കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച സംഭവത്തിൽ പിടിയിലായവർ.
തൃശൂർ: കണിമംഗലത്ത് സ്പാ നടത്തുന്ന 57കാരിയെ വീട്ടിൽ കയറി ആക്രമിച്ചു പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന യുവതികളടക്കമുള്ള എട്ടംഗസംഘം പിടിയിൽ.
മൂന്നു യുവതികളും രണ്ടു ട്രാൻസ്ജെൻഡർമാരും മൂന്നു യുവാക്കളുമടങ്ങുന്ന സംഘമാണു പിടിയിലായത്. ഇവർ കർണാടക, തമിഴ്നാട് സ്വദേശികളാണ്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ഇന്നലെ രാത്രി 12.30 ഒാടെയാണു സംഭവം. സംഭവത്തിനുശേഷം കാറിലും ബൈക്കിലും രക്ഷപ്പെട്ട പ്രതികളെ പട്ടിക്കാട്ടുവച്ചാണു മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്. സ്പാ നടത്തിപ്പുകാരി വിവരമറിയിച്ചതിനെത്തുടർന്ന് നെടുപുഴ പോലീസ് പട്ടിക്കാട്ടുവച്ച് അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
20,000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളുമാണു പ്രതികൾ കവർന്നത്. സ്പായിലെ സ്വകാര്യദൃശ്യങ്ങളടക്കം മോഷ്ടിച്ച മൊബൈൽ ഫോണുകളിൽ ഉള്ളതായി പോലീസ് പറഞ്ഞു.
അക്രമിസംഘത്തിലെ ചിലർ മുൻപ് സ്പായിൽ ജോലി ചെയ്തിരുന്നതായും പറയുന്നു. ഫോണിലെ സ്വകാര്യ ദൃശ്യങ്ങൾ, സ്പാ നടത്തിപ്പിനു ലൈസൻസുണ്ടോ മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ തുടങ്ങിയവ പോലീസ് അന്വേഷിച്ചുവരുന്നു.
Tags : Spa attack robbery women arrest police case