അരുവിക്കര കളത്തറയിൽ പൈപ്പ് ലെെനിലെ പണികൾ പുരോഗമിക്കുന്നു
1374014
Tuesday, November 28, 2023 12:55 AM IST
നെടുമങ്ങാട്: അരുവിക്കര കളത്തറയിൽ പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. അരുവിക്കര ജലസംഭരണിയിൽനിന്നും നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിലേക്കും കരകുളം പഞ്ചായത്തിലെ ചില പ്രദേശങ്ങളിലേക്കും വെള്ളം കൊണ്ടുപോകുന്ന പൈപ്പാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പൊട്ടിയത്.
ഇതോടെ പരിസരപ്രദേശങ്ങിലേക്ക് വെള്ളം കുത്തിയൊലിച്ചു റോഡ് തകർന്നിരു ന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വാട്ടർ അഥോറിറ്റി അധികൃതർ നെടുമങ്ങാട്ടേക്കുള്ള ജലവിതരണം നിർത്തിയതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. തുടർന്ന് വാട്ടർ അഥോറിറ്റി അധികൃതരുടെ നേതൃത്വത്തിൽ ആരംഭിച്ച പൈപ്പ് ലൈനിലെ പണികൾ ഇപ്പോഴും തുടരുകയാണ്.
ഇന്നലെ അറ്റകുറ്റപണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പണി പൂർത്തി ആയില്ല. ഇന്നു വൈകുന്നേരം ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ പറഞ്ഞു.