പ്രതീകാത്മക ചിത്രം
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന് തിരിച്ചടി. പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎൽഎ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങണമെന്ന കർശന നിർദേശവും നൽകി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ നടപടി.
നേരത്തെ 19 മാസം ജയിലിൽ കഴിഞ്ഞ പ്രതാപന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നതടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു അന്ന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം എറണാകുളം പിഎംഎൽഎ കോടതി ജാമ്യ ഉത്തരവ് പുനഃപരിശോധിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതാപന്റെ ജാമ്യം റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. 2024 ജൂലൈയിലാണ് ഹൈറിച്ച് കമ്പനി വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നത്. പിന്നാലെ കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി കണ്ടെത്തിയെന്ന് വ്യക്തമാക്കി ഇഡി കോടതിയിൽ ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു.
Tags : EnforcementDirectorate MoneyLaundering HighrichScam Highrich BailCancelled PMLACourt