x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമരത്തിനെത്തിയത് മദ്യത്തിനും ഭക്ഷണത്തിനും വേണ്ടിയെന്ന ആരോപണം; മേജർ രവിക്കെതിരെ 12-ാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

വെബ് ഡെസ്ക്
Published: July 25, 2026 05:26 PM IST | Updated: July 25, 2026 05:26 PM IST

മേജർ രവി

കൊച്ചി: ജന്തർ മന്തറിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സംവിധായകനും ബിജെപി നേതാവുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ചു.

സമരത്തിൽ പങ്കെടുത്ത 12-ാം ക്ലാസ് വിദ്യാർഥിനിക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിളയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവ് വീഡിയോയിലാണ് മേജർ രവി വിവാദ പരാമർശങ്ങൾ നടത്തിയത്.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ പൂർണരൂപം പോലും അറിയില്ലെന്നും, രാത്രികാലങ്ങളിൽ സമരപ്പന്തലിൽ മോശം പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സൗജന്യ ഭക്ഷണത്തിനും മദ്യത്തിനും വേണ്ടിയാണ് കുട്ടികൾ സമരത്തിനെത്തുന്നതെന്നും, മാന്യരായ ആൺകുട്ടികളോ പെൺകുട്ടികളോ ഇത്തരം സമരങ്ങളിൽ പങ്കെടുക്കില്ലെന്നും വീഡിയോയിൽ പരാമർശിച്ചിരുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

പതിനെട്ട് വയസിൽ താഴെയുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ലക്ഷ്യമിട്ട് യാതൊരു വസ്തുതയുമില്ലാത്ത ഇത്തരം അധിക്ഷേപങ്ങൾ നടത്തിയത് കുട്ടികളുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിച്ചതായി നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.

സിവിൽ, ക്രിമിനൽ നടപടികൾക്ക് പുറമേ പോക്സോ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്ത അപകീർത്തികരമായ ലൈവ് വീഡിയോയും അനുബന്ധ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യണമെന്നും, ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സമ്മതിച്ച് അതേ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച എല്ലാ അധിക്ഷേപങ്ങളും പൂർണമായി പിൻവലിക്കണമെന്നും മാനനഷ്ടത്തിനുള്ള പരിഹാരമായി പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ച് അഞ്ചു ദിവസത്തിനകം ഈ ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും മറ്റ് ബാധകമായ നിയമങ്ങൾ പ്രകാരവും കർശനമായ കേസ് ഫയൽ ചെയ്യുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

Tags : MajorRavi LegalNotice Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up