രവീണ് സൂദ് നേരിട്ടു കേസന്വേഷണത്തിന് നിർദേശം നൽകി. സിബിഐ സ്പെഷൽ ഡയറക്ടർ അജയ് ഭട്നഗർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇംഫാലിൽ തങ്ങിയാണ് അന്വേഷണം നടത്തുന്നത്. മെയ്തയ് യുവാവിന്റെ തലയറത്തപ്പോഴും നേരത്തേ കുക്കി യുവാവ് സമാനരീതിയിൽ കൊല്ലപ്പെട്ടപ്പോഴുമുള്ള സർക്കാരിന്റെ നിലപാടിൽ വ്യത്യാസം പ്രകടമായി.
മണിപ്പുർ കേഡറിൽപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് ബൽവാളിനെ ശ്രീനഗറിൽനിന്ന് ഇംഫാലിലേക്കു മാറ്റി നിയമിച്ചതിനെയും കുക്കികൾ സംശയത്തോടെയാണു കാണുന്നത്. 2019ൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു ബൽവാൾ.
ഇംഫാലിൽ പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതക ഷെല്ലും പെല്ലറ്റും പ്രയോഗിച്ചതായി പറയുന്നു. ഇതിനെതിരേയും മെയ്തെയ്കൾ പ്രതിഷേധിച്ചതോടെ പ്രതിഷേധക്കാർക്കെതിരേ അനാവശ്യ ബലപ്രയോഗം നടന്നുവെന്ന ആരോപണം അന്വേഷിക്കാൻ ഡിജിപി രാജീവ് സിംഗ് പ്രത്യേക ഉത്തരവിറക്കി. കുക്കി മേഖലയിലെ പ്രതിഷേധങ്ങളുടെ കാര്യത്തിൽ ഇതൊന്നും ഉണ്ടായതുമില്ല.