പ്രതീകാത്മക ചിത്രം
ശാസ്ത്രസാങ്കേതിക രംഗം അഭൂതപൂർവമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിംഗ്, സെമികണ്ടക്ടർ സാങ്കേതികവിദ്യ, നാനോ സയൻസ്, ഫോട്ടോണിക്സ്, ബഹിരാകാശ ഗവേഷണം, പുനരുപയോഗ ഊർജം, മെഡിക്കൽ ഇമേജിംഗ് തുടങ്ങിയ മേഖലകൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ഈ മുന്നേറ്റങ്ങളുടെയെല്ലാം അടിസ്ഥാനം ഭൗതികശാസ്ത്രമാണ്. എന്നാൽ, ആഗോളതലത്തിൽ ഭൗതികശാസ്ത്രം പുതിയ സാങ്കേതികവിദ്യകളുമായി സംയോജിച്ച് വളരുമ്പോൾ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പഠനപദ്ധതികളും പഠനരീതികളും അതിനനുസരിച്ച് മാറുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
മെക്കാനിക്സ്, താപഗതികം, വൈദ്യുതകാന്തികത, പ്രകാശശാസ്ത്രം, ക്വാണ്ടം മെക്കാനിക്സ്, സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളാണ് പരമ്പരാഗതമായി ഭൗതികശാസ്ത്ര ബിരുദപഠനത്തിന്റെ അടിത്തറ. ഇവയുടെ പ്രാധാന്യം ഒരിക്കലും കുറച്ചുകാണാനാവില്ല. എന്നാൽ, ഈ അറിവുകളെ ആധുനിക ഗവേഷണ ശാസ്ത്ര സാങ്കേതിക മേഖലകളുമായി ബന്ധിപ്പിക്കാത്തപക്ഷം വിദ്യാർഥികൾക്ക് പുതിയ കാലത്തെ തൊഴിൽ ഗവേഷണ സാധ്യതകൾ പ്രയോജനപ്പെടുത്താനാവില്ല. അതിനാൽ അടിസ്ഥാന ഭൗതികശാസ്ത്രത്തെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ അതിന്റെ പ്രയോഗസാധ്യതകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന പഠനരീതിയാണ് ആവശ്യമായിരിക്കുന്നത്. അതൊരു കാലഘട്ട അനിവാര്യതയാണ്. പരിണാമ പ്രക്രിയയുടെ കാലിക ചുവരെഴുത്തുകൾ വായിക്കാതെ നമുക്ക് മുന്നേറാൻ സാധിക്കില്ല
പുതിയ കാലം ആവശ്യപ്പെടുന്ന കോഴ്സുകൾ
ലോകത്തിലെ പ്രമുഖ സർവകലാശാലകൾ ഭൗതികശാസ്ത്രത്തെ കംപ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, മെഡിക്കൽ സയൻസ്, പരിസ്ഥിതി പഠനം തുടങ്ങിയ മേഖലകളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ ബിരുദ പ്രോഗ്രാമുകൾ വികസിപ്പിച്ചുവരുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ കോളജുകളിലും പുതിയ തലമുറ കോഴ്സുകൾക്കു സാധ്യതയുണ്ട്.
ബിഎസ്സി ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി, ബിഎസ്സി ക്വാണ്ടം കംപ്യൂട്ടിംഗ് ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങിയ കോഴ്സുകൾ ക്വാണ്ടം മെക്കാനിക്സിനെയും ക്വാണ്ടം ഉപകരണങ്ങൾ, ക്വാണ്ടം കംപ്യൂട്ടിംഗ്, ക്വാണ്ടം കമ്യൂണിക്കേഷൻ തുടങ്ങിയ ആധുനിക മേഖലകളെയും ബന്ധിപ്പിക്കുന്നു. ഭാവിയിലെ കംപ്യൂട്ടിംഗ്, വിവരസുരക്ഷ, അതിസൂക്ഷ്മ സെൻസറുകൾ എന്നിവയുടെ വികസനത്തിൽ ഈ പഠനമേഖലകൾക്കു വലിയ പ്രാധാന്യമുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വളർച്ച ഭൗതികശാസ്ത്ര പഠനത്തിലും പുതിയ സാധ്യതകൾ തുറക്കുന്നു. ബിഎസ്സി ഫിസിക്സ് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ്, ബിഎസ്സി കംപ്യൂട്ടേഷണൽ സയൻസ് ആൻഡ് ഡാറ്റാ സയൻസ്, ബിഎസ്സി ഫിസിക്സ് ആൻഡ് മെഷിൻ ലേണിംഗ് തുടങ്ങിയ കോഴ്സുകളിലൂടെ കംപ്യൂട്ടർ സിമുലേഷൻ, ശാസ്ത്രീയ ഡാറ്റാ വിശകലനം, ഗണിതശാസ്ത്ര മാതൃകാനിർമാണം, മെഷീൻ ലേണിംഗ് എന്നിവയിൽ വിദ്യാർഥികൾക്കു പ്രാവീണ്യം നേടാനാകും.
പ്രകാശത്തിന്റെ സാങ്കേതിക പ്രയോഗങ്ങൾക്കു പ്രാധാന്യം നൽകുന്ന ബിഎസ്സി ഫോട്ടോണിക്സ് ആൻഡ് ലേസർ ടെക്നോളജി, ബിഎസ്സി ഒപ്റ്റിക്കൽ എൻജിനിയറിംഗ്, ബിഎസ്സി ക്വാണ്ടം ഫോട്ടോണിക്സ് എന്നിവയും പരിഗണിക്കേണ്ട കോഴ്സുകളാണ്. അതിവേഗ ആശയവിനിമയം, ലേസർ സാങ്കേതികവിദ്യ, ഒപ്റ്റിക്കൽ ഫൈബർ, മെഡിക്കൽ ഇമേജിംഗ് തുടങ്ങിയ മേഖലകളിൽ ഇവയ്ക്കു വലിയ പ്രയോഗസാധ്യതയുണ്ട്.
ഇലക്ട്രോണിക്സ് വ്യവസായത്തിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും അടിത്തറയായ സെമികണ്ടക്ടർ ഗവേഷണത്തിന്റെ പ്രാധാന്യം പരിഗണിക്കുമ്പോൾ ബിഎസ്സി സെമി കണ്ടക്ടർ സയൻസ് ആൻഡ് ടെക്നോളജി, ബിഎസ്സി നാനോ സയൻസ് നാനോ ടെക്നോളജി, ബിഎസ്സി അഡ്വാൻസ്ഡ് മെറ്റീരിയൽ ഫിസിക്സ്, ബിഎസ്സി മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് അപ്ലൈഡ് സയൻസ് തുടങ്ങിയ കോഴ്സുകൾക്കും പ്രസക്തിയേറെയാണ്. ചിപ്പ് നിർമാണം, നാനോ മെറ്റീരിയലുകൾ, സൂപ്പർ കണ്ടക്ടിവിറ്റി, സെൻസറുകൾ, നൂതന ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി വളർത്താൻ ഇവ സഹായിക്കും.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മുന്നേറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ബിഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, ബിഎസ്സി അസ്ട്രോഫിസിക്സ് ആൻഡ് കംപ്യൂട്ടേഷണൽ അസ്ട്രോണമി, ബിഎസ്സി സാറ്റലൈറ്റ് ടെക്നോളജി ആൻഡ് റിമോട്ട് സെൻസിംഗ്, ബിഎസ്സി എയറോസ്പേസ് ഫിസിക്സ് തുടങ്ങിയ കോഴ്സുകൾക്കും സാധ്യതയുണ്ട്. ഉപഗ്രഹ സാങ്കേതികവിദ്യ, ബഹിരാകാശ ഉപകരണങ്ങൾ, റിമോട്ട് സെൻസിംഗ് എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഇവയ്ക്കു കഴിയും.
ഊർജ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും നേരിടുന്ന ഇന്നത്തെ ലോകത്ത് ബിഎസ്സി എനർജി സയൻസ് ആൻഡ് ടെക്നോളജി, ബിഎസ്സി റിന്യുവബിൾ എനർജി ഫിസിക്സ്, ബിഎസ്സി ബാറ്ററി സയൻസ് ആൻഡ് ടെക്നോളജി ബിഎസ്സി ഹൈഡ്രജൻ എനർജി ടെക്നോളജി, ബിഎസ്സി ക്ലൈമറ്റ് ആൻഡ് അറ്റ്മോസ്ഫെറിക് ഫിസിക്സ് തുടങ്ങിയ കോഴ്സുകൾക്കും വലിയ പ്രാധാന്യമുണ്ട്. സൗരോർജം, ഊർജസംഭരണം, ബാറ്ററി സാങ്കേതികവിദ്യ, ഹൈഡ്രജൻ ഇന്ധനം, കാലാവസ്ഥാ മാതൃകാ നിർമാണം തുടങ്ങിയ മേഖലകളിൽ ഇവയ്ക്കു പ്രയോഗമുണ്ട്.
അതുപോലെ ബിഎസ്സി മെഡിക്കൽ ഫിസിക്സ്, ബിഎസ്സി ബയോമെഡിക്കൽ ഫിസിക്സ്, ബിഎസ്സി മെഡിക്കൽ ഇമേജിംഗ് ടെക്നോളജി ആൻഡ് ഫിസിക്സ്, ബിഎസ്സി റേഡിയേഷൻ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകൾ ഭൗതികശാസ്ത്രത്തെ ആരോഗ്യരംഗവുമായി ബന്ധിപ്പിക്കുന്നു. എംആർഐ, സിടി, പിഇടി, അൾട്രാസൗണ്ട്, റേഡിയേഷൻ തെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാ-നിർണയ സംവിധാനങ്ങളുടെ ശാസ്ത്രീയ അടിത്തറയും പ്രയോഗങ്ങളും ഇതിൽ പഠനവിഷയമാകുന്നു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ പ്രത്യേകതകൾ പരിഗണിക്കുമ്പോൾ ബിഎസ്സി ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് ഫിസിക്സ്, ബിഎസ്സി ക്ലൈമറ്റ് ആൻഡ് എൻവയൺമെന്റൽ ഫിസിക്സ്, ബിഎസ്സി അപ്ലൈഡ് ജിയോഫിസിക്സ്, ബിഎസ്സി റിമോട്ട് സെൻസിംഗ് ആൻഡ് ജിയോസ്പേഷ്യൽ ഫിസിക്സ്, ബിഎസ്സി ഡിസാസ്റ്റർ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകൾക്കും പ്രസക്തിയുണ്ട്. സുനാമി, പ്രളയം, ഉരുൾപൊട്ടൽ, തീരദേശ ശോഷണം, കാലാവസ്ഥാ വ്യതിയാനം, സമുദ്രഗവേഷണം തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ പഠനത്തിനും പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും ഇവ സഹായകമാകും.
അടിസ്ഥാന ഭൗതികശാസ്ത്രവും ആഗോള നിലവാരവും
പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന നിർദേശം അടിസ്ഥാന ഭൗതികശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നതായി കാണരുത്. മറിച്ച്, അതിനെ കൂടുതൽ ആഴമുള്ളതും പ്രയോഗക്ഷമവുമാക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സിദ്ധാന്തങ്ങൾക്കൊപ്പം കംപ്യൂട്ടേഷണൽ ഫിസിക്സ്, പ്രോഗ്രാമിംഗ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ആധുനിക പരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാകണം. സമവാക്യങ്ങൾ മനഃപാഠമാക്കുന്നതിനപ്പുറം യഥാർഥ ശാസ്ത്രീയ പ്രശ്നങ്ങൾ തിരിച്ചറിയാനും അവയ്ക്ക് ഗണിതശാസ്ത്ര മാതൃകകൾ വികസിപ്പിക്കാനും പരീക്ഷണങ്ങളിലൂടെ തെളിവുകൾ കണ്ടെത്താനും വിദ്യാർഥികളെ പ്രാപ്തരാക്കണം.
സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, അമേരിക്കയിലെ കൊളറാഡോ സ്കൂൾ ഓഫ് മൈൻസ്, ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പിറ്റ്സ്ബർഗ് സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ ക്വാണ്ടം സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡിക്കൽ ഫിസിക്സ്, സെമികണ്ടക്ടർ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ പഠനപദ്ധതികൾ വികസിച്ചുവരുന്നു. ഇത്തരം അന്താരാഷ്ട്ര മാതൃകകൾ പഠിക്കുകയും അവയുടെ അക്കാദമിക ഘടനയും പഠനരീതികളും നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രാവർത്തികമാക്കുകയും വേണം.
നിലവിലുള്ള കോളജുകളിലെ ഭൗതികശാസ്ത്ര വകുപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കംപ്യൂട്ടേഷണൽ ഫിസിക്സ്, ഡാറ്റാ സയൻസ്, ഫോട്ടോണിക്സ്, കാലാവസ്ഥാ പഠനം തുടങ്ങിയ മേഖലകളിൽ പുതിയ പഠന മൊഡ്യൂളുകൾ ആരംഭിക്കാം. ഐഐടികൾ, ഐസറുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവയുമായി സഹകരണമുറപ്പാക്കണം. അധ്യാപക പരിശീലനം, ഗവേഷണപദ്ധതികൾ, ഇന്റേൺഷിപ്പ്, വ്യവസായബന്ധിത പ്രോജക്ടുകൾ എന്നിവയ്ക്കും പ്രാധാന്യം നൽകണം. പുതിയ കോഴ്സുകളുടെ പേരുകൾ മാത്രം ആകർഷകമാക്കിയാൽ പോരാ; അവയ്ക്ക് അനുയോജ്യമായ അധ്യാപകരും ലബോറട്ടറികളും പഠനസാമഗ്രികളും തുടർപഠനസാധ്യതകളും ഉറപ്പാക്കുകയും യുജിസി, സർവകലാശാലാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
ഭൗതികശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഭാവി
ഒരുകാലത്ത് ഭൗതികശാസ്ത്രം പഠിച്ച വിദ്യാർഥികളുടെ പ്രധാന ലക്ഷ്യങ്ങൾ അധ്യാപനം, ഗവേഷണം, സർക്കാർ ജോലി എന്നിവയായിരുന്നു. എന്നാൽ ഇന്ന് ക്വാണ്ടം സാങ്കേതികവിദ്യ, സെമികണ്ടക്ടർ വ്യവസായം, ഡാറ്റാ സയൻസ്, കൃത്രിമബുദ്ധി, ബഹിരാകാശ ഗവേഷണം, മെഡിക്കൽ സാങ്കേതികവിദ്യ, ഊർജമേഖല, കാലാവസ്ഥാ ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ ഭൗതികശാസ്ത്ര ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നരീതിയിൽ നമ്മുടെ ബിരുദപഠനം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാറ്റത്തിനു നേതൃത്വം നൽകേണ്ട സമയമാണിത്. പരമ്പരാഗത ബിരുദകോഴ്സുകളുടെ പേരും ഘടനയും മാത്രം നിലനിർത്തിക്കൊണ്ട് ആഗോള ശാസ്ത്രസാങ്കേതിക രംഗത്തെ മാറ്റങ്ങളെ നേരിടാനാവില്ല. അടിസ്ഥാന ഭൗതികശാസ്ത്രത്തിൽ ആഴമുള്ള അറിവും പുതിയ സാങ്കേതികവിദ്യകളിൽ പ്രായോഗിക നൈപുണ്യവും ഒരുപോലെ കൈവരിച്ച പുതിയ തലമുറയെ വാർത്തെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഭൗതികശാസ്ത്ര വിദ്യാഭ്യാസം ആഗോള നിലവാരത്തിലേക്കുയരുമ്പോൾ മാത്രമേ കേരളത്തിലെ വിദ്യാർഥികൾക്ക് ലോകത്തിന്റെ ശാസ്ത്രഗവേഷണ സാങ്കേതിക മുന്നേറ്റങ്ങളിൽ അർഥവത്തായ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയൂ.
(കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഭൗതികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
Tags : Classroom Workplace Artificial Intelligence Quantum Computing Semiconductor Technology Nanoscience Photonics Space Research Renewable Energy Medical Imaging Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash