ക്രാന്തദർശികൾ എല്ലാക്കാലത്തും അങ്ങനെയാണല്ലോ. കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തിനപ്പുറവും കാണാൻ കഴിയുന്നവരായിരിക്കും. അതുകൊണ്ടുതന്നെയാണല്ലോ ചരിത്രം അവരെ ക്രാന്തദർശികൾ എന്നു പറയുന്നത്. നമ്മുടെ നവോത്ഥാന നായകരൊക്കെത്തന്നെ കാലത്തിനപ്പുറം കണ്ട് കാലത്തെ നയിച്ചവരും രൂപപ്പെടുത്തിയവരുമായിരുന്നു. ദേശീയതലത്തിൽ നോക്കിയാൽ ശ്രീരാമകൃഷ്ണ പരമഹംസരും രാജാറാം മോഹൻ റായിയും സ്വാമി വിവേകാനന്ദനുമൊക്കെ ആ ഗണത്തിൽ വരും.
നമ്മുടെ ഭൂമി മലയാളത്തിലും (കേരളം) അത്തരം പ്രതിഭാശാലികൾ ചരിത്രത്തിന്റെ ഭാഗമായുണ്ട്. ഭരണം നയിച്ചവരിലും സമരം നയിച്ചവരിലും നവോത്ഥാന ശില്പികളെ കണ്ടെത്താനാകും. സാധാരണക്കാരായിരിക്കെ അസാധാരണ കാര്യങ്ങൾ ചെയ്തവർ. വിശുദ്ധ ചാവറയച്ചനും ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളുമൊക്കെ സന്യാസ യോഗികളായിരിക്കേ സമൂഹത്തിന്റെ പുനഃക്രമീകരണങ്ങൾക്ക് കാരണഭൂതരായവരാണെങ്കിൽ നിധീരിക്കൽ മാണിക്കത്തനാരും മന്നത്ത് പത്മനാഭനും സഹോദരൻ അയ്യപ്പനുമൊക്കെ സ്വസമുദായങ്ങളുടെ ദർശനമാനങ്ങളെയാകെത്തന്നെ മാറ്റിമറിച്ചവരാണ്.
◄ ദീപികയുടെ നാളാഗമം ►
നസ്രാണി ദീപികയെപ്പറ്റി ചിന്തിക്കുന്ന ഏതൊരാളുടെ മനസിലും ആദ്യം വരുന്ന ചിന്ത വിശുദ്ധ ചാവറയച്ചൻ എന്ന് ഇപ്പോൾ എല്ലാവരും പറയുന്ന കർമലീത്താ സന്യാസസമൂഹ സ്ഥാപകൻ (സിഎംഐ സഭ) കൂടിയായ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെക്കുറിച്ചുതന്നെയാണ്. 1805ൽ കുട്ടനാട്ടിൽ ജനിച്ച ചാവറയച്ചൻ പരമ്പരാഗത സുറിയാനി കത്തോലിക്കാ കുടുംബത്തിന്റെ ആത്മീയ പശ്ചാത്തല പാരമ്പര്യങ്ങളുടെ സ്വാധീനത്തിൽ ആത്മീയവഴി തെരഞ്ഞെടുത്ത് പൗരോഹിത്യം സ്വീകരിച്ചു. 1831ൽ പാലയ്ക്കൽ മല്പാനോടും പോരൂക്കര അച്ചനോടും ചേർന്ന് സിഎംഐ സന്യാസ സമൂഹത്തിന്റെ ആദ്യ ആശ്രമം മാന്നാനം കുന്നിൽ സ്ഥാപിച്ചു.
അവിടെത്തന്നെ സഭാധികാരികളുടെ അനുമതിയോടെ 1833ൽ ആദ്യ വൈദികപരിശീലന സെമിനാരിയും സ്ഥാപിച്ച ശേഷം സുറിയാനി സഭയിലും സന്യാസവഴിയിലും പുതിയ ആത്മീയദർശനങ്ങൾ പഠിപ്പിച്ചു. ലത്തീൻ ഭരണസംവിധാനത്തിൽ മുറിവുകളുണ്ടാക്കാതെ, സുറിയാനി പള്ളികളുടെമേൽ വികാരി ജനറാൾ പദവിയിൽ നിയമനം നേടി. പള്ളികളോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കാൻ കൽപ്പന നൽകി. അതിനു പണമില്ലെന്നു പരാതി പറഞ്ഞവരോട് പള്ളി വക പൊൻ - വെള്ളി കുരിശുകൾ വിറ്റിട്ടായാലും പള്ളിക്കൂടം പണിയണമെന്നു കൽപ്പന പുറപ്പെടുവിച്ചു. മാന്നാനത്തുതന്നെ ആശ്രമവളപ്പിൽ 1846ൽ ആദ്യത്തെ സംസ്കൃത സ്കൂൾ സ്ഥാപിച്ച്, കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് വിത്തുപാകിയ ചാവറയച്ചൻ തന്നെയാണ് മാന്നാനം കുന്നിൽ ആദ്യത്തെ അച്ചുകൂടവും (പ്രിന്റിംഗ് പ്രസ്) സ്ഥാപിച്ച് പിൽക്കാലത്ത് നിധീരിക്കലച്ചന് ‘നസ്രാണി ദീപിക’ തുടങ്ങുവാൻ പാതയൊരുക്കിയത്. ശതോത്തര റൂബി ജൂബിലിയുടെ (140 വർഷം) ആഘോഷവേളയിൽ ദീപികയെന്ന മഹാസ്ഥാപനത്തിന്റെ നാളാഗമത്തെക്കൂടി സൂചിപ്പിച്ചുവെന്നു മാത്രം!
◄ അസാധാരണമായ ‘ദൈവാധീനം’ ►
നിധീരിക്കൽ മാണിയച്ചനും താരതമ്യമില്ലാത്ത മറ്റൊരു മഹാപ്രതിഭയായിരുന്നു. പാണ്ഡിത്യംകൊണ്ടും പ്രഭാഷണചാതുരികൊണ്ടും നേതൃസിദ്ധികൾകൊണ്ടും ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച പ്രകാശഗോപുരമായിരുന്ന നിധീരിക്കൽ മാണിക്കത്തനാർ തന്നെയാണ് ദീപികയുടെ പത്രാധിപന്മാരുടെ വംശാവലിയിൽ അന്നും ഇന്നും പ്രഥമ ഗണനീയനായി നിലയുറപ്പിച്ചു നിൽക്കുന്നത്.
ഒരു വാർത്താപത്രികയായി തുടങ്ങി പിന്നീട് മാസികയായും വാരികയായും ഒടുവിൽ പ്രതിദിനപത്രമായും രൂപാന്തരങ്ങളാർജിച്ച്, പല കാലങ്ങളിലും അകത്തുനിന്നും പുറത്തുനിന്നുമുയർന്ന പ്രതിസന്ധികളെ ധീരമായും ദൈവാശ്രയത്തിലും നേരിട്ടും, കാലാകാലങ്ങളിൽ പല ഭാഗങ്ങളിൽനിന്നുമുണ്ടായ എതിർപ്പുകളെയും ‘യുദ്ധ’ങ്ങളെയും പ്രതിരോധിച്ചും ദീപികയ്ക്ക് ഇത്രകാലവും പിടിച്ചുനിൽക്കുവാൻ കഴിഞ്ഞുവെങ്കിൽ അത് അസാധാരണമായ ‘ദൈവാധീനം’ കൊണ്ടു മാത്രമാകണം. തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ലെന്നാണല്ലൊ പൂർവികരുടെ പ്രമാണവാക്യവും!
ദീപികയുടെ കഴിഞ്ഞ 140 വർഷത്തെ അതിജീവന ചരിത്രം അലാവുദ്ദീന്റെ അത്ഭുതകഥപോലെ നമുക്ക് രസിച്ചുവായിക്കാവുന്ന ഒന്നല്ല. മറിച്ച്, അത് കാലാകാലങ്ങളിൽ ദീപികയെ ഹൃദയത്തോട് ചേർത്തുപിടിച്ച് നയിച്ചു നടത്തിയ ദീപികയുടെ പത്രാധിപ പിതാക്കന്മാരുടെ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നേർക്കാഴ്ചയുടെ കഥ കൂടിയാണ്. ആദ്യ പത്രാധിപരായിരുന്ന നിധീരിക്കൽ മാണിയച്ചൻ എല്ലാ അർഥത്തിലും ഒരു പത്രാധിപ സിംഹമായിരുന്നു. സ്വന്തം ആത്മീയാധികാരികളിൽനിന്നുപോലും അമ്പേറ്റ മാണിക്കത്തനാർ ഒരു മുറിവേറ്റ സിംഹമായാണ് തന്റെ അവസാനകാലം കഴിച്ചുകൂട്ടിയതെന്നു പറഞ്ഞ ചരിത്രകാരന്മാരുണ്ട്. അർഹിച്ച അധികാരപദവികൾ പലതും നിധീരിക്കൽ അച്ചന് നിഷേധിക്കപ്പെട്ടുപോയി എന്നതും ഒരു യാഥാർഥ്യമായിരുന്നു. എത്ര മുറിവേറ്റാലും സിംഹം സിംഹം തന്നെയാണല്ലോ. മാണിയച്ചനെക്കുറിച്ചും ആരും മറിച്ച് പറഞ്ഞിട്ടുമില്ല!
സുദീർഘമായ ഒരു കാലയളവിൽ ദീപികയെ നയിച്ചവരിൽ അധികം പേരും സിഎംഐ സന്യാസ സമൂഹത്തിലെ മഹാമനീഷികളായിരുന്നുവെന്ന് പറയണം. വില്യമച്ചൻ മാത്രമല്ല, പിൽക്കാലത്ത് പത്രാധിപന്മാരായിരുന്ന ആന്റണിയച്ചനും കൊളംബിയറച്ചനും വിക്ടറച്ചനും ഐക്കരയച്ചനും പൈകടയച്ചനും പന്തപ്ലാംതൊട്ടിയിലച്ചനും ബോബിയച്ചനുമൊക്കെ തങ്ങൾ വഹിച്ച പദവിയുടെ മാനം കാത്തവരായിരുന്നു. അതിപ്പോൾ ജോർജ് കുടിലിൽ അച്ചനിൽ വന്നുനില്ക്കുന്നു.
◄ പ്രതിഭാശാലികളുടെ നീണ്ടനിര ►
ദീപികയുടെ ദീർഘകാല ചരിത്രത്തിൽ ഓർമിക്കേണ്ട ഒട്ടേറെ പ്രതിഭാശാലികൾ വേറെയുമുണ്ട്. ഷെവലിയർ ഐ.സി. ചാക്കോ, തെങ്ങുംമൂട്ടിൽ വറുഗീസ് മാപ്പിള, മുട്ടത്തുവർക്കി, ദീപിക തോമസ് സാറെന്നറിയപ്പെട്ടിരുന്ന കെ.സി. തോമസ് കുന്നുംപുറം, ഉലഹന്നാൻ തോപ്പിൽ, പത്രാധിപർ കെ.എം. ജോസഫ്, കെ.സി. സെബാസ്റ്റ്യൻ, പ്രഫ. ജോസഫ് മറ്റം എന്നു തുടങ്ങി പറഞ്ഞാൽ തീരാത്ത പേരുകൾ വേറെയും വരാം.
തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിലേക്കും സ്റ്റേറ്റ് കോൺഗ്രസിന്റെ ചെറുത്തുനില്പിലേക്കും സ്വാതന്ത്ര്യസമരം ചേർന്നുനിന്ന കാലം. ദിവാൻ സർ സി.പിയുടെ ദണ്ഡനഖഡ്ഗം മിക്ക പത്രങ്ങൾക്കു നേരേയും ഉയർന്നപ്പോഴും ദീപികയ്ക്കെതിരേ ദിവാൻ നിരോധനത്തിന് തുനിയാതിരുന്നതിന്റെ ഏക കാരണം, അത്തരമൊരു നടപടി (ദീപിക ഒരു സന്യാസസമൂഹ സ്ഥാപനമായതുകൊണ്ട്) ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂറിനും രാജകുടുംബത്തിനും നൽകിയ അന്താരാഷ്ട്രീയ പ്രശസ്തിയിൽ കളങ്കം ചേർത്തേക്കാമെന്ന ഭയം മാത്രമായിരുന്നിരിക്കണം.
മുടങ്ങാതെ വാർത്തകൾ വായിക്കുവാൻ ദീപിക പോലൊരു പത്രം സത്യത്തിന്റെ മുഖപത്രമായി നിലനിന്നിരുന്നുവെന്നതുതന്നെയാണ് ജനങ്ങൾക്കത് നൽകിയ ഭാഗ്യം. 140 വർഷം മലയാളത്തിലെ ഒരു ദിനപത്രം മുടങ്ങാതെ നിന്നുവെന്നത് നിസാരമായ ഒരു നേട്ടമോ അനുഗ്രഹമോ അല്ല എന്നതും എടുത്തുപറയേണ്ടതുതന്നെ.
◄ ഞാനും ദീപികയും ►
മുക്കാൽ നൂറ്റാണ്ടിനടുത്തു മുടങ്ങാതെ ദീപിക വായിച്ചുപോന്ന ഒരു വായനക്കാരനെന്ന നിലയിൽ തിരിഞ്ഞുനോക്കുമ്പോൾ “നന്ദിയോടെന്റെയുള്ളം നിറയുന്നു” എന്ന ഭക്തിഗാനമാണെന്റെ മനസിൽ വരുന്നത്. എനിക്ക് ഓർമവച്ചനാൾമുതൽ എന്റെ പിതാവ് പരേതനായ ആർ.വി. തോമസ് മുടങ്ങാതെ വായിച്ചിരുന്ന പത്രങ്ങളിലൊന്നായി എന്റെ മനസിലുള്ളത് ദീപികയാണ്. മനോരമയും മലയാളരാജ്യവും ദേശബന്ധുവും മാത്രമല്ല, ഹിന്ദു പത്രവുമുണ്ടായിരുന്നതോർമിക്കുന്നു. അതൊക്കെ ഞങ്ങളുടെ തിരുവനന്തപുരം കാലം. പിതാവ് നിയമസഭാ സ്പീക്കറും പിന്നീട് പ്രഥമ പബ്ലിക് സർവീസ് കമ്മീഷൻ അംഗവുമായിരുന്ന നാളുകൾ!
പാലായിൽ തിരിച്ചെത്തിയ ശേഷവും ദീപികയും മനോരമയും പ്രതിദിന സന്ദർശകരായി. എന്റെ ജീവിതത്തെയും മൂല്യദർശനങ്ങളെയും സ്വഭാവശൈലികളെയുമൊക്കെ രൂപപ്പെടുത്തിയതിൽ ദീപികയ്ക്കും നിർണായക പങ്കുണ്ടെന്ന് പറയുന്നത് അലങ്കാരമായിട്ടല്ല; തികച്ചും വസ്തുതാപരമായ സത്യമായിട്ടാണ്. ഹൈസ്കൂളിൽ എത്തുമ്പോൾ ഞാൻ അംഗത്വമെടുത്ത ഒരു പ്രസ്ഥാനം ദീപിക ബാലസഖ്യവും മറ്റൊന്ന് എംസിഎസ്എല്ലും (ഇപ്പോഴത്തെ കെസിഎസ്എല്ലിന്റെ പൂർവരൂപം). ആദ്യത്തേതിന്റെ ‘കൊച്ചേട്ടൻ’ മഹാപ്രതിഭയായിരുന്ന ആബേലച്ചൻ. രണ്ടാമത്തേതിന്റെ ഡയറക്ടറായിരുന്നത് പണ്ഡിതശ്രേഷ്ഠനായിരുന്ന ഫാ. ജെ.സി. മണലേലും. ദീപിക ബാലസഖ്യത്തിന്റെ ആദ്യ കേന്ദ്രസമിതിയിൽ അംഗമായി എന്നെ നിർദേശിച്ചതും 1958ൽ ചങ്ങനാശേരി എസ്ബി കോളജിൽ നടന്ന ബാലസഖ്യത്തിന്റെ ആദ്യ ക്യാമ്പിലെ കുട്ടികളുടെ സമ്മേളനത്തിൽ എന്നെ അധ്യക്ഷനായി നിയോഗിച്ചതും ആബേലച്ചനായിരുന്നു. ഒരർഥത്തിൽ നോക്കിയാൽ സ്കൂൾ പഠനകാലത്തുതന്നെ എനിക്കുണ്ടായ പൊതുജീവിതപ്രവേശം ദീപികയുടെ ബാലസഖ്യ വാതിലിലൂടെ യുഗപ്രഭാവനായിരുന്ന ആബേലച്ചന്റെ കൈപിടിച്ചായിരുന്നുവെന്നതും നിസാരമായൊരു ഭാഗ്യമൊന്നുമല്ലല്ലോ!
പതിനാലാം വയസിൽ ആദ്യമായി ഒരു പൊതുവേദിയിൽ കയറിയത് അധ്യക്ഷനായിട്ടുതന്നെയായിരുന്നുവെന്നതും ഭാഗ്യം തന്നെ. ദൈവാധീനവും!
◄ ഹൃദയസ്പർശിയായ മുഖപ്രസംഗം ►
ദീപികയുടെ ബാലപംക്തിയിൽ തന്നെയാണ് ഞാനെഴുതിയ ഒരു ലേഖനവും ആദ്യമായി വെളിച്ചം കണ്ടത്. അതാകട്ടെ, പ്രശസ്ത ഗാന്ധിയനും സർവോദയ നേതാവുമായിരുന്ന ജയപ്രകാശ് നാരായണനെക്കുറിച്ചും! എന്നാൽ ദീപികയുമായുള്ള ആഴമേറിയ ആത്മബന്ധത്തിനുള്ള യഥാർഥ കാരണം ഇതിനെല്ലാമപ്പുറത്താണ്.
1955 ജനുവരി 22ന് ഞങ്ങളുടെ പിതാവ് ആർ.വി. തോമസ് അപ്രതീക്ഷിതമായി അൻപത്തിയഞ്ചാം വയസിൽ ഹൃദയാഘാതത്താൽ അന്തരിച്ചപ്പോൾ അതിനു പിറ്റേന്ന് ആർ.വിയെപ്പറ്റി ദീപിക എഴുതിയ മുഖപ്രസംഗമാണ് കാരണം. വില്യം അച്ചൻ നേരിട്ടെഴുതിയതായിരുന്നത്രേ അത്. അതിന്റെ അവസാന ഖണ്ഡിക മാത്രം ഉദ്ധരിച്ച് ഞാനിവിടെ ദീപികയ്ക്കുള്ള ജൂബിലി പ്രണാമത്തെ സമർപ്പിക്കട്ടെ.
“വേദപുസ്തകം പറയുന്നുണ്ട് ‘ഞാൻ ചെറുപ്പമായിരുന്നു, ഞാൻ വയസനായി, നീതിമാൻ പരിത്യജിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. നീതിമാന്റെ സന്തതി ആഹാരത്തിനുവേണ്ടി ഭിക്ഷാടനം നടത്തുന്നതും.’ പ്രസ്തുത മാനദണ്ഡം വച്ചുനോക്കിയാൽ ആർവിയുടെ കുടുംബം കഷ്ടപ്പെടുകയില്ലെന്നു നമുക്കു പ്രത്യാശിക്കാം. അദ്ദേഹം തിരു-കൊച്ചിയുടെയും കത്തോലിക്കരുടെയും ഒരു അഭിമാനസ്തംഭമായിരുന്നു. അങ്ങിനെയെങ്കിൽ വേദപുസ്തകവാക്യങ്ങൾ പാഴാകുമോ?”
ദീപികയുടെ അനുഗ്രഹവാക്കുകൾ എന്നന്നേയ്ക്കുമുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. ദീപികയ്ക്ക് ആത്മാവിലും ഹൃദയത്തിലും ശതോത്തര റൂബി ജൂബിലി പ്രണാമം!
(ലേഖകൻ എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ മുൻ അംഗവുമാണ്.)
Tags : Nasrani Deepika Venus star sky