തിരുവനന്തപുരം : നാടാകാചാര്യൻ പ്രഫ.എൻ.കൃഷ്ണപിള്ളയുടെ സ്മരണാർഥം ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ പ്രഫ.എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ അഞ്ചു ദിവത്തെ നാടകോത്സവം സംഘടിപ്പിക്കുന്നു. 24 മുതൽ 28 വരെ നന്താവനത്തുള്ള പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം നടക്കുന്നത്. 24 ന് 4.15 ന് ക്ഷേത്രകലാപീഠം വിഷ്ണു ശ്രീവരാഹവും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ നാടകോത്സവം ആരംഭിക്കും.
അഞ്ചിന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൻ.കൃഷ്ണപിള്ള (മോണോഗ്രാഫ്, ഇംഗ്ലീഷ്) എഴുമറ്റൂരിന്റെ ഗ്രന്ഥ നിരൂപണങ്ങൾ എന്നീ കൃതികൾ ആകാശവാണി തിരുവനന്തപുരം നിലയം സ്റ്റേഷൻ ഡയറക്ടർ മീരാ റാണിക്കു നിൽകി മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ പ്രകാശിപ്പിക്കും.
ഡോ.വിളക്കുടി രാജേന്ദ്രൻ ഗ്രന്ഥാവലോകനവും, എം.ആർ. ഗോപകുമാർ ഭഗ്നഭവനം പ്രഭാഷണവും നനിർവഹിക്കും. ഡോ.എഴുമറ്റൂർ രാമരാജവർമ്മ, എ്.ഗോപിനാഥ്, ജി.വിജയകുമാർ, കല്ലറ ഗോപൻ, ബി.സനിൽകുമാർ എന്നിവർ സംബന്ധിക്കും. 6.30ന് എൻ.കൃഷ്ണപിള്ളുടെ ഭഗ്നഭവനം എന്ന നാടകം അഭിഷേക് രംഗപ്രഭാത് സംവിധാനം ചെയ്ത് വെഞ്ഞാറമൂട് രംഗപ്രഭാത് അവതരിപ്പിക്കും.
25ന് വൈകുന്നേരം 5.30ന് കന്യക എന്ന നാടകത്തെക്കുറിച്ച് ഡോ.ആർ.ബി. രാജലക്ഷ്ണി പ്രഭാഷണം നടത്തും. 6.30 ന് കന്യക എന്ന നാടകം അജയ് ശിവറാം സംവിധാനം ചെയ്ത് തിരുവനന്തപുരം ശിവ ശ്രീ അവതരിപ്പിക്കും.26ന് വൈകുന്നേരം 5.30 എൻ.കൃഷ്ണപിളളയുടെ ബലാബലം എന്ന നാടകത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പ്രഭാഷണം നടത്തും. 6.30 ന് കാര്യവട്ടം ശ്രീകണ്ഠൻനായർ സംവിധാനം ചെയ്ത് ബലാബലം നാടകം സാഹിതീ സഖ്യം അവതരിപ്പിക്കും.
27ന് വൈകുന്നേരം 5.30ന് മുടക്കുമുതൽ എന്ന നാടകത്തെക്കുറിച്ച് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും. 6.30ന് മുടക്കുമുതൽ നാടകം സുധി ദേവയാനി സംവിധാനം ചെയ്ത് നിരീക്ഷ നാടകവേദി അവതരിപ്പിക്കും.28ന് വൈകുന്നേരം അഞ്ചിന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നാടക സംവിധായകനായ അഭിഷേക് രംഗപ്രഭാത്, അജയ് ശിവറാം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സുധിദേവയാനി, അനന്തപുരം രവി എന്നിവരെ ഫൗണ്ടേഷനുവേണ്ടി മന്ത്രി ആദരിക്കും. എൻ.കൃഷ്ണപിള്ളയുടെ ചെങ്കോലും മരവുരിയും എന്ന നാടകത്തെ ആസ്പദമാക്കി ഡോ.വി.എസ്. വിനീത് പ്രഭാഷണം നടത്തും. ശ്രീകുമാർ മുഖത്തല, ബിജു മാത്യു, ഡോ.എഴുമറ്റൂർ രാജരാജവർമ, ഡോ.ബി.വി. സത്യനാരായണഭട്ട്, പുനലൂർ ആർ.വിശ്വംഭരൻ, ശ്രീജി, ശിൽപ എന്നിവർ സംബന്ധിക്കും. നാടകോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
പത്രസമ്മേളനത്തിൽ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഫൗണ്ടേഷൻ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ, ട്രഷറർ ബി. സനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.ബി. വി. സത്യനാരായണഭട്ട് എന്നിവർ സംബന്ധിച്ചു.