പ്രതീകാത്മക ചിത്രം
നിങ്ങൾ ഇപ്പോൾ ഇതു വായിക്കുന്നത് ഇരുന്നുകൊണ്ടാണോ? എങ്കിൽ ഒന്ന് നോക്കൂ, എത്ര നേരമായി ഇരിക്കുന്നു?ഉത്തരം രണ്ട് മണിക്കൂറിൽ കൂടുതലാണെങ്കിൽ നിങ്ങളോട് ഒരു മോശം വാർത്ത പറയാനുണ്ട്. നിങ്ങൾ ഇപ്പോൾ ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞു. വലിച്ചിട്ടില്ലെങ്കിലും, ശരീരത്തിന് കിട്ടിയ ദോഷം അതിന് തുല്യമാണ്.
കേൾക്കുമ്പോൾ അതിശയോക്തി തോന്നും, പക്ഷെ ഇതാണ് സത്യം. ഡോക്ടർമാർ ഇപ്പോൾ പറയുന്നത് "Sitting is the new smoking" എന്നാണ്.. നമ്മുടെ കസേരകൾ സിഗരറ്റിനേക്കാൾ അപകടകാരിയാകുന്നു.പുകവലി ശ്വാസകോശത്തെ നശിപ്പിക്കും എന്ന് നമുക്കറിയാം. പക്ഷെ തുടർച്ചയായി ഇരിക്കുന്നത് ശരീരത്തിലെ ഓരോ അവയവത്തെയും സാവധാനം നശിപ്പിക്കും.
രണ്ട് മണിക്കൂർ തുടർച്ചയായി ഇരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാമോ?
കാലിലെ മസിലുകളുടെ പ്രവർത്തനം നിലയ്ക്കുന്നു, രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും കത്തിക്കാൻ സഹായിക്കുന്ന എൻസൈമുകളുടെ പ്രവർത്തനം 90 ശതമാനം കുറയുന്നു, ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. ഇതെല്ലാം ഒരു സിഗരറ്റ് ശരീരത്തിൽ ഉണ്ടാക്കുന്ന അതേ ദോഷങ്ങൾ തന്നെയാണ്.
ദിവസംഎട്ട്മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നവർക്ക് ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, ക്യാൻസർ പോലും വരാനുള്ള സാധ്യത 20 ശതമാനത്തിലധികം കൂടുതലാണ് എന്ന് പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ പത്ത് മുതൽ 15 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ മരണസാധ്യത ഉണ്ടാക്കും എന്നാണ് മറ്റൊരു കണക്ക്.
ഏറ്റവും ഭയാനകമായ കാര്യം, ഇത് നമ്മൾ അറിയാതെ ചെയ്യുന്നു എന്നതാണ്. ഓഫീസിൽ ലാപ്ടോപ്പിന് മുന്നിൽ, വീട്ടിൽ ടിവിക്ക് മുന്നിൽ, കാറിൽ... നമ്മുടെ ജീവിതം മുഴുവൻ ഇരിപ്പായി മാറി. മയോ ക്ലിനിക്കിലെ ഡോ. ജെയിംസ് ലെവിൻ ആണ് ആദ്യമായി "Sitting is the new smoking" എന്ന് പറഞ്ഞത്.
പരിഹാരം വളരെ എളുപ്പമാണ്.
1. ഓരോ 30 മിനിറ്റിലും എഴുന്നേൽക്കുക:
രണ്ട് മിനിറ്റ് നടക്കുക, സ്ട്രെച്ച് ചെയ്യുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
2. 60 മിനിറ്റ് വ്യായാമം:
ദിവസം 60-75 മിനിറ്റ് മിതമായ വ്യായാമം ചെയ്താൽ എട്ട് മണിക്കൂർ ഇരിക്കുന്നതിന്റെ ദോഷം പൂർണമായും മാറ്റാം എന്ന് ലാൻസെറ്റ് പഠനം പറയുന്നു.
സിഗരറ്റ് നമ്മൾ കാശ് കൊടുത്ത് വാങ്ങി വലിക്കും. പക്ഷെ ഈ സിഗരറ്റ് കസേര എന്ന സിഗരറ്റ് ,നമ്മൾ സൗജന്യമായി വലിക്കുകയാണ്. ഇന്ന് മുതൽ ഇടയ്ക്കൊക്കെ ഒന്ന് എഴുന്നേറ്റ് നിൽക്കൂ. നിങ്ങളുടെ ജീവിതം അതിൽ ഇരിപ്പുണ്ട്.