കോൺഗ്രസ് പ്രവർത്തകരുടെ കൈയാങ്കളിയുടെ ദൃശ്യം
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. എസ്സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാലക്കാട് സ്വദേശിയായ പാളയം പ്രദീപ്. ഇത് ചിലർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ രമ്യ ഹരിദാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്തംഗം സജാദ് എന്നയാളുടെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ സജാദും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു. ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പ്രചരണം നടത്തുന്ന ആളാണ് സജാദെന്നും രമ്യ ഹരിദാസ് ആരോപിച്ചു.
അതേസമയം, എംഎൽഎ ആക്രമിച്ചെന്നാണ് സജാദിന്റെ ആരോപണം. തന്റെ പരാതിയിൽ പൊലിസ് കേസെടുത്തില്ലെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു.
യോഗത്തിൽ രമ്യ ഹരിദാസിന്റെ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്കു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതു ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പിഎയും കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടെയാണ് കൈയാങ്കളിയുണ്ടായത്.
Tags : Clash Congress workers Case Registered Police Remya Haridas MLA