അൻവറിന്റെ ചാട്ടം എവിടെ വരെ?
അനന്തപുരി /ദ്വിജൻ
Sunday, September 29, 2024 1:07 AM IST
അവസാനം അൻവറിന്റെയും അദ്ദേഹത്തെ ചാടിക്കുന്നവരുടെയും യഥാർഥ ലക്ഷ്യം വ്യക്തമായി. അതു ശശിയും അജിത്കുമാറുമല്ല സാക്ഷാൽ പിണറായിതന്നെ. അൻവർ കളി തുടങ്ങിയപ്പോൾതന്നെ രാഷ്ട്രീയ നിരീക്ഷകർക്ക് ഇക്കാര്യം തീർച്ചയായിരുന്നു. ഇത് ശശിയിലും അജിത്കുമാറിലും തീരാൻ പോകുന്നില്ല. അൻവർ ആരോപിക്കുന്ന മിക്കവാറും കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ മനസുതന്നെയാണ്. പക്ഷേ, അതുപറഞ്ഞ് പിണറായിയോട് പടിയിറങ്ങണം എന്നു പറയാൻ അൻവറിന് എന്തവകാശം എന്ന ചോദ്യമാണ് ഇപ്പോൾ പിണറായിയെ എതിർക്കുന്നവരുടെ മനസിൽപോലും ഉയരുന്നത്. ഏതെല്ലാം തരത്തിലുള്ള എത്ര കേസുകളിൽ പ്രതിയാണ് അൻവർ എന്ന് ആർക്കാണ് നിശ്ചയം?
അതുകൊണ്ടുതന്നെ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പാർട്ടി അടക്കം ഒന്നും ചലനം ഉണ്ടാക്കാനിടിയില്ല. സാക്ഷാൽ സുലൈമാൻ സേട്ട് ഉണ്ടാക്കിയ പാർട്ടിയും കെ. കരുണാകരൻ ഉണ്ടാക്കിയ പാർട്ടിയും എം.വി. രാഘവൻ ഉണ്ടാക്കിയ പാർട്ടിയും ഗൗരിയമ്മ ഉണ്ടാക്കിയ പാർട്ടിയും പച്ചപിടിക്കാത്ത നാട്ടിലാണ് അൻവറിന്റെ പാർട്ടി! കെ.ടി. ജലീൽ ഇപ്പോൾ രണ്ടു വള്ളത്തിലാണ്. ഇടതുമുന്നണിയിൽനിന്ന് ഇനിയും ഒന്നും കിട്ടില്ലെന്ന് തീർച്ചയായാൽ അൻവറിനൊപ്പം ചേർന്നേക്കാം. അൻവറിന് പിന്നിലുള്ളവർ പി.ടി.എ. റഹിം, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരെക്കൂടി ഒപ്പം എത്തിക്കുമോ എന്ന് കണ്ടറിയണം. ഇത്തരം ഒരു പാർട്ടി ഉണ്ടായാൽ ലീഗിനാവും തലവേദന. ഇടതുമുന്നണി അഭയം കൊടുക്കാത്തപക്ഷം അവർക്ക് ഒന്നും ചെയ്യാനാവില്ല.
സർക്കാരിലും പാർട്ടിയിലും വിശ്വാസം നശിച്ചെന്നും ഇനി കോടതിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം നടത്തുന്ന പ്രഖ്യാപനം പുതിയ യുദ്ധമുഖം തുറക്കുന്നതിന്റെ സൂചനയാണ്. നിയമം നിയമത്തിന്റെ വഴി പോകും എന്നല്ലാതെ അതിലൂടെ എന്തെങ്കിലും അട്ടിമറിക്കു സാധ്യതയുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല.
ഇനി അൻവർ ഇടതുമുന്നണിക്കു ശത്രുപക്ഷത്താണ്. ജനാധിപത്യമുന്നണിയുടെ മിത്രപക്ഷത്തുമല്ല. അദ്ദേഹത്തിനെതിരേ നിയമനടപടികൾ ഉണ്ടായാൽ ആരു പ്രതിരോധിക്കാനെത്തും? ഇത്രയും കുപ്രസിദ്ധനായ ഒരാൾ നടത്തുന്ന നീക്കങ്ങൾക്ക് ആരിൽനിന്നും പ്രതിരോധം കിട്ടാൻ ഇടയില്ല. ആരും കൂട്ടാതെ വന്നാൽ ജലീൽ ബിജെപി പക്ഷത്ത് എത്തിയാലും അദ്ഭുതമില്ല.
അൻവർ കൃത്യസമയം നോക്കിയാണ് അടിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന കാലമാണിത്. പാർട്ടി സഖാക്കൾ പാർട്ടിയെക്കുറിച്ച് സ്വതന്ത്രമായ ചർച്ച നടത്താറുള്ള കാലം. അതിനനുസരിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന കാലം. പാർട്ടി നേതൃത്വത്തിലും ഭരണത്തിലും മാറ്റം വരണം എന്ന പൊതുവികാരം ശക്തമാക്കണം എന്നാവും അൻവറിന്റെയും കൂട്ടാളികളുടെയും ലക്ഷ്യം. അതിന് കോടിയേരി ബാലകൃഷ്ണനോട് കാണിച്ച അനീതി, അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളുടെ ശോഭ ചോർത്തിയത്, റിയാസിനു കൊടുക്കുന്ന അമിതപ്രാധാന്യം തുടങ്ങി സഖാക്കൾക്കിടയിൽ വൈകാരികമായ ചലനം സൃഷ്ടിക്കാവുന്ന വിഷയങ്ങളും ബിജെപി പ്രീണനംപോലെ മുസ്ലിം സമൂഹത്തിൽ വൈകാരികമായ ചലനം ഉണ്ടാക്കാവുന്ന ആയുധങ്ങളും അവർ ഉപയോഗിക്കുന്നു.
യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില വ്യവസായികളും പാർട്ടിയിലെതന്നെ ചില പ്രമുഖരും അൻവറിനു പിന്നിൽ ഉണ്ടെന്നാണ് പൊതുസംസാരം. അവർ ആരെല്ലാമാണെന്ന് എത്രയോ കുളം കണ്ട കൊക്കായ പിണറായിക്കു കൃത്യമായി അറിയാം. അതനുസരിച്ചുള്ള കളികളും കരുനീക്കങ്ങളും ഉണ്ടാവും, അതാണ് കേരളം കാത്തിരിക്കുന്നത്. പക്ഷേ, പറയുന്നത് അൻവറായാലും കാന്പുള്ള കാര്യങ്ങൾക്കനുസരിച്ചു തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ ഇടതുമുന്നണിയുടെ സ്ഥിതി കട്ടപ്പുകയാകും.
പാർട്ടിയുടെ ഉപയോഗം കഴിഞ്ഞു
സിപിഎമ്മിൽ നുഴഞ്ഞുകയറിയ മുസ്ലിം തീവ്രവാദികൾ അതിനുള്ളിൽ ജിഹാദികളായി പരിണമിക്കുന്ന കാഴ്ച കൗതുകകരമാണ്. വഴിയിൽ കിടന്ന ആരെയോ എടുത്ത് എവിടെയോ വച്ച് കടിമേടിച്ചവന്റെ മട്ടിലായിട്ടുണ്ട് പിണറായി വിജയൻ. അധികാരം പിടിക്കാൻ മുസ്ലിം പ്രീണനവും അതിനു തെളിവായി വഴിയിൽ കിടന്നവരെയെല്ലാം കൂടെ കൂട്ടുകയും ചെയ്തതിന്റെ നേരടയാളമായി പി.വി. അൻവർ.
നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന ചൊല്ലുപോലെ ചിലതൊക്കെ സംഭവിക്കാം എന്നല്ലാതെ അൻവറിനോ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന പാർട്ടിക്കോ ഏറെ ഒന്നും ചെയ്യാനാവില്ലെന്നത് സത്യം. ഇത്തരക്കാർ പാലം കടക്കുവോളം നാരായണ എന്നും പാലം കടന്ന ശേഷം കൂരായണ എന്നും പറയാൻ ഒരിക്കലും മടി കാണിക്കുന്നവരല്ലെന്നതിന് കാലം സാക്ഷി. അതാണ് ഇപ്പോൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. മറുകണ്ടം ചാടി എന്തെങ്കിലും ഉറപ്പിക്കാനും ഇവർക്ക് വല്ലാത്ത വൈഭവമുണ്ട്.
ഉമ്മൻ ചാണ്ടിക്കെതിരേ പറഞ്ഞ ജനാധിപത്യമുന്നണിയുടെ വിപ്പായിരുന്ന പി.സി. ജോർജിന് സംഭവിച്ചതുതന്നെയാകും അൻവറിനെയും കാത്തിരിക്കുക. ജോർജും ഒരു പാർട്ടി ഉണ്ടാക്കിയിരുന്നു. സിപിഎമ്മിൽ നിന്നുകൊണ്ട് സിപിഎമ്മിനെ ചീത്ത വിളിക്കുന്പോൾ കിട്ടുന്ന പിന്തുണയും സ്വീകാര്യതയുമൊന്നും സിപഎമ്മുമായുള്ള ബന്ധം ഇല്ലാതായാൽ അൻവറിനു കിട്ടില്ല. പണ്ട് എം.വി. രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവർ പാർട്ടിയിൽ നിന്നുകൊണ്ട് ബഹളം വച്ചപ്പോൾ കൊണ്ടുനടന്ന മാധ്യമങ്ങളെല്ലാം പാർട്ടി അവരെ പുറത്താക്കിയതോടെ പടിയിറങ്ങി. അൻവറിനെയും കാത്തിരിക്കുന്നത് അതെല്ലാമാകും.
ഇടതുമുന്നണിയിലും പാർട്ടിയിലും ഇപ്പോഴും പിണറായി തന്നെയാണ് അതിശക്തൻ. മകളുടെ ഭർത്താവ് റിയാസിനു കൊടുക്കുന്ന അമിത പരിഗണനയെക്കുറിച്ചടക്കം പിണറായിയുടെ പല നടപടികളിലും എതിരുള്ളവർക്കുപോലും അദ്ദേഹത്തോട് നേരേനിന്ന് എതിരു പറയാൻ ഇപ്പോഴും ധൈര്യമില്ല. അതുകൊണ്ട് പാർട്ടിയിൽ അദ്ദേഹത്തിനെതിരേ ഒരു നീക്കവും ഇപ്പോൾ ഉണ്ടാവില്ല. ഇടതുമുന്നണിയിലെ ഘടകകക്ഷികളാരും അദ്ദേഹത്തിനെതിരേ ശബ്ദിക്കില്ല. സിപിഐപോലും പിണറായിക്കെതിരേ നീങ്ങില്ല. ആകെ തല ഉയർത്തുന്നത് നിയമസഭയിൽ ഒരംഗമുള്ള ശ്രേയാംസ് കുമാറിന്റെ രാഷ്ട്രീയ ജനതാ ദൾ മാത്രം. അവർക്ക് മുൻ പിൻ നോക്കാനില്ല. ഇടതുമുന്നണികൊണ്ട് ഒന്നും കിട്ടിയതുമില്ല, ഒന്നും നഷ്ടപ്പെടാനുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ജനാധിപത്യമുന്നണിയിൽ മുസ്ലിം ലീഗ് പിണറായിക്കെതിരേ വലിയ യുദ്ധത്തിനൊന്നും തയാറാകില്ല. അതായത് അൻവർ എത്ര കുരച്ചാലും പടി തുറക്കാനുള്ള സാധ്യത ഇപ്പോഴില്ലെന്ന്.
പറയുന്നതാണോ ലക്ഷ്യം
അൻവർ പറയുന്ന പലതും ജനങ്ങളുടെ മനസാണെങ്കിലും അദ്ദേഹം യഥാർഥത്തിൽ വാദിക്കുന്നത് ആർക്കുവേണ്ടി എന്ന സംശയം ശക്തമാണ്. സിപിഎമ്മിനെ രക്ഷിക്കാനാണ് തന്റെ നീക്കമെന്നും സഖാക്കളോടും ന്യുനപക്ഷങ്ങളോടുമാണ് തന്റെ ആഹ്വാനം എന്നും പറയുന്ന അൻവർ താൻ മുസ്ലിംകൾക്കുവേണ്ടി വാദിക്കുന്നുവെന്ന് വരുത്തുകയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ എഡിജിപിയും ബിജെപിയെ സഹായിക്കുന്നു എന്ന ആരോപണത്തിനു പിന്നിലും അൻവറിനുള്ളത് ബിജെപി വിരോധമൊന്നും അല്ല, തനിക്കുള്ള പിന്തുണ ഉറപ്പാക്കലാണെന്ന് വ്യക്തമാണ്.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതം എത്ര ആവേശത്തോടെയാണ് അൻവറിനെ ഏറ്റുപിടിച്ച് എഴുതുന്നത്. ഇതിലൂടെ ബിജിപിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രി ഒത്താശ ചെയ്തു, എഡിജിപി ദല്ലാളായി ദത്താത്രേയ ഹൊസബളെയെയും റാം മാധവിനെയും കണ്ടത് അതിനായിരുന്നു എന്നെല്ലാം ആരോപിക്കുന്നതിനു പിന്നിൽ കേവലം രാഷ്ട്രീയം മാത്രല്ല. സമസ്തയുടെ നിലപാടല്ല സുപ്രഭാതം പറഞ്ഞതെന്ന് ഉമ്മർ ഫൈസി പെട്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. അതാണ് സംഭവിക്കാൻ പോകുന്നത്. ഉമ്മർ ഫൈസിമാർ ധാരാളം ഉണ്ടാവും.
അൻവറിന്റെ ചോദ്യങ്ങൾ
മുഖ്യമന്ത്രി പരമാർശിക്കാത്ത അൻവറിന്റെ പല ചോദ്യങ്ങളും ബാക്കിയുണ്ട്. കരിപ്പൂരിൽ നടക്കുന്ന സ്വർണക്കടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ? പോലീസിലെ ഉന്നതർ കള്ളക്കടത്തു നടത്തുന്നുണ്ടോ? കള്ളക്കടത്ത് സംബന്ധിച്ച് ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ടാണ് കോടതിയിൽ നൽകുന്നത്. കേസിൽ അറസ്റ്റിലായവരെ വിളിച്ച് അന്വേഷിച്ചാൽ സത്യം അറിയാമെന്ന് അൻവർ പറയുന്നു. അപ്പോൾ പരിഹാസം കലർന്ന ഒരു ചോദ്യം വരും. അവൻ പ്രതിയല്ലേ പ്രതി. പ്രതി സത്യം പറയില്ലെന്ന് വിശ്വസിക്കണം പോലും. അവനെ പോലീസ് കവർച്ച ചെയ്യുന്നത് സംബന്ധിച്ച് അവൻ പറയുന്നതിൽ സത്യമുണ്ടോ എന്ന നോക്കേണ്ടതില്ലേ?
സ്വർണം പിടികൂടുന്ന വിവരം പോലീസ് കസ്റ്റംസിനെ അറിയിക്കുന്നില്ലെന്ന് അൻവർ ആരോപിക്കുന്നു. വാസ്തവത്തിൽ പോലീസിന് കള്ളക്കടത്തു പിടിക്കാൻ അധികാരമില്ല എന്നാണ് കസ്റ്റംസ്കാർ പറയുന്നത്. കള്ളക്കടത്ത് കണ്ടുകിട്ടിയാൽതന്നെ വിവരം കസ്റ്റംസിനെ അറിയിക്കുക മാത്രമാണ് പോലീസ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ കസ്റ്റംസിന്റെ വക പാരിതോഷികം വരെ ഉണ്ട്. അതുപോലും വേണ്ടെന്നു വച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. എന്തുകൊണ്ട്? പിടികൂടിയ കൊള്ളമുതൽ എന്നു പറഞ്ഞാണ് കോടതിയിൽ സ്വർണം ഹാജരാക്കുന്നത്. അതും കോടതിയിൽ നിൽക്കാത്ത വകുപ്പും ചുമത്തി. ഇതെല്ലാം ശരിയാണോ എന്ന് മുഖ്യമന്ത്രി പറഞ്ഞില്ല.
അൻവറിന് വിവരം കൊടുക്കുന്ന പോലീസുകാർ
അൻവറിന്റെ വെളിപ്പെടുത്തുലുകൾക്കു പിന്നിൽ നിരവധി പോലീസുകാർ പങ്കാളികളായ കൂട്ടായ്മയാണ് ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിലും മലപ്പുറം ജില്ലിയിലെ വിവിധ ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിൽ ഇവർ ഗൂഢാലോചന നടത്തി എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടത്രേ.
പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ പങ്കെടുത്തു. മേയ് 29, 30 തീയതികളിൽ എടവണ്ണപ്പാറയിൽവച്ച് പ്രധാന ഗൂഢാലോചന നടന്നു. 12 പേർ പങ്കെടുത്തു. ജൂണ് 12ന് കൊണ്ടോട്ടിയിലെ ഒരു വീട്ടിൽ ഒന്പതു പേർ ഒന്നിച്ചു. ഓഗസ്റ്റ് 24നും സെപറ്റംബർ 16നും കോഴിക്കോട് വിമനത്താവളത്തിൽവച്ചും കൂടിക്കാഴ്ച നടന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേരുക വലിയ കണ്ടെത്തലുകളിലാകണം. ഇനി കർശനമായ നടപടികൾ ഉണ്ടാകും.
പോലീസിലെ പച്ചവെളിച്ചം ആപത്താണെന്ന് ഇപ്പോഴെങ്കിലും ഇടതുപക്ഷം മനസിലാക്കിയെങ്കിൽ നന്ന്. ഏതായാലും അൻവറിനെക്കുറിച്ചും കൂടെയുള്ളവരെക്കുറിച്ചും ഒരുപിടി വെളിപ്പെടുത്തലുകൾ ഉണ്ടാകാനാണ് ഇട. അതിനാവും അജിത്കുമാറിനെ മാറ്റാതെ നിർത്തിയിരിക്കുന്നതും. കളി മൂക്കുകയാണ്.