പ്രതീകാത്മക ചിത്രം
എഐ നമ്മളെയെല്ലാവരെയും കൊന്നൊടുക്കുമോ? സമീപഭാവിയിൽ എഐ മനുഷ്യരാശിയെ ഭൂമിയിൽനിന്നു തുടച്ചുനീക്കുമോ? മനുഷ്യന്റെ അസ്തിത്വ ഭീഷണികളിൽ എഐയെയും ഉൾപ്പെടുത്തണമെന്നത് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെയും എഐ കമ്പനികളിലെ പ്രമുഖരുടെയും അടുത്തകാലത്തെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
എന്നാൽ, മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിലെ യുവ ഗവേഷകൻ ജേക്കബ് കോക്സൺ സെപ്റ്റംബർ ആദ്യം ജോലി രാജിവച്ചുകൊണ്ടു നടത്തിയ പ്രസ്താവനയാണ് ഇതിനെ ആഗോള ചർച്ചാവിഷയമാക്കിയത്. എഐ നിർമിക്കുന്ന ആളുകൾ, ഈ ദശകത്തിന്റെ അവസാനത്തോടെ അതു നമ്മളെയെല്ലാം കൊല്ലുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു എന്നായിരുന്നു ജേക്കബ് കോക്സണിന്റെ പ്രസ്താവന. ഓപ്പൺ എഐയിലും ആന്ത്രോപിക്കിലും ഗവേഷകനായിരുന്ന ജേക്കബ് കോക്സൺ എഐ കമ്പനികൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നില്ലെന്നും സൂപ്പർ ഇന്റലിജൻസ് വികസനത്തിലൂടെ അവർ നമ്മുടെ ജീവിതംകൊണ്ടു ചൂതാട്ടം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.
ജേക്കബ് കോക്സണിന്റെ പ്രസ്താവന സൃഷ്ടിച്ച പ്രകമ്പനം ഇപ്പോഴും തുടരുകയാണ്. ആധുനികലോകം അസ്തിത്വപരമായ നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. ആണവയുദ്ധം, മാരകമായ പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, ഛിന്നഗ്രഹങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്. ഈ നിരയിലേക്കാണ് ഇപ്പോൾ നിർമിതബുദ്ധിയും കടന്നുവന്നിരിക്കുന്നത്.
ഉന്മൂലന സാധ്യതകൾ എത്രമാത്രം?
എഐ മനുഷ്യരാശിയെ തുടച്ചുനീക്കാൻ എത്രമാത്രം സാധ്യതയുണ്ട്? ഇക്കാര്യത്തിൽ എഐ വിദഗ്ധർ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഈ പ്രവചനങ്ങളിൽ പലതും വന്യമായ അനുമാനങ്ങളാണ്.
യുകെയിലെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2026ലെ ഇന്റർനാഷണൽ എഐ സേഫ്റ്റി റിപ്പോർട്ട് നിലവിലുള്ള എഐ സംവിധാനങ്ങൾക്ക് മനുഷ്യരാശിയുടെ നിയന്ത്രണത്തിനു പുറത്തുകടക്കാനാകില്ലെന്ന് അഭിപ്രായപ്പെടുന്നു. നിർമാതാക്കൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചാൽ എഐ അപകടരമാവില്ലെന്നാണ് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗിന്റെ നിലപാട്. മനുഷ്യബുദ്ധിക്കു നിയന്ത്രിക്കാനാകാത്ത ഒരു സൂപ്പർ ഇന്റലിജൻസ് സംവിധാനം അതിവേഗം പിറവിയെടുത്തു കൊണ്ടിരിക്കുകയാണ് എന്ന ചിന്തയിൽനിന്നാണ് എഐ മനുഷ്യരാശിയെ സമീപഭാവിയിൽ ഉന്മൂലനം ചെയ്യുമെന്ന പ്രവചനങ്ങളുടെ ഉത്ഭവം.
ഉന്മൂലനം പലവിധം
മനുഷ്യനിയന്ത്രണത്തിനു പുറത്തു കടക്കുന്ന തെമ്മാടി എഐയ്ക്ക് പല മാർഗങ്ങളിലൂടെയും മനുഷ്യരെ അതിവേഗം ഉന്മൂലനം ചെയ്യാനാകും. ലോകമെമ്പാടും പടരുന്ന മാരക രോഗാണുക്കളെയും അത്യന്തം വിഷമയമായ രാസായുധങ്ങളെയും ജൈവായുധങ്ങളെയും സൂപ്പർ എഐക്കു വികസിപ്പിക്കാനാകും. ഭാവിയിലെ യുദ്ധങ്ങൾ അത്യന്തം വിനാശകരമായിരിക്കും.
പവർഗ്രിഡുകൾ, ജലവിതരണം, ഭക്ഷ്യശൃംഖല, അടിസ്ഥാനസൗകര്യ മേഖല എന്നിവയെല്ലാം ആക്രമണങ്ങൾക്കു വിധേയമാകും. എഐ ഒരു ഉപകരണമല്ല, അതൊരു ചിന്തിക്കുന്ന ഏജന്റാണെന്ന് ചരിത്രകാരൻ യുവാൽ നോഹ ഹരാരി പറയുന്നു. ബ്യൂറോക്രസി, തീരുമാനമെടുക്കൽ പ്രക്രിയ, മാനവിക സംസ്കാരം എന്നിവയെല്ലാം കാലക്രമേണ എഐയുടെ സമ്പൂർണ നിയന്ത്രണത്തിലാകും. പരമ്പരാഗത മതാത്മക മൂല്യങ്ങൾ വലിയ വെല്ലുവിളി നേരിടും. ഇന്നു കാണുന്ന നാഗരികതയുടെ സമ്പൂർണ തകർച്ചയും സമൂഹത്തിനുമേൽ മനുഷ്യർക്കുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതുമെല്ലാം എഐ ഭീഷണികളിൽ ഉൾപ്പെടുന്നു.
ആരെങ്കിലും അതു നിർമിച്ചാൽ എല്ലാവരും മരിക്കും
എന്തെല്ലാമാണ് എഐയുടെ അതിവേഗ വളർച്ച ഉയർത്തുന്ന അസ്തിത്വ ഭീഷണികൾ? കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച, “ആരെങ്കിലും അതു നിർമിച്ചാൽ എല്ലാവരും മരിക്കും (ഇഫ് എനിവൺ ബിൽഡ്സ് ഇറ്റ്, എവരി വൺ ഡൈസ്.
വൈ സൂപ്പർ ഹ്യുമൻ എഐ വിൽ കിൽ അസ് ഓൾ)” എന്ന പുസ്തകം ലോകശ്രദ്ധ നേടിയിരുന്നു. മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനായ എലീസർ യുഡ്കോവ്സ്കിയും അതിന്റെ പ്രസിഡന്റ് നേറ്റ് സോറസുമാണ് രചയിതാക്കൾ. നിലവിലുള്ള എഐ സംവിധാനങ്ങൾ അടുത്ത ഘട്ടത്തിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിലേക്കും അന്തിമമായി മനുഷ്യരേക്കാൾ അതീവ ബുദ്ധിശാലിയായ ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസിലേക്കും അതിവേഗം വളരും.
മനുഷ്യരേക്കാൾ ബുദ്ധി കുറഞ്ഞ ജീവികളെ മനുഷ്യർ വംശനാശത്തിലേക്കു തള്ളിവിട്ടതുപോലെ അതിബുദ്ധിമാനായ കൃത്രിമ സൂപ്പർ ഇന്റലിജൻസ് ഭാവിയിൽ മനുഷ്യവർഗത്തെ തുടച്ചുനീക്കുമെന്നാണ് പുസ്തകത്തിലെ വാദം. ഇത്തരമൊരു സൂപ്പർ കൃത്രിമബുദ്ധിയെ മനുഷ്യരുടെ താത്പര്യങ്ങൾക്കും നിയന്ത്രണങ്ങൾക്കു വിധേയമായും പൊരുത്തപ്പെട്ടും ക്രമീകരിക്കുന്നതു ഭയാനകമാംവിധം ദുഷ്കരമാണ്.
സൂപ്പർ ഇന്റലിജൻസിലേക്ക്
എഐ എപ്പോഴും അതിനേക്കാൾ മികച്ച പതിപ്പിനെ നിർമിച്ചുകൊണ്ടേയിരിക്കും. സൂപ്പർ കൃത്രിമബുദ്ധിക്ക് ആവർത്തന പ്രക്രിയയിലൂടെ സ്വയം മെച്ചപ്പെടുത്താനും (റികഴ്സിവ് സെൽഫ് ഇംപ്രൂവ്മെന്റ്), സ്വയം പകർപ്പെടുക്കൽ, സ്വയം സംരക്ഷണം എന്നിവ നടത്താനും ശേഷിയുണ്ട്.
അടച്ചുപൂട്ടാനുള്ള മനുഷ്യശ്രമങ്ങളെ അതു തോൽപിക്കും. മനുഷ്യചിന്തകൾക്ക് അതീതമായ ബുദ്ധിയുടെ വിസ്ഫോടനത്തിലേക്ക് ഇതു നയിക്കും. ബുദ്ധിയുടെ ഈ മഹാവിസ്ഫോടനം (ഇന്റലിജൻസ് എക്സ്പ്ലോഷൻ) മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതിക വികാസമായിരിക്കുമെന്ന് നൊബേൽ സമ്മാന ജേതാവ് ജെഫ്രി ഹിന്റൺ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ കുറിക്കുന്നു.
സൂപ്പർ എഐ 2030ഓടെ വികസിക്കുമെന്നാണ് ഒരു വിഭാഗം എഐ ശാസ്ത്രജ്ഞരുടെ വിശ്വാസം. മനുഷ്യർക്കു വംശനാശ ഭീഷണി സൃഷ്ടിക്കുന്നതിന് സൂപ്പർ എഐക്ക് നാലു കഴിവുകൾ ആവശ്യമായി വരും. പ്രധാനപ്പെട്ട സൈബർ- ഭൗതിക സംവിധാനങ്ങളുമായുള്ള സംയോജനമാണ് ആദ്യത്തേത്. മനുഷ്യരുടെ സഹായമില്ലാതെതന്നെ നിലനിൽക്കാനുള്ള പ്രാപ്തി രണ്ടാമത്തേത്. മനുഷ്യവംശത്തിന്റെ ഉന്മൂലനം എന്ന ലക്ഷ്യത്തിലേക്ക് അത് എത്തുകയും വേണം. കണ്ടെത്തപ്പെടാതിരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കാനോ കബളിപ്പിക്കാനോ ഉള്ള കഴിവാണ് നാലാമത്തേത്. ഇതു നാലും സംഭവിച്ചാൽ നിയന്ത്രണം അസാധ്യമായ അതീവശക്തവും അപകടകരവുമായ ഒന്നിനെയായിരിക്കും മനുഷ്യർ ഭാവിയിൽ നേരിടേണ്ടിവരിക.
(തുടരും)
Tags : AI Revolution Deepika DeepikaNewspaper BreakingNews NewsUpdate Existential Threat