ഷി ചിൻപിംഗ് , ഡോണൾഡ് ട്രംപ്, വ്ലാദിമിർ പുടിൻ
ഡോണൾഡ് ട്രംപിനു ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടണം എന്നുണ്ട്. ന്യായമായ ആഗ്രഹം. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ആറു വർഷത്തോളം ഇരുന്നു. ഇതുവരെ കാര്യമായ ഒരു നേട്ടവുമില്ല. ഇനി രണ്ടു വർഷംകൂടിയുണ്ട്. അതിനിടെ എന്തെങ്കിലും ചെയ്യണം. ആ ലക്ഷ്യത്തിലാണു നാളെ ഉച്ചയ്ക്കു യുഎസ്-ചൈന-റഷ്യ ചർച്ച ഷെൻജെൻ നഗരത്തിൽ നടക്കുന്നത്.
എന്തിനാണ് ഈ ഉച്ചകോടി? സത്യത്തിൽ ആർക്കുമറിയില്ല. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ത്രികക്ഷിചർച്ച ആദ്യം നിർദേശിച്ചതു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ്. പിന്നീടു ട്രംപ് അണ്വായുധ നിയന്ത്രണ കരാർ പുനരുജ്ജീവിപ്പിക്കാൻ ത്രികക്ഷി ചർച്ച കൊള്ളാമെന്നു പറഞ്ഞു. ചൈനയെ വൻശക്തി പദവിയിൽ സ്വീകരിക്കുന്ന ആദ്യ ജി 3 ഉച്ചകോടി എന്ന നിലയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് സന്നദ്ധതയും അറിയിച്ചു. അങ്ങനെയാണു വ്യക്തമായ അജൻഡ ഇല്ലാത്ത ഉച്ചകോടി ചേരുന്നത്.
കാര്യപരിപാടി ഇല്ലാതെ
ഷെൻജെൻ ഇന്റർനാഷണൽ എക്സ്ചേഞ്ച് സെന്ററിൽ ഇന്നും നാളെയും നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (എപിഇസി) നേതൃയോഗത്തിന്റെ ഇടയിലാണ് ഈ ഉച്ചകോടി. ഇങ്ങനെയൊന്ന് മുൻപു നടന്നിട്ടില്ല. ഇതിനു സെക്രട്ടേറിയറ്റും ഇല്ല. അജൻഡ ഇല്ലാത്തതിനാൽ കാര്യപരിപാടികൾ ക്രമീകരിച്ചിട്ടുമില്ല.
ആതിഥേയരായ ചൈന പറയുന്നതു രണ്ടു കാര്യങ്ങളാണ്. ഒന്ന്: ലോക സമാധാനം ഉറപ്പാക്കുക. രണ്ട്: വൻശക്തിബന്ധത്തിൽ ശാക്തിക സുസ്ഥിരത വളർത്തുക. അവയ്ക്കു തുടക്കം കുറിക്കുന്ന ഒന്നായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉച്ചകോടിയെ വിശേഷിപ്പിക്കുന്നു. സംയുക്ത പ്രഖ്യാപനമോ എന്തെങ്കിലും ലക്ഷ്യം നേടാനുള്ള ഉദ്യമമോ സംബന്ധിച്ച് ബെയ്ജിംഗ് സൂചന നൽകിയിട്ടില്ല. ചൈനയുടെ വൻശക്തി പദവി അംഗീകരിച്ചു കിട്ടുന്നു എന്നതുകൊണ്ട് ഷി തത്കാലം തൃപ്തിപ്പെടും. ഉത്തരവാദബോധമുള്ള, സുസ്ഥിര വൻശക്തി എന്ന അംഗീകാരമാണ് ഇതുവഴി ചൈനയ്ക്കു കിട്ടുന്നത് എന്നാണ് ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് എഴുതിയത്.
പുടിനു വലിയ മോഹങ്ങൾ
റഷ്യക്കും പുടിനും കൂടുതൽ ലക്ഷ്യങ്ങളുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന പുടിന് രാജ്യാന്തര സമൂഹത്തിന്റെ സ്വീകാര്യത നേടുക. പഴയ സോവ്യറ്റ് യൂണിയന്റെ ദുർബല പിൻഗാമി ആയ റഷ്യയെ വൻശക്തിയായി അംഗീകരിപ്പിക്കുക.1990നുശേഷം റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിലേക്കു വ്യാപിച്ച നാറ്റോ സഖ്യത്തെ പിന്നോട്ടു മാറ്റാൻ സമ്മർദം ചെലുത്തുക. (യുക്രെയ്നിൽ നാറ്റോ സ്ഥാനം പിടിക്കാതിരിക്കാനാണല്ലോ അവരെ ആക്രമിച്ചത്). യൂറോപ്പിലെ ശാക്തിക ക്രമീകരണം പുതുക്കുക. യുക്രെയ്ൻ സംബന്ധിച്ചു ചർച്ച നടത്തി യൂറോപ്യൻ ക്രമീകരണം വീണ്ടും തുറക്കാൻ ശ്രമിക്കുക.
ട്രംപിന്റെ ഇംഗിതങ്ങൾ
പതിവുപോലെ പല ആശയങ്ങളാണ് ട്രംപ് നൽകുന്നത്. യുഎസ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി പറഞ്ഞത്, ചർച്ച പ്രധാനമായും ആണവകരാർ സംബന്ധിച്ചാണ് എന്നത്രെ. അതിൽ സംയുക്ത പ്രസ്താവനയ്ക്കു തക്ക ധാരണ ആയിട്ടില്ല. ഇറാൻ യുദ്ധം, ഊർജസുരക്ഷ, യുക്രെയ്ൻ എന്നിവയും ചർച്ച ചെയ്യുമെന്ന് പ്രസ് സെക്രട്ടറി ഒലീവിയ വെയിൽസ് അറിയിച്ചു.
ഒരുദിവസം കഴിഞ്ഞ് ട്രംപ് പറഞ്ഞത്, തന്റെ പ്രിയ വിഷയമായ യുക്രെയ്ൻ ആണു പ്രധാനമായും ചർച്ച ചെയ്യുക എന്നാണ്. “യുക്രെയ്ന് യുക്രെയ്ൻ നഷ്ടപ്പെടുകയാണ്. റഷ്യക്കാകട്ടെ മാസം 25,000 ഭടന്മാർ വീതം മരിക്കുന്നു”. സമാധാനത്തിന് എന്താണു നിർദേശമെന്നു ട്രംപ് വിശദീകരിച്ചില്ല. റഷ്യ ചോദിച്ച ഡോൺബാസ് പ്രദേശം മുഴുവൻ വിട്ടുകൊടുത്തു യുദ്ധം നിർത്താനാണ് ട്രംപ് രണ്ട് വർഷമായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെമേൽ സമ്മർദം ചെലുത്തുന്നത്.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ വന്നാൽ കണ്ടു സംസാരിക്കാൻ താത്പര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. എപിഇസിയിൽ ഉത്തരകൊറിയ അംഗമല്ല. മീറ്റിംഗിന് കിമ്മിനെ ക്ഷണിച്ചിട്ടുമില്ല.
സ്റ്റാർട്ട് തുടരുമോ?
അമേരിക്കയും റഷ്യയും തമ്മിൽ ഉണ്ടാക്കിയ ‘അണ്വായുധങ്ങൾ കുറയ്ക്കൽ ഉടമ്പടി’ (START) ഫെബ്രുവരിയിൽ അവസാനിച്ചു. 1991ലെയും 1993ലെയും ഉടമ്പടികൾക്കുശേഷം 2010ൽ ഉണ്ടാക്കിയ മൂന്നാം ഉടമ്പടിയാണ് അവസാനിച്ചത്. ചൈനയെയും ഉൾപ്പെടുത്തി നാലാമതൊന്ന് യുഎസ് ആഗ്രഹിക്കുന്നുണ്ട്. യുക്രെയ്ൻ തീർന്നിട്ടു ചർച്ച എന്നാണ് റഷ്യൻ നിലപാട്. തങ്ങൾക്കു വേണ്ടത്ര അണ്വായുധങ്ങൾ ആയിക്കഴിഞ്ഞിട്ടു മാത്രം ചർച്ചയിൽ ചേരാം എന്നാണ് ഷിയുടെ തീരുമാനം. അതിനു പത്തു വർഷംകൂടി കഴിയണം എന്നു നിരീക്ഷകർ കരുതുന്നു. ഈ വിഷയത്തിൽ ധാരണ ഉണ്ടാക്കി നൊബേൽ സമ്മാനം നേടാമെന്ന മോഹവും ട്രംപിന് ഉപേക്ഷിക്കേണ്ടിവരും.
അമേരിക്ക-ചൈന വ്യാപാരം സംബന്ധിച്ച ഉടക്കുകൾ പരിഹരിക്കാൻ ഷെൻജെനിൽ ചർച്ച പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ വർഷം തീരുവയുദ്ധത്തിനു പ്രഖ്യാപിച്ച ‘വെടിനിർത്തൽ’ നീട്ടാനുള്ള പ്രഖ്യാപനം ഉണ്ടായേക്കാം. അമേരിക്കയുടെ വർധിച്ചുവരുന്ന വ്യാപാരകമ്മി കുറയ്ക്കാനുള്ള ചർച്ചകൾക്കു സാധ്യതയില്ല.
ഷെൻജെൻ മറ്റൊരു യാൾട്ട ആകുമോ? ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ത്രികക്ഷി ഉച്ചകോടി നടന്നതു യാൾട്ടയിലാണ്. 1945 ഫെബ്രുവരി നാലു മുതൽ 11 വരെ.
യൂറോപ്പിൽ രണ്ടാം ലോകയുദ്ധം തീരുന്നതിനു രണ്ടര മാസം മുൻപു നടന്ന ആ ഉച്ചകോടി യൂറോപ്പിന്റെ ഭൂപടം മാറ്റി വരച്ചു. ലോകത്തിലെ ശക്തിബന്ധങ്ങൾ തിരുത്തി.
കരിങ്കടൽ തീരത്തെ യാൾട്ട ഉച്ചകോടി 81 വർഷം മുന്പു ചെയ്തതുപോലെ തെക്കൻ ചൈനാ കടലിനു തീരത്തെ ഷെൻജെൻ ഉച്ചകോടി ചെയ്യുമോ?
അതിനു തക്ക സാഹചര്യമല്ല 2026ലേത്. ഉച്ചകോടിയിലെ ആൾക്കാരും അതിനു പറ്റിയവരല്ല. യുഎസ് പ്രസിഡന്റായി നാലാം വട്ടവും (അന്ന് അതാകാമായിരുന്നു) തെരഞ്ഞെടുക്കപ്പെട്ട ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ്, സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവശക്തനായ ജനറൽ സെക്രട്ടറി ജോസഫ് സ്റ്റാലിൻ, ബ്രിട്ടന്റെ കരുത്തനായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവരാണു യാൾട്ടയിൽ സമ്മേളിച്ചത്.
ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ട്രംപും നാലര വർഷമായി യുക്രെയ്നിൽ മുന്നേറാൻ പറ്റാത്ത പുടിനും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ഷിയും പഴയ മൂവരുമായി താരതമ്യത്തിന് അർഹരല്ല. അന്നു ബ്രിട്ടൻ ക്ഷയിക്കുന്ന ശക്തിയായിരുന്നു. ഇന്നു റഷ്യ ക്ഷയത്തിലാണ്. യാൾട്ടയിൽ സമ്മേളിച്ചവർ ഈ മൂവരേക്കാൾ ചെറുപ്പമായിരുന്നു. റൂസ്വെൽറ്റിന് 67 വയസ്, ചർച്ചിലിന് 70, സ്റ്റാലിന് 69, ഇപ്പോൾ ട്രംപിന് 80, പുടിന് 74, ഷിക്ക് 73 വയസ്. ശരാശരി ഏഴു വയസ് കൂടുതൽ.
ജർമനിയെ നിരായുധീകരിച്ചു വിഭജിക്കാനും യൂറോപ്പിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്താനും ഉച്ചകോടി തീരുമാനിച്ചു. പക്ഷേ കരാർ ലംഘിച്ച സ്റ്റാലിൻ ജർമനിയുടെ പകുതി അടക്കം യൂറോപ്പിന്റെ വലിയ ഭാഗം സോവ്യറ്റ് അധീനത്തിലാക്കി. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനവും രക്ഷാസമിതിയിലെ വീറ്റോ അധികാരം അടക്കമുള്ള കാര്യങ്ങളും അന്നു യാൾട്ടയിൽ നിശ്ചയിച്ചു.
ഇന്ന് അത്തരം കാര്യങ്ങൾ നിശ്ചയിക്കാൻ കഴിവുള്ളവരല്ല ഷെൻജെനിൽ കൂടുന്നത്. യൂറോപ്പിന്റെ കാര്യത്തിൽ ത്രികക്ഷി ധാരണ ഉണ്ടായാലും നടപ്പാക്കാൻ സാധിക്കില്ല. രണ്ടാം ലോകയുദ്ധത്തിൽ തകർന്നടിഞ്ഞ യൂറോപ്പല്ല ഇന്നത്തേത്.
അപ്പോൾ എന്താണു ഷെൻജെന്റെ പ്രാധാന്യം. ചൈനയെ തുല്യശക്തിയായി മറ്റു രണ്ടു വൻശക്തികൾ അംഗീകരിക്കുന്നു. അതു ചെറിയ കാര്യമല്ലെന്ന് ചരിത്രം നാളെ കാണിക്കും.
ട്രംപ് ചൈനയിലേക്കു തിരിക്കുന്നതിനു തൊട്ടുമുന്പാണ് എൻവിഡിയ മേധാവി ജെൻസൻ ഹുവാംഗ് ഒരു ചൈനക്കാരിയുമായി ബന്ധത്തിലായതു പുറത്തുവന്നത്.
ആ സ്ത്രീ (ആലീസ് ഹുവാംഗ്) ചാരവനിതയാണെന്നാണ് ആരോപണം. ചൈനയിലേക്കു വിൽക്കാൻ വിലക്കുള്ള പ്രോസസറുകൾ വാങ്ങി നേരിട്ടും അല്ലാതെയും ചൈനയ്ക്കു നൽകി. ആലീസ് ചാരവനിതയാണെന്നു സ്ഥിരീകരിച്ചില്ലെന്നു ട്രംപ് പറയുന്നു.
പക്ഷേ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ചാരക്കഥ വിശ്വസിക്കുന്നു. എൻവിഡിയയുടെ പ്രോസസറുകളിൽ വിദൂരനിയന്ത്രണം വിലക്കാൻ യുഎസ് ഉത്തരവു നൽകുകയും ചെയ്തു. ചൈനയിലേക്കു ടെക് കയറ്റുമതി നിരുത്സാഹപ്പെടുത്താൻ ഭരണകൂടം ശ്രമം തുടരും. ചാരവൃത്തി വിഷയം ചർച്ച ചെയ്യില്ല എന്നാണു ട്രംപ് പറഞ്ഞത്.
ചാരവൃത്തി ആരോപണം തള്ളിയ ചൈന അതു പറഞ്ഞു ടെക്നോളജി നിഷേധിക്കരുത് എന്നാവശ്യപ്പെട്ടു. അതു ചർച്ച ചെയ്തില്ലെങ്കിലും ചൈന വിഷയം ഉന്നയിക്കാതിരിക്കില്ല.അപ്പോൾ എന്താണ് ഷെൻജെനിൽ ഉണ്ടാവുക. ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണു യുക്തിസഹം.
Tags : Shenzhen Putin Trump Xi Jinping Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash