ടൊറേന്റോ: മുംബൈ ഭീകരാക്രമണക്കേസ് മുഖ്യപ്രതി തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ നടപടി തുടങ്ങി കാനഡ. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായാണ് നടപടിയെന്നാണ് അറിയുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ് പാക് വംശജനായ റാണ (64). പൗരത്വം റദ്ദാക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റാണയെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടല്ല, മറിച്ച് പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് പൗരത്വം റദ്ദാക്കുന്നതെന്ന് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു.
2001ലാണ് റാണ കനേഡിയൻ പൗരത്വം നേടുന്നത്. നാല് വർഷമായി ഒട്ടാവയിലും ടൊറന്റോയിലും താമസിച്ചിരുന്നതായും ആറു ദിവസം മാത്രമേ രാജ്യത്തിന് പുറത്തുണ്ടായിരുന്നുള്ളൂവെന്നും 2000ൽ നല്കിയ പൗരത്വ അപേക്ഷയിൽ റാണ അറിയിച്ചിരുന്നു. ഇമിഗ്രേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ, അദ്ദേഹം അക്കാലം അമേരിക്കയിലെ ഷിക്കാഗോയിലായിരുന്നെന്ന് കണ്ടെത്തി.
ഗുരുതരവും മനഃപൂർവുമായ വഞ്ചന ആരോപിച്ചാണ് റാണയുടെ പൗരത്വം റദ്ദാക്കാൻ കനേഡിയൻ അധികൃതർ നടപടി ആരംഭിച്ചത്.
പൗരത്വം റദ്ദാക്കുന്ന നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൗരത്വ നിയമങ്ങളുടെ അന്തസ് നിലനിർത്താൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് വക്താവ് അറിയിച്ചു. 2025 ഏപ്രിലിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട റാണ ഇപ്പോൾ എൻഐഎയുടെ കസ്റ്റഡിയിലാണ്.
Tags : Mark Carney India visit Rana's citizenship revoked Mumbai terror attack Tahawuor Rana Canadian Prime Minister