വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ്: അടുത്തമാസം ഉത്തരവിറങ്ങും
1565316
Friday, June 6, 2025 6:48 AM IST
തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നിര്‍മാണത്തിന് അടുത്തമാസം ഉത്തരവിറങ്ങും. ഇതോടെ പാതയ്ക്കു ഭൂമി വിട്ടുകൊടുത്ത് നഷ്ടപരിഹാരത്തിനു കാത്തിരിക്കുന്ന ആയിരക്കണക്കിനു ഭൂവുടമകള്‍ക്ക് ആശ്വാസമാകും. വിഴിഞ്ഞം-തേക്കട (33.9 കിലോമീറ്റര്‍), തേക്കട-നാവായിക്കുളം (28.08 കിലോമീറ്റര്‍) എന്നീ രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക.
24 വില്ലേജുകളിലാണ് ഇതിനായി ഭൂമി ഏറ്റെടുക്കുന്നത്. 1000.873 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. എന്‍എച്ച് 66-ലേക്കു തുറക്കുന്ന രണ്ടു പ്രധാന ജംഗ്ഷനുകള്‍ക്കു സമീപവും ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കും. 45 മീറ്റര്‍ വീതിയുള്ള റോഡില്‍ 30 മീറ്ററില്‍ നാലു വരിയായി പ്രധാന പാതയും ഇരുവശത്തുമായി 14 മീറ്റര്‍ സര്‍വീസ് റോഡുമാണ് നിര്മക്കുക.
അതേസമയം പാതയുടെ നാവായിക്കുളം തേക്കട ഭാഗത്തിനു പരിസ്ഥിതി അനുമതി നല്‍കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി കാലാവധി കഴിഞ്ഞശേഷം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനു മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് വിവരം. ഔട്ടര്‍ റിംഗ് റോഡ് പദ്ധതി നിലവില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലെ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മറ്റിയുടെ (പിപിപിഎസി) പരിഗണനയിലാണ്.
ഇത് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭയ്ക്ക് കൈമാറും. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷമാകും പദ്ധതി അംഗീകരിച്ച് ഉത്തരവ് ഇറങ്ങുക. ജൂലൈ അവസാനത്തോടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിന് ഖഡ്കരിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ്. ഉത്തരവ് ഇറങ്ങിയ ശേഷമേ ഭൂവുടമകളുടെ നഷ്ടപരിഹാര വിതരണത്തിലേക്കു കടക്കൂ.
പിപിപിഎസിയുടെ അംഗീകാരം ലഭിക്കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമില്ല. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് അനുമതി ലഭിക്കണം. സര്‍വീസ് റോഡ് നിര്‍മിക്കാനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്നായിരുന്നു പദ്ധതി ദേശീയപാത അതോറിറ്റി എറ്റെടുക്കുമ്പോള്‍ ഉണ്ടായിരുന്ന ധാരണ.