പ്രതീകാത്മക ചിത്രം
കഴിഞ്ഞ മൂന്നുമാസത്തിനിടെ കേരളം നടുക്കത്തോടെ കണ്ട മൂന്നു സംഭവങ്ങൾ ഒരേ ചോദ്യമാണ് ഉയർത്തുന്നത്: പതിനെട്ട് വയസ് തികയാത്തവർ കൊടുംകുറ്റം ചെയ്താൽ നിയമം നിസഹായമാണോ? അല്ല എന്നാണ് ഇതിനുള്ള ഉത്തരം. ആ ഉത്തരത്തിന്റെ താക്കോൽ ബാലനീതി നിയമത്തിലെ ‘പ്രാഥമിക വിലയിരുത്തൽ’ (Preliminary Assessment) ആണ്.
ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റിലാണ് ആദ്യസംഭവം. ഒരു വാടകവീട്ടിൽ വയോധികനായ ഒരാളെ കൈകാലുകൾ പിന്നിലേക്ക് കെട്ടി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പതിമൂന്നുകാരി ഉൾപ്പടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായത്.
രണ്ടാമത്തെ സംഭവം ഒക്ടോബറിൽ എറണാകുളം ജില്ലയിലാണ്. പതിനേഴുകാരനായ ഒരു കുട്ടി ഓടിച്ച ആഡംബരകാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ 54 വയസുകാരൻ മരിച്ചു. കുട്ടിക്ക് ലൈസൻസുണ്ടായിരുന്നില്ല; കാർ മണിക്കൂറിൽ ഏകദേശം 104 കി.മീ. വേഗത്തിലായിരുന്നു. ആദ്യം അശ്രദ്ധ മൂലമുള്ള മരണത്തിനു മാത്രം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തുകയും വാഹന ഉടമയായ രക്ഷിതാവിനെതിരേ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
മൂന്നാമത്തെ സംഭവം നവംബറിൽ തിരുവനന്തപുരം ജില്ലയിലാണ്. പ്ലസ് വൺ വിദ്യാർഥിയായ ഒരു കുട്ടിയെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. ഇതിൽ ഒന്നാമതായി ഉൾപ്പെട്ടിരിക്കുന്നത് പതിനേഴുകാരനാണ്; മറ്റു പ്രതികൾ 23ഉം 18ഉം വയസുള്ളവർ. പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയായിട്ടില്ല എന്ന ആനുകൂല്യം രക്ഷാമാർഗമായി ഉപയോഗിക്കാൻ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും മറ്റു പ്രതികളും മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്നു. കൊല നടത്തിയത് പ്രായപൂർത്തിയാകാത്ത വ്യക്തി മാത്രമാണെന്ന് മൊഴി നൽകാനും അങ്ങനെ മറ്റുള്ളവർക്ക് രക്ഷപ്പെടാനുമായിരുന്നു അവരുടെ കണക്കുകൂട്ടൽ എന്ന് പൊലിസ് ആരോപിക്കുന്നു.
മൂന്നാമത്തെ സംഭവമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ‘കുട്ടിയാണെങ്കിൽ ശിക്ഷയില്ല’ എന്ന തെറ്റിദ്ധാരണ ഇന്ന് കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിൽത്തന്നെ ആയുധമായി മാറിയിരിക്കുന്നു. ബാലനീതി (കുട്ടികളുടെ സംരക്ഷണവും പരിപാലനവും) നിയമം 2015, ബാലനീതി മാതൃകാ ചട്ടങ്ങൾ 2016 എന്നിവയിലെ വ്യവസ്ഥകൾ ആ ധാരണ എത്രമാത്രം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു. നിയമത്തിലെ വകുപ്പ് 74 അനുസരിച്ച് കുറ്റാരോപിതരായ കുട്ടികളുടെ പേരോ തിരിച്ചറിയൽ വിവരങ്ങളോ ഇവിടെ നൽകുന്നില്ല.
പ്രായപൂർത്തിയാകാത്തവരും ഹീനമായ കുറ്റകൃത്യങ്ങളും
പതിനെട്ട് വയസിൽ താഴെയുള്ളവർ എന്തു ചെയ്താലും പരമാവധി മൂന്നു വർഷം ‘ജുവനൈൽ ഹോമിൽ’ കഴിഞ്ഞ് പുറത്തിറങ്ങുമെന്നാണ് പൊതുധാരണ. എന്നാൽ, പുതിയ നിയമം കുട്ടികളെ രണ്ട് വിഭാഗമായി കാണുന്നു. പതിനാറ് വയസിൽ താഴെയുള്ളവരും ചെറിയ കുറ്റങ്ങൾ ചെയ്ത എല്ലാ കുട്ടികളും ബാലനീതി ബോർഡിന്റെ പരിഷ്കരണ സംവിധാനത്തിൽ തുടരും. എന്നാൽ 16 വയസ് പൂർത്തിയായ ഒരു കുട്ടി ‘ഹീനമായ കുറ്റം’ (Heinous Offence) ചെയ്തതായി ആരോപിക്കപ്പെട്ടാൽ, ആ കുട്ടിയെ മുതിർന്നയാളെപ്പോലെ സെഷൻസ് വിചാരണയ്ക്ക് വിധേയമാക്കാനും ശിക്ഷിക്കാനും 21 വയസിനുശേഷം ജയിലിലേക്ക് മാറ്റാനും നിയമം വഴിയൊരുക്കുന്നു. ഇതിനുള്ള താക്കോലാണ് പ്രാഥമിക വിലയിരുത്തൽ.
നിയമം കുട്ടിയെ നിർവചിക്കുന്നത് കുറ്റകൃത്യം നടന്ന തീയതിയിലെ പ്രായം അനുസരിച്ചാണ്. വകുപ്പ് 2(12) പ്രകാരം 18 വയസ് പൂർത്തിയാകാത്ത ഏതൊരാളും ‘കുട്ടി’ ആണ്. വകുപ്പ് 2(13) പ്രകാരം കുറ്റം ചെയ്ത തീയതിയിൽ 18 തികയാത്ത, കുറ്റം ആരോപിക്കപ്പെട്ട കുട്ടിയാണ് ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി’ (Child in Conflict with Law). പിടിക്കപ്പെടുമ്പോൾ ആൾ മുതിർന്നയാളാണെങ്കിലും ഈ പദവി തുടരും.
എന്താണ് പ്രാഥമിക വിലയിരുത്തൽ?
കുറ്റം ഏത് വിഭാഗത്തിൽ പെടുന്നു എന്നതാണ് പ്രാഥമിക വിലയിരുത്തലിന്റെ ആദ്യകടമ്പ. വകുപ്പ് 15(1) അനുസരിച്ച്, 16 വയസ് പൂർത്തിയായ കുട്ടി ഹീനമായ കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടാൽ ബാലനീതി ബോർഡ് നിർബന്ധമായും പ്രാഥമിക വിലയിരുത്തൽ നടത്തണം. കുറ്റം ചെയ്യാനുള്ള കുട്ടിയുടെ മാനസികശേഷി, ശാരീരികശേഷി, കുറ്റത്തിന്റെ പരിണതഫലങ്ങൾ മനസിലാക്കാനുള്ള കഴിവ്, കുറ്റം നടന്ന സാഹചര്യങ്ങൾ എന്നീ നാല് കാര്യങ്ങളാണ് ബോർഡ് പരിശോധിക്കുന്നത്. വിലയിരുത്തൽ വിചാരണയല്ല. ഏതു വേദിയിൽ, ഏത് നടപടിക്രമത്തിൽ വിചാരണ വേണം എന്നു തീരുമാനിക്കുകയാണു ചെയ്യുന്നത്.
പ്രാഥമിക വിലയിരുത്തലിന്റെ ശരിയായ ക്രമം ഇതാണ്: ആദ്യം വിദഗ്ധ പാനൽ കുട്ടിയെ ശാസ്ത്രീയമായി പരിശോധിക്കുന്നു; ആ റിപ്പോർട്ടും സാമൂഹിക അന്വേഷണ റിപ്പോർട്ടും പൊലിസ് സമർപ്പിച്ച രേഖകളും പരിഗണിച്ചശേഷം മാത്രം ബോർഡ് അന്തിമ തീരുമാനമെടുക്കുന്നു. വിദഗ്ധരുടെ മനഃശാസ്ത്ര വിലയിരുത്തൽ രണ്ട് കാരണങ്ങളാൽ നിർണായകമാണ്. ഒന്നാമതായി, അത് കുട്ടിയോടുള്ള നീതിയാണ്. ഒരേ കുറ്റം ആരോപിക്കപ്പെട്ട രണ്ട് പതിനേഴുകാരിൽ ഒരാൾ ആസൂത്രിതമായി, പരിണതഫലങ്ങൾ പൂർണമായി മനസിലാക്കി പ്രവർത്തിച്ചയാളാകാം; മറ്റൊരാൾ മുതിർന്നവരുടെ സമ്മർദത്തിനോ മാനസിക വൈകല്യത്തിനോ ഇരയായയാളാകാം.
ഇവരെ വേർതിരിച്ചറിയാൻ ബുദ്ധിശേഷി പരിശോധന, വ്യക്തിത്വ വിലയിരുത്തൽ, മാനസികാരോഗ്യ പരിശോധന, കുടുംബ-സാമൂഹിക പശ്ചാത്തല വിശകലനം എന്നിവ ആവശ്യമാണ്. രണ്ടാമതായി, അത് ഇരയോടും സമൂഹത്തോടുമുള്ള നീതിയാണ്. വിദഗ്ധ പിന്തുണയില്ലാത്ത ഒരു ഉത്തരവ് അപ്പീലിൽ റദ്ദാക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വർഷങ്ങൾ പാഴാകുകയും ശിക്ഷ അർഹിക്കുന്ന കുറ്റവാളി സാങ്കേതിക പിഴവിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയും ചെയ്യും.
ഈ തത്വം സുപ്രീംകോടതി ഉറപ്പിച്ചു പറഞ്ഞത് ബരുൺ ചന്ദ്ര ഠാക്കൂർ v. മാസ്റ്റർ ഭോലു (2022) എന്ന കേസിലാണ്. ഈ വിധിയുടെ സന്ദേശം വ്യക്തമാണ്. ഏറ്റവും ക്രൂരമായ കുറ്റകൃത്യത്തിൽപോലും, കുട്ടിയെ മുതിർന്നയാളായി വിചാരണ ചെയ്യാനുള്ള തീരുമാനം വികാരത്തിന്റെയോ ജനരോഷത്തിന്റെയോ അടിസ്ഥാനത്തിലല്ല, ശാസ്ത്രീയ വിദഗ്ധ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകണം. അതേസമയം, ശരിയായ നടപടിക്രമം പാലിച്ചാൽ കുട്ടിയെ മുതിർന്നയാളായി വിചാരണ ചെയ്യുന്നതിന് നിയമപരമായ തടസമില്ലെന്നും ഈ വിധി ഉറപ്പിക്കുന്നു. ആലപ്പുഴ, തിരുവനന്തപുരം കേസുകളിൽ ബാലനീതി ബോർഡുകൾ പാലിക്കേണ്ട മാതൃക ഇതാണ്.
വകുപ്പ് 14(3) പ്രകാരം, കുട്ടിയെ ആദ്യം ബോർഡിനു മുന്പിൽ ഹാജരാക്കിയ തീയതി മുതൽ മൂന്നു മാസത്തിനകം പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കണം. എന്നാൽ, ഈ സമയപരിധി നിർബന്ധിതമല്ല, നിർദേശാത്മകം മാത്രമാണെന്ന് 2024ൽ സുപ്രീംകോടതി വ്യക്തമാക്കി. കേസ് ചിൽഡ്രൻസ് കോടതിയിൽ എത്തിയാൽ, ഈ കുട്ടിയെ ശരിക്കും മുതിർന്നയാളായി വിചാരണ ചെയ്യണോ എന്ന് കോടതി വീണ്ടും സ്വതന്ത്രമായി പരിശോധിക്കും. കുട്ടിയുടെ പ്രത്യേക ആവശ്യങ്ങളും ന്യായമായ വിചാരണയും ശിശുസൗഹൃദ അന്തരീക്ഷവും കോടതി ഉറപ്പാക്കണം. ശിക്ഷ ഉറപ്പാക്കുമ്പോഴും നിയമത്തിന്റെ ലക്ഷ്യം പരിവർത്തനമാണ്. വകുപ്പ് 23 പ്രകാരം കുട്ടിയെയും മുതിർന്നയാളെയും ഒരുമിച്ച് വിചാരണ ചെയ്യാൻ പാടില്ല.
സുരക്ഷിത ഇടത്തിൽനിന്ന് ജയിലിലേക്ക്
മുതിർന്നയാളായി ശിക്ഷിക്കപ്പെട്ട കുട്ടി ആദ്യം പോകുന്നത് ജയിലിലേക്കല്ല, ‘സുരക്ഷിത ഇട’ത്തിലേക്കാണ്. എന്നാൽ, അവിടെ ശിക്ഷ അവസാനിക്കുന്നില്ല. വകുപ്പ് 19(3) പ്രകാരം കുട്ടിയെ 21 വയസ് തികയുന്നതുവരെ സുരക്ഷിത ഇടത്തിൽ പാർപ്പിക്കണം; അതിനുശേഷം ജയിലിലേക്ക് മാറ്റണം. ഈ കാലയളവിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, കൗൺസലിംഗ്, സ്വഭാവ പരിഷ്കരണ ചികിത്സ, മനോരോഗ ചികിത്സാ പിന്തുണ എന്നിവ നൽകണം. വകുപ്പ് 19(4) പ്രകാരം പ്രൊബേഷൻ ഓഫിസറോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റോ സാമൂഹിക പ്രവർത്തകനോ എല്ലാ വർഷവും പുരോഗതി റിപ്പോർട്ട് നൽകണം.
21 വയസ് തികയുമ്പോഴും ശിക്ഷാ കാലാവധി ബാക്കിയുണ്ടെങ്കിൽ, കുട്ടി പരിവർത്തനത്തിന് വിധേയനായോ, സമൂഹത്തിന് ഉപകാരപ്രദമായ അംഗമാകാൻ കഴിയുമോ എന്ന് വകുപ്പ് 20(1) പ്രകാരം ചിൽഡ്രൻസ് കോടതി വിലയിരുത്തും. ഇവിടെയും വിദഗ്ധരുടെ റിപ്പോർട്ടുകൾക്ക് നിർണായക സ്ഥാനമുണ്ട്. വിലയിരുത്തലിനുശേഷം, വകുപ്പ് 20(2) പ്രകാരം നിരീക്ഷണ അധികാരിയെ നിയമിച്ച് ഉപാധികളോടെ മോചിപ്പിക്കാം; അല്ലെങ്കിൽ ബാക്കി ശിക്ഷ ജയിലിൽ പൂർത്തിയാക്കാൻ ഉത്തരവിടാം.
വകുപ്പ് 21 പ്രകാരം കുട്ടിക്ക് വധശിക്ഷയോ മോചനസാധ്യതയില്ലാത്ത ജീവപര്യന്തമോ വിധിക്കാൻ പാടില്ല. ഈ രണ്ട് ശിക്ഷകൾ മാത്രമാണ് നിരോധിച്ചിട്ടുള്ളത്. വകുപ്പ് 24 പ്രകാരം ശിക്ഷിക്കപ്പെട്ട കുട്ടിക്ക് പിന്നീട് സർക്കാർ ജോലി ഉൾപ്പടെയുള്ള കാര്യങ്ങളിൽ അയോഗ്യതയില്ല; രേഖകൾ നശിപ്പിക്കപ്പെടും. എന്നാൽ, 16 കഴിഞ്ഞ്, വകുപ്പ് 19(1)(i) പ്രകാരം മുതിർന്നയാളായി ശിക്ഷിക്കപ്പെട്ടവർക്ക് ഈ ഇളവ് ലഭിക്കില്ല. കുട്ടികളെ മറയാക്കുന്ന മുതിർന്നവർക്കും കടുത്ത ശിക്ഷയുണ്ട്. രക്ഷിതാക്കളും ഉത്തരവാദികളാണ്.
നിയമനടപടികളും പൊലിസിന്റെ പങ്കും
മാതൃകാ ചട്ടം 8(1) പ്രകാരം ഹീനമായ കുറ്റങ്ങളിലും മുതിർന്നവരോടൊപ്പം ചെയ്ത കുറ്റങ്ങളിലും മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്; മറ്റുള്ളവ ജനറൽ ഡയറിയിൽ രേഖപ്പെടുത്തും. കുട്ടിയുടെ കുടുംബം, വിദ്യാഭ്യാസം, മുൻകാല പെരുമാറ്റം എന്നിവ സംബന്ധിച്ച സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (ഫോം 1) ആദ്യ ഹിയറിംഗിനു മുമ്പ് ബോർഡിന് നൽകണം. മാതൃകാ ചട്ടം 9(5) പ്രകാരം, 16 കഴിഞ്ഞ കുട്ടിയുടെ ഹീനകുറ്റത്തിൽ സാക്ഷിമൊഴികളും അന്വേഷണ രേഖകളും ആദ്യ ഹാജരാക്കലിന് ഒരു മാസത്തിനകം ബോർഡിന് സമർപ്പിക്കുകയും പകർപ്പ് കുട്ടിക്കോ രക്ഷിതാവിനോ നൽകുകയും വേണം.
ഇവിടെയാണ് പൊലിസിന്റെ പങ്ക് നിർണായകമാകുന്നത്. ആസൂത്രണം, ഉപകരണങ്ങളുടെ സമാഹരണം, തെളിവ് നശിപ്പിക്കാനുള്ള ശ്രമം, മുൻകൂട്ടി തയാറാക്കിയ വ്യാജമൊഴി, കുറ്റത്തിനുശേഷമുള്ള പെരുമാറ്റം എന്നിവയെല്ലാം പരിണതഫലങ്ങൾ മനസിലാക്കാനുള്ള കഴിവിന്റെ നേർസാക്ഷ്യങ്ങളാണ്. ഈ വസ്തുതകൾ കൃത്യമായി രേഖപ്പെടുത്തി ബോർഡിനും വിദഗ്ധ പാനലിനും മുന്നിലെത്തിക്കുമ്പോഴാണ് മനഃശാസ്ത്ര വിലയിരുത്തലിന് ഉറച്ച അടിത്തറ ലഭിക്കുന്നത്.
അതേസമയം, നടപടിക്രമങ്ങളിലെ പിഴവ് മുഴുവൻ കേസിനെയും ദുർബലമാക്കും. കുട്ടിയെ ലോക്കപ്പിൽ പാർപ്പിക്കൽ, കൈവിലങ്ങ് അണിയിക്കൽ, യൂണിഫോമിൽ ചോദ്യംചെയ്യൽ, കുറ്റസമ്മതത്തിന് നിർബന്ധിക്കൽ, മാധ്യമങ്ങൾക്ക് കുട്ടിയുടെ ചിത്രം നൽകൽ എന്നിവയെല്ലാം ചട്ടലംഘനങ്ങളാണ്. കർക്കശമായി നടപടിക്രമം പാലിക്കുന്നതാണ് കേസിന്റെ ബലം.
വകുപ്പ് 21ലെ നിരോധനവും വ്യക്തിഗത പരിചരണ പദ്ധതിയും 21-ാം വയസിലെ പുനർമൂല്യനിർണയവും ഓർമിപ്പിക്കുന്നത്, ഗുരുതര കുറ്റം ചെയ്ത കുട്ടിക്കും മാറാനുള്ള അവസരം നിയമം നിഷേധിക്കുന്നില്ല എന്നാണ്. ഉത്തരവാദിത്വവും പരിവർത്തനവും തമ്മിലുള്ള ഈ സന്തുലനം നിലകൊള്ളുന്നത് പ്രാഥമിക വിലയിരുത്തൽ എന്ന ഒറ്റ ഉപകരണത്തിലാണ്.
സമൂഹത്തിന്, പ്രത്യേകിച്ച് കൗമാരക്കാർക്ക്, ഈ നിയമത്തെക്കുറിച്ചുള്ള ശരിയായ അറിവ് എത്തിക്കണം. “നിനക്ക് 17 വയസല്ലേ” എന്ന ഉപദേശം ഇനിയൊരു കുട്ടിയെയും കൊലയാളിയാക്കാതിരിക്കാൻ, ആ ഉപദേശം തെറ്റാണെന്ന് ഓരോ കൗമാരക്കാരനും അറിഞ്ഞിരിക്കണം.
(ലേഖകൻ ആലപ്പുഴ ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗമാണ്)
Tags : assumption he is just a child Deepika DeepikaNewspaper BreakingNews NewsUpdate point where the assumption he is just child