ഗണിത പഠനം മധുരമാക്കിയ ലിജിമോൾ വിരമിക്കുന്നു
1547220
Thursday, May 1, 2025 5:53 AM IST
മഞ്ചേരി: സംസ്ഥാന അധ്യാപക പുരസ്കാരവും ഗുരുശ്രേഷ്ഠ പുരസ്കാരവും സംസ്ഥാന പിടിഎയുടെ എയ്ഡഡ് യുപി വിഭാഗം സംസ്ഥാന മാതൃകാധ്യാപക പുരസ്കാരവും കരസ്ഥമാക്കിയ അധ്യാപിക സി.വി. ലിജിമോൾ 33 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നു. 1992ൽ തൃക്കലങ്ങോട് മാനവേദൻ യുപി സ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ലിജിമോൾ സംസ്ഥാന റിസോഴ്സ് പേഴ്സണായും 26 വർഷം ജില്ലാ റിസോഴ്സ് പേഴ്സണായും സേവനമനുഷ്ഠിച്ചു.
രണ്ടു വർഷമായി മഞ്ചേരി സബ്ജില്ലാ ഗണിത ക്ലബ് സെക്രട്ടറിയാണ്. സ്കൂളിലും വീട്ടിലും ഗണിത ലാബൊരുക്കി ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ നിരവധി സ്കൂളുകളിലും ഡയറ്റിലും ഡിഎൽഎഡ് സെന്ററുകളിലും ഗണിത ലാബ് ഒരുക്കാൻ പരിശീലനം നൽകി.
യുഎസ്എസ്-എൽഎസ്എസ് ക്ലാസുകൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ശില്പശാലകൾ, പ്രവൃത്തിപരിചയ ശില്പശാലകൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ സ്വന്തം സ്കൂളിലും മറ്റു സ്കൂളുകളിലും നടത്തിവരുന്നു.
കോവിഡ് കാലത്ത് ഗണിത പഠനം കീറാമുട്ടിയായപ്പോൾ തുടങ്ങിയ "ഗണിതം മധുരം’ യൂട്യൂബ് ചാനൽ ഇന്ന് കേരളത്തിലുടനീളം കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പ്രയോജനപ്പെടുത്തുന്നു. പാട്ടിലൂടെയും കളികളിലൂടെയും ഗണിത മാജിക്കുകൾ, പഠനോപകരണങ്ങൾ എന്നിവയിലൂടെയും ഗണിത പഠനം രസകരമാക്കുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ ഗണിതത്തിനും പ്രവൃത്തിപരിചയത്തിനും തത്സമയ മത്സരത്തിൽ പങ്കെടുക്കുന്ന വർഷങ്ങളിൽ മാനവേദൻ യുപി സ്കൂളിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഇവർക്കായി.
സബ്ജില്ലയിലെയും സ്കൂളിലെയും കാര്യങ്ങൾ നോക്കുന്നതോടൊപ്പം അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് തത്സമയ നിർമാണ മത്സരത്തിൽ ഗണിതത്തിന് പങ്കെടുത്ത വർഷങ്ങളിലെല്ലാം സംസ്ഥാനത്ത് എ ഗ്രേഡ് നേടി സ്കൂളിന്റെ യശസുയർത്തി.
പ്രളയം വന്നപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുൻപന്തിയിൽ ഈ അധ്യാപിക ഉണ്ടായിരുന്നു. വിരമിക്കലിനു ശേഷവും ക്ലാസുകളും സാമൂഹ്യപ്രവർത്തനങ്ങളും യൂട്യൂബ് ചാനലിലൂടെയുള്ള ക്ലാസുകളുമായി മുന്നോട്ടു പോകുവാനാണ് ടീച്ചറുടെ തീരുമാനം. ഭർത്താവ് ടി.ഡി. തങ്കച്ചൻ. മക്കൾ: ഡോ. ഐറിൻ, മെക്കാനിക്കൽ എൻജിനീയർമാരായ ജോയൽ, ജോബിൻ.
സി.വി. ലിജിമോൾക്ക് സഹപ്രവർത്തകരും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. വൈബ്സ് 2കെ25 എന്ന പേരിൽ നടന്ന പരിപാടി രണ്ടു ദിവസം നീണ്ടുനിൽക്കുന്നതായിരുന്നു. പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
എച്ച്എം ജ്യോതി ജി. നായർ, കണ്വീനർ കെ. ഷാരൂഖ് അസ്ലം, പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ, ജയപ്രകാശ് ബാബു, എ.എം. അബ്ദുറഹിമാൻ, എ. മുഹമ്മദ് ഇഖ്ബാൽ, പി.സി ഷെരീഫ്, എം. ദീപ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.