നിയമമുണ്ട്, പാലിച്ചാല്‍ മതി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരേ നടക്കുന്ന എല്ലാ വിധത്തിലുമുള്ള അതിക്രമങ്ങളെയും നിയന്ത്രിക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും രാജ്യത്തു നിയമങ്ങളുണ്ട്. പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹറാസ്മെന്റ് അറ്റ് വര്‍ക്ക് പ്ലേസ് (പിഒഎസ്എച്ച്) എന്നത് ആ നിലയില്‍ ശക്തമായ നിയമമാണ്. തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി നിര്‍ബന്ധമായും രൂപീകരിക്കണമെന്ന ചട്ടം പ്രാബല്യത്തില്‍ വന്നത് ഈ നിയമപ്രകാരമാണ്.
1992ല്‍ രാജസ്ഥാനിലുണ്ടായ പ്രമാദമായ ലൈംഗികപീഡന കേസിന്റെ പശ്ചാത്തലത്തില്‍, വനിതാ സംഘടനകളുടെ ഏകോപനത്തില്‍ നടന്ന പ്രക്ഷോഭമാണ് അത്തരമൊരു നിയമനിര്‍മാണത്തിലേക്കു വഴിവച്ചത്. 2012ലെ നിര്‍ഭയ കേസോടെ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി.
നടി ആക്രമണ കേസിനെത്തുടര്‍ന്നു രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസിയുടെ സമ്മര്‍ദമാണു ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ ബീജാവാപത്തിനു നിമിത്തമായത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ശിപാര്‍ശകളും പരിഗണിച്ചു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നിയമപരിഷ്കരണമോ പുതിയ ട്രൈബ്യൂണലോ സാധ്യമായാല്‍ അതു സിനിമാ മേഖലയിലെ മറ്റൊരു ‘പോസിറ്റീവ് ട്വിസ്റ്റാ’കും.
ആക്ഷൻ... കട്ട്! പൊതു ഇടങ്ങളിലെ തെറ്റുകള്‍ കണ്ടെത്താനും തെറ്റുകാരെ ശിക്ഷിക്കാനും നിയമങ്ങള്‍ക്കു കുറവില്ല. ആ നിയമങ്ങളെ ആദരവോടെ കാണാനും അതു പാലിക്കാനുമുള്ള പ്രതിബദ്ധതയുണ്ടാവുകയാണു പ്രധാനം.
സിനിമാ മേഖല എന്ന വിശാലമായ തൊഴിലിടത്തില്‍, നിയമങ്ങള്‍ക്കും മേലെ പവറും അദൃശ്യമായ പവര്‍ ഗ്രൂപ്പും പിടിമുറുക്കിയാല്‍ ഇരകള്‍ ഇരകളായും വേട്ടക്കാര്‍ വേട്ടക്കാരായും ത്രില്ലര്‍ കഥ തുടരും. അത്തരം അതിരുവിട്ട ‘ആക്ഷനു’കളോടു ഹേമ കമ്മിറ്റിയും കേരളവും ഉറച്ച ശബ്ദത്തില്‍ പറയുന്നു - കട്ട്!
ഹേമ കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശകള്‍1. സിനിമാരംഗത്തു തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ 50 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം.
2. സിനിമാരംഗത്തെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ ജഡ്ജിയുടെ അധികാരമുള്ള ട്രൈബ്യൂണല്‍ രൂപീകരിക്കണം.
3. ചിത്രീകരണത്തിനു മുമ്പ് മുഴുവന്‍ അഭിനേതാക്കളുമായും സാങ്കേതികവിദഗ്ധരുമായും നിര്‍മാതാവ് കരാറില്‍ ഒപ്പുവയ്ക്കണം.
4. മദ്യവും മറ്റു ലഹരികളും സിനിമാ സെറ്റില്‍ ഉപയോഗിക്കുന്നില്ലെന്നു നിര്‍മാതാവ് ഉറപ്പാക്കണം.
5. സിനിമാ സെറ്റില്‍ കുറ്റകൃത്യമുണ്ടായാല്‍ ലോക്കല്‍ പോലീസില്‍ ഉടന്‍ വിവരമറിയിക്കണം.
6. സിനിമാ മേഖലയില്‍ ലൈംഗിക കുറ്റകൃത്യം തടയുന്നതിന് പുതിയ നിയമം വേണം.
7. പ്രതിഫലത്തില്‍ തുല്യത വേണം. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകൾക്കു മിനിമം വേതനം നിശ്ചയിക്കണം. ഇതു ബാങ്കുവഴി നല്‍കണം.
8. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിര്‍മാണം, സംവിധാനം, കാമറ, കഥ, തിരക്കഥ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കു പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം.
9. സിനിമാരംഗത്തേക്കു കൂടുതല്‍ വനിതകള്‍ എത്തുന്നതു പ്രോത്സാഹിപ്പിക്കണം.
10. വിവിധ കാരണങ്ങളാല്‍ സിനിമാ മേഖലയില്‍നിന്നു താത്കാലികമായി മാറിനില്ക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കായി ക്ഷേമനിധി പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കണം.
(അവസാനിച്ചു)