കൊച്ചി: വാഹന പരിശോധയ്ക്കിടെ ബൈക്ക് മറിഞ്ഞ് യുവാവിനും പോലീസുകാരനും പരിക്കേറ്റ സംഭവത്തിൽ ട്വിസ്റ്റ്.
പോലീസ് പറഞ്ഞതാണ് സത്യമെന്ന് വെളിപ്പെടുത്തുന്ന രേഖങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നും ബൈക്ക് യാത്രികർ മദ്യപിച്ചിരുന്നുവെന്നും തെളിഞ്ഞു.
അപകടത്തിന് പിന്നാലെ ബൈക്ക് യാത്രികനായ യുവാവിനെ റോഡിൽ ഉപേക്ഷിച്ച പോലീസ്, പരിക്കേറ്റ സഹപ്രവർത്തകനെയും കൊണ്ട് ആശുപത്രിയിൽ പോയെന്നും, ഗുരുതരാവസ്ഥയിലായിരുന്ന സുഹൃത്തിനെ ബൈക്കിൽ കെട്ടിവച്ച് താനാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും വെളിപ്പെടുത്തി യുവാവ് രംഗത്ത് വരികയായിരുന്നു.
അതേസമയം, പരിക്കേറ്റ ബൈക്ക് യാത്രികനോടും ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ പുറകെ വന്നോളാമെന്നാണ് ഇവർ മറുപടി നൽകിയതെന്ന് പോലീസ് പറയുന്നു. കൂടെ വരുന്നില്ലെന്ന് ഇവർ ആവർത്തിച്ചപ്പോൾ ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെയുമായി ആശുപത്രിയിലേക്കു പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.
അപകടം നടന്ന സ്ഥലത്ത് നിന്നും 50 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് ബൈക്ക് യാത്രികനായ യുവാവ് ചികിത്സ തേടിയത്. ഇവർ ആശുപത്രിയിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ആശുപത്രിയിലെത്തിയ യുവാക്കൾ തെരുവ് നായ കുറകെ ചാടിയതിനെ തുടർന്ന് ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഡോക്ടറോട് പറഞ്ഞു. അപകടം പറ്റിയയാളിൽ നിന്നും മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്നും ഡോക്ടർ പരാമർശിച്ചിട്ടുണ്ട്.
സംഭവത്തിൽ, പോലീസ് നൽകിയ വാദങ്ങളെ ശരിവയ്ക്കുന്ന തെളിവുകളും ദൃശ്യങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, പരിക്കേറ്റ സിവിൽ പോലീസ് ഉദ്യോഗസ്ഥനും അനിലും ആശുപത്രിയിൽ ചികിത്സയിലാണ്.