കീലേരി അച്ചു വാതിലില്‍ മുട്ടുന്നു
സരളേ വാതില്‍ തുറക്ക്...
എടീ സരളേ, വാതില്‍ തുറക്കെടീ...
അച്ചുവേട്ടനാടീ... കീലേരി... കീലേരി...
1991ൽ പുറത്തിറങ്ങിയ ‘കണ്കെട്ട്’ സിനിമയില്‍ (ചിരിപ്പിക്കുന്ന) കീലേരി അച്ചു എന്ന ഗുണ്ടയുടെ വേഷത്തിലെത്തുന്ന നടന്റെ ഈ ഡയലോഗ് പ്രേക്ഷകരുടെ മനസിലുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ പ്രമുഖ നടന് എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ ഈ സിനിമാരംഗം വ്യാപകമായി ട്രോളായി പ്രചരിക്കുന്നുണ്ട്.
ഷൂട്ടിംഗ് ദിനങ്ങളില്‍ നടിമാര്‍ വിശ്രമിക്കുന്ന ഹോട്ടല്‍ മുറികള്‍ക്കു മുന്നിലെത്തി പുരുഷന്മാര് വാതിലില്‍ മുട്ടുന്ന സംഭവങ്ങള്‍ നിരവധിയാണെന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് കീലേരി അച്ചുവിന്റെ ഇപ്പോഴത്തെ ട്രോളുകൾക്കു പിന്നില്‍. സിനിമയിലെ സ്ത്രീകള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ വാതിലില്‍ മുട്ടുന്നതു നടന്മാരാണോ അണിയറക്കാരാണോ എന്നു വ്യക്തമാക്കുന്നില്ല. തുറന്നില്ലെങ്കില്‍ വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രെ.
സെറ്റിലെത്തുമ്പോള്‍ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒപ്പം കൂട്ടേണ്ടിവരുന്നതു വാതില്മുട്ടുകാരുടെ ശല്യംകൊണ്ടാണെന്നു സിനിമാരംഗത്തെ സ്ത്രീകള്‍ കമ്മിറ്റിക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അവസരം വേണോ, ‘അഡ്ജസ്റ്റ്’ ചെയ്യണംസാധാരണ നിലയില്‍ ജോലി കിട്ടാന്‍ മാനദണ്ഡം എഴുത്തുപരീക്ഷയും അഭിമുഖവുമെങ്കില്, സിനിമാമോഹവുമായെത്തുന്ന സ്ത്രീകളോടു പലപ്പോഴും തേടുന്നത് ‘അഡ്ജസ്റ്റ്’ ചെയ്യാന്‍ തയാറുണ്ടോ എന്നതാണെന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്കിയ സ്ത്രീകളുടെ അനുഭവങ്ങളെ ആധാരമാക്കിയാണു കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇന്നും സിനിമാ അവസരത്തിനായി ‘അഡ്ജസ്റ്റ്മെന്റ്’, ‘കോംപ്രമൈസ്’ എന്നീ അലിഖിത മാനദണ്ഡങ്ങള്‍ നിലനില്ക്കുന്നു. അതിനു തയാറാകുന്നവര്‍ക്ക് അവസരങ്ങളും പ്രത്യേക പരിഗണനകളും കൊടുക്കുമത്രെ. അതേക്കുറിച്ചു നാളെ...
ഹേമ കമ്മിറ്റി- വഴികള്‍, ട്വിസ്റ്റുകള്‍2017 ഫെബ്രുവരി 17നു കൊച്ചിയിലുണ്ടായ പ്രമാദമായ നടി ആക്രമണ കേസോടെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും അവര്‍ നേരിടുന്ന പ്രശ്നങ്ങളും സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഗൗരവമായ ചര്‍ച്ചകളായത്.
മലയാളസിനിമാരംഗത്തെ ഒരു വിഭാഗം വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) കൂട്ടായ്മ രൂപീകരിച്ചതും അത്തരം ചര്‍ച്ചകളിലേക്കു കൂടുതല്‍ പൊതുശ്രദ്ധയും അധികാരികളുടെ ഇടപെടലുകളും സാധ്യമാക്കി. ഇത് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റിയെ നിയോഗിക്കുന്നിതിലേക്കു നയിച്ചു.
2018 മേയ്- ജസ്റ്റീസ് ഹേമ അധ്യക്ഷയും നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവര്‍ അംഗങ്ങളുമായി കമ്മീഷനെ നിയമിച്ചു.
2019 ഡിസംബര്‍ 31 - ഹേമ കമ്മീഷന് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2021 ജനുവരി- റിപ്പോര്‍ട്ടിലെ ഉള്ളടക്കവും ശിപാര്‍ശകളും പുറത്തുവിടാതെ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി രംഗത്ത്. റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നു സര്‍ക്കാര്‍. വിഷയം കോടതിയിലേക്ക്.
2024 ജൂലൈ 13- കോടതി ഉത്തരവിനെത്തുടര്‍ന്നു റിപ്പോര്‍ട്ട് ജൂലൈ 24നു പുറത്തുവിടുമെന്നു സര്‍ക്കാര്‍.
2024 ജൂലൈ 22- റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു കോടതിയുടെ സ്റ്റേ.
2024 ഓഗസ്റ്റ് 13- ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റീസ് വി.ജി. അരുണ്‍, സ്വകാര്യത ഉറപ്പാക്കി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. 17നു റിപ്പോര്‍ട്ട് പുറത്തുവിടുമെന്നു സര്‍ക്കാര്‍.
2024 ഓഗസ്റ്റ് 16- റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുമ്പ് തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ടു നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതിയില്‍. റിപ്പോര്‍ട്ടിനു സ്റ്റേ അനുവദിച്ചില്ല.
2024 ഓഗസ്റ്റ് 19- സജിമോന്‍ പാറയിലിന്റെയും രഞ്ജിനിയുടെയും അപ്പീല്‍ അപേക്ഷകള്‍ വീണ്ടും ഹൈക്കോടതിയില്‍. രണ്ടും പിന്നീടു പരിഗണിക്കാന്‍ മാറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.
(തുടരും)