ദൈവദാസന് മാര്‍ മാത്യു കാവുകാട്ട് പിതാവ് ചങ്ങനാശേരിയുടെയും മാർ സെബാസ്റ്റ്യന്‍ വയലില്‍ പാലായുടെയും മെത്രാന്മാരായി അഭിഷിക്തരായിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇവരുടെ മെത്രാഭിഷേക പ്ലാറ്റിനം ജൂബിലി മറ്റൊരു ജൂബിലിവര്‍ഷത്തിലാണ് എന്നുള്ളത് ഈ ദൈവാനുഗ്രഹത്തെ ഇരട്ടിമധുരമുള്ളതാക്കുന്നു.
പന്ത്രണ്ടാം പീയൂസ് മാർപാപ്പ 1950ല്‍ ചങ്ങനാശേരി രൂപത വിഭജിക്കുകയും ചങ്ങനാശേരി, പാലാ രൂപതകളുടെ മെത്രാന്മാരായി ഫാ. മാത്യു കാവുകാട്ട്, ഫാ. സെബാസ്റ്റ്യന്‍ വയലില്‍ എന്നിവരെ യഥാക്രമം നിയമിക്കുകയും ചെയ്തു. 1950 സെപ്റ്റംബര്‍ ഒമ്പതിന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം റോമിലും തുടർന്ന് ചങ്ങനാശേരിയിലും പാലായിലും നടന്നു. ജൂബിലിവര്‍ഷമായ 1950 നവംബര്‍ ഒമ്പതിന്, പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ എവുജിന്‍ ടിസറങിന്റെ കാര്‍മികത്വത്തിലും കൊല്ലം രൂപതാമെത്രാനായിരുന്ന ബിഷപ് ജെറോം ഫെര്‍ണാണ്ടസ്, കോട്ടയം രൂപത മെത്രാനായിരുന്ന മാര്‍ തോമസ് തറയില്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും റോമിലെ കര്‍മലീത്താ സഭക്കാരുടെ ആശ്രമദേവാലയത്തില് കാവുകാട്ട് അച്ചനും വയലിലച്ചനും മെത്രാന്മാരായി അഭിഷിക്തരായി.
കര്‍മധീരനായ കാവുകാട്ട് പിതാവ്
മെത്രാഭിഷേകത്തിനു ശേഷം 1950 ഡിസംബര്‍ 18ന് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലേക്ക് കാവുകാട്ട് പിതാവ് ഔദ്യോഗികമായി സാഘോഷം സ്വീകരിക്കപ്പെട്ടു. കാവുകാട്ട് പിതാവ് തന്റെ ആപ്തവാക്യമായി സ്വീകരിച്ചത് ‘സ്നേഹത്തില്‍ ശുശ്രൂഷിക്കുക’ എന്നതാണ്. ഇതിനോടു പിതാവ് നൂറു ശതമാനം വിശ്വസ്തത കാണിച്ചു. 1956ല്‍ ചങ്ങനാശേരി അതിരൂപതയായി ഉയര്‍ത്തപ്പെടുകയും മേലധ്യക്ഷനായിരുന്ന കാവുകാട്ടുപിതാവ് മെത്രാപ്പോലീത്തയായി സ്ഥാനാരോഹിതനാവുകയും ചെയ്തു. 1950 മുതല്‍ 1969 വരെ കാവുകാട്ട് പിതാവ് ചങ്ങനാശേരിയില്‍ ഇടയശുശ്രൂഷ നിര്‍വഹിച്ചു.
കാരുണ്യം മുഖമുദ്രയാക്കിയ ജീവിതം
പൊതുസമൂഹത്തിലും ജനഹൃദയങ്ങളിലും കാവുകാട്ട് പിതാവ് ചിരപ്രതിഷ്ഠിതനായിരിക്കുന്നത് കരുണയുടെ പര്യായം എന്ന നിലയ്ക്കാണ്. കാരുണ്യം അര്‍ഹിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യത്തിലധികം നല്‍കുക എന്നതായിരുന്നു കാവുകാട്ട് പിതാവിന്റെ ശൈലി. തന്റെ മുമ്പില്‍ സങ്കടം പറയുന്ന എല്ലാവരിലേക്കും കാവുകാട്ട് പിതാവിന്റെ കാരുണ്യം അണപൊട്ടിയൊഴുകി. തന്നെ കബളിപ്പിക്കുന്നവരോടും തന്റെ വസ്തുക്കള്‍ മോഷ്ടിക്കുന്നവരോടുപോലും കാരുണ്യത്തിന്റേതല്ലാതെ മറ്റൊരു മുഖത്തോടെ സമീപിക്കാന്‍ പിതാവിനാകുമായിരുന്നില്ല.
ജനകീയനായ മെത്രാന്
കാവുകാട്ട് പിതാവ് ജനകീയമായി തന്റെ മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ചു. കത്തീഡ്രൽ പള്ളിയിലെ തന്റെ സന്ദര്‍ശന അവസരങ്ങളില്‍ സാധിക്കുമ്പോഴെല്ലാം ചങ്ങനാശേരി ചന്തയിലെ സാധാരണക്കാരെ പോയി കാണാനും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും സാധിക്കുന്ന പരിഹാരം അവര്‍ക്ക് ചെയ്തു കൊടുക്കാനും പിതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിതാവിന് സമയം ലഭിക്കുമ്പോഴൊക്കെ ചെത്തിപ്പുഴ ആശുപത്രിയിലെ രോഗികളെ കാണാനും ആശ്വസിപ്പിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും സമയം കണ്ടെത്തിയിരുന്നു. ഈ ജനകീയതയായിരിക്കണം കാവുകാട്ട് പിതാവിന്റെ അന്ത്യയാത്ര ചങ്ങനാശേരി അരമനയില്നിന്നാരംഭിച്ച് കത്തീഡ്രല്‍ പള്ളിയിലേക്ക് ചങ്ങനാശേരി മാര്‍ക്കറ്റ് വഴി ക്രമീകരിക്കാന്‍ ഇടയായത്.
കരുതലുള്ള കാവല്ക്കാരന്
തന്റെ അജഗണത്തിന്റെ കരുതലുള്ള കാവല്ക്കാരനായിരുന്നു കാവുകാട്ട് പിതാവ്. നീതിബോധവും നിയമബോധവും സമ്മിശ്രമായി കാരുണ്യം കലര്‍ത്തി നടപ്പിലാക്കാന്‍ കാവുകാട്ട് പിതാവിനു കഴിഞ്ഞു. ഒരു സ്വാധീനത്തിനും നീതി പ്രവര്‍ത്തിക്കുന്നതില്‍നിന്നു പിതാവിനെ തടയാനായില്ല ‘ദൈവം എല്ലാം കാണുന്നു’ എന്ന ചിന്ത ഓരോ പ്രവൃത്തിയിലും പിതാവിന്റെ അടിസ്ഥാനപ്രമാണമായിരുന്നു തന്റെ വൈദികരുടെയും സന്യസ്തരുടെയും അത്മായരുടെയും വളരെ ചെറിയ കാര്യങ്ങളില്‍പോലും വളരെ ശ്രദ്ധയോടെ ഇടപെട്ടിരുന്ന കാവുകാട്ട് പിതാവിനെ പഴയ തലമുറ ഹൃദ്യതയോടെയാണ് ഓര്‍ത്തെടുക്കുന്നത്.
കുഞ്ഞുങ്ങളുടെ കാവുകാട്ട് പിതാവ്
കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ച കാവുകാട്ട് പിതാവ് 1958 മുതല്‍ 1962 വരെ തുടര്‍ച്ചയായി രൂപതയുടെ ബുള്ളറ്റിനായ വേദപ്രചാര മധ്യസ്ഥനില്‍ ‘പിതാവ് കുഞ്ഞുമക്കളോട് സംസാരിക്കുന്നു’ എന്ന പംക്തി എഴുതിയിരുന്നു. അതിലെ ഓരോ ലക്കവും അറിയേണ്ട കാര്യങ്ങള്‍ ശ്രദ്ധയോടെ പിതാവ് കുഞ്ഞുങ്ങളുടെ ഭാഷയില്‍ പ്രചരിപ്പിച്ചിരുന്നു. ആത്മീയ കാര്യങ്ങള്‍ മാത്രമല്ല വ്യക്തിജീവിതത്തില്‍ പുലര്‍ത്തേണ്ട നിഷ്ഠകളും സമൂഹജീവിതത്തോട് കാണിക്കേണ്ട പ്രതിബദ്ധതയുമെല്ലാം പിതാവ് കുഞ്ഞുമക്കളെ അവരുടേതായ ഭാഷയില്‍ ഉപദേശിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് ഈ എഴുത്തുകള്‍ ഓരോന്നിലും കാണാന്‍ സാധിക്കും. പള്ളികളിലെ തന്റെ സന്ദര്ശനാവസരങ്ങളില് കാറിനു ചുറ്റും ഓടിക്കൂടുന്ന കുഞ്ഞുങ്ങളെ കാറില്‍ കയറ്റി സവാരി കൊണ്ടുപോകുന്നത് കാവുകാട്ട് പിതാവിന്റെ സ്നേഹത്തിന്റെ പര്യായമായി അന്നത്തെ തലമുറ ഓര്‍ത്തെടുക്കുന്നു.
സൂക്ഷ്മതയുള്ള സാമൂഹിക പ്രതിബദ്ധത
കാവുകാട്ട് പിതാവിന്റെ ശുശ്രൂഷാ മേഖലകള്‍ ആത്മീയതലത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1960 തന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷാവസരത്തില്‍ ഭവനം ഇല്ലാതെ അലയുന്ന പാവങ്ങള്‍ക്ക് ഇടവകതലത്തില്‍ ഭവനങ്ങള്‍ നിര്‍മിച്ചു നല്കി അതിന്റെ ചിത്രങ്ങള്‍ ക്രോഡീകരിച്ച് ആല്‍ബം തയാറാക്കി നല്‍കാനാണ് പിതാവ് ആവശ്യപ്പെട്ടത്. കേരള സര്‍ക്കാരിനുപോലും ലക്ഷംവീട് ഭവനനിര്‍മാണ പദ്ധതിക്ക് പ്രേരണ നല്‍കിയത് പിതാവിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഈ ജൂബിലി ആഘോഷമായിരുന്നു. ഇന്നും അതിരൂപതയില്‍ ഈ ഭവന നിര്‍മാണ പദ്ധതി അനേകര്‍ക്ക് ആശ്വാസമായി തുടരുന്നു. ഉടുമ്പുൻചോല കുടിയിറക്കിനെത്തുടര്‍ന്ന് അഭയം നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളെ അമരാവതിയിൽ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ തന്റെ അനാരോഗ്യം മറന്നു പോലും നേതൃത്വം നല്‍കിയത് പിതാവിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കൃത്യമായ സാക്ഷ്യപ്പെടുത്തലായിരുന്നു.
ദൈവത്തിനും ദൈവജനത്തിനും ഏറെ പ്രീതികരമായി വർത്തിച്ച കാവുകാട്ടുപിതാവിന്റെയും വയലിൽ പിതാവിന്റെയും മേല്പ്പട്ട ശുശ്രൂഷയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ സഭയിലും സമൂഹത്തിലും അവർ അടയാളപ്പെടുത്തിയ ദൈവികമുദ്രകള്‍ മായാതെ നില്ക്കുന്നു, A beloved of God and man എന്ന് ചരിത്രം അവരെ കൃതജ്ഞതയോടെ രേഖപ്പെടുത്തുന്നു. വന്ദ്യപിതാക്കന്മാരുടെ ജീവിക്കുന്ന സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം.
ക്രാന്തദർശിയായ വയലിൽ പിതാവ്
സെമിനാരിക്കാലം മുതലേ സഹപാഠികളും ആത്മമിത്രങ്ങളുമായിരുന്നു കാവുകാട്ട് പിതാവും വയലിൽ പിതാവും. അവരൊന്നിച്ച് മെത്രാഭിഷേകം സ്വീകരിക്കുകയും മേല്പട്ടശുശ്രൂഷ സമാരംഭിക്കുകയും ചെയ്തു. പുതുതായി രൂപംകൊണ്ട പാലാ രൂപതയുടെ ഇടയനായി 30 വർഷം ശുശ്രൂഷ നിർവഹിച്ച വയലിൽ പിതാവിനെ ക്രാന്തദർശിയായ പിതാവ് എന്നു വിശേഷിപ്പിക്കുന്നത് സർവദാ അനുയോജ്യമാണ്. തന്നെ ഭരമേൽപിച്ച ദൈവജനത്തിന്റെ സമഗ്ര പുരോഗതിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
തികഞ്ഞ ആധ്യാത്മിക മനുഷ്യനായിരുന്ന പിതാവ് അവരുടെ ആത്മീയോത്കർഷത്തോടൊപ്പം എല്ലാ തലങ്ങളിലുമുള്ള പുരോഗതിയും ഉറപ്പുവരുത്തുന്നതിന് യത്നിച്ചു. അധ്യാപകനായിരുന്ന പിതാവ് മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ ‘നിന്റെ വഴികൾ എത്ര സുന്ദരം’ ഹൃദ്യമായ വായനാനുഭവമാണ്, അതുപോലെ പിതാവ് രചിച്ചിട്ടുള്ള ഇടയലേഖനങ്ങളും. ‘കർത്താവ് എന്റെ പ്രകാശമാകുന്നു’ എന്ന സങ്കീർത്തനവചനം ആപ്തവാക്യമായി സ്വീകരിച്ച പിതാവിന്റെ എന്നത്തെയും പ്രാർഥന സാന്ത്വനപ്രകാശമേ നയിച്ചാലും എന്നതായിരുന്നു.
വയലിൽ പിതാവിന്റെ ബഹുമുഖ പ്രയത്നങ്ങളിൽ ഏറ്റവും ശ്ലാഘിക്കപ്പെടുന്നത് വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ്. തലയെടുപ്പുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ പാലായിലെ സെന്റ് തോമസ് കോളജ്, അൽഫോൻസാ കോളജ്, സെന്റ് തോമസ് ട്രെയിനിംഗ് കോളജ് എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും നേതൃമികവിന്റെയും നിദർശനങ്ങളാണ്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ അദ്ദേഹം ശക്തമായ പ്രോത്സാഹനവും മാർഗനിർദേശവും നൽകുകയും ചെയ്തു.
പാലാ രൂപതയെക്കുറിച്ചു ചിന്തിക്കുന്പോൾ സാർവത്രിക സഭയിൽത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമാണ് പാലായിലെ ദൈവവിളികളുടെ സമൃദ്ധി. കുടുംബങ്ങളിലെയും ഇടവകകളിലെയും വിശ്വാസജീവിതത്തിന്റെ പൂവണിയലാണ് ദൈവവിളികൾ. ഇന്ന് സീറോമലബാർ സഭയുടെ പ്രേഷിതമുന്നണിയായി അഭിമാനാർഹമായ സേവനം ചെയ്യുന്ന സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ പ്രാരംഭകൻ വയലിൽ പിതാവാണ്. ദൈവവിളികൾ പങ്കുവയ്ക്കണമെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ദർശനം ദശകങ്ങൾക്കു മുന്‍പേ പ്രാവർത്തികമാക്കിയ വയലിൽ പിതാവിന്റെ പ്രേഷിതതീക്ഷ്ണതയും ക്രാന്തദർശിത്വവും മാതൃകാപരമാണ്. അതുപോലെ ചെറുപുഷ്പ മിഷൻലീഗിന് അദ്ദേഹം നൽകിയ പ്രോത്സാഹനവും ശ്രദ്ധേയമാണ്. ഇടവകതലം മുതൽ പ്രവർത്തിച്ചുപോരുന്ന വിവിധ വിഭാഗങ്ങൾക്കുവേണ്ടിയുള്ള സംഘടനകൾക്കും അദ്ദേഹത്തിന്റെ പൈതൃകാശിസുകൾ ലഭിച്ചു.
വയലിൽ പിതാവിന്റെ സാഹിത്യാഭിരുചിയും സാംസ്കാരിക ബോധ്യങ്ങളും സുവിദിതമാണ്. ദീപനാളം വാരിക സമാരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച മീനച്ചിൽ പ്രദേശത്തിന്റെ സാംസ്കാരികാടിത്തറ ബലപ്പെടുത്താൻ ആ വാരികയ്ക്കു കഴിഞ്ഞു. ധാരാളം വായനക്കാരുള്ള ഒരു മികച്ച പ്രസിദ്ധീകരണമായി വാരിക ഇന്നും തുടരുന്നു. സെന്റ് തോമസ് പ്രസും പ്രസിദ്ധീകരണസംരംഭവും ആരംഭിക്കാനും അദ്ദേഹം മുൻകൈയെടുത്തു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിങ്ങനെ സമൂഹത്തിനാകമാനം പുരോഗതി കൈവരുത്താനുതകുന്ന നിരവധി പ്രസ്ഥാനങ്ങളുടെ പേരുകൾ എടുത്തുപറയാനുണ്ട്. ഇവയുടെയും കുടുംബ പ്രേഷിതവിഭാഗം, ഡിസിഎംസ് പോലുള്ള സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചെയ്തിട്ടുള്ള സമൂഹോദ്ധാരണ പ്രവർത്തനങ്ങൾ നിരവധിയാണ്. എത്രയോ പാവപ്പെട്ട കുടുംബങ്ങൾക്ക് വീടും തൊഴിലും ജീവിതമാർഗങ്ങളും പ്രദാനം ചെയ്ത കരുതലിന്റെ പേരാണ് വയലിൽ പിതാവ്.
Tags : sweet blessing Mar Kavukatte Mar Mathew Kavukattu Mar Sebastian vayalil