ജാന്റൽ ഷാരോൺ ജോർദാൻ
വാഷിംഗ്ൺ ഡിസി: അമേരിക്കയിലെ മിസിസിപ്പിയിൽ പ്രസവിച്ച ഉടനെ പെൺകുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ യുവതി അറസ്റ്റിൽ. ജാന്റൽ ഷാരോൺ ജോർദാനാണ് (25) പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കാണിച്ച് പ്രതി തന്നെയാണ് എമർജൻസി സർവീസിലേക്ക് ഫോൺ വിളിച്ചത്. വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ പ്രസവം നടന്നിട്ട് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ഉടൻതന്നെ ആംബുലൻസിൽ ജാക്സൺ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരണത്തിന് കീഴടങ്ങി. ജനനത്തിന് പിന്നാലെ കുഞ്ഞിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് മിസിസിപ്പി ക്രൈം ലബോറട്ടറിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലേറ്റ കഠിനമായ ക്ഷതങ്ങളാണ് മരണകാരണമെന്ന് വ്യക്തമായി. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ യുവതിയെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
"അന്വേഷണസംഘത്തെ ഒന്നടങ്കം നടുക്കിയ ദാരുണമായ ഒരു സംഭവമാണിത്. ആർക്കും ഉൾക്കൊള്ളാൻ കഴിയാത്തത്ര ഭീകരമാണിത്; പ്രത്യേകിച്ചും ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് നഷ്ടമായതെന്നിരിക്കെ," - സ്മിത്ത് കൗണ്ടി ഷെരീഫ് ജോയൽ ഹ്യൂസ്റ്റൺ പ്രതികരിച്ചു. കേസിലെ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കുറ്റപത്രം ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ (ഡിഎ) ഓഫീസിന് കൈമാറുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.