ന്യൂഡൽഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഡൽഹിയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ആഴ്ചയിൽ രണ്ടുദിവസം സർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം ആയിരിക്കുമെന്നും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഈ തീരുമാനം. സാധ്യമായ ഇടങ്ങളിലെല്ലാം ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്വകാര്യ കമ്പനികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഓൺലൈനായോ ഡിജിറ്റലായോ ജോലി ചെയ്യാൻ കഴിയുന്ന മേഖലകളിൽ ഇതിന് മുൻഗണന നൽകും. ഈ സംവിധാനം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം വെട്ടിക്കുറച്ചിട്ടുണ്ട്.
ഇതിനൊപ്പം സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. ഇതുകൂടാതെ ആഴ്ചയിൽ ഒരു ദിവസം നോ വെഹിക്കിൾ ഡേ ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ചെലവുചുരുക്കൽ ആഹ്വാനത്തിനെതിരെ ഡൽഹിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Tags : work from home govt offices delhi Rekha Gupta