തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 15ന് ആരംഭിക്കാൻ ധാരണ. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥന്മാരുടെ യോഗത്തിലാണ് ഈ ധാരണ.
ക്യുഐപി മീറ്റിംഗിൽ ഇത് അംഗീകരിച്ച് അന്തിമധാരണയിലാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തേണ്ട പശ്ചാത്തലത്തിലാണ് ക്രിസ്മസ് പരീക്ഷകൾ 15 മുതൽ നടത്താൻ തത്വത്തിൽ തീരുമാനമായത്.
10-ാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കും. തുടർന്ന് സ്കൂളുകൾ അടയ്ക്കും. ക്രിസ്മസ് അവധിക്കുശേഷം ജനുവരി അഞ്ചിന് സ്കൂളുകൾ തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്കൂൾ തുറന്നതിനുശേഷം ജനുവരി ഏഴിന് നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടമായി പരീക്ഷ നടത്തുന്നതിനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, അവധിക്കും മുന്പും ശേഷവുമായി പരീക്ഷ നടത്തിയാൽ വിദ്യാർഥികളിൽ മാനസിക സമ്മർദം ഉണ്ടാകാൻ ഇടയുണ്ടെന്ന് അഭിപ്രായമുയർന്നതിനാലാണ് ഒറ്റത്തവണയായി പൂർത്തിയാക്കാൻ തീരുമാനിച്ചത്.
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് അർധവാർഷിക പരീക്ഷ നടത്തേണ്ടിയിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഡിസംബർ ഒൻപതിനും 11നും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്.