വാഷിംഗ്ടൺ ഡിസി: വ്യാപാരനയങ്ങൾ തിരിഞ്ഞുകൊത്തിയപ്പോൾ വീണ്ടുവിചാരമുണ്ടായ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇരുനൂറോളം ഭക്ഷ്യ ഉത്പന്നങ്ങളെ ഇറക്കുമതിച്ചുങ്കത്തിൽനിന്ന് ഒഴിവാക്കി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. മാട്ടിറച്ചി, കാപ്പി, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ ഈ നടപടിക്ക് ട്രംപ് നിർബന്ധിതനാവുകയായിരുന്നു.
വാണിജ്യപങ്കാളികൾക്ക് ചുമത്തുന്ന ഇറക്കുമതിച്ചുങ്കങ്ങൾ അമേരിക്കൻ ജനതയെ ബാധിക്കില്ലെന്ന ട്രംപിന്റെ വാദം തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് പല വസ്തുക്കളുടെയും വില കുതിച്ചുയർന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 2.7 ശതമാനം വർധിച്ചുവെന്നാണ് സെപ്റ്റംബറിലെ കണക്ക്. പ്രധാന ഭക്ഷ്യവസ്തുവായ മാട്ടിറച്ചിയുടെ വില മാത്രം 13 ശതമാനം ഉയർന്നു; വാഴപ്പഴത്തിന്റെ വില ഏഴു ശതമാനവും.
ആവശ്യത്തിന് അഭ്യന്തര ഉത്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കളെയാണ് ഇറക്കുമതിച്ചുങ്കത്തിൽനിന്ന് ഒഴിവാക്കിയതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഈ വസ്തുക്കളുടെ പട്ടിക വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.
വിവിധ തരം മാട്ടിറച്ചി ഉത്പന്നങ്ങൾ, കോഫി, കട്ടൻചായ, ബ്ലാക് റ്റീ, ഗ്രീൻ ടീ, വാഴപ്പഴം, തേങ്ങ, ഓറഞ്ച്, മാങ്ങ, പൈനാപ്പിൾ മുതലായവ; ഏലക്കാ, ഗ്രാന്പൂ, കറുവാപ്പട്ട, ജാതിക്ക, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട രാസവസ്തുക്കൾ, വളം മുതലായവയ്ക്കും ഇളവുണ്ട്.
വിലക്കയറ്റം വ്യാപാരനയത്തിൽ പുനരാലോചനയ്ക്ക് ട്രംപിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. ചുങ്കം ചുമത്തുന്നതു മൂലമുള്ള വിലവർധന വ്യാപാരികൾ വഹിക്കാതെ ജനങ്ങളിലേക്കു കൈമാറുമെന്ന് സാന്പത്തിക വിദഗ്ധർ നേരത്തേതന്നെ ട്രംപിനു മുന്നറിയിപ്പു നല്കിയിരുന്നതാണ്. അതേസമയം, ഭക്ഷ്യേതര വസ്തുക്കളെ സമീപഭാവിയിൽ ചുങ്കത്തിൽനിന്ന് ഒഴിവാക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
Tags : Trump reconsiders tariffs US 200 food items exempted from tariffs