നമ്മുടെ വീടുകളിലെ പ്രായമായ അച്ഛനമ്മമാരുടെ ഷുഗർ നില അല്പമൊന്ന് ഉയർന്നാൽ കുടുംബാംഗങ്ങൾക്ക് വലിയ ആശങ്കയാണ്. പ്രമേഹം കർശനമായി നിയന്ത്രിക്കണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ ഇഷ്ടഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുകയും മരുന്നുകളും ഇൻസുലിനും കൃത്യമായി നൽകി ഷുഗർ നില എപ്പോഴും നിശ്ചിത പരിധിയിൽ തന്നെ നിയന്ത്രിക്കാനും നമ്മൾ പരിശ്രമിക്കാറുണ്ട്.
എന്നാൽ അറുപതും എഴുപതും വയസ് പിന്നിട്ടവരിൽ അമിതമായ നിർബന്ധം ചില സാഹചര്യങ്ങളിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചെറുപ്പക്കാരിലും മധ്യവയസ്കരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വിദഗ്ധർ നിർദേശിക്കുന്നത് ഭാവിയിൽ വൃക്കകളെയും കണ്ണിനെയും ഹൃദയത്തെയും ബാധിച്ചേക്കാവുന്ന സങ്കീർണതകൾ തടയുന്നതിനാണ്.
എന്നാൽ വാർധക്യത്തിലേക്ക് കടക്കുമ്പോൾ ശരീരത്തിന്റെ പ്രവർത്തനക്ഷമതയിലും മരുന്നുകളോടുള്ള പ്രതികരണത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നതോടൊപ്പം ഷുഗർ അല്പം കൂടുന്നതിനേക്കാൾ എത്രയോ വേഗത്തിൽ ജീവന് ഭീഷണിയാകുന്നത് അത് പെട്ടെന്ന് താഴ്ന്നുപോകുന്ന അവസ്ഥയാണ് (ഹൈപ്പോഗ്ലൈസീമിയ).
അമിതമായ ഭക്ഷണനിയന്ത്രണവും മരുന്നുകളും വഴി ഷുഗർ നില ക്രമാതീതമായി കുറയുന്നത് മുതിർന്നവരിൽ പെട്ടെന്നുള്ള തലകറക്കം, കുളിമുറിയിലോ മറ്റോ വീണ് ഇടുപ്പെല്ലിന് ഒടിവുണ്ടാകൽ, ഹൃദയാഘാതം, ഓർമക്കുറവ് തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.
അതുകൊണ്ടുതന്നെ വാർധക്യത്തിലെ പ്രമേഹപരിചരണത്തിൽ കർശനമായ നിയന്ത്രണങ്ങൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ പ്രധാനം മുതിർന്നവരുടെ സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പാക്കുക എന്നതാണ്.
എന്തുകൊണ്ടാണ് മുതിർന്നവരിൽ ഷുഗർ തീരെ കുറയുന്നത് അപകടകരമാകുന്നത്?
രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 mg/dL-ൽ താഴെയാകുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന് വിളിക്കുന്നത്. ചെറുപ്പക്കാരിൽ ഷുഗർ കുറയുമ്പോൾ അമിതമായ വിയർപ്പ്, നെഞ്ചിടിപ്പ്, കൈകാൽ വിറയൽ, വിശപ്പ് തുടങ്ങിയ മുന്നറിയിപ്പ് ലക്ഷണങ്ങൾ ശരീരം നൽകാറുണ്ട്.
എന്നാൽ പ്രായമായവരിൽ നാഡീവ്യൂഹത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നതിനാൽ ഇത്തരം പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. മുന്നറിയിപ്പില്ലാതെ ഷുഗർ താഴുന്നത് താഴെ പറയുന്ന ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും:
വീഴ്ചകളും അസ്ഥിഭംഗവും: ഷുഗർ കുറയുമ്പോൾ പെട്ടെന്നുണ്ടാകുന്ന തലകറക്കവും ബാലൻസ് നഷ്ടപ്പെടലും മൂലം പ്രായമായവർ വീഴാൻ സാധ്യത കൂടുതലാണ്. ഇത് ഇടുപ്പെല്ലിന് ഒടിവുണ്ടാകാനും തലയ്ക്ക് ക്ഷതമേൽക്കാനും ഇടയാക്കും.
ഹൃദയാഘാതവും പക്ഷാഘാതവും: രക്തത്തിൽ ഗ്ലൂക്കോസ് കുറയുമ്പോൾ ശരീരം അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകളെ അമിതമായി ഉത്പാദിപ്പിക്കുന്നു.
ഇത് രക്തസമ്മർദ്ദം പെട്ടെന്ന് ഉയരാനും ഹൃദയമിടിപ്പ് താളം തെറ്റാനും കാരണമാകും. കൂടാതെ ഹൃദ്രോഗസാധ്യതയുള്ള മുതിർന്നവരിൽ ഇത് ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ വഴിവെക്കാം.
ഓർമക്കുറവും മറവിരോഗവും: തലച്ചോറിന്റെ പ്രവർത്തനത്തിന് ഗ്ലൂക്കോസ് അത്യന്താപേക്ഷിതമാണ്. അതിനാൽ അടിക്കടി ഷുഗർ കുറയുന്നത് തലച്ചോറിലെ കോശങ്ങൾ നശിക്കുകയും ഡിമെൻഷ്യ അഥവാ മറവിരോഗ സാധ്യത വേഗത്തിലാക്കുകയും ചെയ്യുന്നു.
വാർധക്യത്തിലെ ശാരീരിക മാറ്റങ്ങളും മരുന്നുകളുടെ പ്രവർത്തനവും
പ്രായമാകുമ്പോൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിലും അവയവങ്ങളുടെ ശേഷിയിലും സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കുന്നു. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനവേഗത കുറയുന്നതിനാൽ പ്രമേഹത്തിനായി കഴിക്കുന്ന മരുന്നുകളും ഇൻസുലിനും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടാൻ കൂടുതൽ സമയമെടുക്കും.
ഇത് മരുന്നുകളുടെ വീര്യം ശരീരത്തിൽ തങ്ങിനിൽക്കാനും അപ്രതീക്ഷിതമായി ഷുഗർ താഴാനും കാരണമാകുന്നു. കൂടാതെ പല്ലുകളുടെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവ കാരണം പ്രായമായവർ ചിലപ്പോൾ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തേക്കാം.
കൃത്യമായി ഭക്ഷണം കഴിക്കാതെ പഴയ അളവിൽ തന്നെ മരുന്നുകളോ ഇൻസുലിനോ തുടരുന്നത് അപകടകരമാണ്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം, സന്ധിവേദന എന്നിവയ്ക്കായി ഒന്നിലധികം മരുന്നുകൾ ഒരുമിച്ച് കഴിക്കുന്നതും പ്രമേഹമരുന്നുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാം.
പ്രായമായവരിലെ സുരക്ഷിതമായ ഷുഗറിന്റെ അളവ് എത്രയായിരിക്കണം?
എല്ലാ പ്രായക്കാർക്കും ഒരേ ഷുഗർ അളവ് തന്നെ ആയിരിക്കണമെന്ന് എന്നത് ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുന്നില്ല. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (എഡിഎ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യസംഘടനകൾ മുതിർന്ന പൗരന്മാരുടെ പൊതുവായ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സാ മാർഗങ്ങൾ നിശ്ചയിക്കുന്നത്.
പൂർണ ആരോഗ്യമുള്ളവർ: മറ്റ് ഗുരുതര രോഗങ്ങളില്ലാത്തവരും ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ സാധിക്കുന്നവരുമായ മുതിർന്നവരിൽ മൂന്ന് മാസത്തെ ശരാശരി ഷുഗർ നിരക്കായ HbA1c 7.0% മുതൽ 7.5% വരെ നിലനിർത്തുന്നതാണ് ഉചിതം.
മറ്റ് രോഗങ്ങളുള്ളവർ: ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളുള്ളവരിലും ചെറിയ രീതിയിൽ ഓർമ്മക്കുറവ് അനുഭവപ്പെടുന്നവരിലും HbA1c 7.5% മുതൽ 8.0% വരെ ആകുന്നത് സുരക്ഷിതമാണ്.
അതീവ ക്ഷീണിതരും കിടപ്പിലായവരും: ഗുരുതരമായ മറവിരോഗമുള്ളവരിലും മറ്റുള്ളവരുടെ സഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്നവരിലും കർശനമായ അക്കങ്ങൾക്ക് പിന്നാലെ പോകേണ്ടതില്ല.
ഇവരിൽ ഷുഗർ തീരെ കുറഞ്ഞുപോകാതെയും അമിതമായി നിർജ്ജലീകരണം ഉണ്ടാകാതെയും നോക്കുക എന്നതാണ് പ്രധാനം. ഇവർക്ക് HbA1c 8.0% മുതൽ 8.5% വരെ ആയാലും ഭയപ്പെടേണ്ടതില്ല.
ഭക്ഷണക്രമവും വ്യായാമവും: കർശന ഡയറ്റുകൾ വേണ്ട
പ്രമേഹം കുറയ്ക്കാനായി പ്രായമായവരെ കർശനമായ ഭക്ഷണനിയന്ത്രണത്തിന് വിധേയരാക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. വാർദ്ധക്യത്തിൽ പേശികളുടെ ബലം കുറയുന്ന സാർക്കോപീനിയ എന്ന അവസ്ഥ തടയാൻ സമീകൃതാഹാരം നിർബന്ധമാണ്.
ഇടവിട്ടുള്ള ലഘുഭക്ഷണം: ഒറ്റയടിക്ക് വയറുനിറയെ കഴിക്കുന്നതിന് പകരം, ചെറിയ അളവിൽ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന രീതിയാണ് മുതിർന്നവർക്ക് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടുന്നതും കുറയുന്നതും തടയും.
പ്രോട്ടീൻ ഉൾപ്പെടുത്തുക: പയർവർഗ്ഗങ്ങൾ, മുട്ട, മത്സ്യം, തൈര്, പാൽ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക: പ്രായമാകുമ്പോൾ ദാഹം അറിയാനുള്ള ശേഷി കുറയാറുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കണം.
ലഘുവായ വ്യായാമം: ശരീരത്തിന് ആയാസമുണ്ടാക്കുന്ന വ്യായാമങ്ങൾക്ക് പകരം ദിവസവും 20-30 മിനിറ്റ് സാവധാനം നടക്കുക, കസേരയിലിരുന്ന് ചെയ്യാവുന്ന ലഘുവ്യായാമങ്ങൾ, ശ്വസനവ്യായാമങ്ങൾ എന്നിവ ശീലമാക്കാം.
കുടുംബാംഗങ്ങളും പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുതിർന്നവരുടെ പ്രമേഹപരിചരണത്തിൽ കുടുംബാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. പ്രായമായവരിൽ ഷുഗർ കുറയുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ പലപ്പോഴും വാർധക്യസഹജമായ ക്ഷീണമോ ഉറക്കച്ചടവോ ആയി തെറ്റിധരിക്കപ്പെടാറുണ്ട്.
ശ്രദ്ധിക്കേണ്ട സൂചനകൾ: പെട്ടെന്നുള്ള ദേഷ്യം, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, നാവ് കുഴയുക, അമിതമായ ഉറക്കം, നടക്കുമ്പോൾ വേച്ചുപോകുക എന്നിവ ഷുഗർ കുറയുന്നതിന്റെ ലക്ഷണങ്ങളാകാം.
ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഷുഗർ പരിശോധിക്കണം. ഷുഗർ 70 mg/dL-ൽ താഴെയാണെങ്കിൽ '15-15 നിയമം' പ്രയോഗിക്കുക.
അതായത് 3-4 ടീസ്പൂൺ പഞ്ചസാരയോ ഗ്ലൂക്കോസോ വെള്ളത്തിൽ കലക്കി നൽകുക, 15 മിനിറ്റിന് ശേഷം വീണ്ടും ഷുഗർ പരിശോധിച്ച് സാധാരണ നിലയിലായെന്ന് ഉറപ്പുവരുത്തുക. അബോധാവസ്ഥയിലുള്ളവർക്ക് വായിലൂടെ ഒന്നും നൽകാതെ ഉടൻ ആശുപത്രിയിൽ എത്തിക്കണം.
കൂടാതെ മരുന്നുകൾ കൃത്യസമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക കൃത്യമായ ഇടവേളകളിൽ കണ്ണിന്റെ പരിശോധന, വൃക്കകളുടെ പ്രവർത്തനക്ഷമത, കാൽപാദങ്ങളുടെ ആരോഗ്യം എന്നിവ ഡോക്ടറെ കണ്ട് വിലയിരുത്തേണ്ടതും അത്യാവശ്യമാണ്.
വാർദ്ധക്യത്തിലെ പ്രമേഹചികിത്സ എന്നത് രോഗിയെയും കുടുംബത്തെയും ഭയപ്പെടുത്തുന്ന ഒന്നാകരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം സങ്കീർണമായ മരുന്നുകൾ ലഘൂകരിച്ചും സുരക്ഷിതമായ നിയന്ത്രണങ്ങൾ നിശ്ചയിച്ചും മുന്നോട്ട് പോയാൽ, മുതിർന്ന പൗരന്മാർക്ക് സന്തോഷകരവും ആരോഗ്യകരവുമായ വിശ്രമജീവിതം ഉറപ്പാക്കാൻ സാധിക്കും.
വിവരങ്ങൾ: ഡോ. മുഹമ്മദ് ഹസൻ
സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ്, ആസ്റ്റർ മിംസ് കോട്ടക്കൽ
Tags : Diabetes BloodSugarControl Healthcare MedicalAwareness