ബെത്‌ലഹേമിലെ മേരിക്കു 'മക്കള്‍' 400 ലേറെ
ബെത്‌ലഹേമിലെ  മേരിക്കു 'മക്കള്‍' 400 ലേറെ
പെരുമ്പാവൂര്‍: ഒന്നുമില്ലാത്തവര്‍ക്കും ഒന്നുമാകാത്തവര്‍ക്കും ഒന്നിനും വയ്യാത്തവര്‍ക്കും സ്നേഹപൂര്‍വം അഭയവും തണലുമൊരുക്കുന്നതു ദൈവികമായ പ്രവൃത്തിയാണ്. അവര്‍ക്കു കരുതലും കാവലുമാകുന്നതു ദൈവനിയോഗമാണെന്നു തിരിച്ചറിഞ്ഞ്, അവര്‍ക്കായി ജീവിതം സമര്‍പ്പിച്ച മേരി എസ്തപ്പാനും,ബെത്ലഹേം അഭയഭവനും അനേകര്‍ക്കായി അക്ഷരാര്‍ഥത്തില്‍ കാരുണ്യത്തിന്റെ പൂക്കാലമൊരുക്കുകയാണ്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തു കൂവപ്പടിയില്‍ 22വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബെത്ലഹേം അഭയഭവന്‍,നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരും രോഗികളുമായ പുരുഷന്മാരെയും സ്ത്രീകളെയും സംരക്ഷിക്കുന്ന അഗതിമന്ദിരമാണ്. ആരോരുമില്ലാതെ വിശന്നു വലഞ്ഞു നടന്ന വയോധികനു,വീടിനോടു ചേര്‍ന്നുള്ള ചെറിയ ഷെഡില്‍ അഭയം നല്‍കി മേരി എസ്തപ്പാന്‍ തുടങ്ങി വച്ച ഈ സ്നേഹസംരംഭം, ഇന്നു 402 അന്തേവാസികളും 33ജോലിക്കാരുമായി ബെത്ലഹേം അഭയഭവനായി വളര്‍ന്നു. സിഎസ്ടി വൈദികര്‍നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് അഭയഭവന്റെ ആദ്യ കെട്ടിടം ഉയര്‍ന്നത്. ഇപ്പോള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കെട്ടിടങ്ങള്‍ ഉണ്ട്.

അന്തേവാസികളില്‍ ഏറെപ്പേരും രോഗികളും അവശരുമാണ്. മാനസിക വൈകല്യമുള്ളവരം ഭിന്നശേഷിക്കാരുമുണ്ടു കൂട്ടത്തില്‍. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം നിരന്തരം ലഭ്യമാക്കുന്നു. മരണാസന്നരായ അന്തേവാസികളില്‍ പലരെയും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകാറുണ്ട്. ആരുമില്ലാത്തവര്‍ക്കു മരണ നിമിഷത്തിലും ബെത്ലഹേം അഭയഭവന്റെ കാരുണ്യത്തണലുണ്ട്. അനാഥരായ മൂന്നു യുവതികളുടെ വിവാഹത്തിനും അഭയഭവന്‍ സാക്ഷിയായി.അന്തേവാസികളെ പരിചരിക്കാനും അവര്‍ക്കു ഭക്ഷണമൊരുക്കാനും വിളമ്പി നല്‍കാനുമെല്ലാം ജീവനക്കാര്‍ക്കൊപ്പം മേരിയും കൂടും. വയോജനങ്ങളാണെങ്കിലും അവര്‍ക്കെല്ലാം മേരി എസ്തപ്പാന്‍ പ്രിയപ്പെട്ട അമ്മയാണ്. മക്കളെപ്പോലെ സ്നേഹവും വാത്സല്യവും കരുതലും നല്‍കി തന്നെയാണു മേരി അവരെ പരിചരിക്കുന്നതും.

അഭയഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണയുമായി തന്റെ മൂന്നു മക്കളും മേരി എസ്തപ്പാനൊപ്പമുണ്ട്.ബെത്ലഹേം അഭയഭവനിലൂടെ നിസ്വാര്‍ഥമായി സേവനം ചെയ്യുന്ന മേരി എസ്തപ്പാനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അക്കാമ്മ ചെറിയാന്‍ വനിതാരത്ന പുരസ്‌കാരവുമെത്തിയിട്ടുണ്ട്.

ആളൊന്നിനു സര്‍ക്കാര്‍ നല്‍കുന്ന1100രൂപ ഗ്രാന്‍ഡ് അഭയഭവനിലെ നിത്യ ചെലവുകള്‍ക്കു തികയാത്ത സ്ഥിതിയാണ്. സഹായിക്കാന്‍ സുമനസുകള്‍ ഏറെയെത്താറുണ്ട്. മാറിയ സാഹചര്യത്തില്‍ അതിജീവനം കഠിനമാണ്.കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സഹായിക്കാനെത്തുന്നവര്‍ കുറഞ്ഞെങ്കിലും,മേരി പിന്നോട്ടില്ല. പ്രതിസന്ധികള്‍ക്കിടയിലും ദൈവ നിയോഗം പോലെഏറ്റെടുത്തിരിക്കുന്ന തന്റെ ശുശ്രൂഷ മുന്നോട്ടു കൊണ്ടുപോകാന്‍ ഓരോ കാലത്തും ആരെങ്കിലുമൊക്കെ എത്തുമെന്ന പ്രതീക്ഷയിലാണു മേരി എസ്തപ്പാനും ബെത്ലഹേം അഭയഭവനിലെ അന്തേവാസികളും.













വിലാസം:

Bethlehem Abhayabhavan Charitable Society
Koovappady -683544,
Perumbavoor
ErnakulamDist., Kerala
Phone:0484-2641374, Mob: 8848383735
Web: www.abhayacharity.org
E Mail : [email protected]

Kindly sent your donations to :
Donate Online-
Bethlehem Abhayabhavan Charitable Society
Federal Bank, Angamaly
Account No. 10020100201264
IFSC : FDRL0001002

Donate from outside India-
Bethlehem Abhayabhavan Charitable Society,
Canara Bank, Perumbavoor
FCRA Account No. 3394201000227
IFSC : CNRB0003394

( All donations are tax exempted from Income Tax under Section 80 G)