സമാപന ചടങ്ങിൽ താരങ്ങളുടെ പരേഡിൽ ഗുസ്തിയിൽ വെങ്കലം നേടിയ ബജ്റംഗ് പൂനിയയാണ് ഇന്ത്യൻ പതാക വഹിച്ചത്. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ, പ്രമുഖ താരങ്ങളിൽ പലരും സമാപന ചടങ്ങിൽ പങ്കെടുത്തില്ല. ‘ഒരുമിച്ച് മുന്നോട്ട്’ എന്നതായിരുന്നു സമാപനച്ചടങ്ങിന്റെ ആശയം. ഒളിന്പിക്സിന്റെ തുടർച്ചയായ പാരാലിന്പിക്സ് ഈ മാസം 24ന് ടോക്കിയോയിൽ ആരംഭിക്കും.
അമേരിക്ക ചാന്പ്യന്മാർഇ ഞ്ചോടിഞ്ച് പൊരുതിയ ചൈനയെ പിന്തള്ളി ടോക്കിയോയിൽ അമേരിക്ക ചാന്പ്യന്മാരായി. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും ഉൾപ്പെടെ 113 മെഡലുമായാണ് അമേരിക്ക കായികലോകത്തിന്റെ തലപ്പത്തെത്തിയത്. തുടർച്ചയായി മൂന്നാം തവണയാണ് അമേരിക്ക മെഡൽപ്പട്ടികയിൽ മുന്നിലെത്തുന്നത്. 38 സ്വർണം, 32 വെള്ളി, 18 വെങ്കലം എന്നിങ്ങനെ 88 മെഡലാണു ചൈനയ്ക്കുള്ളത്.
ആതിഥേയരായ ജപ്പാൻ 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവുമായി 58 മെഡലോടെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ ഏഴു മെഡലുമായി ഇന്ത്യ 48-ാം സ്ഥാനവുമായാണു ടോക്കിയോയിൽനിന്നു മടങ്ങിയത്.
ടോക്കിയോയിൽനിന്ന് ആൻ ജോബി