വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നോർത്ത് കരോലിനയിൽ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കൗമാരക്കാരൻ അറസ്റ്റിൽ. ക്രിസ്റ്റ്യൻ സ്റ്റർഡിവന്റ്(18) ആണ് അറസ്റ്റിലായത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, എഫ്ബിഐ ആണ് ഇയാളെ പുതുവത്സരാഘോഷത്തിനിടെ കസ്റ്റഡിയിലെടുത്തത്. ഐഎസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ ആക്രമണത്തിനൊരുങ്ങിയത്.
2022 മുതൽ സ്റ്റർഡിവാന്റ്, വിദേശത്തെ ഒരു ഐഎസ് അംഗവുമായി ബന്ധപ്പെട്ടിരുന്നുവെന്നും കറുത്ത വസ്ത്രം ധരിച്ച് ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്താനുള്ള നിർദ്ദേശം ലഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കത്തികളും ചുറ്റികകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇയാൾ ഒരു വർഷത്തോളമായി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് യുഎസ് അറ്റോർണി റസ് ഫെർഗൂസൺ പറഞ്ഞു.
ഡിസംബർ 29-ന്, സുരക്ഷാഉദ്യോഗസ്ഥർ സ്റ്റർഡിവന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും "2026 ലെ പുതുവത്സര ആക്രമണം' എന്ന തലക്കെട്ടുള്ള കൈയെഴുത്ത് കുറിപ്പുകൾ അവർ കണ്ടെടുത്തു. കൂടാതെ, ഒരു വസ്ത്രം, മുഖംമൂടി, കത്തികൾ തുടങ്ങിയവയും കണ്ടെത്തിയിരുന്നു.