പ്രതീക്ഷയുടെ തീരം... നേരിട്ടും അല്ലാതെയും അനവധി മനുഷ്യരുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ
വേമ്പനാട്ട് കായലും അതിനോടു ചേർന്നുകിടക്കുന്ന തണ്ണീർത്തടങ്ങളും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെയും കാർഷിക പ്രതിസന്ധികളെയും മറികടക്കാൻ ഇനി നമുക്കു മുന്നിലുള്ളത് കൂട്ടായ പ്രവർത്തനത്തിന്റെയും ശാസ്ത്രീയമായ പരിഹാരങ്ങളുടെയും വഴിയാണ്. വേന്പനാട്ട് കായലിന്റെ ജലസംഭരണശേഷി ഗണ്യമായി കുറഞ്ഞതാണ് ഏറ്റവും വലിയ പ്രതിസന്ധി. മീനച്ചിലാർ, പന്പ, അച്ചൻകോവിലാർ, മണിമലയാർ, മൂവാറ്റുപുഴ തുടങ്ങിയ നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും ചെളിയും അടിഞ്ഞുകൂടി കായലിന്റെയും നദികളുടെയും അടിത്തട്ട് ഉയർന്നിരിക്കുന്നു.
ഇതിനു പരിഹാരമായി, കായലിലും നദികളിലും അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാനുള്ള ഒറ്റത്തവണ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. സർക്കാരിന് അധിക സാന്പത്തിക ബാധ്യതയില്ലാതെതന്നെ, നീക്കം ചെയ്യുന്ന മണ്ണും ചെളിയും നിർമാണ ആവശ്യങ്ങൾക്കും മറ്റും വിനിയോഗിക്കുന്നതിലൂടെ ഈ പദ്ധതി ലാഭകരമായി നടപ്പാക്കാൻ സാധിക്കും. കൂടാതെ, കായലിന്റെ ജലസംഭരണശേഷി വീണ്ടെടുക്കാൻ ശാസ്ത്രീയമായ ഡ്രഡ്ജിംഗ് അനിവാര്യമാണ്. ഡ്രഡ്ജിംഗ് ചെയ്തെടുക്കുന്ന കട്ടയും ചെളിയും വേന്പനാട് തണ്ണീർത്തടത്തിന്റെ സുരക്ഷയ്ക്കും നിർമാണത്തിനുമായി ഉപയോഗിക്കണം.
തോടുകളുടെ പുനരുജ്ജീവനവും ജലഗതാഗതവും
വേന്പനാട് തണ്ണീർത്തടത്തിലെ പല പഞ്ചായത്തുകളിലും നൂറുകണക്കിന് കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന തോടുകൾ നികത്തപ്പെടുകയോ പോളയും പായലും കുളവാഴയും മാലിന്യവും തിങ്ങിനിറഞ്ഞ് ഒഴുക്ക് നിലയ്ക്കുകയോ ചെയ്തിട്ടുണ്ട്. പായലിനൊപ്പം ചെളിയിൽ വേരുറപ്പിക്കുന്ന പ്രത്യേക തരം പുല്ലുകളും ജലപ്രവാഹത്തെ തടസപ്പെടുത്തുന്നു. നിലവിലുള്ള എല്ലാ തോടുകളും സംരക്ഷിക്കുന്നതിനായി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കണം. കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കുകയും തോടുകൾക്കു കുറുകെ വള്ളങ്ങളുടെ ഗതാഗതത്തിന് തടസമാകുന്ന രീതിയിൽ നിർമിച്ചിട്ടുള്ള താഴ്ന്ന പാലങ്ങളും ബണ്ടുകളും പൊളിച്ചുമാറ്റി ഉയരം കൂട്ടുകയും വേണം.
ചെറുവള്ളങ്ങൾക്ക് ഉള്ളിലേക്കു കടന്നുവരാനും ചരക്കുഗതാഗതം നടത്താനും സാധിക്കുന്ന വിധത്തിൽ തോടുകളെ മാറ്റിയെടുത്താൽ, കായലിന്റെ ഉൾപ്രദേശങ്ങളിലേക്കും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകും. തൊഴിലുറപ്പ് പദ്ധതി പോലുള്ള സംവിധാനങ്ങളെ കൃത്യമായി വിനിയോഗിച്ച് ഓരോ വർഷവും നിശ്ചിത പ്രദേശങ്ങളിലെ തോടുകൾ വൃത്തിയാക്കുന്നതിലൂടെ ജലമലിനീകരണം ഒരു പരിധിവരെ തടയാനാകും.
ശാസ്ത്രീയ കൃഷിരീതികളും രാസവള നിയന്ത്രണവും
കുട്ടനാട്ടിലെ അമിതമായ രാസവള-കീടനാശിനി പ്രയോഗം കായലിലെ മത്സ്യസന്പത്തിനെയും സൂക്ഷ്മജീവികളെയും നശിപ്പിക്കുകയാണ്. മണ്ണുപരിശോധന നടത്തി ശാസ്ത്രീയ കൃഷിരീതി കർശനമാക്കണം. പരന്പരാഗതമായി കർഷകർ ചെയ്തിരുന്നതുപോലെ, കൃഷിയില്ലാത്ത സമയങ്ങളിൽ പാടശേഖരങ്ങളിലേക്ക് കായൽവെള്ളം കയറ്റിയിറക്കുന്ന രീതി പുനഃസ്ഥാപിക്കേണ്ടതുണ്ട്. പുറംമടകൾ തുറന്നിട്ട് കായലിലെ വെള്ളം പാടങ്ങളിലൂടെ ഒഴുകിപ്പോകാൻ അനുവദിക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും കീടങ്ങളെ നശിപ്പിക്കാനും സഹായിക്കും. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് കൃഷികലണ്ടർ പരിഷ്കരിക്കുകയും ഒക്ടോബറിൽതന്നെ കൃഷിയിറക്കി ഫെബ്രുവരിയോടെ കൊയ്ത്ത് പൂർത്തിയാക്കുകയും ചെയ്താൽ വേനൽക്കാലത്തെ ഉപ്പുവെള്ളഭീഷണിയിൽനിന്ന് വിളകളെ രക്ഷിക്കാനാകും. മാർച്ച് അവസാനത്തോടെ തണ്ണീർമുക്കം ബണ്ട് തുറക്കാൻ സാധിച്ചാൽ പാടങ്ങളിൽ ഉപ്പുവെള്ളം കയറ്റാൻ സാധിക്കും.
ഉത്തരവാദിത്വ ടൂറിസം
വലിയ ഹൗസ് ബോട്ടുകളുടെയും വിനോദസഞ്ചാര യാനങ്ങളുടെയും അനിയന്ത്രിതമായ സഞ്ചാരം മത്സ്യത്തൊഴിലാളികളുടെ വലകൾ നശിപ്പിക്കുകയും കായലിൽ എണ്ണയും മാലിന്യങ്ങളും കലരാൻ കാരണമാവുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി, കായലിൽ വിനോദസഞ്ചാര ബോട്ടുകൾക്കായി പ്രത്യേക ജലപാതകൾ നിശ്ചയിക്കുകയും മത്സ്യബന്ധന മേഖലകളെ സംരക്ഷിക്കുകയും വേണം. ടൂറിസത്തിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം കായൽ സംരക്ഷണത്തിനായി മാറ്റിവയ്ക്കണം. വിദേശ വിനോദസഞ്ചാരികളിൽനിന്നു ലഭിക്കുന്ന ഈ തുക ഉപയോഗിച്ച് കായലിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനും ജലശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്താനും സാധിക്കും. കൂടാതെ, ആർ ബ്ലോക്ക്, കൈനകരി തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. മലരിക്കൽ ആന്പൽ ടൂറിസത്തെ മാതൃകയാക്കി ബൃഹത്തായ കുട്ടനാട് ടൂറിസം സിറ്റി എന്ന ആശയവും നടപ്പിലാക്കാവുന്നതാണ്.
ബ്ലൂ കാർബണ് സാധ്യതകളും ആഗോള ഫണ്ടിംഗും
കായൽ സംരക്ഷണത്തിനായി സർക്കാരിന്റെ പരിമിതമായ ഫണ്ടുകളെ മാത്രം ആശ്രയിക്കാതെ, അന്താരാഷ്ട്ര ഏജൻസികളുടെയും ലോകബാങ്കിന്റെയും മറ്റും സഹായങ്ങൾ തേടേണ്ടതുണ്ട്. റാംസർ സൈറ്റിൽ ഉൾപ്പെട്ട വേന്പനാട്ട് കായലിന്റെ സംരക്ഷണത്തിനായി ആഗോളതലത്തിൽ നിരവധി ഫണ്ടുകൾ ലഭ്യമാണ്. ഇതിനായുള്ള പദ്ധതികൾ ഡിപിആറുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ചിൽക്കാ മോഡലിൽ വേന്പനാട് അഥോറിറ്റി രൂപീകരിക്കുന്നതിനുള്ള സാധ്യകൾ തേടാവുന്നതാണ്.
കായലോരങ്ങളിലെ കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ‘ബ്ലൂ കാർബണ്’ ക്രെഡിറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്താമെന്ന് ഡോ. കെ.ജി. പദ്മകുമാർ ചൂണ്ടിക്കാട്ടി. ശുദ്ധജല കണ്ടലുകളെയും ഓരുജല കണ്ടലുകളെയും വേർതിരിച്ചറിഞ്ഞ് ശാസ്ത്രീയമായി നട്ടുപിടിപ്പിക്കുന്നത് തീരശോഷണം തടയാനും മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ വർധിപ്പിക്കാനും സഹായിക്കും.
ഷട്ടറുകൾ കൃത്യസമയത്ത് തുറക്കുക
തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും അപാതകൾ പരിഹരിക്കുക മാത്രമാണ് പോംവഴി. ചിൽക്ക തടാക അഥോറിറ്റി ചെയ്തതുപോലെ, വേന്പനാട്ടുകായലിൽ പുതിയ ഒരു പൊഴിമുഖം തുറന്നു കടൽവെള്ളം കയറ്റുക സാധ്യമല്ല. അതിനാൽ, ബണ്ടിന്റെയും സ്പിൽവേയുടെയും ഷട്ടറുകൾ കാലാവസ്ഥാ പ്രവചനങ്ങൾക്കനുസരിച്ച് കൃത്യസമയത്ത് തുറക്കാനും അടയ്ക്കാനുമുള്ള ശാസ്ത്രീയമായ സംവിധാനം ഉണ്ടാകണം. തോട്ടപ്പള്ളി സ്പിൽവേയിലെ തകരാറിലായ ഷട്ടറുകൾ അടിയന്തരമായി നന്നാക്കുകയും മഴക്കാലത്ത് അധികജലം കടലിലേക്ക് ഒഴുകിപ്പോകാനുള്ള തടസങ്ങൾ നീക്കുകയും വേണം. കടൽ പ്രക്ഷുബ്ധമായ തോട്ടപ്പള്ളിയിൽ സ്പിൽവേയ്ക്കു മുന്നിൽ പുലിമുട്ട് നിർമിക്കുന്നത് ആലോചിക്കാവുന്നതാണ്. കുട്ടനാടൻ പാടശേഖരങ്ങളിൽ ഒരുമിച്ച് കൃഷിയിറക്കി കൃത്യസമയത്ത് ബണ്ട് തുറന്നാൽ പ്രതിസന്ധികൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും.
കായലിനായി കൈകോർക്കാം
വേന്പനാട്ട് കായലിനെ വീണ്ടെടുക്കാൻ ഒരു പദ്ധതി മാത്രം പോരാ. ശാസ്ത്രീയമായ ആസൂത്രണം, വകുപ്പുകളുടെ ഏകോപനം, കർശനമായ നിയമനടപടി, സുതാര്യമായ നിരീക്ഷണം, ജനപങ്കാളിത്തം എന്നിവ ചേർന്ന ദീർഘകാല പ്രവർത്തനമാണു വേണ്ടത്. കായലിന്റെ സംരക്ഷണം ഇന്നത്തെ തലമുറയുടെ മാത്രം ആവശ്യമല്ല; വരുംതലമുറകളോടുള്ള ഉത്തരവാദിത്വംകൂടിയാണ്. അതിനായി സർക്കാരും ശാസ്ത്രസമൂഹവും ജനങ്ങളും ഒരുമിച്ച് കൈകോർക്കേണ്ട സമയമാണിത്. കായലിനെ സംരക്ഷിക്കുക എന്നത് നമ്മുടെ നാടിന്റെ ഭാവിയാണ്.

ഒഡീഷയിലെ ചിൽക്ക തടാകത്തിന്റെ പുനരുജ്ജീവനം ഇന്ത്യയിലെ തണ്ണീർത്തട സംരക്ഷണ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒഡീഷ സർക്കാർ 1991ൽ ചിൽക്ക ഡെവലപ്മെന്റ് അഥോറിറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഭരണസമിതിയിൽ വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും ഐഐടി മദ്രാസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ വിദഗ്ധരും റിസർച്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
2000ൽ തടാകത്തിലേക്ക് കടൽവെള്ളം പ്രവേശിക്കുന്നതിനായി പുതിയ കൃത്രിമ കടൽമുഖം തുറന്നു. ഇതിലൂടെ ഉപ്പുരസത്തിന്റെ സ്വാഭാവിക വ്യത്യാസം വീണ്ടെടുക്കാനും എക്കൽ പുറത്തേക്ക് ഒഴുകിപ്പോകാനും സാധിച്ചു. ഇതോടെ മത്സ്യസന്പത്തിൽ വർധനയുണ്ടായി. ശുദ്ധജല അധിനിവേശ സസ്യങ്ങളുടെ വ്യാപനവും കുറഞ്ഞു. 2002ൽ ചിൽക്ക ഡെവലപ്മെന്റ് അഥോറിറ്റിക്ക് റാംസർ വെറ്റ്ലാൻഡ് കണ്സർവേഷൻ അവാർഡ് ലഭിക്കുകയും ചെയ്തു.

വേമ്പനാട്ട് കായലിന്റെ പുനരുജ്ജീവനത്തിന് പ്രാദേശികതലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് കോട്ടയത്തെ പഴുക്കാനില കായൽ ശുചീകരണ പദ്ധതി.
കോട്ടയം നഗരത്തിനും തിരുവാർപ്പ് പഞ്ചായത്തിനും സമീപം സ്ഥിതിചെയ്യുന്ന ഈ കായലിൽ വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തിയ എക്കൽ അടിഞ്ഞുകൂടി പല ഭാഗങ്ങളിലും തുരുത്തുകൾ രൂപപ്പെട്ടു. കായലിലേക്ക് എത്തുന്ന ചെറുതോടുകൾ തടസപ്പെടുകയും ആഴം കുറയുകയും ചെയ്തതോടെ നദികളിൽനിന്നുള്ള വെള്ളത്തിന്റെ ഒഴുക്കിനും തടസമുണ്ടായി.
രണ്ടാം കുട്ടനാടൻ പാക്കേജിന്റെ ഭാഗമായി 1.62 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഴുക്കാനില കായലിൽ അടിഞ്ഞുകൂടിയ ഏകദേശം 3.68 ലക്ഷം ക്യുബിക് മീറ്റർ എക്കൽ നീക്കം ചെയ്യാനാണ് പദ്ധതി. ഉപഗ്രഹ സർവേയിലൂടെ കായലിന്റെ ആഴം നിർണയിച്ച് 1.75 മീറ്റർ മുതൽ 2.35 മീറ്റർ വരെ ആഴത്തിൽ ഡ്രഡ്ജിങ് നടത്താനാണ് ലക്ഷ്യമിടുന്നത്.
നെൽകൃഷികൂടി സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. പുറം ബണ്ടുകൾ ബലപ്പെടുത്തി സംരക്ഷിക്കുന്നതിലൂടെ മടവീഴ്ച, വെള്ളപ്പൊക്കം, വേലിയേറ്റം എന്നിവയിൽനിന്ന് രക്ഷനേടാം. കായലിലെ ചെളി ഉപയോഗിച്ച് ബണ്ട് നിർമിക്കുന്ന മാതൃകാപദ്ധതിയായി ഇത് മാറുമെന്ന് നദീപുനഃസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ പറഞ്ഞു.
(അവസാനിച്ചു)
Tags : biosphere Vembanad Lake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash