യോഗ ചാന്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് അങ്കിതയും ഭരത്കൃഷ്ണയും
1546772
Wednesday, April 30, 2025 5:47 AM IST
ചങ്ങരംകുളം: നേപ്പാളിൽ നടന്ന ഇന്റർനാഷണൽ യോഗ ചാന്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി അങ്കിതയും ഭരത് കൃഷ്ണയും. ചങ്ങരംകുളം എസ്എം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് നാടിന് അഭിമാനമായി സ്വർണം കരസ്ഥമാക്കി ജന്മനാട്ടിൽ തിരിച്ചെത്തിയത്. ഏപ്രിൽ 19 മുതൽ 21 വരെ നേപ്പാളിൽ പൊക്കാറ രംഗശാല ഇൻഡോർ സ്റ്റേഡിയത്തിലാണ് എസ്ജെഎഡിഎഫ് ഇന്ത്യ- നേപ്പാൾ ഇന്റർനാഷണൽ സ്പോർട്സ് യോഗാസന ചാന്പ്യൻഷിപ്പ് അരങ്ങേറിയത്.
കുറ്റിപ്പാല സ്വദേശി മഞ്ഞക്കാട്ട് പ്രദീപ് -ജിനിഷ ദന്പതിമാരുടെ മകളാണ് അങ്കിത. ചങ്ങരംകുളം സ്വദേശി കരിന്പനവളപ്പിൽ രേഖേഷ് -അഖില ദന്പതിമാരുടെ മകനാണ് ഭരത് കൃഷ്ണ. ആലംകോട് സുരേഷ് എന്ന യോഗ അധ്യാപകന്റെ കീഴിൽ പരിശീലനം നടത്തി വരുന്ന അങ്കിതയും ഭരത് കൃഷ്ണയും ജില്ലാതല മത്സരങ്ങളും സംസ്ഥാന, ദേശീയതല മത്സരങ്ങളും വിജയിച്ചാണ് അന്തർദേശീയ മത്സരത്തിൽ പങ്കെടുത്ത് സ്വർണമണിഞ്ഞത്. ഇരുവരെയും സ്കൂൾ അധികൃതരും അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു.