"ഒന്പതുവർഷത്ത എൽഡിഎഫ് ഭരണം ഉപതെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും'
1547231
Thursday, May 1, 2025 6:00 AM IST
നിലന്പൂർ: ഒന്പതുവർഷത്തെ എൽഡിഎഫ് ഭരണം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂരിൽ നടന്ന സിപിഎംപ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഇടത് സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടന്നു വരികയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരുകളുടെ ഭരണ നേട്ടങ്ങളുടെ വിപുലീകരണത്തിന്റെ അടിത്തറ പാകാൻ ഈ സർക്കാരിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി ചുമതലപ്പെടുത്തിയ നേതാക്കൾ തുടങ്ങിയവർ പ്രവർത്തക സംഗമത്തിൽ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുമുള്ള അഡ്വ. എം. സ്വരാജിന്റെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗവും ചേർന്നു.
പ്രവർത്തക സംഗമത്തിൽ പി.കെ. സൈനബ അധ്യക്ഷത വഹിച്ചു. അഡ്വ.എം. സ്വരാജ്, സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. കെ.പി. സുമതി, വി.എം. ഷൗക്കത്ത്, ടി.എം. സിദ്ദിഖ്, പി.ജയൻ, പി.ശശികുമാർ, കെ.പി. അനിൽ, പി.രമേശൻ, ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാക്ഷൻ, ഏരിയാ സെക്രട്ടറിമാരായ ടി.രവീന്ദ്രൻ, കെ. മോഹൻ എന്നിവർ സംസാരിച്ചു. സംഘടനാ തലത്തിൽ പാർട്ടി ഉപതെരഞ്ഞെടുപ്പിന് സജ്ജമാകുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.