x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​വി​ന്‍റെ സം​സ്കൃ​തി​യാ​യ് എ​സ്ബി

ഫാ. ​ജോ​സ് ജേ​ക്ക​ബ് മു​ല്ല​ക്ക​രി​യി​ൽ
Published: February 28, 2026 12:50 AM IST | Updated: February 28, 2026 12:50 AM IST

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ലി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തെ സം​ബ​ന്ധി​ച്ച് പ്ര​മാ​ണ​രേ​ഖ​യു​ടെ 60-ാം വാ​ർ​ഷി​ക​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ച അ​പ്പ​സ്തോ​ലി​ക ലേ​ഖ​ന​ത്തി​ന്‍റെ ത​ല​ക്കെ​ട്ട് ‘പ്ര​ത്യാ​ശ​യു​ടെ പു​തി​യ ഭൂ​പ​ട​ങ്ങ​ൾ വ​ര​യ്ക്കാം’ എ​ന്ന​താ​ണ്. പ്ര​ത്യാ​ശി​ക്കാ​ൻ കാ​ര്യ​മാ​യി ഒ​ന്നു​മി​ല്ലാ​ത്ത ഒ​രു ലോ​ക​ക്ര​മ​ത്തി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ പാ​റ​മേ​ൽ​നി​ന്നു​കൊ​ണ്ടാ​ണ് മാ​ർ​പാ​പ്പ വി​ദ്യാ​ഭ്യാ​സ​ത്തെ പ്ര​ത്യാ​ശ​യു​ടെ ചി​ത്ര​കാ​ര​നാ​ക്കു​ന്ന​ത്. അ​റി​വി​നെ ചി​റ​കാ​ക്കു​ന്ന, ക​ലാ​ല​യ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും മി​ക​വി​ന്‍റെ ഇ​ട​ങ്ങ​ളാ​ക്കു​ന്ന, അ​ധ്യാ​പ​നം ക്രി​യാ​ത്മ​ക​മാ​കു​ന്ന ഒ​രു വി​ദ്യാ​ഭ്യാ​സ​രീ​തി​യാ​ണ് പാ​പ്പാ ഈ ​അ​പ്പ​സ്തോ​ലി​ക ലേ​ഖ​ന​ത്തി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ ​സം​രം​ഭ​ങ്ങ​ൾ തി​രി​ച്ച​റി​വി​ന്‍റെ പ​രീ​ക്ഷ​ണ​ശാ​ല​ക​ളും ബോ​ധ​ന​വി​ദ്യ​യു​ടെ നൂ​ത​ന യു​ക്തി​യും പ്ര​വാ​ച​ക സാ​ക്ഷ്യ​വു​മാ​കു​ന്ന പ്ര​കാ​ശ​ഗോ​പു​ര​മാ​ണ് എ​ന്ന് പാ​പ്പാ സ​മ​ർ​ഥി​ക്കു​ന്നു. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ളോ​ട് എ​ന്നും വി​ശ്വ​സ്ത​ത പു​ല​ർ​ത്തി അ​നേ​ക​ർ​ക്ക് വി​ദ്യ​യു​ടെ വെ​ളി​ച്ചം പ​ക​ർ​ന്ന് പ്ര​ത്യാ​ശ​യു​ടെ ചി​റ​കു​ക​ൾ ന​ൽ​കി ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബ​ർ​ക്ക്മാ​ൻ​സ് കോ​ള​ജ് ശ​താ​ബ്ദി​യും ക​ട​ന്നു മു​ന്നേ​റു​ക​യാ​ണ്.

ഒ​രു ക​ലാ​ല​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നൂ​റു വ​ർ​ഷം ഗ​ണ്യ​മ​ല്ലെ​ങ്കി​ലും ഇ​ക്കാ​ല​മ​ത്ര​യും ഒ​രി​ക്ക​ലും ഇ​ട​റാ​തെ, മൂ​ല്യാ​ധി​ഷ്ഠിത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ട​യാ​ള​മാ​കാ​നാ​യി എ​ന്ന​ത് ശ്ലാ​ഘ​നീ​യ​മാ​ണ്. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ ന​മ്ര​ശി​ര​സ്ക​രാ​യി മാ​ത്രം ഓ​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന അ​നേ​കം വ്യ​ക്തി​ക​ളും സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ന്‍റെ ച​രി​ത്ര​സ​മ്പ​ത്ത്. 1922 മു​ത​ൽ ത​ല​മു​റ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന, ഈ ​മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​പ്ത​വാ​ക്യം Caritas Vera Nobilitas (charity is true nobility- സൗ​ഭ്രാ​ത്രം ഹി ​കു​ലീ​ന​താ) എ​ക്കാ​ല​വും ഈ ​വി​ദ്യാ​ക്ഷേ​ത്ര​ത്തി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പും ക​ർ​മ​പ​ന്ഥാ​വു​മാ​യി​രു​ന്നു എ​ന്ന​തി​നു പൊ​തു​ജ​നം സാ​ക്ഷി​യാ​ണ്. ക​മ്പോ​ളസം​സ്കാ​ര​ജ​ന്യ​മാ​യ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ​രീ​തി​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പി​ടി​മു​റു​ക്കി​യ​പ്പോ​ഴും ധ​ന​സന്പാദന​ത്തി​നും ലാ​ഭേ​ച്ഛ​യ്ക്കു​മ​പ്പു​റം ഈ ​ക​ലാ​ല​യ​മെ​ന്നും സ​മൂ​ഹ​ത്തി​ലെ പ​തി​ത​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​ഭ​യ​മാ​യി. പാ​വ​പ്പെ​ട്ട​വ​രോ​ടും ആ​ലം​ബ​ഹീ​ന​രോ​ടു​മു​ള്ള ക്രി​സ്തു​വി​ന്‍റെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന എ​ന്നും എ​സ്ബി​യു​ടെ മു​ഖ​മു​ദ്ര​യാ​ണ്.

പു​ര​യ്ക്ക​ല​ച്ച​ന്‍റെ ധീ​ര​നേ​തൃ​ത്വം

ആ​ദ​ര​വോ​ടെ ച​രി​ത്ര​ത്തി​ലെ ഏ​ടു​ക​ൾ മ​റി​ക്കു​മ്പോ​ൾ ഉ​ജ്വ​ല തേ​ജ​സോ​ടെ വി​ള​ങ്ങു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ആ​ദ​ര​ണീ​യ​നാ​യ ഫാ. ​മാ​ത്യു പു​ര​യ്ക്ക​ൽ. അ​തീ​വ ബു​ദ്ധി​ശാ​ലി​യും ഭ​ര​ണ നി​പു​ണ​നും ക്രാ​ന്ത​ദ​ർ​ശി​യുമാ​യ പു​ര​യ്ക്ക​ല​ച്ച​ന്‍റെ വി​വേ​ക​വും ജാ​ഗ്ര​ത​യും ക​രു​ത​ലും സാ​ഹ​സ​വു​മൊ​ക്കെ​യാ​ണ് എ​സ്ബി​യു​ടെ ആ​ദ്യ വ​ർ​ഷ​ങ്ങ​ൾ. 1922-35 വ​രെ പ്രി​ൻ​സി​പ്പ​ൽ ആ​യി​രു​ന്ന പു​ര​യ്ക്ക​ല​ച്ച​നെ എ​സ്. സ​ത്യ​മൂ​ർ​ത്തി മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മീ​റ്റിം​ഗി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത് “ബ​ർ​ക്കു​മ​ൻ​സ് കോ​ള​ജി​ന്‍റെ ജ​ന​നി​യും ജ​ന​യി​താ​വും” എ​ന്നാ​ണ്. പി​തൃ​ത്വ​ത്തി​ന്‍റെ​യും മാ​തൃ​ത്വ​ത്തി​ന്‍റെ​യും ഭാ​ര​ങ്ങ​ളൊ​ക്കെ​യും ബാ​ലാ​രി​ഷ്ട​ത​ക​ളി​ൽ അ​ല​യു​ന്ന ഈ ​ക​ലാ​ല​യ​ത്തി​നുവേ​ണ്ടി അ​ച്ച​ൻ സ്നേ​ഹ​ത്തോ​ടെ വ​ഹി​ച്ചു.

ച​ങ്ങ​നാ​ശേ​രി വി​കാ​രി​യ​ത്തി​ന്‍റെ പ്ര​ഥ​മ വി​കാ​രി അ​പ്പ​സ്തോ​ലി​ക്ക​യാ​യി​രു​ന്ന മാ​ർ ചാ​ൾ​സ് ല​വീ​ഞ്ഞ് പി​താ​വി​ന്‍റെ സ്വ​പ്ന​വും അ​ഭി​ലാ​ഷ​വു​മാ​യി​രു​ന്നു ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​രു കോ​ള​ജ് എ​ന്ന​ത്. ആ ​പു​ണ്യ വൈ​ദി​കശ്രേ​ഷ്ഠ​ന്‍റെ ഹൃ​ദ​യാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ദൈ​വ​നി​യോ​ഗം മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി പി​താ​വി​നാ​യി​രു​ന്നു. കു​ര്യാ​ള​ശേ​രി പി​താ​വി​ൽ​നി​ന്നു ല​ഭി​ച്ച നി​യ​മ​നപ്ര​കാ​രം ഫാ. ​മാ​ത‍്യു പു​ര​യ്ക്ക​ലാ​ണ് കോ​ള​ജി​ന്‍റെ സ്ഥാ​പ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മാ​യി അ​ത്യ​ധ്വാ​നം ചെ​യ്ത​ത്.

1922ൽ ​പാ​റേ​ൽ സെ​മി​നാ​രി കെ​ട്ടി​ട​ത്തി​ൽ കോ​ള​ജ് ആ​രം​ഭി​ക്കാ​നും തു​ട​ർ​ന്ന് ല​വീ​ഞ്ഞ് പി​താ​വ് കോ​ള​ജി​നാ​യി വാ​ങ്ങി​യ വെ​ടി​ക്കു​ന്നി​ൽ പു​തി​യ കോ​ള​ജ് കെ​ട്ടി​ടം പ​ണി​യാ​നു​മൊ​ക്കെ ധ​നം സ​മാ​ഹ​രി​ച്ച​തും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തു​മൊ​ക്കെ പു​ര​യ്ക്ക​ൽ അ​ച്ച​നാ​ണ്. കോ​ള​ജി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വേ​ള​യി​ൽ, തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന ശ്രീ ​ചി​ത്തി​ര​തി​രു​നാ​ൾ ബാ​ല​രാ​മ​വ​ർ​മ ന​ട​ത്തി​യ പ്ര​സ്താ​വ​ന പു​ര​യ്ക്ക​ൽ അ​ച്ച​ന്‍റെ ആ​ത്മ​സ​മ​ർ​പ്പ​ണ​ം വി​ളി​ച്ചോ​തു​ന്ന​താ​ണ്: “കേ​വ​ലം ല​ഘു​വാ​യ ചു​റ്റു​പാ​ടു​ക​ളി​ൻ​മേ​ൽ ആ​രം​ഭി​ച്ച ഈ ​സ്ഥാ​പ​ന​ത്തെ ഇ​ന്നു കാ​ണു​ന്ന​തു​പോ​ലെ സു​സ്ഥി​ര​വും ഈ​ടാ​ർ​ന്ന​തു​മാ​യ ഗം​ഭീ​രാ​വ​സ്ഥ​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​ന് ഫാ​ദ​ർ പു​രയ്​ക്ക​ൽ ചെ​യ്തു​കൊ​ണ്ടി​രു​ന്ന നി​സ്വാ​ർ​ഥ​വും നി​സ്തു​ല​വു​മാ​യ സേ​വ​ന​ങ്ങ​ളെ​പ്പ​റ്റി ഈ ​ശു​ഭാ​വ​സ​ര​ത്തി​ൽ ഞാ​ൻ നി​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത് ഒ​ട്ടും അ​സ്ഥാ​ന​ത്താ​യി​രി​ക്കു​ക​യി​ല്ല​ല്ലോ”. എ​സ്ബി കു​ടും​ബം ശ​താ​ബ്ദി നി​റ​വി​ൽ ചി​ര​സ്മ​ര​ണീ​യ​നാ​യ പു​ര​യ്ക്ക​ല​ച്ച​ന് സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ പ്ര​ണാ​മം അ​ർ​പ്പി​ക്കു​ന്നു.

എ​സ്ബി കോ​ള​ജി​ന്‍റെ പ്രാ​രം​ഭദ​ശ​യി​ൽ വ​ലി​യൊ​രു തു​ക സം​ഭാ​വ​ന​യാ​യി ത​ന്ന കൊ​ല്ലം ല​ത്തീ​ൻ രൂ​പ​ത ബി​ഷ​പ് ഡോ. ​ബ​ൻ​സി​ഗ​റി​നെ​യും കോ​ള​ജി​ന്‍റെ ആ​ദ്യ കെ​ട്ടി​ട​മാ​യ ആ​ർ​ട്സ് ബ്ലോ​ക്ക് പ​ണി​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ത​ടി മു​ഴു​വ​ൻ ത​ന്നു സ​ഹാ​യി​ച്ച തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വി​നെ​യും കൃ​ത​ജ്ഞ​ത​യോ​ടെ പ്ര​ണ​മി​ക്കു​ന്നു. ഈ ​കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യും നി​ല​നി​ൽ​പ്പും ന​ന്മ നി​റ​ഞ്ഞ മ​നു​ഷ്യ​രു​ടെ ഔ​ദാ​ര്യ​ത്തി​ലും ഹൃ​ദ​യവി​ശാ​ല​ത​യി​ലു​മാ​ണ് എ​ന്ന​ത് വി​ന​യ​പൂ​ർ​വം അ​നു​സ്മ​രി​ക്കു​ന്നു.

ശ്രേ​ഷ്ഠ​രാ​യ അ​ധ്യാ​പ​കനി​ര

എ​സ്ബി​യു​ടെ അ​ക്കാ​ദ​മി​ക നി​ല​വാ​രം എ​ക്കാ​ല​വും മി​ക​വു​റ്റ​തും സ​മ​ഗ്ര​വു​മാ​യി നി​ല​നി​ർ​ത്തി​യ​ത് കു​ലീ​ന​രും പ​ണ്ഡി​ത​രു​മാ​യ അ​ധ്യാ​പ​ക​രാ​ണ്. ഭാ​ഷാ​വി​ഷ​യ​ങ്ങ​ളി​ലും ശാ​സ്ത്ര ശാ​ഖ​ക​ളി​ലും മാ​ന​വി​ക മേ​ഖ​ല​ക​ളി​ലും അ​ഗ്ര​ഗ​ണ്യ​രാ​യ അ​നേ​കം അ​ധ്യാ​പ​കശ്രേ​ഷ്ഠ​രാ​ണ് ഈ ​ക​ലാ​ല​യ​ത്തി​ന്‍റെ സ​മ്പ​ത്ത്. നാ​ളി​തു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥിസ​മൂ​ഹം ഹൃ​ദ​യം തു​ളു​മ്പു​ന്ന കൃ​ത​ജ്ഞ​ത​യോ​ടെ ഓ​ർ​ക്കു​ന്ന​ത് ഈ ​മ​ഹാ​മ​നീ​ഷി​ക​ളെ​യാ​ണ്. നാ​ട​ക​വും സം​ഗീ​ത​വും സാ​ഹി​ത്യ​വു​മൊ​ക്കെ കാ​മ്പ​സി​ന്‍റെ താ​ള​മാ​ക്കി മാ​റ്റി​യ യു​വ​ത​ല​മു​റ​യു​ടെ ആ​വേ​ശ​ങ്ങ​ൾ അ​റി​ഞ്ഞ് അ​വ​ർ​ക്കു വ​ഴി​കാ​ട്ടി​യ വി​ശാ​ല​മ​ന​സ്ക​ർ.

പ​ഠ​ന​സം​ബ​ന്ധി​യാ​യ ക്ല​ബ്ബു​ക​ൾ​ക്കും പാ​ഠ്യേ​ത​ര അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും രൂ​പംകൊ​ടു​ത്ത് വ​ള​ർ​ത്തി​യ ദീ​ർ​ഘ​ദ​ർ​ശി​ക​ളാ​യ എ​സ്ബി​യി​ലെ ഗു​രു​ക്ക​ന്മാ​രാ​ണ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലും പി​ന്നീ​ട് മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ലും പ​ല​പ്പോ​ഴും ഇം​ഗ്ലീ​ഷ്, സു​റി​യാ​നി, സം​സ്കൃ​തം, ഹി​ന്ദി ഭാ​ഷ​ക​ളു​ടെ​യൊ​ക്കെ അ​വ​സാ​ന വാ​ക്കാ​യ​ത്. ശാ​സ്ത്രവി​ഷ​യ​ങ്ങ​ളെ ക്ലാ​സ്‌ റൂ​മി​നും ലാ​ബി​നും അ​പ്പു​റ​ത്തേ​ക്ക് പ​രാ​വ​ർ​ത്ത​നം ചെ​യ്ത് അ​നേ​കം ജീ​വി​ത​ങ്ങ​ൾ​ക്ക് അ​റി​വി​ന്‍റെ ബ​ലം ന​ൽ​കി അ​നു​ഗ്ര​ഹി​ച്ച​വ​ർ. ലോ​ക​മെ​മ്പാ​ടു​മു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥീ സം​ഗ​മ​ങ്ങ​ൾ ഗു​രു​സ്മ​ര​ണ​ക​ളാ​യി​ത്തീ​രു​ന്ന​ത് സ്വാ​ഭാ​വി​കം മാ​ത്രം. ഗു​രു​പ്ര​സാ​ദ​മാ​യി എ​സ്ബി​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ശ്രേ​ഷ്ഠ​രാ​യ ഗു​രു​ഭൂ​ത​ർ​ക്ക് ശ​താ​ബ്ദി ​പ്ര​ണാമം.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​കാ​രി​ക​ളും

ഈ ​ക​ലാ​ല​യ​ത്തി​ന്‍റെ പ്ര​ചാ​ര​ക​ർ പ്ര​ബു​ദ്ധ​രാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ്. അ​വ​ർ ചെ​ന്നെ​ത്താ​ത്ത പ്ര​ശ​സ്തി​യു​ടെ ഇ​ട​ങ്ങ​ളി​ല്ല. സാ​ഹി​ത്യ​കാ​ര​ന്മാ​രും ശാ​സ്ത്ര​ജ്ഞ​രും ഭ​ര​ണാ​ധി​പ​ന്മാ​രും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും മ​താ​ധ്യ​ക്ഷ​രും സം​രം​ഭ​ക​രും സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​മെ​ല്ലാ​മാ​യി മി​ക​വി​ന്‍റെ പാ​ഠ​ശാ​ല​യാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥീ സ​മൂ​ഹം എ​സ്ബി​യെ അ​ന​ശ്വ​ര​യാ​ക്കു​ന്നു. കാ​മ്പ​സി​ലേ​ക്കു ഗൃ​ഹാ​തു​ര​ത്വ​ത്തോ​ടെ ക​ട​ന്നുവ​രു​ന്ന​വ​രും മാ​തൃ​വി​ദ്യാ​ല​യ​ത്തി​നാ​യി ചെ​റു​തും വ​ലു​തു​മാ​യ സം​ഭാ​വ​ന​ക​ൾ ന​ല്കു​ന്ന​വ​രും ഈ ​കോ​ള​ജി​ലെ ദി​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​മാ​ന​ത്തോ​ടും സ​ന്തോ​ഷ​ത്തോ​ടും കൂ​ടെ വാ​ചാ​ല​രാ​കു​ന്ന​വ​രു​മെ​ല്ലാം ഈ ​മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​രു​മസ​ന്താ​ന​ങ്ങ​ളാ​ണ്.

എ​സ്ബി എ​ന്നും സ​മ​കാ​ലീ​നം

ശ​താ​ബ്ദിനി​റ​വി​ൽ ഈ ​ക​ലാ​ല​യ​തേ​ജ​സ് ത​ന്നി​ലേ​ക്ക് വി​ദ്യ​തേ​ടി എ​ത്തു​ന്ന യു​വ​മ​ന​സു​ക​ൾ​ക്ക് പ​ഴ​മ​യു​ടെ ച​രി​ത്ര​മ​ല്ല, നേ​രേ​മ​റി​ച്ച് സ​മ​കാ​ലീ​ന​ത​യു​ടെ ജീ​വ​സ്പ​ന്ദ​ന​മാ​ണ്. അ​റി​വി​ന്‍റെ മേ​ഖ​ല​ക​ളി​ലും ഗ​വേ​ഷ​ണ​രീ​തി​ക​ളി​ലും ബോ​ധ​ന​വി​ദ്യ​ക​ളി​ലും ഉ​ണ്ടാ​കു​ന്ന സാ​വ​ധാ​ന​-ത്വ​രി​ത പ​രി​ണാ​മ​ങ്ങ​ളി​ൽ പ​ക​ച്ചു​നി​ൽ​ക്കാ​തെ, തി​ക​ഞ്ഞ ജാ​ഗ്ര​ത​യോ​ടെയും ഒ​രു​ക്ക​ത്തോ​ടെയും മാ​റ്റ​ങ്ങ​ളെ​യും അ​വ​യു​ടെ പ്ര​തി​ധ്വ​നി​ക​ളെ​യും സ്വാം​ശീ​ക​രി​ക്കു​ന്ന​തി​ൽ ഈ ​ക​ലാ​ല​യം എ​ന്നും മു​ന്നി​ലാ​ണ്. മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​നാ​യി ക​രു​ത്തോ​ടെ നി​ല​കൊ​ള്ളു​ക​യും അ​തി​നു വി​രു​ദ്ധ​മാ​യ സ​ർ​ക്കാർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ പോ​രാ​ടു​ക​യും ചെ​യ്ത ച​രി​ത്ര​മാ​ണ് എ​സ്ബി​യു​ടേ​ത്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ മ​ധ്യതി​രു​വി​താം​കൂ​റി​ൽ അ​റി​വി​ന്‍റെ പ്ര​കാ​ശ​ഗോ​പു​ര​മാ​യി​നി​ന്ന ഈ ​ക​ലാ​ല​യം ഈ ​നൂ​റ്റാ​ണ്ടി​ലും വ​രും​കാ​ല​ങ്ങ​ളി​ലും സ​മ​കാ​ലീ​ന​ത​യു​ടെ യൗ​വ​ന​ത്തോ​ടും പ്രൗ​ഢി​യോ​ടും കൂ​ടെ ജ്വ​ലി​ച്ചു നി​ൽ​ക്കു​മെ​ന്ന​തി​ൽ സം​ശ​യം വേ​ണ്ട. കാ​മ്പ​സി​ന്‍റെ ഒ​ത്ത മ​ധ്യ​ത്തി​ൽ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ നീ​ട്ടി​യ ​ക​ര​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്ന ദി​വ്യതേ​ജ​സ് ജ്ഞാ​ന​മാ​യ്, അ​റി​വാ​യ്, കാ​രു​ണ്യ​മാ​യ്, ക​രു​ത​ലാ​യ് എ​ന്നും കൂ​ടെ​യു​ണ്ട് എ​ന്ന ഉ​റ​പ്പാ​ണ് എ​സ്ബി​യു​ടെ ബ​ലം. ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മി​ക​വി​ന്‍റെ കിരീടവുമായി എ​സ്ബി ഇനിയും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്.

(ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് വൈസ് പ്രി​ൻ​സി​പ്പ​ലാ​ണ് ലേ​ഖ​ക​ൻ)

Tags : SB College Changanacherry Mika's culture

Recent News

Corehub Up